അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലൊന്നാണ് വിവാഹമെന്ന് നമുക്കറിയാം. എന്നല്ല, ഇണതുണയായുള്ള ജീവിതം അല്ലാഹു സൃഷ്ടികളില്‍ സംവിധാനിച്ച നടപടിക്രമത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു.’ (നിസാഅ് :1)
ഇണയെയും സന്താനങ്ങളെയും പരിപാലിക്കുന്നതിന് അല്ലാഹു പ്രതിഫലം നല്‍കുന്നതാണെന്ന് പ്രവാചകന്‍ (സ) അറിയിച്ചിരിക്കുന്നു ‘കുടുംബത്തിനായി ചെലവഴിക്കുന്ന നാണയം, ദരിദ്രന് വേണ്ടി ചെലവഴിക്കുന്ന നാണയം, ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കുന്ന നാണയം ഇവയില്‍ ഏറ്റവും ഉത്തമവും, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതും കുടുംബത്തിന് മേല്‍ ചെലവഴിക്കുന്നതാണ്.’ പ്രവാചകന്‍ (സ) മറ്റൊരിക്കല്‍ പറഞ്ഞു ‘നിന്റെ ഇണയുടെ വായയില്‍ വെച്ച് കൊടുക്കുന്ന ഒരുറുള ചോറിന് നിനക്ക് പ്രതിഫലമുണ്ട്.’
ഇണയും തുണയും ദാമ്പത്യക്കരാറിന് അര്‍ഹിച്ച ആദരവ് നല്‍കേണ്ടിയിരിക്കുന്നു. ഇരുവരും പരസ്പരം ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടതുണ്ട്. ഇഹലോകത്തെ ഏറ്റവും അമൂല്യമായ വിഭവമാണ് സദ്‌വൃത്തയായ സ്ത്രീയെന്ന് പ്രവാചകന്‍ (സ) തന്നെ അവളെ പ്രശംസിക്കുന്നു. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കുടുംബത്തോട് നന്നായി വര്‍ത്തിക്കുന്നവനാണെന്നും തിരുമേനി (സ) പഠിപ്പിക്കുന്നു.
വിവാഹത്തോട് കടന്ന് വരുന്ന ഉത്തരവാദിത്തങ്ങള്‍ അവര്‍ പരസ്പരം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇണയെ പരിചരിക്കുക, സന്താനങ്ങളെ സംസ്‌കരിക്കുക, താമസസൗകര്യം ഒരുക്കുക, ഭക്ഷണം നല്‍കുക, അവര്‍ക്ക് വേണ്ടി ചെലവഴിക്കുക തുടങ്ങിയവ അവയില്‍പെടുന്നു. പ്രവാചകന്‍ (സ) തന്റെ ഭാര്യമാരോട് പുലര്‍ത്തിയ സഹവാസം നമുക്ക് ഉത്തമമായ മാതൃകയാണ്. ആഇശ (റ) പറയുന്നത് നോക്കൂ. ‘ആര്‍ത്തവക്കാരിയായിരിക്കുമ്പോള്‍ പോലും ഞാന്‍ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ശേഷം തിരുമേനി അദ്ദേഹത്തിന്റെ വായ ഞാന്‍ വായ വെച്ചിടത്ത് വെച്ചായിരുന്നു വെള്ളം കുടിച്ചിരുന്നത്.’
‘അയ്യേ, ഞങ്ങളിപ്രകാരം ചെയ്യുകയോ?’ എന്ന് ചിലയാളുകള്‍ ചോദിക്കാറുണ്ട്. അല്ലാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകന്‍ ചെയ്ത കാര്യം ചെയ്യാന്‍ നാമെന്തിന് ലജ്ജ കാണിക്കണം? ഒരു സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്ത, അതിന്റെ വിഷമങ്ങളും പ്രയാസങ്ങളും സഹിക്കുന്ന പ്രവാചകനാണത്. അദ്ദേഹം പോലും സ്വന്തം കുടുംബത്തോടൊപ്പം കളിക്കാനും, സ്‌നേഹപ്രകടനം നടത്താനും സമയം കണ്ടെത്താറുണ്ടായിരുന്നു.
പ്രവാചകന്‍ (സ) സ്വഫിയ്യയെ വിവാഹം കഴിച്ചു. അവരോടെങ്ങനെയായിരുന്നു അദ്ദേഹം വര്‍ത്തിച്ചിരുന്നതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ? ഒരു രാത്രി പോലും ഒരുമിച്ച് താമസിച്ചിട്ടില്ലാത്ത നവദമ്പതികളായിരുന്ന ആ ഒരു ദിനത്തില്‍, സ്വഫിയ്യ (റ) ഒട്ടകപ്പുറത്ത് കയറാനൊരുങ്ങുകയായിരുന്നു. നബി തിരുമേനി (സ) നിലത്തിരുന്നു, കാല്‍ നാട്ടി വെച്ച് അവളോട് പറഞ്ഞു ‘എന്റെ കാലില്‍ ചവിട്ടിക്കയറിയാലും’. എത്ര മനോഹരമായ രംഗമാണത്. ദാമ്പത്തിന്റെ എല്ലാ വിധ ഊഷ്മളതയും പ്രസരിക്കുന്ന ഒരു പ്രവര്‍ത്തനമായിരുന്നു അത്.
മറ്റൊരിക്കല്‍, പ്രവാചകന്‍ (സ) അനുചരന്മാരോടൊപ്പം ഒരു യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പത്‌നി ആഇശ(റ)യുമുണ്ട് കൂടെ. യാത്രക്കിടയില്‍ ആഇശ(റ) ബോറടിച്ചിരിക്കുന്നുവെന്ന് തോന്നി തിരുമേനിക്ക്. അദ്ദേഹം കൂടെയുള്ളവരോട് പറഞ്ഞു ‘നിങ്ങള്‍ യാത്ര തുടരുക.’ അതുകേട്ട അവര്‍ മുന്നോട്ട് നടന്നു. ശേഷം പ്രവാചകന്‍ ആഇശ(റ)യുടെ നേരെ തിരിഞ്ഞു ചോദിച്ചു ‘ആഇശ, നീയെന്നോട് മത്സരിക്കാനുണ്ടോ?’ അതെയെന്നായി ആഇശ(റ). അങ്ങനെ അവര്‍ മത്സരിക്കുകയും, ആഇശ(റ) വിജയിക്കുകയും ചെയ്തു. കാലം കുറെ കഴിഞ്ഞു. പ്രവാചകന്‍ മറ്റൊരു യുദ്ധം കഴിഞ്ഞ് മടങ്ങിവരികയാണ്. സൈന്യത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞ് പ്രവാചകന്‍ (സ) ആഇശയോട് മത്സരത്തിനുണ്ടോ എന്ന് ചോദിച്ചു. അതെയെന്ന് തന്നെയായിരുന്നു ഇത്തവണയും അവരുടെ മറുപടി. പക്ഷെ ഇത്തവണ പ്രവാചകനാണ് വിജയിച്ചത്. പ്രവാചകന്‍ (സ) ഓട്ടത്തിനിടയില്‍ എന്നെ മുന്‍കടന്നപ്പോള്‍ തോള്‍ കൊണ്ട് മെല്ലെ തള്ളിയത്രെ. അതായത് ഞാന്‍ നിന്നെ പിന്തള്ളിയിരിക്കുന്നുവെന്നര്‍ത്ഥം. ശേഷം പ്രവാചകന്‍ (സ) അവളോട് പറഞ്ഞു ‘ഇപ്പോള്‍ പകരത്തിന് പകരമായിരിക്കുന്നു.’
ഒരിക്കല്‍ ഒരു സ്ത്രീ ആഇശ(റ)യോട് ചോദിച്ചു. ‘പ്രവാചകന്‍ (സ) വീട്ടിലെ ജോലി വല്ലതും ചെയ്യാറുണ്ടോ? അവര്‍ പറഞ്ഞു ‘അദ്ദേഹത്തിന്റെ പാദരക്ഷയുടെ വാററ്റാല്‍ അദ്ദേഹം തന്നെയായിരുന്ന നന്നാക്കിയിരുന്നത്. വസ്ത്രം തുന്നുകയും, നിങ്ങള്‍ ചെയ്യുന്നത് പോലെ വീട്ടിലെ മറ്റ് പണികള്‍ ചെയ്യാറുമുണ്ടായിരുന്നു.’
ചില സന്ദര്‍ഭങ്ങളില്‍ നബി തിരുമേനി(സ) വിശന്ന് വലഞ്ഞായിരുന്നു വീട്ടിലെത്തിയിരുന്നത്. വല്ല ഭക്ഷണവും വീട്ടിലുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കും. ഇല്ല എന്ന് അവര്‍ മറുപടി നല്‍കുകയും, എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് തിരുമേനി (സ) തീരുമാനിക്കുകയും ചെയ്യും. ഭക്ഷണമില്ല എന്ന മറുപടിയുടെ പേരില്‍ വീട്ടില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകാറില്ലായിരുന്നു. പ്രവാചകന്‍ (സ) തന്റെ ഭാര്യമാരില്‍ ആരെയും അടിച്ചിരുന്നില്ല. വേലക്കാരെയും അടിച്ചിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുമ്പോഴല്ലാതെ ആരെയും അടിക്കാറുണ്ടായിരുന്നില്ല.’ ഏറ്റവും ഉത്തമമായ ദാമ്പത്യ ജീവിതത്തിന് ഉത്തമമായ മാതൃകയും നബി തിരുമേനി (സ)യുടെ ജീവിതം തന്നെയാണ്.
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി