Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ ആദ്യ ഭാര്യ

two-wives.jpg

”ഇന്ന് രാത്രി താന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു,” ഫോണ്‍ വെക്കുമ്പോള്‍ അവള്‍ പറഞ്ഞു. ഞാന്‍ എന്റെ ഭര്‍ത്താവിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: ”ആയിഷ അവളുടെ കൂട്ടുകാരികളോടൊപ്പം ഒരു വിരുന്നിന് എന്നെയും ക്ഷണിച്ചിട്ടുണ്ട്.” അദ്ദേഹം ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ തലയൊന്ന് ഉയര്‍ത്തി പുഞ്ചിരിച്ചുകൊണ്ട്, ”ശരി, വളരെ നല്ലത്” എന്നു പറഞ്ഞു.

ആയിഷയും ഞാനും സമപ്രായക്കാരാണ്. അവള്‍ വളരെ സുന്ദരിയും ബുദ്ധിമതിയുമായ ഒരു പെണ്ണാണ്. പിന്നെ അവള്‍ എന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ്. ഭര്‍ത്താവിന്റെ ഞാനുമായിട്ടുള്ള രണ്ടാം വിവാഹത്തിന്റെ വിരുന്നിനാണ് ആയിഷ എന്നെ ക്ഷണിച്ചിരിക്കുന്നത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ ഉമ്മ എപ്പോഴും പ്രവാചകന്‍(സ)യുടെ ഭാര്യമാരെ കുറിച്ചുള്ള ചരിത്രങ്ങള്‍ പറഞ്ഞു തരുമായിരുന്നു. അവരുടെ സ്വഭാവഗുണങ്ങളും ജീവിതരീതിയും ഉത്തമമായ മാതൃകകളായിരുന്നു. അവരൊക്കെ എന്റെ സ്വപ്‌നത്തിലെ മാതൃകാ കുടുംബിനികളായിരുന്നു.

ഒരു പുരുഷനെയാണ് തങ്ങളെല്ലാം വിവാഹം കഴിച്ചിരിക്കുന്നത് എന്നതുകൊണ്ട് അവര്‍ക്കിടയില്‍ യാതൊരു വിദ്വേഷമോ വെറുപ്പോ ഉണ്ടായിരുന്നില്ല. പ്രായമോ വിദ്യാഭ്യാസമോ നോക്കാതെ അവരൊക്കെ പരസ്പരം ബഹുമാനിച്ചു.  അവര്‍ പരസ്പരം വെച്ചുപുലര്‍ത്തിയിരുന്ന സാഹോദര്യ ബോധം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. അവരുടെ ഒരു സുന്നത്ത് എങ്കിലും എനിക്ക് പിന്തുടരണം എന്ന് ഞാന്‍ ആഗ്രഹിക്കുമായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അതിനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത്.

ചിലര്‍ ദീനിനെയും സംവിധാനങ്ങളെയും ധാരാളമായി പുകഴ്ത്തുമെങ്കിലും സ്വന്തം ജീവിതത്തില്‍ അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാവാറില്ല. സാമ്പത്തിക സുസ്ഥിരതയും കഴിവും ആഗ്രഹവുമൊക്കെ ഉണ്ടെങ്കിലും ബഹുഭാര്യത്വം സ്വീകരിക്കാന്‍ പലര്‍ക്കും മടിയാണ്. അത് പ്രവാചകനും അനുയായികള്‍ക്കും മാത്രമേ സംഭവ്യമാവുകയുള്ളൂ എന്ന തരത്തിലാണ് അവരുടെ സമീപനം. പല സ്ത്രീകളും ഒരാളുടെ രണ്ടാം ഭാര്യയാവുക എന്നതിനെ മാനക്കേടായി കാണുകയും ചെയ്യുന്നു.  

എന്റെ മാതാപിതാക്കള്‍ എപ്പോഴും എന്നോട് ഉപദേശിച്ചിരുന്നത്, ”സത്യത്തിനും നീതിക്കും വേണ്ടി ജീവിക്കുക. അത് ജനങ്ങള്‍ക്ക് എത്ര അരോചകമായാലും അതിന് വേണ്ടി പ്രവര്‍ത്തിക്കുക. അല്ലാഹു നമ്മോടൊപ്പം ഉണ്ടാകും” എന്നാണ്. ദീന്‍ പറഞ്ഞു നടക്കുക മാത്രമല്ല, സാഹചര്യങ്ങള്‍ വരുമ്പോള്‍ അവ നടപ്പാക്കാനും നമുക്ക് സാധിക്കണം.

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ കണ്ടുമുട്ടിയപ്പോള്‍ 
യാതൊരു നിബന്ധനയും കൂടാതെയായിരുന്നു ഭര്‍ത്താവുമായുള്ള എന്റെ വിവാഹം. ഞാന്‍ ആകെ ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ, ”നിങ്ങള്‍ക്ക് നിങ്ങളുടെ ആദ്യ ഭാര്യയെ ഇഷ്ടമാണോ?” അപ്പോള്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു: ”അവളെ ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം, അവള്‍ ഇത്രയും കാലം എനിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ എളുപ്പം മറക്കാനാകില്ല. എല്ലാ വിഷമഘട്ടങ്ങളില്‍ അവള്‍ എന്നോടൊപ്പമുണ്ടായിരുന്നു. ആ ബന്ധത്തില്‍ ഒരു പ്രശ്‌നമുണ്ടായത് കൊണ്ടല്ല ഞാന്‍ നിന്നെ വിവാഹം ചെയ്യുന്നത്. അവള്‍ ഉത്തമയായ ഒരു ഭാര്യ തന്നെയായിരുന്നു.” ഞാന്‍ ആശ്വസിച്ചു, ഇതൊരു അസാധാരണ സംഭവമാണ്.

അവളുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ ടാക്‌സിയില്‍ വന്നിറങ്ങിയപ്പോള്‍ ആയിഷ എന്നെയും പ്രതീക്ഷിച്ച് ഗേറ്റിന് സമീപത്ത് നില്‍ക്കുകയായിരുന്നു. കണ്ടയുടനെ അവള്‍ ”സ്വാഗതം” എന്നു പറഞ്ഞ് എന്നെ ആലിംഗനം ചെയ്തു. എന്റെ കൈപിടിച്ച് അവള്‍ വീട്ടിലേക്ക് നടന്നു. തെളിഞ്ഞ നിറമുള്ള മുറിയില്‍ നിറയെ അവളുടെ കൂട്ടുകാരികളുമുണ്ടായിരുന്നു. അവരൊക്കെ സൗഹാര്‍ദ്ദ ഭാവത്തില്‍ എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തി. ഞാന്‍ അവള്‍ക്ക് കൈമാറിയ പാരിതോഷികങ്ങള്‍ അവള്‍ വളരെ സന്തോഷത്തോടെ അവളുടെ കൂട്ടുകാരികള്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

രാത്രി മുഴുവന്‍ ആയിഷ എന്റെ കൂടെ തന്നെയായിരുന്നു. അടുത്തിരുന്ന് എനിക്ക് ഭക്ഷണം വിളമ്പിത്തന്നും പാനീയങ്ങള്‍ ഒഴിച്ചു തന്നും. ഞാനാണ് ഇന്നത്തെ മുഖ്യാതിഥി എന്ന് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവള്‍ എന്തെങ്കിലും ആവശ്യത്തിന് എന്റെ അടുത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോഴേക്ക് എനിക്ക് വല്ലാത്ത ഏകാന്തത തോന്നിത്തുടങ്ങി. അവള്‍ ഉടനെ തിരിച്ചു വന്ന് എന്റെ അടുത്തിരിക്കണം എന്ന് ഞാന്‍ കൊതിച്ചു. കാരണം, അത്രത്തോളം ആയിഷ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചു. അടുക്കളയില്‍ നിന്ന് അവള്‍ കൊണ്ടുവന്ന ഐസ്‌ക്രീം ഞങ്ങളെ എല്ലാവരെയും അവള്‍ തീറ്റിച്ചു. എനിക്ക് സ്പൂണില്‍ വായില്‍ വെച്ചു തന്നു. മറ്റ് പെണ്ണുങ്ങള്‍ ഞങ്ങളെ തന്നെ നോക്കുകയായിരുന്നു അപ്പോള്‍.

തിരിച്ചു പോകാന്‍ സമയമായപ്പോള്‍ വീടിന്റെ ഗേറ്റ് വരെ ആയിഷ എന്നെ അനുഗമിച്ചു. ക്ഷണം സ്വീകരിച്ചു വന്നതിന് വളരെ നന്ദിയുണ്ടെന്നും ഇനിയും വരണമെന്നും അവള്‍ പറഞ്ഞപ്പോള്‍ സങ്കടമായി. വളരെ ഔപചാരികമായിരിക്കും എന്ന് ഞാന്‍ വിചാരിച്ച ഒരു വിരുന്നാണ് എനിക്ക് മറക്കാനാവത്ത ഒരനുഭവമാക്കി അവള്‍ മാറ്റിത്തീര്‍ത്തത്. എനിക്ക് ഒരു പുതിയ കൂട്ടുകാരിയെയും സഹോദരിയെയും കിട്ടിയതുപോലെ തോന്നി. അതിനു ശേഷം എത്രയോ വട്ടം അവളുടെ വീട് ഞാന്‍ സന്ദര്‍ശിച്ചുവെങ്കിലും അവള്‍ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തി.   

വിവ: അനസ് പടന്ന

Related Articles