Family

പുരുഷനിലെ മൂന്ന് തകരാറുകള്‍

പലപ്പോഴും സ്ത്രീകള്‍ പുരുഷനിലുള്ള ന്യൂനതയായി പറയുന്ന മൂന്ന് കാര്യങ്ങളുണ്ട്. തന്നോടുള്ള ഇടപഴകലില്‍ അദ്ദേഹം തണുപ്പനും തന്റെ ആവശ്യങ്ങളോടും താന്‍ പറയുന്നതിനോടും പ്രതികരിക്കാത്തവനുമാണ് എന്നതാണ് അതില്‍ ഒന്നാമത്തേത്. ജീവിതത്തിലെ പലതും മറച്ചുവെച്ച് നിഗൂഢത കാത്തുസൂക്ഷിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്താണെന്ന് കൃത്യമായി അറിയാനോ ജീവിതത്തിന്റെ വിശദാംശങ്ങള്‍ അറിയാനോ തനിക്ക് സാധിക്കുന്നില്ലെന്നാണ് അവരുടെ പരാതി. താനുമായുള്ള ബന്ധത്തില്‍ പരിധി നിശ്ചയിക്കുകയും അകലം പാലിക്കുകയും ചെയ്യുന്നുവെന്നതാണ് മൂന്നാമത്തെ ന്യൂനതയായി സ്ത്രീകള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നും തന്നോട് തണുപ്പന്‍ പ്രതികരണമാണെന്നും അകലം പാലിക്കുന്നുവെന്നും ഭാര്യ ആവലാതി പറയും.

തണുപ്പന്‍ പ്രതികരണമെന്ന ഒന്നാമത്തെ ന്യൂനത നോക്കുമ്പോള്‍ പുരുഷന്റെ വ്യക്തിത്വം നാം അപഗ്രഥിക്കേണ്ടതുണ്ട്. ഒരു സ്ത്രീ തന്റെ ഇണയെ കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ഒന്ന്, വൈകാരിക വശമാണെങ്കില്‍ രണ്ടാമത്തേത് വസ്തുതാപരമായ വശമാണ്. മിക്ക പുരുഷന്‍മാരും വിവാഹത്തിന് ശേഷം വൈകാരികവശത്തേക്കാള്‍ വസ്തുതാപരമായ വശത്തിന് പ്രാമുഖ്യം കല്‍പിക്കുന്നവരായിരിക്കും. ”ഉമ്മയില്ലാതെ എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ല… അത്രത്തോളം ഞാനവരെ സ്‌നേഹിക്കുന്നു… ഉമ്മ വേദനകൊണ്ട് കരയുകയാണ്…” എന്ന് ഭാര്യ അവളുടെ ഉമ്മയുടെ രോഗത്തെ സംബന്ധിച്ച് വൈകാരികമായി പറയുമ്പോള്‍ അത് അത്രത്തോളം വലിയ പ്രതികരണമൊന്നും പുരുഷനില്‍ ഉണ്ടാക്കിക്കൊള്ളണമെന്നില്ല. കാരണം വൈകാരികമായ വാക്കുകളാണത്. അപ്പോള്‍ അവന്‍ നിശബ്ദനായി അത് ശ്രവിക്കുമ്പോള്‍ തണുപ്പന്‍ പ്രതികരണമായി ഭാര്യ വിലയിരുത്തും. അതേസമയം ഉമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിലെ സേവനം മതിയായതല്ല എന്ന് വസ്തുതാപരമായ വിവരണമാണ് ഭാര്യ നല്‍കുന്നതെങ്കില്‍ ”എന്നാല്‍ നല്ല വേറൊരു ആശുപത്രിയുണ്ട്. അവിടെ എനിക്ക് പരിചയമുള്ള ഒരു ഡോക്ടറുമുണ്ട് അയാളോട് സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന” തരത്തിലായിരിക്കും പ്രതികരണം. വൈകാരികമായ അവതരണത്തോട് തണുപ്പന്‍ പ്രതികരണം കാണിക്കുന്ന പുരുഷന്‍ വസ്തുതാപരമായതിനോട് ക്രിയാത്മകമായിട്ടാണ് ഇവിടെ പ്രതികരിക്കുന്നത്. പുരുഷന്‍മാരില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് വസ്തുതാപരമായ വശത്തേക്കാള്‍ വൈകാരികവശത്തിന് പ്രാധാന്യം കല്‍പിക്കുന്നവര്‍.

നിഗൂഢത വെച്ചു പുലര്‍ത്തുന്നു, തന്നോട് ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം പങ്കുവെക്കുന്നില്ലെന്നുള്ളതാണ് രണ്ടാമത്തെ വിഷയം. സ്ത്രീ പുരുഷനേക്കാള്‍ വേഗത്തില്‍ മറ്റുള്ളവരില്‍ സുരക്ഷിതത്വവും വിശ്വാസമര്‍പ്പിക്കുമെന്നതാണ് അതിന് കാരണം. അതേസമയം പൊതുവെ പുരുഷന്‍മാര്‍ മറ്റൊരാളില്‍ – അത് ഭാര്യയാവാം കൂട്ടുകാരനാവാം കച്ചവടത്തിലെ പങ്കാളിയാവാം – വിശ്വാസമര്‍പിക്കുന്നതിന് കുറച്ച് സമയമെടുക്കും. അതുകൊണ്ട് തന്നെ പ്രത്യേകിച്ചും സാമ്പത്തികം, ആരോഗ്യം, സാമൂഹ്യബന്ധം, കുടുംബബന്ധം പോലുള്ള വ്യക്തിപരമായ ചില കാര്യങ്ങള്‍ അവര്‍ മറച്ചുവെക്കുകയും ഇടപഴകലില്‍ അകലം കാത്തുസൂക്ഷിക്കുകയും ചെയ്യും. തന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ ഭാര്യയുമായി പങ്കുവെച്ചാല്‍ അത് കേള്‍ക്കുന്ന ഭാര്യ പിന്നീടെപ്പോഴെങ്കിലും അത് തനിക്കെതിരെ ഉപയോഗിക്കുമോ എന്ന ഭയവും മറ്റൊരു കാരണമാണ്. അതുകൊണ്ട് അധികമാളുകളും ചിലതെല്ലാം പറയാതെ മാറ്റിവെച്ച് പൊതുവായ കാര്യങ്ങളെ കുറിച്ച് സംസാരിക്കും.

ഭാര്യയുമായുള്ള ബന്ധത്തില്‍ അകലം പാലിക്കുകയും അതിനിടക്ക് വേലിക്കെട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് മൂന്നാമത്ത പരാതി. അതിന് പല സാധ്യതകളുമുണ്ട്. പല സന്ദര്‍ഭങ്ങളിലും അയാള്‍ അക്കാര്യത്തില്‍ ഭാര്യയെ പരീക്ഷിക്കുകയും അതിലൂടെ അവളില്‍ വിശ്വാസമര്‍പിക്കാനാവില്ലെന്ന നിഗമനത്തില്‍ എത്തിയതാവാം അതിന് കാരണം. അല്ലെങ്കില്‍ തന്നെ സംബന്ധിച്ച കാര്യങ്ങളെല്ലാം ഭാര്യ കൂട്ടുകാരികളോടും അവളുടെ ഉമ്മയോടും പങ്കുവെക്കുന്നു എന്നതും അത് അയാള്‍ക്ക് ഇഷ്ടപ്പെടാത്ത സ്വഭാവമാണെന്നതുമാകാം മറ്റൊരു സാധ്യത. അതുമല്ലെങ്കില്‍ എല്ലാ കാര്യത്തിലും ഇടപെടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും എല്ലാറ്റിനെയും സംശയത്തോടെ നോക്കികാണുകയും ചെയ്യുന്ന അവളുടെ സ്വഭാവമാകാം അതിന് കാരണം. അതൊന്നുമല്ലെങ്കില്‍ ഭര്‍ത്താവിന്റെ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന അന്തര്‍മുഖത്വ പ്രകൃതമായിരിക്കാം അതിന് കാരണം. അപ്പോള്‍ ഭാര്യയോടുള്ള ബന്ധത്തില്‍ മാത്രമല്ല, മുഴുവന്‍ ആളുകളുമായുള്ള ബന്ധത്തിനും ഇടക്ക് ഒരു മതില്‍ അയാള്‍ സ്ഥാപിച്ചിട്ടുണ്ടാവും.

ഇത്തരം കുറവുകള്‍ ഒരു പുരുഷനില്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ അതിനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന ചോദ്യം. ഒന്നാമത് പറഞ്ഞ സംസാരത്തിലെ വൈകാരിക കാര്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നതിന്റെ പേരില്‍ ഒരാളെ ആക്ഷേപിക്കാനാവില്ല. അയാള്‍ വിവേകശാലിയാണെങ്കില്‍ യുക്തിപരമായി ഭാര്യയോട് ഇടപഴകുന്നതിനെ കുറിച്ചയാളെ പറഞ്ഞ് മനസ്സിലാക്കാം. രണ്ടാമത് പറഞ്ഞ പ്രശ്‌നമാണെങ്കില്‍ നമ്മെ വിശ്വസിക്കാമെന്നും രഹസ്യം സൂക്ഷിക്കാന്‍ ഏല്‍പിക്കാമെന്നും പരീക്ഷിച്ചറിയാനുള്ള അവസരം അയാള്‍ക്ക് നല്‍കണം. അതിന് കുറച്ച് സമയമെടുക്കുമെങ്കിലും അതില്‍ വിജയിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം പങ്കുവെക്കാന്‍ അയാള്‍ തയ്യാറാവും. ബന്ധത്തിനിടയില്‍ മതിലുകള്‍ തീര്‍ത്ത് അകലം സൂക്ഷിക്കുന്നുവെന്ന പ്രശ്‌നമാണെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് നാം കണ്ടെത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ അതിനെ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. സ്ത്രീകള്‍ ആവലാതിപ്പെടുന്ന ഈ കുറവുകളുടെയെല്ലാം കാരണം ഒന്നുകില്‍ പുരുഷനാവാം അല്ലെങ്കില്‍ അവള്‍ തന്നെയാവാം. സാഹചര്യത്തെ അപഗ്രഥിക്കുന്നതിലൂടെയാണ് അത് മനസ്സിലാക്കാന്‍ സാധിക്കുക.

വിവ: നസീഫ്‌

Facebook Comments
Show More

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Close
Close