Family

പഴയ ഹീറോയും ഹീറോയിനും

നാം ചെറുതായിരുന്നപ്പോള്‍ മാതാപിതാക്കളായിരുന്നു നമ്മുടെ ഹീറോയും ഹീറോയിനും. അവരെ നോക്കിയും അവരില്‍ നിന്ന് പഠിച്ചുമാണ് നാം പലതും ചെയ്തിരുന്നത്. ചിലപ്പോള്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ച് അതിനെ അനുകരിക്കാനും നമ്മള്‍ ശ്രമിച്ചിട്ടുണ്ട്. വീട്ടിലെ മുറിക്കകത്ത് മറ്റൊരു വീട് പണിതതും അവിടെ പാചകം ചെയ്തതും വസ്ത്രങ്ങള്‍ അലക്കിയതും കുട്ടികളെ പോറ്റിയതുമൊക്കെ നമ്മുടെ മാതാപിതാക്കളെ പോലെ ആവാനുള്ള ശ്രമമായിരുന്നു. വലുതായാല്‍ ഞാനും ഉപ്പയെ പോലെയും ഉമ്മയെ പോലെയും ആകും എന്നൊക്കെ നമ്മില്‍ പലരും കരുതിയിട്ടുമുണ്ട്.

എന്നാല്‍ ഇന്ന് നമ്മള്‍ മുതിര്‍ന്നവരായി. നമ്മുടെ ഹീറോകള്‍ മറ്റു പലരുമാണ്. മാതാപിതാക്കള്‍ നമ്മെ നിരന്തരം ശല്യപ്പെടുത്തുന്ന രണ്ടാളുകള്‍ മാത്രം. അവര്‍ അയഞ്ഞതോ ഇറക്കമുള്ളതോ ആയ വസ്ത്രം ധരിക്കാന്‍ പറഞ്ഞപ്പോഴും മുടി നേരെ വെട്ടാന്‍ പറഞ്ഞപ്പോഴും നമുക്ക് ദേഷ്യമാണ് വന്നത്. നമ്മുടെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അവര്‍ നമ്മളോട് സംസാരിക്കുന്നത് പോലും നമുക്ക് വെറുപ്പാണ്. നമ്മള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചാല്‍ പച്ചക്കള്ളവും നാം പറയാറുണ്ട്. ഞാന്‍ ഒരിക്കലും മാതാപിതാക്കളെ പോലെ പഴഞ്ചന്‍ ആവുകയില്ലെന്ന് നമ്മള്‍ ശപഥം ചെയ്യുന്നു. എനിക്ക് മക്കളുണ്ടായിട്ടു വേണം അവരെ എങ്ങനെ വളര്‍ത്തണമെന്ന് കാണിച്ചുകൊടുക്കാന്‍ എന്ന് ആത്മഗതം വരെ ചെയ്യും. ”അവര്‍ക്ക് ഒന്നും പറഞ്ഞാല്‍ മനസ്സിലാവില്ല”, ഇതാണ് കൂട്ടുകാരോടും മറ്റും മാതാപിതാക്കളെ കുറിച്ച് നാം പറയുന്നത്. കാലത്തിനനുസരിച്ച് മാറാതെ അവര്‍ നമ്മെ കുറ്റപ്പെടുത്തുകയാണെന്ന പരിഭവം. ഞാനെന്ന പരിഷ്‌കാരിക്ക് സ്വന്തം മാതാപിതാക്കള്‍ പഴഞ്ചന്മാരായി പോയി എന്ന ദുഃഖം നാം കടിച്ചമര്‍ത്താന്‍ പാടുപെടുന്നു.

എന്നാല്‍ എല്ലാ തലമുറയില്‍ പെട്ട കുട്ടികളും അംഗീകരിക്കുന്ന വസ്തുതയാണ് തങ്ങളുടെ മാതാപിതാക്കള്‍ തങ്ങളേക്കാള്‍ പഴഞ്ചന്മാരാണ് എന്നത്. നമ്മുടെ മാതാപിതാക്കള്‍ക്ക് തന്നെ അവരുടെ ചെറുപ്പത്തില്‍ അവരുടെ മാതാപിതാക്കളുമായി ഒത്തുപോവാന്‍ പറ്റാതിരുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടാവും. കാരണം, കാലം എന്നത് നമ്മേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഓരോ ഇരുപതു കൊല്ലം കഴിയുന്തോറും പുതിയ ലോകമാണ് നമുക്ക് മുന്നില്‍ അവതരിക്കുന്നത്. അതിനനുസരിച്ച് മാറാന്‍ മനുഷ്യന്‍ തത്രപ്പെടുകയാണ് ചെയ്യുക. നമ്മുടെ മാതാപിതാക്കള്‍ ജീവിക്കുന്നത് അവരുടെ ലോകത്താണ്. നമ്മളാകട്ടെ നമ്മുടെ ലോകത്തും. ലോകം ഇനിയും മാറിക്കൊണ്ടിരിക്കും. നാളെ നാമും മാതാപിതാക്കള്‍ ആവേണ്ടവരാണ്. നമ്മുടെ മക്കളുടെ ലോകത്തിന് അനുസരിച്ച് എത്ര തന്നെ മാറാന്‍ നാം ശ്രമിച്ചാലും നമ്മുടെ കാലത്തിന്റെ ശീലങ്ങളും വഴക്കങ്ങളും നാം പ്രകടിപ്പിക്കും. അത് പുതിയ കാലത്ത് ജീവിക്കുന്ന നമ്മുടെ മക്കള്‍ക്കും ഉള്‍ക്കൊള്ളാനായെന്ന് വരില്ല. എന്നാല്‍ ഏത് സ്വരച്ചേര്‍ച്ചകളെയും സ്‌നേഹത്തോടെ സ്വീകരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ക്കും തീര്‍ച്ചയായും അതിന് കഴിയും.

‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന സങ്കല്‍പം കാലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. എന്നാല്‍ സ്‌നേഹത്തിനും കാരുണ്യത്തിനും മുന്നില്‍ ഒരു ഗ്യാപ്പിനും സ്ഥാനമുണ്ടാവില്ല. ലോകം എത്രയോ സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞു മുന്നേറിയിരിക്കുന്നു. അതിനിടയ്ക്ക് മനുഷ്യര്‍ അവന്റെ വസ്ത്രത്തിലും ഭക്ഷണത്തിലും രൂപത്തിലുമൊക്കെ വൈവിധ്യമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. എന്നാല്‍ മനുഷ്യന്‍ ഉണ്ടായത് മുതല്‍ ഇന്നോളം സ്‌നേഹത്തിനും കാരുണ്യത്തിനും ഒറ്റ രൂപമേയുള്ളൂ. അത് മാറ്റം സംഭവിക്കാതെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തലമുറയുണ്ടാക്കുന്ന വിടവുകള്‍ക്കിടയില്‍ പാലം പണിയുന്നത് സ്‌നേഹവും കാരുണ്യവും പരസ്പര വിശ്വാസവുമൊക്കെയാണ്.

നാം കുഞ്ഞായിരുന്നപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മളോട് കാണിച്ച സ്‌നേഹത്തിനും കാരുണ്യത്തിനും പകരം നില്‍ക്കുക ഒരിക്കലും നമുക്ക് സാധ്യമല്ല. എന്നാല്‍ അതിന് നമുക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് അവരുടെ വാര്‍ധക്യകാലം. നമ്മെ അവര്‍ ലാളിച്ചത് പോലെ, നമ്മെ അവര്‍ കൊണ്ടുനടന്നത് പോലെ നമ്മില്‍ നിന്ന് അവരും സ്‌നേഹം ആഗ്രഹിക്കുന്ന കാലം. അവര്‍ കുട്ടികളെ പോലെ ദുര്‍ബലരും നിഷ്‌കളങ്കരുമാവും. അപ്പോള്‍ അവരെ വെറുക്കാനല്ല. കിട്ടിയ സ്‌നേഹം ഏതു വിധേനയും തിരിച്ചുകൊടുക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്ക് വേണ്ടി ദിവസങ്ങളോളം ഉറക്കമിളച്ച ആ കണ്ണുകള്‍ ചുക്കിച്ചുളിയുമ്പോള്‍ ആ കണ്ണുകളിലെ പ്രകാശമാവാന്‍ നമുക്ക് സാധിക്കണം. മാതാപിതാക്കളും നമ്മളും തമ്മിലുള്ള അന്തരമല്ല നാം ശ്രദ്ധിക്കേണ്ടത്. അവരും നമ്മളും തമ്മിലുള്ള സമാനതകളാണ്. അപ്പോള്‍ എല്ലാ ഭിന്നസ്വരങ്ങള്‍ക്കുമപ്പുറം ഈടുറ്റ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയും.

വിവ: അനസ് പടന്ന

Facebook Comments
Related Articles
Show More
Close
Close