എല്ലാ യുവതികളുടെയും മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യമാണ് താന്‍ സുന്ദരിയാണോ എന്നത്. യാതൊരു അഹങ്കാരവും കൂടാതെ, ആത്മാര്‍ത്ഥമായി നീ ഉത്തരം പറയുക. ആരും കേള്‍ക്കാതെ നീയത് പറയുക. ഇത്തവണയെങ്കില്‍ നീ ശരിയായ ഉത്തരം വ്യക്തമാക്കി അതെയന്നോ, അല്ലായെന്നോ പറയുക. അണിഞ്ഞൊരുങ്ങാത്ത സന്ദര്‍ഭത്തില്‍ അതിഥികളെത്തിയാല്‍ നീയെന്തിന് ഇത്രമാത്രം അസ്വസ്ഥപ്പെടുന്നു. നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞ് സകല അലങ്കാരങ്ങളും പുരുഷന്മാര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നത് എന്തിന്?
നീ നിന്റെ മനസ്സിനെ വഞ്ചിക്കാതിരിക്കട്ടെ. നീയതിനെ തൃപ്തിപ്പെടുത്തുകയെന്നതാണ് അനിവാര്യമായത്. അത് നിന്റെ സൗന്ദര്യത്തെ അധികരിപ്പിക്കും.
നീ സുന്ദരിയാണോ എന്ന് ഒന്ന് കൂടി ചോദിക്കുക. നിന്റെ ദൗര്‍ബല്യങ്ങള്‍, ന്യൂനതകള്‍ മനസ്സിലേക്ക് കടന്നുവരുന്നു അല്ലേ? പോരായ്മകളുണ്ടെന്ന് സമ്മതിക്കുന്നുവോ? സൗന്ദര്യത്തില്‍ ആശങ്ക തോന്നുന്നുവെങ്കില്‍, അത് നിന്നെ അലട്ടുന്നുവെങ്കില്‍ എന്റെ കൂടെ യാത്ര തുടങ്ങാം. നിന്നെ യഥാര്‍ത്ഥ സുന്ദരിയാക്കുന്ന നല്ല ഒരു തുടക്കമായിരിക്കും ഇത്.
നിന്റെ രൂപമോ, തൊലിനിറമോ, സ്വഭാവമോ എന്ത് തന്നെയാവട്ടെ, നീ സുന്ദരി തന്നെയാണ്. അങ്ങനെയല്ലാതിരിക്കാന്‍ വഴിയില്ല. കാരണം അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്. (തീര്‍ച്ചയും നാം മനുഷ്യനെ ഏറ്റവും മനോഹരമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു). ഈ ലോകത്ത് മനോഹരമായി കാണുന്ന പൂച്ച, മാന്‍പേട, പക്ഷികള്‍, പൂര്‍ണചന്ദ്രന്‍ ഇവയൊക്കെ സൗന്ദര്യത്തില്‍ നിനക്ക് താഴെയാണ്. നീ നിന്നിലേക്ക് തന്നെ നോക്കുക (എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മനുഷ്യന്‍ നോക്കട്ടെ). നീ നിന്നെ സൗന്ദര്യത്തോടെ സമീപിക്കുമ്പോഴാണ് ലോകത്തിന്റെ മനോഹാരിത നിനക്ക് വ്യക്തമാവുന്നത്. കവി പാടിയത് ഇപ്രകാരമാണ് (നീ സുന്ദരനാവുക, എങ്കില്‍ എത്ര മനോഹരമാണെന്ന് നിനക്ക് കാണാം).
സൗന്ദര്യത്തെക്കുറിച്ച നിന്റെ അന്വേഷണത്തില്‍ ദൈവഭയമെന്ന പാഥേയം നീ കൂടെ കരുതുക. ഏറ്റവും വിലകൂടിയ വസ്ത്രമാണത്. സ്വര്‍ണവും വൈഢൂരവും, പവിഴങ്ങളും അതിന് താഴെയാണ് വരിക. നീ ദൈവത്തെ ഭയപ്പെടുമ്പോഴെല്ലാം അടിമകളുടെ കണ്ണുകളില്‍ അല്ലാഹു നിന്നെ സുന്ദരിയും സുമുഖിയുമാക്കി മാറ്റുന്നതാമ്. അല്ലാഹുവിനെ നീ സ്‌നേഹിക്കുന്നതനുസരിച്ച് ജനങ്ങള്‍ നിന്നെ ഇഷ്ടപ്പെടുകയും നിന്നോട് അടുക്കുകയും ചെയ്യും (തൃപ്തിയുടെ നോട്ടം എല്ലാ ന്യൂനതകള്‍ക്കും മറയാണ്).
നിന്നെ സുന്ദരിയാക്കുന്ന വസ്ത്രങ്ങള്‍ അണിയുക. നിന്നെ പ്രദര്‍ശിപ്പിക്കുന്നവയല്ല, നിനക്ക് യോജിച്ചവയാണ് തെരഞ്ഞെടുക്കേണ്ടത്. നിന്റെ പ്രായം, തൊലിനിറം, സമൂഹം, സ്ഥലം തുടങ്ങിയവയൊക്കെയും പരിഗണിച്ചാവണം വസ്ത്രധാരണം നടത്തേണ്ടത്. വിവാഹം കഴിഞ്ഞ മധ്യവയസ്‌ക പതിനെട്ടുകാരിയെപ്പോലെ വസ്ത്രധാരണം നടത്തുന്നത് ഭൂഷണമല്ല. വസ്ത്രത്തിന്റെ മനോഹാരിത അതിന്റെ വിലയിലല്ല. മറിച്ച് വൃത്തിയും, വെടിപ്പും, സൗന്ദര്യവും പ്രസരിപ്പിക്കുന്നതാണ് മനോഹരമായത്.
മറ്റുള്ളവര്‍ക്ക് ചെയ്യുന്ന നന്മകള്‍ അവരുടെ മനസ്സില്‍ നിന്നെ സുന്ദരിയാക്കുന്നതാണ്. ഉദാഹരണമായി നിന്റെ കൂട്ടുകാരിക്ക് നല്‍കുന്ന സമ്മാനം, കുടുംബത്തിന് നല്‍കുന്ന സ്‌നേഹം തുടങ്ങിയവയെല്ലാം നിന്റെ ന്യൂനതകളെ അവര്‍ അവഗണിക്കുന്നതിന് സഹായിക്കും. ഉത്തമ സ്വഭാവ ശീലങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കുകയെന്നത് അതിനാല്‍ പ്രധാനമാണ്. പോരായ്മകളെ അനുകൂല ഘടകമാക്കാന്‍ ശ്രമിക്കുക. ഉദാഹരണമായി നീ കുറിയവളാണെങ്കില്‍ ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ അതിനെ പരിഹരിക്കാം. നീ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം ശാരീരിക വൈകൃതവും സ്വഭാവ വൈകൃതവും ഒരുമിപ്പിക്കരുതെന്നതാണ്. അത് നിന്നില്‍ നിന്ന് സമൂഹത്തെ അകറ്റിക്കളയും.
ആരെയെങ്കിലും സന്ദര്‍ശിക്കുന്നതിന് മുമ്പ് കുറച്ച് സമയം കണ്ണാടിക്ക് മുന്നില്‍ ചെലവഴിക്കുക. തന്റെ വസ്ത്രധാരണവും രൂപവും തലമുതല്‍ കാല്‍ വരെ പരിശോധിക്കുക. വസ്ത്രധാരണത്തില്‍, പുഞ്ചിരിയില്‍, മുഖപ്രസന്നതയില്‍ വല്ല പോരായ്മയുമുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണ് അത്. നീ എത്ര സുന്ദരിയാണെന്ന് നിനക്കപ്പോള്‍ ബോധ്യപ്പെടും. പക്ഷെ ഈ ബോധം നിന്നെ അഹങ്കാരത്തിലേക്ക് നയിക്കരുത്. പൂര്‍ണ ആത്മവിശ്വാസത്തോടെ നിനക്ക് നിന്റെ കൃത്യത്തിലേക്ക് നീങ്ങാം. മനോഹരമായി പുഞ്ചിരിക്കാം… നീയിപ്പോള്‍ സന്തോഷവതിയാണ്. നിനക്ക് നിരാശയില്ല… നീയാരെയും വേദനിപ്പിക്കുന്നില്ല… സ്വര്‍ഗീയാരാമത്തിലേക്ക് നയിക്കുന്ന സൗന്ദര്യവുമായി നിനക്ക് ഇഹലോകത്തിന്റെ മടിത്തട്ടില്‍ പാറിനടക്കാം….
വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി