കൗമാര പ്രായത്തിലുള്ള മകള്‍. അവളുടെ ഹൃദയം തെളിനീരുപോലെ ശുദ്ധമാണ്. ഒരു കലര്‍പ്പും തന്നിലേക്ക് ചേരാനത് സമ്മതിക്കുന്നില്ല. അവള്‍ തെറ്റുകള്‍ കേള്‍ക്കാനോ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുകയേയില്ല. അത് ആലോചിക്കാനും അവള്‍ക്കറിയില്ല. തന്റെ മാനം മറക്കുന്ന സവിശേഷ വസ്ത്രങ്ങളാണ് അവള്‍ അണിയാറ്. മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാകുന്ന ഉന്നത ഗുണങ്ങളും അവളിലുണ്ട്.
പക്ഷെ അവളുടെ പിതാവ് വറ്റി വരണ്ട പ്രകൃതക്കാരനാണ്. വൈകാരികത തിരിച്ചറിയാത്തവനാണ്. ഔപചാരികമായി മാത്രമേ അവളോട് സംസാരിക്കൂ. വല്ലപ്പോഴും മാത്രമേ അവളോടയാള്‍ പുഞ്ചിരിക്കാറുപോലുമുള്ളൂ. പ്രായപൂര്‍ത്തിയായതോടെ കല്‍പനകളിലൂടെ മാത്രമായിരുന്നു അവളോട് അയാള്‍ സംസാരിച്ചത്. നൈര്‍മല്യമുള്ളതോ വാത്സല്യമുള്ളതോ ആയ ഒരു വാക്കുപോലും അയാളില്‍ നിന്ന് അവള്‍ കേള്‍കാറില്ല.
എന്നാല്‍ അവളുടെ ഉമ്മയോ, അവളെ വീട്ടുകാര്യങ്ങളും ആതിഥ്യവും പഠിപ്പിക്കാന്‍ മാത്രമാണ് അവരുടെ ആഗ്രഹം. അവളെ പെറ്റുപോറ്റുന്നത് മറ്റാരുടെയോ വീട് നേക്കാനാണെന്നാണ് മാതാവിന്റെ പെരുമാറ്റം കണ്ടാല്‍ തോന്നുക. അവളെ ലജ്ജ പരിശീലിപ്പിക്കാനും മാതാവ് ശ്രമിക്കുന്നുണ്ട്.
അവളുടെ ഉള്ളില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കാനാണ് മാതാപിതാക്കളുടെ സമീപനം ഉതകിയത്. അവള്‍ തന്റെ സൗന്ദര്യത്തെയും വിവാഹത്തെയും കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. അത് ഒരു പക്ഷെ ഈ ബന്ധങ്ങളാകുന്ന ബന്ധനങ്ങളില്‍ നിന്ന് മോചനം നല്‍കിയേക്കാമെന്നും അവള്‍ വിചാരിച്ചു. എന്നാല്‍ മക്കളെ നോക്കലും മറ്റുമായി ധാരാളം പ്രയാസങ്ങളും അവിടെയുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍ കാണുന്നത് അവള്‍ പതിവാക്കി. ആ ലോകത്ത് നിന്ന് അവള്‍ പുതിയൊരു വികാരത്തെകുറിച്ചുകൂടി പരിചയപ്പെട്ടു. പ്രണയമായിരുന്നു അത്. വികാരങ്ങള്‍ വറ്റി വരണ്ട മരുഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് സ്‌നേഹോഷ്മളമായ പച്ചപ്പിലെത്താന്‍ അവള്‍ സ്വാഭാവികമായും ആഗ്രഹിച്ച് തുടങ്ങി.
ഒരിക്കള്‍ അവളുടെ മൊബൈലിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു. പലതും ആലോചിച്ചുകൊണ്ടവള്‍ ഫോണ്‍ അറ്റന്റ് ചെയ്തു: ഹലോ!
-ഈ സുന്ദരമായ ശബ്ദത്തിന് അഭിവാദ്യം.
-നീയാരാണ്? നിനക്കെന്താണ് വേണ്ടത്?
-ഞാന്‍… ദുഖങ്ങളുടെ കൂട്ടാളിയാണ് ഞാന്‍…. കൂട്ടുതേടുന്ന ചെറുപ്പക്കാരനാണ്…
അവള്‍ അയാളോട് കയര്‍ത്തു. കുപിതയായി കാള്‍ ഡിസ്‌കണക്ട് ചെയ്തു…..
എന്നാല്‍ അവള്‍ക്കുള്ളില്‍ ഒരു പുതിയ വികാരം രൂപംകൊണ്ടു.
അവനോട് സംസാരിക്കുന്നത് എന്റെ അവകാശമല്ലേ! അവന്‍ മാത്രമാണ് ലോകത്ത് എന്റെ വികാരങ്ങളെ തിരിച്ചറിഞ്ഞത്.
യുവാവ് വീണ്ടും ഫോണ്‍ ചെയ്യുകയും… അവള്‍ അവന്റെ കെണിയില്‍ വീഴുകയും ചെയ്തു……. ഇങ്ങനെ പോകുന്നു കഥ.
ഇത്തരം കഥകള്‍ സുപരിചിതവും ആവര്‍ത്തിതവുമാണ്. പക്ഷെ, ഇത്തരം പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണങ്ങളെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? യുവാക്കളെയും യുവതികളെയും പഴിക്കുന്നതിനപ്പുറത്തേക്ക് ഇത്തരം പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളിലേക്ക് നാം ഒരന്വേഷണം നടത്താറുണ്ടോ? ഈ പ്രശ്‌നങ്ങളില്‍ നമ്മുടെ പങ്കെന്താണെന്ന് ആലോചിക്കാറുണ്ടോ നാം? ശുദ്ധരും പതിവ്രതകളുമായ യുവതികള്‍ എപ്രകാരമാണ് ഇത്തരം മനുഷ്യപിശാചുകളുടെ പിടിയില്‍ കുടുങ്ങുന്നത്?
ഇത്തരം പ്രശ്‌നങ്ങളുടെ സകല കാരണങ്ങളും ഇവിടെ നിരത്തുകയാണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് സുപ്രധാനമായ ഒരു കാരണത്തിലാണ് ഞാന്‍ ഊന്നുന്നത്. അത് മക്കളോടുള്ള നമ്മുടെ വൈകാരിക വരള്‍ച്ചയും ഊഷരമായ പെരുമാറ്റവുമാണ്. നമ്മുടെ മക്കള്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകട്ടെ അവരോട് നൈര്‍മല്യത്തോടെ പെരുമാറാന്‍ നമുക്കെന്താണ് പ്രയാസം! പ്രോത്സാഹനമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മക്കള്‍ ചെയ്യുകയാണെങ്കില്‍ എന്തുകൊണ്ട് നമുക്കവരെ പ്രോത്സാഹിപ്പിക്കാനാവുന്നില്ല!
പെണ്‍മക്കള്‍ക്ക് അവളുടെ ആഭരണങ്ങളെയും അവളുടെ വസ്ത്രങ്ങളെയും പ്രശംസിക്കുന്നതുപോലും വലിയ വൈകാരിക സംതൃപ്തിയാണ് നല്‍കുക. ഇത് നാം പ്രത്യേകം തിരിച്ചറിയണം. പെണ്‍കുട്ടികള്‍ പെട്ടെന്ന് വൈകാരികമായി സ്വാധീക്കപ്പെടും. അതുകൊണ്ടുതന്നെ അവര്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുന്നതിന് മുമ്പ് രക്ഷിതാക്കള്‍ അവളെ സ്വാധീനിക്കട്ടെ… അവരോട് നൈര്‍മല്യത്തോടെയും ദയയോടും കൂടി കൂട്ടുകാരെ പോലെ സംസാരിക്കുകയാണെങ്കില്‍ അതവരില്‍ വലിയ സ്വാധീനം ചെലുത്തും. മറ്റുള്ളവര്‍ക്ക് അവരെ കീഴടക്കാനുള്ള അവസരം അതില്ലാതാക്കും.
സൃഷ്ടികളില്‍ ഉത്തമനായ മുത്ത്‌നബി തന്നെയാണ് ഇതിലും നമുക്ക് ഏറ്റവും വലിയ മാതൃക കാണിച്ച് തന്നിരിക്കുന്നത്. ഒരിക്കല്‍ ഫാത്വിമ(റ) പ്രവാചകന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നു. അവളെ ചുംബിച്ചു. താന്‍ എഴുന്നേറ്റ സ്ഥലത്ത് അവളെ ഇരുത്തി. ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ മക്കളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന് സുപ്രധാന കാര്യങ്ങള്‍ നമുക്ക് ഈ സംഭവത്തില്‍ നിന്ന് വായിച്ചെടുക്കാനാവും. ഒന്ന്, അവരെ സ്വീകരിക്കാനായി എഴുന്നേറ്റ് നില്‍ക്കുക. രണ്ട്, അവരെ ചുംബിക്കക. മൂന്ന്, അവരെ സ്വീകരിച്ച് ആദരിച്ച് ഇരുത്തുക.
മറ്റൊരിക്കല്‍ പ്രവാചകന്‍ ഫാത്വിമയെകുറിച്ച് അവള്‍ എന്റെ കരളിന്റെ കഷ്ണമാണെന്ന് പറയുകയുണ്ടായി. അവളെ വേദനിപ്പിക്കുന്നത് എന്നെയും വേദനിപ്പിക്കും. അനുചരന്മാരുടെ മുന്നില്‍ വെച്ചാണ് പ്രവാചകനത് പറഞ്ഞത്. ഇപ്രകാരം നമ്മുടെ മക്കളെ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രോത്സാഹിപ്പിക്കാനും ബഹുമാനിക്കാനും നാം സന്നദ്ധരാകണം.
മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രവാചകന്‍ ഫാത്വിമയുടെ വീട്ടിലേക്ക് വന്ന കഥ വിവരിക്കുന്നുണ്ട്. തനിക്കൊരു സേവകയെ വേണമെന്നായിരുന്നു ഫാത്വിമയുടെ ആഗ്രഹം. ആദരവായ റസൂല്‍ അലിയുടെയും ഫാത്വിമയുടെയും ഇടയില്‍ ഇരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും അദ്ദേഹത്തിന്റെ കൈവിരലുകളുടെ തണുപ്പ് അനുഭവപ്പെട്ടിരുന്നു. എന്നിട്ട് അവരോട് രണ്ടാളോടും നൈര്‍മല്യത്തോടെ മൊഴിഞ്ഞു: ഒരു സേവകയുണ്ടാകുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് നന്മയാകുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടേ? സുബ്ഹാനല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്ബര്‍ എന്ന് മുപ്പത്തിമൂന്നു തവണ വീതം പറയുക. മക്കളുടെ ആവശ്യങ്ങള്‍ നിരസിക്കുകയാണെങ്കില്‍ പോലും നൈര്‍മല്യത്തോടെ അവരുടെ നന്മക്കാണ് അത് വേണ്ടെന്ന് വെക്കുന്നതെന്നും മക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കണമെന്നാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്.
മറ്റൊരിക്കല്‍ ആഇശ(റ)യുടെ ആഗ്രഹപ്രകാരം എത്യോപ്യക്കാരുടെ കായികാഭ്യാസം കാണാന്‍ അവരെ പ്രവാചകന്‍ അനുവദിക്കുകയുണ്ടായി. മതിയാകുന്നതുവരെ അവരെ അത് കാണാന്‍ പ്രവാചകന്‍ സ്വതന്ത്രയാക്കി വിട്ടു. നമ്മുടെ മക്കള്‍ക്ക് അനുവദനീയമായ ആസ്വാദനം പോലും വിലക്കുന്ന തരത്തില്‍ നമ്മള്‍ കര്‍ക്കശക്കാരാവാന്‍ പാടില്ലെന്നാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്. അനുവദനീയമായ കാര്യങ്ങള്‍ ആസ്വദിക്കാനും വിനോദങ്ങളിലേര്‍പെടാനും നാം തന്നെ അവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കണം. അല്ലെങ്കില്‍ മറ്റ് അവസരങ്ങള്‍ തേടി അവര്‍ വേലിചാടിത്തുടങ്ങും. അതിനവരെ നാം പ്രേരിപ്പിക്കരുത്.
മുത്ത്‌നബി കുട്ടികളെ ചുംബിക്കാറുണ്ടായിരുന്നു. നമസ്‌കാരത്തിനിടയിലും ഖുതുബക്കിടയിലും അവരെ എടുത്തുയര്‍ത്താറുണ്ടായിരന്നു. അവരോട് കൂടെ കളിവിനോദങ്ങളില്‍ ഏര്‍പെടാറുണ്ടായിരുന്നു. നാവ് പുറത്തുകാട്ടി അവരെ കളിപ്പിക്കാറുണ്ടായിരുന്നു. ഇതെല്ലാം വ്യത്യസ്ത നിവേദനങ്ങളില്‍ വന്നിട്ടുള്ള കാര്യങ്ങളാണ്. ഇവയെല്ലാം വലിയ മാതൃകയാണ് നമുക്ക് വരച്ച് കാണിച്ച് തരുന്നത്.
നമ്മളിലെത്ര പേര്‍ ഇത്തരം വിനോദകാര്യങ്ങളില്‍ ഏര്‍പെടാറുണ്ട്? മക്കള്‍ നമ്മില്‍ നിന്ന് ഏത് തരത്തിലുള്ള സ്വഭാവമാണ് അനുഭവിക്കാറുള്ളത്. സ്‌നേഹത്തോടെയും നൈര്‍മല്യത്തോടെയുമാണോ നാം അവരോട് ഇടപഴകാറുള്ളത്. ഇതെല്ലാമാണ് മേലുദ്ധരിച്ച രൂപത്തിലുള്ള ദുരന്ത കഥകള്‍ കേള്‍ക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത്. ചുരുക്കത്തില്‍ ഇത്തരം ഓരോ കഥകളും നമ്മെ ആത്മവിചാരണ ചെയ്യാനാണ് പ്രേരിപ്പിക്കേണ്ടത്. സഹതാപങ്ങള്‍ക്കും ദുഖത്തിനുമപ്പുറം എന്റെ ജീവിതത്തില്‍ എന്താണ് മാറ്റം വരുത്തേണ്ടതെന്നാണ് നാമോരോരുത്തരും ചിന്തിക്കേണ്ടത്.
നാം പറഞ്ഞ കഥയിലെപോലുള്ള കഥാപാത്രങ്ങള്‍ ഇന്ന് ധാരാളമുണ്ട്. സച്ചരിതരായ വീട്ടുകരുടെ കൂടെയാകും അവള്‍ ജീവിക്കുന്നത്. പക്ഷെ അവളുടെ മൃദുലവികാരങ്ങള്‍ സ്‌നേഹം കൊണ്ട് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കില്‍ അവളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ മാതാപിതാക്കളുടെ ഇടപഴകലുകള്‍ക്ക് സാധിക്കുന്നുണ്ടാവില്ല. പക്ഷെ സരസഭാഷിയായ ഒരു യുവാവില്‍ നിന്ന് അവള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നവള്‍ തെറ്റിദ്ധരിക്കുന്നു. പിന്നെ അവന്റെ ശബ്ദം കേട്ടാല്‍ അവള്‍ സന്തോഷിക്കുന്നു. കാരണം അവളുടെ പിതാവില്‍ നിന്ന് അവള്‍ വൈകാരികമായ ഒരു വാക്ക് പോലും കേട്ടിരുന്നില്ല. അടുത്ത ബന്ധുക്കളുടെ വാക്കുകള്‍കൊണ്ട് വികാരങ്ങള്‍ നിയന്ത്രിക്കാനവസരം ലഭിക്കാതെ അവള്‍ അപരിചിതരുടെ വാക്കുകളില്‍ മയങ്ങിപ്പോകുന്നു…..
വിവ: ജുമൈല്‍ കൊടിഞ്ഞി