Family

ദാമ്പത്യം തകരുന്നതിന്റെ സൂചനകള്‍

ദാമ്പത്യം തകര്‍ച്ചയിലേക്ക് ചായുന്നതിന്റെ ചില ലക്ഷണങ്ങളും അടയാളങ്ങളുമുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് ദമ്പതികള്‍ക്ക് ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ ആ ചായ്‌വ് നിവര്‍ത്തുന്നതിന്, ഏറ്റവും ചുരുങ്ങിയത് കൂടുതല്‍ ചായാതിരിക്കാനുള്ള അടിയന്തിര ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. ദാമ്പത്യത്തിന്റെ തകര്‍ച്ചയെ കുറിച്ച് സൂചന നല്‍കുന്ന ആ കാര്യങ്ങളെ കുറിച്ചാണിവിടെ വിവരിക്കുന്നത്.

1- ഒരേ വിഷയത്തിലുള്ള നിരന്തര തര്‍ക്കം: ദമ്പതികള്‍ ഒരു വിഷയം ചര്‍ച്ചക്കെടുത്താല്‍ ഒരു തീരുമാനം എടുത്ത ശേഷമായിരിക്കണം ആ സദസ്സ് അവസാനിപ്പിക്കേണ്ടത്. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിട്ടുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ദിവസങ്ങളോ ആഴ്ച്ചകളോ നീട്ടിവെക്കാവുന്നതാണ്. എന്നാല്‍ തീരുമാനമെടുക്കാതെ വിഷയം ഉപേക്ഷിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ സ്‌നേഹം തകര്‍ന്ന് വരണ്ട ബന്ധമായി അത് മാറുന്നതിനെ കുറിച്ച സൂചനയാണത് നല്‍കുന്നത്.

2- സ്‌നേഹം ചരിത്രമാവുക: ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും സമ്മാനങ്ങളും നല്ല വാക്കുകളും മനോഹരമായ സംസാരവുമെല്ലാം ദമ്പതികളിലാര്‍ക്കെങ്കിലും കേവലം ചരിത്രമായി പോയെന്ന് അനുഭവപ്പെടുന്നുവെങ്കില്‍ ദാമ്പത്യത്തിന്റെ തകര്‍ച്ചയെ കുറിച്ച സൂചനയാണത് നല്‍കുന്നത്.

3- വീഴ്ച്ചകള്‍ തേടിപ്പിടിക്കല്‍: പരസ്പര വിട്ടുവീഴ്ച്ചയും ക്ഷമയും അടിസ്ഥാനമായി ഉണ്ടാവേണ്ട ദാമ്പത്യ ബന്ധം പരസ്പരം പങ്കാളിയുടെ വീഴ്ച്ചകള്‍ തേടിനടക്കുന്ന അവസ്ഥയിലേക്ക് മാറുന്നുവെങ്കില്‍ ബന്ധത്തിന്റെ തകര്‍ച്ചയെ കുറിച്ചാണത് സൂചന നല്‍കുന്നതെന്ന് മനസ്സിലാക്കുക. തത്ഫലമായി സ്‌നേഹത്തിലും കാരുണ്യത്തിലും കെട്ടിപടുക്കേണ്ട ദാമ്പത്യ ബന്ധം കായിക മത്സരത്തിന്റെ അവസ്ഥയിലേക്ക് വഴിമാറും. കായിക മത്സരത്തില്‍ എപ്പോഴും എതിരാളിയെ പരാജയപ്പെടുത്താനും മലര്‍ത്തിയടിക്കാനുമാണല്ലോ ശ്രമിക്കുക.

4- രൂപഭംഗി അവഗണിക്കല്‍: താന്‍ പങ്കാളിക്ക് വേണ്ടി രൂപഭംഗിയില്‍ ശ്രദ്ധിക്കുകയോ അലങ്കാരങ്ങള്‍ അണിയുകയോ ചെയ്യുന്നില്ലെന്ന് ദമ്പതികളില്‍ ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അതും ബന്ധത്തിന്റെ തകര്‍ച്ചയിലേക്കാണ് സൂചന നല്‍കുന്നത്.

5- പരസ്പരമുള്ള അറിവിലെ വിടവ്: ദമ്പതികളില്‍ ഓരോരുത്തരുടെയും അവസ്ഥയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും പരസ്പരം പങ്കുവെക്കപ്പെടാതിരിക്കുമ്പോള്‍ ഇരുവരും അവരുടേതായ തുരുത്തില്‍ ജീവിക്കുന്ന അവസ്ഥയാണ് സംജാതമാവുക. സ്‌നേഹത്തിന്റെ തകര്‍ച്ചയെ കുറിച്ചാണത് സൂചന നല്‍കുന്നത്.

6- ഒറ്റപ്പെടുന്ന അവസ്ഥ: പാര്‍ട്ടികള്‍, യാത്രകള്‍, സംസാരം പോലുള്ളവയില്‍ ദമ്പതികള്‍ ഒരുമിച്ച് പങ്കെടുക്കുന്ന അവസ്ഥ ഇല്ലാതാവുമ്പോള്‍ ഓരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരായി മാറുന്നു. അവര്‍ ഒരുമിക്കുന്ന ഇടം കിടപ്പറ മാത്രമായി പരിമിതപ്പെടുന്നു. അതിലൂടെ ശാന്തിഭവനമാവേണ്ട വീട് ഒരു ഹോട്ടലിന് സമാനമായി മാറുകയാണ്.

മേല്‍പറയപ്പെട്ട ആറ് കാര്യങ്ങളുടെ കാരണങ്ങളെ കുറിച്ച് വിവരിക്കുന്നതിന് പകരം അതിനുള്ള പരിഹാരത്തിലേക്ക് കടക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നാമത്തെ കാര്യത്തിനുള്ള പരിഹാരം ഒരു വിഷയം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയും വളരെ അനിവാര്യമായി വന്നാലല്ലാതെ അതിലേക്ക് മടങ്ങി വരാതിരിക്കലുമാണ്. രണ്ടാമത്തെ അവസ്ഥക്കുള്ള പരിഹാരം സമ്മാനങ്ങളും നല്ലവാക്കുകളും നല്‍കാന്‍ മുന്‍കൈയ്യെടുക്കലാണ്. തുടക്കത്തില്‍ അല്‍പം പ്രയാസമുണ്ടാകുമെങ്കിലും ക്രമേണ ബന്ധത്തെ അത് ശക്തിപ്പെടുത്തും. തെറ്റുകള്‍ പരതിനടക്കുന്ന അവസ്ഥക്കുള്ള പരിഹാരം പരസ്പര സഹകരിക്കാനും സഹായിക്കാനും വീഴ്ച്ചകള്‍ക്ക് നേരെ കണ്ണടക്കാനും തീരുമാനിക്കലാണ്. നാലാമത്തെ കാര്യത്തിനുള്ള പരിഹാരം വളരെ എളുപ്പമാണ്. ഇരുവരും പങ്കാളിക്ക് വേണ്ടി അലങ്കാരങ്ങള്‍ സ്വീകരിക്കുകയും സൗന്ദര്യത്തില്‍ ശ്രദ്ധിക്കലുമാണത്. പരസ്പരം അറിയാത്ത അവസ്ഥക്കുള്ള പരിഹാരം ദിവസവും 15 മിനിറ്റെങ്കിലും അതത് ദിവസത്തെ കാര്യങ്ങളെയും ഭാവി പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിക്കുന്നതിന് മാത്രമായി നീക്കിവെക്കുകയെന്നതാണ്. ആഴ്ച്ചയില്‍ ഒരു ദിവസം ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനോ വിനോദ പരിപാടികള്‍ക്കോ ഒരുമിച്ച് പുറത്തു പോകുന്നതിന് മാറ്റി വെക്കുന്നതിലൂടെ ആറാമത് പറഞ്ഞ വിഷയം പരിഹരിക്കാവുന്നതാണ്.

മൊഴിമാറ്റം: നസീഫ്‌

Facebook Comments

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker