ColumnsFamily

ഒഴിവുദിനത്തിലെ കുളിയും വേഷവും

ദമ്പതിമാരെക്കുറിച്ചെഴുതുമ്പോള്‍ അവരിലെ പലതരക്കാരെ മുന്നില്‍ കാണണം. രണ്ടുപേരും ഉദ്യോഗസ്ഥര്‍, ഭാര്യ ജോലിക്കു പോകാത്തവളും ഭര്‍ത്താവ് ജോലിയുള്ളവനും, വന്‍ബിസിനസ്സുകാരനും അടുക്കളക്കാരിയും, രണ്ടു പേരും കല്‍പണിക്കോ കൃഷിപ്പണിക്കോ പോകുന്നവര്‍ – ഇവര്‍ക്കെല്ലാം ബാധകമായ പൊതുകാര്യങ്ങള്‍ കുറച്ചേയുള്ളൂ. ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോള്‍ അവര്‍ അതിനനുസരിച്ച് വ്യത്യസ്ത മാര്‍ഗരേഖകള്‍ നല്‍കുമ്പോഴേ ജീവിതം സുഖകരമാക്കാനും സങ്കീര്‍ണതകള്‍ കുറക്കാനും കഴിയുകയുള്ളൂ.

ഈ കുറിപ്പില്‍ പൊതുവായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കാം. ഞായറാഴ്ച ഒഴിവെടുക്കുന്നവരാണെങ്കില്‍ ശനിയാഴ്ച രാത്രി ഭാര്യയും ഭര്‍ത്താവും പിറ്റേ ദിവസത്തെ പരിപാടിയെക്കുറിച്ച് ഒരു ചര്‍ച്ച തുടങ്ങുക. പ്രാതല്‍ എന്ത്, ഉച്ച ഭക്ഷണത്തിന്റെ വിഭവങ്ങള്‍, ചെയ്യാനുദ്ദേശിക്കുന്ന പണികള്‍, (കൃഷിപ്പണി, പൂന്തോട്ടം നന്നാക്കല്‍, പുസ്തക മുറി അലങ്കരിക്കല്‍ തുടങ്ങിയ ഏതും ഏതു സമയം വരെ) എപ്പോള്‍ കുളിക്കണം, ഏതുവസ്ത്രം ധരിക്കണം ഇങ്ങനെ നീക്കാം ചര്‍ച്ച. ചിലര്‍ക്ക് ഇതൊക്കെ ഒരു കിറുക്കന്‍ പണിയാണെന്നു തോന്നും. എന്നാലൊരു ദിവസം ചെയ്തുനോക്കിയാലറിയാം അത് ജീവിതത്തിന് മധുരം പകരുമെന്ന്. ഉദാഹരണത്തിന് വേഷമെടുക്കാം. ഞാനേതാണ് ധരിക്കേണ്ടത് എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് ‘വെളുത്ത കള്ളിത്തുണിയും സാന്റോ ബനിയനും, ഷര്‍ട്ടിടാതെ കാണുമ്പോഴാണ് നിങ്ങള്‍ക്ക് കൂടുതല്‍ അഴക്’ എന്നാണ് ഭാര്യയുടെ മറുപടിയെന്ന് സങ്കല്‍പിക്കുക. ഇവള്‍ക്ക് എന്നെക്കുറിച്ച് കൃത്യമായ ചില സൗന്ദര്യസങ്കല്‍പങ്ങളുണ്ടല്ലോ എന്ന് ഭര്‍ത്താവിന് തോന്നും. അത് അവളുടെ മതിപ്പും സ്‌നേഹവും വര്‍ധിപ്പിക്കും.

‘ഞാനേതാ അണിയേണ്ടത്’ എന്ന് ഉടനെ ഭാര്യ ചോദിച്ചുകൊള്ളും. ഇത്തരം കാര്യങ്ങളില്‍ ഭാര്യക്കായിരിക്കും കൂടുതല്‍ താല്‍പര്യം. ‘കഴിഞ്ഞ മാസം നമ്മള്‍ വാങ്ങിയ ആകാശനീലിമയുള്ള സാരി’ എന്ന് പുരുഷന്‍ മറുപടി പറഞ്ഞാല്‍ അവള്‍ക്കതു വലിയ കാര്യമായിരിക്കും. ഇതെല്ലാം മാതാപിതാക്കളും മക്കളും കേള്‍ക്കാതെയായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. മറ്റാരും കേള്‍ക്കാത്ത, അറിയാത്ത ചില സ്വകാര്യങ്ങള്‍ ദമ്പതിമാര്‍ക്കുണ്ടായിരിക്കണം. സ്വകാര്യത സ്‌നേഹം വര്‍ധിപ്പിക്കും.

ഈ ചര്‍ച്ച ശീലിച്ചാല്‍ അടുത്ത ആഴ്ചയറുതിക്ക് ഭാര്യ കാത്തുനില്‍ക്കും. ജോലിക്കു പോകാത്ത ഭാര്യക്ക് ഈ രീതിയില്‍ ഒരു കിടപ്പറ സ്വകാര്യം കിട്ടിയാല്‍ വലിയ കാര്യമായിരിക്കും.രണ്ടു മണിയാകുമ്പോഴേക്കെങ്കിലും അന്നത്തെ പണികഴിഞ്ഞ് വേഷം മാറ്റണം. ഭക്ഷണത്തിന്നു ശേഷമുള്ള വിശ്രമവേളകളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന വര്‍ത്തമാനം വല്ലതുമുണ്ടെങ്കില്‍ പുരുഷന്‍ അത് അവതരിപ്പിക്കണം. ഉദാഹരണത്തിന്ന് ഒരു ചിട്ടിക്ക് ചേര്‍ന്നയാളാണ് നിങ്ങളെങ്കില്‍ ‘നമ്മുടെ ചിട്ടി പതിനഞ്ച് നറുക്ക് പിന്നിട്ടു’ എന്ന് പറയുക. അത് ഭാര്യക്കു താല്‍പര്യമുള്ള വിഷയമായിരിക്കും. സ്വന്തമായ ആവശ്യം കണ്ടുകൊണ്ടാണ് ചിട്ടിക്കു ചേര്‍ന്നതെങ്കിലും ‘അതു കിട്ടിയിട്ട് എനിക്കൊരു മോതിരം വാങ്ങിത്തരണം’ എന്നവള്‍ പറഞ്ഞാല്‍ ‘എനിക്കു തന്നെ നൂറുകൂട്ടം ആവശ്യമുണ്ട്, മോതിരമൊക്കെ പിന്നെ എന്ന് മറുപടി പറയുന്നത് ബുദ്ധിയല്ല; പുരുഷന്‍ പറഞ്ഞതാണ് സത്യമെങ്കിലും ചിട്ടിയുടെ നറുക്ക് വീഴുന്നതുവരെ അവളെ സ്വപ്‌നം കാണാന്‍ അനുവദിക്കണം- മോതിരം കിട്ടും എന്ന സൂചന നല്‍കണം. ചിട്ടി കിട്ടിയ ശേഷം മോതിരം വാങ്ങിക്കൊടുക്കാനുള്ള പ്രയാസം വന്നാല്‍ അത് ബോധ്യപ്പെടുത്തിയാല്‍ മതിയല്ലോ. അപ്പോള്‍ മറ്റൊരു സ്വപ്‌നം അവളുടെ മനസ്സില്‍ നടാന്‍ മറക്കരുത്. തൊഴിലാളിയാണെങ്കില്‍ ബോണസു കിട്ടുമ്പോള്‍ നോക്കാമെന്നും റബര്‍ കര്‍ഷകനാണെങ്കില്‍ അടുത്ത വില്‍പനയില്‍ നോക്കാമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്യുമ്പോഴെന്നും പറഞ്ഞാല്‍ അവള്‍ക്കതുവരെ മറ്റൊരു സ്വപ്‌നം കാണാം.

വീട്ടിലായിരിക്കുമ്പോള്‍ അലസമായി വസ്ത്രം ധരിക്കുന്നവരാണ് പലരും. അപ്പോള്‍ ഇരുവരും ചിന്തിക്കേണ്ടത് ഞാന്‍ നല്ല വസ്ത്രം ധരിക്കുന്നതും അഴക് വരുത്തുന്നതും എന്റെ ഇണക്ക് ഇഷ്ടമായിരിക്കും എന്നാണ്. ദൂര യാത്ര ചെയ്ത് തിരിച്ചുവരുന്ന പുരുഷന്മാരോട് നബി(സ) പറഞ്ഞത് നിങ്ങള്‍ രാത്രിവന്ന് കതകില്‍ മുട്ടരുത് എന്നാണ്. നേരത്തെ വരാന്‍ ശ്രമിക്കണമെന്ന്. രാത്രിയായാല്‍ അവള്‍ ഉറക്ക വേഷത്തിലും ഉറക്കച്ചടപ്പിലുമായിരിക്കും. നല്ല വേഷം ധരിച്ച് ഉന്മേഷവതിയായി ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സ്ത്രീക്ക് അവസരം ലഭിക്കാനാണ് നബിതിരുമേനിയുടെ ഈ ഉപദേശം. ഭര്‍ത്താവിന്നും അതായിരിക്കില്ലേ ഇഷ്ടം? ‘പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന ഒരു പൂന്തിങ്കളിനെ’ ആരാണ് സങ്കല്‍പിക്കാതിരിക്കുക? കുടുംബ ജീവിതം ഗൗരവമേറിയ കാര്യമാണ്. നമ്മുടെ അശ്രദ്ധ നമുക്ക് നഷ്ടപ്പെടുത്തുന്നത് ഇണയുടെ മനസ്സിലെ ഇടമാണ്.
 

Facebook Comments
Related Articles
Show More

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.

സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Close
Close