Current Date

Search
Close this search box.
Search
Close this search box.

എന്നും പുതുവസ്ത്രമണിഞ്ഞ്

couple1.jpg

സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രമാണ്; നിങ്ങള്‍ അവരുടെയും വസ്ത്രമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. വിവാഹമെന്നാല്‍ പരസ്പരം വസ്ത്രമാകലാണെന്നിരിക്കെ വാര്‍ധക്യത്തിലും പുതുവസ്ത്രമണിഞ്ഞവരെപ്പോലെയായിരിക്കണം ദമ്പതിമാര്‍. വസ്ത്രം മേനിക്ക് അഴകേകുന്നു. കാലാവസ്ഥയുടെ പ്രതികൂലതയുണ്ടാക്കുന്ന പ്രയാസങ്ങളില്‍ നിന്ന് ശരീരത്തെ ഒരു വലിയ അളവോളം സംരക്ഷിച്ചു നിര്‍ത്തുന്നു. ശരീരത്തിന്റെ ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം വസ്ത്രങ്ങളാണെന്ന് അല്ലാഹു പറയുമ്പോള്‍ മേല്‍പറഞ്ഞ ഗുണങ്ങളെല്ലാം അവരിലുണ്ടാകണമെന്നാണ് താല്‍പര്യപ്പെടുന്നത്.

വ്യക്തിത്വമുള്ള ഒരാളുടെ ഭാര്യയാകുന്ന സ്ത്രീക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടാവും. അത് അവള്‍ക്ക് അഴകായി അനുഭവപ്പെടും. പ്രശ്‌നങ്ങളിലിടപെട്ട് തന്റേടത്തോടെ സംസാരിക്കാന്‍ കഴിയുക, പ്രതികരണം മാന്യമായിരിക്കുക, വാക്ക് പാലിക്കുക, അലിവുള്ള മനസ്സിന്റെ ഉടമയാവുക എന്നിവയാണ് ഒരു പുരുഷനെ സ്ത്രീയുടെ മുമ്പില്‍ വിലപ്പെട്ടവനാക്കുന്നത്. ഒരു പാട് ധനവും നല്ല സൗന്ദര്യവുമുള്ള പുരുഷന്ന് ഈ ഗുണങ്ങളൊന്നുമില്ലെങ്കില്‍ അയാളില്‍ അവള്‍ പൂര്‍ണ്ണ സംതൃപ്തയാകില്ല. ഈ ഗുണങ്ങളെല്ലാം ഉണ്ടാവുകയും പണവും സൗന്ദര്യവും കുറഞ്ഞിരിക്കിരിക്കുകയുമാണെങ്കിലോ? അവള്‍ക്ക് സംതൃപ്തിക്കുറവുണ്ടാവുകയില്ല. അതിനാല്‍ പുരുഷന്‍ ഈ ഗുണങ്ങള്‍ ആര്‍ജിക്കണം.

നല്ല തറവാടും സമ്പത്തും മികച്ച സൗന്ദര്യവുമുള്ള ഭാര്യമാരുടെ സംസാരത്തിലും സമീപനത്തിലും പക്വതയിലും സംസ്‌കാരവുമില്ലാതിരുന്നാല്‍ അവളുടെ സൗന്ദര്യാധിക്യവും സമ്പത്തും കാരണം അവളെ ഭര്‍ത്താവ് ഇഷ്ടതോഴിയായി പരിഗണിക്കില്ല. ഇരുവരുടെയും നിറവും മാംസളതയും കാലം ഇല്ലാതാക്കും. എന്നാല്‍ മേല്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കാലത്തിന് കഴിയില്ല. കാലം കൂടും തോറും ഈ ഗുണങ്ങള്‍ക്ക് തിളക്കമേറുകയാണ് ചെയ്യുക. മിക്ക പ്രവാചകന്‍മാരുടെയും ഭാര്യമാര്‍ പക്വതയും വിവേകവും സല്‍സ്വഭാവവുമുള്ളവരായിരുന്നു.

ദുനിയാവു മുഴുവനും വിഭവമാണ്, വിഭവങ്ങളില്‍ ഉത്തമം സദ്‌വൃത്തയായ ഭാര്യയാണ് എന്ന നബി വചനം എത്രമാത്രം പ്രസക്തം! പുരുഷന്മാരേ, നിങ്ങളില്‍ ഉത്തമന്‍മാര്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഉത്തമന്‍മാരായവരാണ് എന്ന് നബി തിരുമേനി പറഞ്ഞു. ഇതു രണ്ടും ചേര്‍ത്തുവായിക്കുമ്പോള്‍ ദാമ്പത്യം നന്മയിലുള്ള മത്സരമാണ് എന്ന് ബോധ്യമാവും.

സഹായം അത്യാവശ്യമായേടത്ത് അതു കണ്ടറിഞ്ഞ് സഹായിക്കുന്ന ഭര്‍ത്താവിനെ ഭാര്യ എന്നും മനസ്സില്‍ താലോലിക്കും. കണ്ടറിയാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ സൂചന ഉള്‍ക്കൊണ്ട് ഉടനെ സഹായ ഹസ്തം നീട്ടിയാലും അവള്‍ സംതൃപ്തയാവും. ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് ഇത്രയധികം കിട്ടിയില്ലെങ്കിലും ഒരു പ്രോല്‍സാഹനവാക്കോ അഭിനന്ദനമോ ആയാലും അയാളുടെ പ്രശ്‌നം പരിഹൃതമാകും.

ഈ രീതിയില്‍ ചിന്തിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഇടപെടലുകളെ നിരൂപണം ചെയ്യുക. അനാവശ്യവും അസ്ഥാനത്തുമായ പാരുഷ്യം തന്റെ ഭാഗത്ത് നിന്ന് വന്നുപോയോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. എങ്കില്‍ വിവാഹദിവസം മനസ്സും മനസ്സും കൈമാറിയ വസ്ത്രം ഏതു പ്രായത്തിലും നിറപ്പൊലിമയോടെ നിലനില്‍ക്കും.

പ്രായം കൂടുകയും ലൈംഗിക ശേഷി കുറയുകയും ചെയ്യുമ്പോള്‍ ചിലരില്‍ പലകാര്യത്തിലും കുറ്റം പറയുന്ന സ്വഭാവം ഉണ്ടായേക്കാം. ഒരാള്‍ക്ക് ലൈംഗിക താല്‍പര്യം നിലനില്‍ക്കുകയും മറുപാതിക്ക് ഇല്ലാതിരിക്കുകയും ചെയ്താല്‍ മാനസികമായ അകല്‍ച്ച ചിലരില്‍ പ്രകടമായെന്നുവരും. അപ്പോള്‍ അപഗ്രഥന ശേഷിയാണ് നാം ഉപയോഗിക്കേണ്ടത്. പ്രായം, രോഗം, സാഹചര്യങ്ങളുടെ മാറ്റം എന്നിവ കൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നും എന്റെ നല്ല പാതിയെ അക്കാരണത്താല്‍ വെറുക്കുന്നത് ശരിയല്ലെന്നും ചിന്തിക്കണം. അകല്‍ച്ച കൂടുന്നു എന്ന് തോന്നിയാല്‍ കൗണ്‍സലര്‍മാരെ സമീപിക്കുന്നതും നല്ലതാണ്. മാധ്യമങ്ങളിലെ പൊതു താല്‍പര്യമുള്ള വിഷയം പരസ്പരം ശ്രദ്ധയില്‍ പെടുത്തുക, ഒരാള്‍ വായിക്കുകയും മറ്റൊരാള്‍ കേള്‍ക്കുകയും ചെയ്യുക എന്നിവ അടുപ്പം പുനസ്ഥാപിക്കാന്‍ ഉപകരിക്കും.

Related Articles