CounsellingFamily

ആളുകള്‍ എന്തുപറയുമെന്ന ഭയത്താല്‍ ജീവിതം തകര്‍ത്തവള്‍

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു അവള്‍. വിവാഹാഭ്യര്‍ഥനയുമായി ആ യുവാവ് വന്നപ്പോള്‍ യുവതിയുടെ ഉമ്മ അതംഗീകരിച്ചില്ല. അവരുടെ ഒരു ബന്ധുവിനെ വിവാഹം ചെയ്യാന്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തു. കുടുംബത്തില്‍ നിന്ന് തന്നെയാണവന്‍ എന്നതും സമ്പന്ന കുടുംബമാണെന്നതുമാണ് അവര്‍ പരിഗണിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് പരസ്ത്രീകളുമായി അവന് ബന്ധമുണ്ടെന്ന കാര്യം അവള്‍ അറിയുന്നത്. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത പിശുക്കനും. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ ഈ ബന്ധങ്ങളെ നിഷേധിച്ച അയാള്‍ പിന്നീട് അത് അംഗീകരിക്കാന്‍ തയ്യാറായി. ഇതെനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ് നിനക്ക് ഒന്നുകില്‍ സഹിക്കാം, അല്ലെങ്കില്‍ വിവാഹമോചനം ചെയ്യാമെന്ന് അവളോട് പറയുകയും ചെയ്തു. അവള്‍ ഉമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ വിവാഹമോചനത്തെയും അവര്‍ നിരാകരിച്ചു. ആളുകള്‍ എന്തുപറയുമെന്നതായിരുന്നു അവരുടെ ഭയം. മാസങ്ങളോളം അയാളുടെ വഴികേടിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് വിവാഹത്തിന് മുമ്പ് താനുമായി പ്രണയത്തിലായിരുന്ന യുവാവിലേക്ക് മടങ്ങുന്നതിനെ കുറിച്ചവള്‍ ആലോചിക്കാന്‍ തുടങ്ങിയത്. അക്കാര്യത്തില്‍ ഉപദേശം തേടികൊണ്ടാണ് അവള്‍ എന്റെയടുത്തെത്തുന്നത്. അവളുടെ ആ ആലോചന എന്റെ മുന്നില്‍ അവതരിപ്പിച്ചു. അവളോട് പറഞ്ഞു : ‘നീ അങ്ങനെ ചെയ്യരുത്, ഒരു തെറ്റിനെ സമാനമായ മറ്റൊരു തെറ്റുകൊണ്ടല്ല നേരിടേണ്ടത്. അല്ലാഹുവിന്റെ കോപത്തിനിരയാക്കുന്ന കാര്യമാണത്.’ അവള്‍ നേരത്തെ പ്രണയത്തിലായിരുന്ന യുവാവിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോഴുള്ള ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത് ഇഷ്ടപ്പെടുന്നയാളെ വിവാഹം ചെയ്യുകയാണ് വേണ്ടതെന്ന് ഞാന്‍ നിര്‍ദേശിച്ചു. അവള്‍ പറഞ്ഞു: ‘ഞാന്‍ പ്രണയിച്ചിരുന്ന യുവാവ് ഇതുവരെ ഒരു വിവാഹം ചെയ്തിട്ടില്ല. ഞാനല്ലാത്ത മറ്റൊരാളെ വിവാഹം ചെയ്യാന്‍ അയാളിഷ്ടപ്പെടുന്നുമില്ല.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ വിവാഹ മോചനമാണ് ഞാനുപദേശിക്കുക, അതാണ് നിനക്കുത്തമം.’ ഇതോടെ ആ കൂടിക്കാഴ്ച്ച അവിടെ അവസാനിച്ചു.

അവള്‍ പറഞ്ഞു: താങ്കളോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ വീണ്ടും എന്റെ അടുക്കലെത്തി. പറയാന്‍ പറഞ്ഞപ്പോള്‍ അവള്‍ തുടര്‍ന്നു: ‘പ്രണയിച്ചിരുന്ന യുവാവുമായി ഞാന്‍ ബന്ധം തുടര്‍ന്നു. വാരാന്ത്യങ്ങളിലെല്ലാം അവനോടൊപ്പം ഞാന്‍ പുറത്ത് പോവുകയും ചെയ്യുന്നു. എനിക്ക് വേണ്ടി ചെലവഴിക്കുകയും സമ്മാനങ്ങളും മറ്റും നല്‍കുകയും ചെയ്യുന്നു.’ ഞാന്‍ ചോദിച്ചു: ‘നീ നിന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയോ?’ അല്‍പസമയത്തെ മൗനത്തിന് ശേഷം അവള്‍ പറഞ്ഞു: ‘സത്യം പറഞ്ഞാല്‍ ഇല്ല, ഭര്‍ത്താവിനോടൊപ്പം കാമുകനോടുള്ള ബന്ധവും ഞാന്‍ തുടര്‍ന്നു.’ ഞാന്‍ പറഞ്ഞു: ‘അപ്പോള്‍ നീ സംഘട്ടനത്തിനിറങ്ങിയിരിക്കുകയാണ്.’ അവള്‍ ചോദിച്ചു: ‘സംഘട്ടനമോ?’ ഞാന്‍ പറഞ്ഞു: ‘ഈ ഗുരുതരമായ കാര്യത്തിലൂടെ അല്ലാഹുമായുള്ള സംഘട്ടനത്തിലേക്കാണ് നീ കടന്നിരിക്കുന്നത്.’ അവള്‍ പറഞ്ഞു: ‘അല്ലാതെ ഞാനെന്ത് ചെയ്യും? ഞാനും എന്റെ കുടുംബവും ആളുകളുടെ സംസാരം ഭയക്കുന്നു. അവര്‍ എന്നെ കുറിച്ച് എന്ത് പറയുമെന്നതാണ് എന്റെ ഭയം. മൊഴിചൊല്ലപ്പെട്ടവള്‍, സ്ഥാനമാനങ്ങളുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച വിഡ്ഢി, മാതാപിതാക്കളോട് അക്രമം കാണിച്ചവള്‍ തുടങ്ങിയ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ അവരില്‍ നിന്നുണ്ടാവും. നമ്മുടെ സമൂഹത്തെ കുറിച്ചും ആളുകളുടെ സംസാരത്തെ കുറിച്ചും നിങ്ങള്‍ക്കും അറിയുന്നതല്ലേ.’ ഇത്രയും പറഞ്ഞ് അവള്‍ മൗനിയായി.

വീണ്ടും അവള്‍ പറഞ്ഞു തുടങ്ങി: ‘സാമൂഹ്യ ഘടനയുടെ ഭാഗമായി ഭര്‍ത്താവുമായുള്ള ബന്ധം ഞാന്‍ തുടരുന്നു. നാമോരോരുത്തര്‍ക്കും അവരുടേതായ ഒരു സ്വകാര്യ ജീവിതവുമുണ്ട്.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ ജനങ്ങളുടെയെല്ലാം നാഥന്റെ വാക്കിനേക്കാള്‍ മുന്‍ഗണന നീ സമൂഹത്തിനും ആളുകളുടെ സംസാരത്തിനും നല്‍കിയിരിക്കുന്നു. നിന്റെ ഭര്‍ത്താവ് അത്തരക്കാരനായിരിക്കാം, അതിന്റെ പേരില്‍ അല്ലാഹു അയാളെ വിചാര ചെയ്തു കൊള്ളും. വ്യഭിചാരികള്‍ക്കുള്ള ശിക്ഷയെന്താണെന്ന് അറിയുന്നവളാണ് നീ. അക്കൂട്ടര്‍ നരകത്തീയില്‍ കത്തിയെരിയുന്നത് പ്രവാചകന്‍(സ) മിഅ്‌റാജ് യാത്രയില്‍ കണ്ടിട്ടുണ്ട്. നിന്റെ ഭര്‍ത്താവ് നരകത്തിലെ ആ അടുപ്പിനെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ നീയൊരിക്കലും അത് തെരെഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു.’ ഇത്രയും പറഞ്ഞ് ആ കൂടിക്കാഴ്ച്ച അവിടെ അവസാനിച്ചു.

അഞ്ചുവര്‍ഷത്തിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് അവള്‍ എന്റെ അടുക്കലെത്തി പറഞ്ഞു: ‘ഒരു കാറപകടത്തില്‍ എന്റെ മക്കളിലൊരാള്‍ മരണപ്പെട്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു അവന്‍. ഒരു മകന്‍ മാത്രമേ എനിക്കിപ്പോഴുള്ളൂ.’ ഞാന്‍ ഒന്നും മിണ്ടാതെ നിശബ്ദനായിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു: ‘എന്താണ് നിങ്ങള്‍ പറയാനുദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. കാമുകനോടൊപ്പം നിഷിദ്ധമാക്കപ്പെട്ട ബന്ധം പുലര്‍ത്തിയതിലൂടെ അല്ലാഹുവിനോട് സംഘട്ടനത്തിനിറങ്ങി തിരിച്ചിരിക്കുന്നവളല്ലേ നീ എന്നല്ലേ.’ ഞാന്‍ പറഞ്ഞു: ‘ഒന്നാമതായി മകന്റെ വേര്‍പാട് അല്ലാഹുവിന്റെ പ്രതിഫലത്തിന് നിങ്ങളെ അര്‍ഹയായിക്കിയിരിക്കുന്നു. രണ്ടാമത്തെ കാര്യം, അല്ലാഹു ഇഹലോകത്ത് തന്നെ തന്റെ അടിമകള്‍ക്ക് ചില സന്ദേശങ്ങള്‍ അയക്കാറുണ്ട്. ബോധോദയം ഉണ്ടാക്കി നാഥനിലേക്ക് തന്നെ അവരെ മടക്കുന്നതിന് വേണ്ടിയാണത്. ആ സന്ദേശം ചിലപ്പോള്‍ സാമ്പത്തിക നഷ്ടത്തിലൂടെയോ രോഗത്തിലൂടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിലൂടെയോ ആവാം. ഇതൊക്കെ ദൈവികമായ സന്ദേശങ്ങളാണ്. എനിക്കിപ്പോഴും നിന്നോട് ആവര്‍ത്തിച്ചു പറയാനുള്ളത് നീ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെട്ട കാമുകനെ വിവാഹം ചെയ്യണമെന്നാണ്. നിങ്ങളുടെ ഇഹപര ജീവിതങ്ങള്‍ക്ക് അതാണുത്തമം. അവള്‍ ചോദിച്ചു: ‘അപ്പോള്‍ സമൂഹത്തെ ഞാന്‍ എങ്ങിനെ അഭിമുഖീകരിക്കും? ആളുകളോട് ഞാനെന്ത് പറയും? സമൂഹത്തില്‍ ഞങ്ങളുടെ കുടുംബത്തിനുള്ള സ്ഥാനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമല്ലോ. സാമ്പത്തികമായും സ്ഥാനമാനങ്ങളാലും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുടുംബമാണ് എന്റേത്.’ ഞാന്‍ പറഞ്ഞു: ‘എന്നാല്‍ കളങ്കമില്ലാത്ത ഈമാനും ഹൃദയ വിശുദ്ധിയുമാണ് അതിനേക്കാളെല്ലാം പ്രധാനം. മറ്റൊരു കാര്യം ഈ വിവാഹമോചനം നിങ്ങളുടെ കുടുംബത്തിലെ ആദ്യ വിവാഹമോചനവും അല്ല. ആളുകള്‍ നിന്നെ കുറിച്ച് പറയുമ്പോള്‍ കരുത്തോടെ നേരിടാനാവണം. എന്നാല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യത്തില്‍ ഏര്‍പ്പെട്ട് അല്ലാഹുവുമായി സംഘട്ടനത്തിനിറങ്ങരുത്.’ ആ കൂടിക്കാഴ്ച്ചയും അവിടെ അവസാനിച്ചു.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവള്‍ എന്റെ അടുത്ത് വന്നു. ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു അവള്‍. അവള്‍ സംസാരിക്കാന്‍ തുടങ്ങി. മാരകമായ രോഗം ബാധിച്ചിരിക്കുകയാണ് അവളെ. ചികിത്സക്കായി വിദേശത്ത് പോകല്‍ അനിവാര്യമായിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് ചികിത്സയുടെ ചെലവുകള്‍ വഹിക്കാതെ പൂര്‍ണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഇനി എന്താണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘എന്റെ കാമുകന്‍ ചികിത്സയുടെ എല്ലാ ചെലവുകളും വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്.’ ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു : ‘നീ ഇപ്പോഴും അയാളുമായുള്ള ബന്ധം തുടരുന്നുണ്ടോ?’ കുറേ സമയം ഞാന്‍ നിശബ്ദനായി ഇരുന്ന ശേഷം ഞാന്‍ ചോദിച്ചു: ‘ഞാന്‍ സംസാരിക്കാതെ തന്നെ മറുപടി എന്തായിരിക്കുമെന്ന് നിനക്കറിയാം. എന്നാല്‍ ഞാനിപ്പോഴും പറയുന്നത് വിവാഹമോചനം തേടി നിനക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യണമെന്നാണ്. ജനങ്ങള്‍ എന്തു പറയുമെന്ന് നീ കാര്യമാക്കേണ്ട. നിനക്ക് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണ് ജനങ്ങളുടെ തൃപ്തി, എന്നാല്‍ അല്ലാഹുവിന്റെ തൃപ്തി ഒരിക്കലും നീ ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണ്.’ അവള്‍ ഇരുന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു: ‘വളരെ മുമ്പേ ഞാന്‍ നിങ്ങളുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍… ഞാന്‍ പറഞ്ഞു: ‘അതിനിനിയും സമയമുണ്ട്. വിവാഹമോചനത്തിന് ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുക എന്നതാണ് പ്രധാനം. പിന്നെ കാമുകനെ വിവാഹം ചെയ്ത് അദ്ദേഹത്തോടൊപ്പം ചികിത്സക്കായി പോവുകയും ചെയ്യാം.’ അയാളും ഇതുതന്നെയാണ് എന്നോട് പറയുന്നതെന്ന് പറഞ്ഞു കൊണ്ട് അവള്‍ ആ കൂടിക്കാഴ്ച്ച അവിടെ അവസാനിപ്പിച്ചു.

കഥ എങ്ങനെ അവസാനിച്ചു എന്നറിയാന്‍ വായനക്കാരന് താല്‍പര്യമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാല്‍ അവസാനം എന്തു സംഭവിച്ചെന്ന് എനിക്കും അറിയില്ല. ഇപ്പോള്‍ അവള്‍ ചികിത്സയുടെ ഘട്ടത്തിലാണ്. അവളുടെ പാപമോചനത്തിനും സുഖപ്രാപ്തിക്കും വേണ്ടി നമുക്ക് അല്ലാഹുവോട് പ്രാര്‍ഥിക്കാം. അവളുടെ അനുവാദത്തോടു കൂടി ചില കാര്യങ്ങളെല്ലാം മറച്ചു വെച്ചു കൊണ്ടും ചില കൂട്ടിചേര്‍ക്കലുകള്‍ വരുത്തി കൊണ്ടുമാണ് ഞാനിത് തയ്യാറാക്കിയിരിക്കുന്നത്. അവള്‍ ആരാണെന്ന് മറ്റാരും അറിയാതിരിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ഉള്ളടക്കത്തില്‍ ഞാനൊട്ടും വെള്ളം ചേര്‍ത്തിട്ടില്ല. ഗുണപാഠമുള്‍ക്കുള്ളാന്‍ തയ്യാറായവര്‍ക്ക് ഗുണപാഠമാകാന്‍ വേണ്ടിയാണത്. അല്ലാഹു അക്രമിയെ പിടികൂടുക തന്നെ ചെയ്യും, അവന്റെ പിടുത്തത്തില്‍ നിന്ന് കുതറി രക്ഷപെടാന്‍ ആര്‍ക്കും കഴിയെല്ലെന്ന് ഓര്‍ക്കുക.

മൊഴിമാറ്റം : നസീഫ്‌

Facebook Comments
Show More

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Close
Close