LifeWomen

കോക്‌സ് ബസാറിലെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് ആയ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ റോഹിങ്ക്യന്‍ സ്ത്രീകള്‍ ഏറെ ഉത്സാഹത്തിലാണിപ്പോള്‍. അവരെല്ലാവരും ഇപ്പോള്‍ ഒരു ചെറിയ ഫാക്ടറി ആരംഭിച്ച് അതിനകത്ത് ജോലിയില്‍ വ്യാപൃതരാണ്. സാനിറ്ററി പാഡുകളും സ്ത്രീകളുടെ അടിവസ്ത്ര നിര്‍മാണ യൂണിറ്റുമാണ് ഇവരെല്ലാം ചേര്‍ന്ന് ഇവിടെ ആരംഭിച്ചത്. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് തന്നെയുള്ള നാപ്കിനുകളാണ് ഇവിടെ നിര്‍മിക്കുന്നത്.

കോക്‌സ് ബസാറിലെ കുതുപലോങ് അഭയാര്‍ത്ഥി ക്യാംപില്‍ ചെന്നാല്‍ ഇപ്പോള്‍ തയ്യല്‍ മെഷീനുകളുടെ ചെറിയ മുരള്‍ച്ച കേള്‍ക്കാം. ഇതിനിടെ അഭയാര്‍ത്ഥി വനിതകള്‍ പരസ്പരം സംസാരിക്കുന്നതും ഇടകലര്‍ന്ന ശബ്ദമാണെങ്ങും. ഒരു കൂട്ടര്‍ തറയിലിരുന്ന് ചോക്കുകളുപയോഗിച്ച് കറുപ്പ് തുണിയില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുകയും പാഡുകള്‍ മുറിച്ചു മാറ്റുകയും ചെയ്യുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണ്. കുറച്ച് പേര്‍ ഹാളില്‍ നിര നിരയായി തയ്യില്‍ മെഷീനില്‍ ഇവര്‍ നല്‍കുന്ന തുണികള്‍ കൊണ്ട് സാനിറ്ററി പാഡുകളും ഇന്നര്‍ വിയറുകളും തയ്ക്കുകയാണ്.

മറ്റു ചിലര്‍ ഇവ ഇസ്തിരിയിടുന്ന ജോലിയിലുമാണ്. ‘ഇത് സ്ത്രീകള്‍ക്ക് വളരെയേറെ ഉപകാരപ്രദമുള്ള സാധനങ്ങളാണ്. ഇവിടെ നിര്‍മിക്കുന്ന നാപ്കിനുകള്‍ കഴുകാവുന്നതും വീണ്ടും ഉപയോഗിക്കാവുന്നതുമാണ്.’ ഫാക്ടറിയിലെ സൂപ്പര്‍വൈസര്‍ ഹസീന ബീഗം പറയുന്നു. ഇതിനു പകരം പഴയ തുണികള്‍ ഉപയോഗിക്കുന്നത് പല വിധ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നു. ഞങ്ങള്‍ ഈ സംരഭം ആരംഭിക്കുന്നതിന് മുന്‍പ് ഇവരില്‍ പല സ്ത്രീകള്‍ക്കും വിവിധ അണുബാധയും മറ്റു ലൈംഗീക രോഗങ്ങളും ഉണ്ടായിരുന്നു. ഇവ ക്യാംപിലെ സ്ത്രീകള്‍ക്ക് വിതരണം ചെയ്ത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്.

2017 ആഗസ്റ്റിലാണ് കുതുപലോങ് അഭയാര്‍ത്ഥി ക്യാംപ് ആരംഭിച്ചത്. ആറല ലക്ഷം അഭയാര്‍ത്ഥികളാണ് ഇവിടെ കഴിയുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ വംശീയ ഉന്മൂലനവും പീഡനങ്ങളും മൂലം നാടുവിട്ടവരാണിവര്‍.

ആശാരിപ്പണി പരിശീലനം, സോപ്പ് നിര്‍മാണം,ഇലക്ട്രോണിക് സാധനങ്ങളുടെ റിപ്പയറിങ് തുടങ്ങി വിവിധ സ്വയം തൊഴില്‍ പരിശീലന സംരംഭങ്ങളാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. രജിസ്റ്റര്‍ ചെയത അഭയാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക.

1.1 മില്യണ്‍ അഭയാര്‍ത്ഥികളില്‍ 34,000 അഭയാര്‍ത്ഥികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നാണ് യു.എന്‍ പറയുന്നത്. യു.എന്‍ അഭയാര്‍ത്ഥി സംഘടനയുടെ (unhcr) നേതൃത്വത്തിലാണ് 2011ല്‍ തൊഴില്‍ പരിശീലന കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (tai) ആണ് ഇവര്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. എല്ലാ മാസവും ശരാശരി 6000 നാപ്കിനുകളും 3,000 പാന്റീസും ഇവിടെ നിര്‍മിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് ഇവയുടെ നിര്‍മാണത്തോടൊപ്പം സാമ്പത്തിക വരുമാനമുണ്ടാക്കാനും ഇവ സഹായിക്കുന്നു. ഇതിന്റെ തൊട്ടടുത്ത ഫാക്ടറികളില്‍ അണുനാശിനി ക്രീമും ബാതിങ് സോപും അലക്കു സോപ്പും നിര്‍മിക്കുന്നുണ്ട്. 13നും 49നും ഇടയിലുള്ള നാലായിരം റോഹിങ്ക്യന്‍ സ്ത്രീകളാണ് ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളത്. മിച്ചം വരുന്ന ഉത്പന്നങ്ങള്‍ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത അഭയാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതായും ഹസീന പറയുന്നു.

ഞങ്ങള്‍ വിചാരിച്ചതിനേക്കാളും ഉത്സാഹത്തോടെയും താല്‍പര്യത്തോടെയുമാണ് ഇവര്‍ ഈ പദ്ധതി ഏറ്റെടുത്തത്. ഓരോ ഗ്രൂപ്പുകളാക്കിയാണ് ജോലിയുടെ ഷഡ്യൂള്‍ തയാറാക്കുന്നത്. എല്ലാ നാലു മാസം കൂടുമ്പോഴും ജോലികള്‍ പരസ്പരം വെച്ചുമാറും. എല്ലാവര്‍ക്കും എല്ലാ മേഖലയിലും അവസരം നല്‍കും. പാന്റീസ് നിര്‍മാണ ഫാക്ടറികളില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് ഇവര്‍ക്ക് ആറഉ മാസത്തെ പരിശീലനം നല്‍കുന്നുണ്ട്. വളരെ ദുര്‍ബലരായവരാണ് ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍.

ഇതില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ മുതല്‍ 35 വയസ്സുവരെയുള്ളവരും വിധവകളും വിവാഹ മോചിതരായവരുമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കേണ്ട പെണ്‍കുട്ടികളും വലിയ കുടുംബമുള്ളവരുമെല്ലാം ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാം ഇവിടെ നിന്നുള്ള വരുമാനം വലിയ ആശ്വാസമാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കേ പ്രവേശനം നല്‍കൂ എന്ന മാനദണ്ഡമൊന്നും വച്ചിരുന്നില്ല. ഇതുപോലെയുള്ള സമാന പ്രൊജക്റ്റുകള്‍ നയപാര അഭയാര്‍ത്ഥി ക്യാംപിലും നടക്കുന്നുണ്ട്.

വെറും തൊഴില്‍ എന്നതിനപ്പുറം അഭയാര്‍ത്ഥികള്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാനും പരസ്പരം ആശ്വാസം നല്‍കാനും പറ്റുന്ന ഒരു സാമൂഹ്യ കേന്ദ്രം കൂടിയാണിവിടം.

Facebook Comments
Show More

Related Articles

Close
Close