Current Date

Search
Close this search box.
Search
Close this search box.

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മക്കളെ പ്രാപ്തരാക്കാം

ഒന്നാമത്തെ സ്ത്രീ പറഞ്ഞു: എന്റെ കുട്ടി പെട്ടന്ന് കരയുന്നവനാണ്. രണ്ടാമത്തവള്‍ പറഞ്ഞു: എന്റെ കുട്ടി പെട്ടന്ന് ദേഷ്യപ്പെടുന്നവനാണ്. മൂന്നാമത്തെ സ്ത്രീ പറഞ്ഞു: എന്റെ മകന്‍ ദേഷ്യം പിടിച്ചാല്‍ ഒന്നും സംസാരിക്കാതെ മൗനത്തിലാവും. തന്റെ വികാരങ്ങളെ എങ്ങനെ പ്രകടിപ്പിക്കണമെന്ന് കുട്ടി പഠിച്ചിട്ടില്ലെന്നാണ് ഈ അവസ്ഥകളെല്ലാം കുറിക്കുന്നത്. തന്റെ ഉള്ളിലെ വികാരങ്ങളെ കുറിച്ച് സംസാരിക്കാന്‍ കുട്ടിയെ പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ആളുകള്‍ പൊതുവെ തങ്ങളുടെ ചിന്തകളെയാണ് പ്രകടിപ്പിക്കാനിഷ്ടപ്പെടുന്നത്, വികാരങ്ങളെയല്ല. വികാരങ്ങളെ പ്രകടിപ്പിക്കുമ്പോള്‍ മനസ്സിന്റെ ഉള്ളിലുള്ള ഒന്നിനെയാണവര്‍ പ്രകടിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലും ആശയവിനിമയോപാധികളിലുമുണ്ടായ പുരോഗതി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. എന്നാല്‍ വാക്കുകള്‍ക്ക് പകരം വാട്‌സപ്പിലും മറ്റുമുള്ള സ്‌മൈലികളിലൂടെയും വ്യത്യസ്ത നിറങ്ങളും രൂപങ്ങളുമുള്ള ചിഹ്നങ്ങളിലൂടെയുമാണത്. എന്നാല്‍ വാക്കുകളിലൂടെ അത് പ്രകടിപ്പിക്കാന്‍ കുട്ടിയെ പഠിപ്പിക്കുക എന്നതാണ് നമ്മെ സംബന്ധിച്ചടത്തോളം പ്രധാനം. 2-6 പ്രായത്തിനിടയിലുള്ള കുട്ടി കരച്ചില്‍, ദേഷ്യപ്രകടനം, ഒച്ചവെക്കല്‍, അടിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് തന്റെ ആശയം കൈമാറാന്‍ ശ്രമിക്കാറുള്ളത്. നിലവിളിയും വൈകാരിക പൊട്ടിത്തെറിയുമില്ലാതെ ശരിയായരീതിയില്‍ വികാര പ്രകടനം നടത്തുന്നത് പരിശീലിപ്പിക്കാന്‍ ഏറ്റവും പ്രയാസമേറിയ ഘട്ടമാണിത്. എന്നാല്‍ 7 -10 പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങളെ എങ്ങനെ പ്രകടിപ്പിക്കണമെന്ന് മനസ്സിലാവുകയും മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളെ നേരിടാനും പരിഹാരമുണ്ടാക്കാനും അവര്‍ക്ക് കഴിയും. ഈ ഘട്ടത്തില്‍ ശരിയായ പ്രകടനത്തിന് അവരെ സഹായിക്കുകയാണ് നാം വേണ്ടത്. അഥവാ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവര്‍ക്ക് തെറ്റുപറ്റിയാല്‍ നാം അവര്‍ക്കത് വിശദമാക്കി കൊടുക്കണം. അതേസമയം 11-15 പ്രായത്തിനിടയിലുള്ള കുട്ടികളില്‍ പൊതുവെ കലുഷിതമായ വികാരങ്ങളാണുണ്ടാവുക. മറ്റാരെങ്കിലും അതിനെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നത് അവര്‍ ഇഷ്ടപ്പെടുകയുമില്ല. ഇത്തരം അവസ്ഥയില്‍ നാം അവരെ ഉള്‍ക്കൊള്ളുകയും അവരുടെ വികാരങ്ങളെ നാം മനസ്സിലാക്കുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും അവന്‍ കടന്നു പോകുന്ന കലുഷിതാവസ്ഥ വിശദമാക്കി കൊടുക്കുകയുമാണ് വേണ്ടത്.

കുട്ടി കരയുമ്പോള്‍ അവനെ നിശബ്ദനാക്കുന്നുവെങ്കില്‍ രക്ഷിതാവിന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണത്. അതിലൂടെ പ്രശ്‌നത്തെ ചികിത്സിക്കുകയല്ല, മറിച്ച് തന്റെ വികാരം പ്രകടിപ്പിക്കാതിരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കുകയാണ്. കരച്ചില്‍ കുട്ടിയുടെ വികാരത്തിന്റെ പ്രകടനമാണ്. ശരിയായ സമയത്താണ് ആ കരച്ചിലെങ്കില്‍ ആ കരച്ചിലിനെ നാം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ തെറ്റായ സമയത്താണ് അവന്റെ കരച്ചിലെങ്കില്‍ അവനുമായി സംവദിക്കുകയും അവന്റെ വികാരം പ്രകടിപ്പിക്കാനുള്ള കരച്ചിലല്ലാത്ത ശരിയായ മാര്‍ഗം വിശദീകരിച്ചു കൊടുക്കുകയുമാണ് വേണ്ടത്. തന്റെ വികാരം പ്രകടിപ്പിക്കാന്‍ തെറ്റായ മാര്‍ഗമാണവന്‍ തെരെഞ്ഞെടുത്തിരിക്കുന്നതെന്ന് അവന് വ്യക്തമാക്കി കൊടുക്കുകയും വേണം.

വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടിയെ പഠിപ്പിക്കുന്നതിന് ബുദ്ധിപരമായ ശൈലികളുണ്ട്. അതിന്റെ തുടക്കം വികാരങ്ങളുടെ (ഉദാ:- ദുഖം, മടുപ്പ്, ഏകാന്തത, സന്തോഷം, ഇഷ്ടം, ശുഭപ്രതീക്ഷ, നിരാശ, ഭയം, ഞെട്ടല്‍, ആശങ്ക….) അര്‍ഥവും വിശദീകരണവും കുട്ടിക്ക് വിശദമാക്കി കൊടുക്കലാണ്. തുടര്‍ന്ന് സംസാരത്തിലൂടെയോ വരയിലൂടെയോ എഴുത്തിലൂടെയോ വികാരം പ്രകടിപ്പിക്കാന്‍ പരിശീലിപ്പിക്കുകയെന്ന രണ്ടാം സ്റ്റെപ്പിലേക്ക് കടക്കാം. മക്കള്‍ക്ക് വികാര പ്രകടനത്തിന് പ്രത്യേകമായി നോട്ട്ബുക്ക് വാങ്ങിക്കൊടുത്ത രക്ഷിതാക്കളെ എനിക്കറിയാം. സന്തോഷമാണെങ്കിലും ദുഖമാണെങ്കിലും കുട്ടി തന്റെ വികാരങ്ങള്‍ അതില്‍ കുറിച്ചിടുമായിരുന്നു.

കുട്ടി വലുതാകുമ്പോള്‍ അവന്റെ വികാരങ്ങള്‍ ഓര്‍മകള്‍, വ്യക്തിപരമായ അനുഭവങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയാല്‍ സ്വാധീനിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാന്‍ കുട്ടിയെ പഠിപ്പിക്കുന്നത് മാനസികാരോഗ്യത്തോടെയും മനസമാധാനത്തോടെയും ജീവിക്കുന്നതിന് അവനെ സഹായിക്കുന്നു. ആദ്യമായി കുട്ടിയെ സ്‌കൂളില്‍ പറഞ്ഞയക്കുന്ന ദിവസം അത് പഠിപ്പിക്കാന്‍ പറ്റിയ സുവര്‍ണാവസരമാണ്. കാരണം ഭയം, ദുഖം, ഉത്കണ്ഠ, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ കൂടിക്കലര്‍ന്നുണ്ടാകുന്ന ദിവസമാണത്. വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് നമ്മുടെ പ്രവാചകന്‍(സ) നമ്മെ പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞു: ”ഒരാള്‍ തന്റെ സഹോദരനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവനെ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം അവനെ അറിയിക്കട്ടെ.” മകന്‍ ഇബ്‌റാഹീം മരണപ്പെട്ടപ്പോള്‍ തിരുനബിയുടെ കണ്ണുകള്‍ കണ്ണുനീര്‍ പൊഴിച്ചു. വികാരങ്ങളുടെ ശരിയായ പ്രകടനം ശരിയായ സന്താനപരിപാലനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് വികാരങ്ങളെ ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ നാം ശ്രമിക്കുക.

Related Articles