Current Date

Search
Close this search box.
Search
Close this search box.

അമ്പതിലും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതെന്തുകൊണ്ട്?

വിവാഹമോചനത്തിന് ധാരണയാവുകയും തീരുമാനിക്കുകയും ചെയ്ത ദമ്പതികള്‍ അക്കാര്യത്തില്‍ ഒരു കൂടിയാലോചനക്കാണ് എന്റെയടുക്കല്‍ എത്തിയത്. ഞാന്‍ അവരോട് ചോദിച്ചു: വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച കാരണമെന്താണ്? ഭാര്യ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു നാല് മക്കളെ തന്നിട്ടുണ്ട്. അവരെല്ലാം വലുതായിരിക്കുന്നു. അവരില്‍ വിവാഹിതരുണ്ട്. സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരും സുപ്രധാന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമുണ്ട്. ഭര്‍ത്താവുമായുള്ള എന്റെ സംസാരം വളരെ കുറവാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മുമ്പ് മക്കള്‍ അല്ലാത്ത മറ്റൊരു സംസാരവിഷയവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. മക്കള്‍ വലുതായപ്പോള്‍ അവരെല്ലാം അവരുടെ വഴികള്‍ തെരെഞ്ഞെടുത്തിരിക്കുന്നു. അതോടൊപ്പം ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും വര്‍ധിച്ചിരിക്കുന്നു. ഞാന്‍ ചോദിച്ചു: മക്കള്‍ വലുതായതിനാല്‍ ഇനി നിങ്ങള്‍ക്കിടയില്‍ പൊതുവായ കാര്യങ്ങളൊന്നും ഇല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്?

ഭര്‍ത്താവ് പറഞ്ഞു: അതെ, ഞങ്ങള്‍ക്കങ്ങനെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് പരസ്പരം മടുത്തിരിക്കുന്നു. മക്കള്‍ പോയതോടെ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമാവുകയും ഓരോരുത്തരും അവരുടേതായ ജീവിതം നയിക്കുകയുമാണ്. ഞങ്ങള്‍ക്ക് ജീവിതത്തില്‍ പൊതുവായി കാണാവുന്ന ഒന്നും തന്നെയില്ല. അങ്ങനെ ജീവിതം അസ്വസ്ഥമായിരിക്കുന്നു. അവസാന മകനും വീട് മാറിയതിന് ശേഷം ഞങ്ങള്‍ ഓരോരുത്തരും മറ്റേയാളിലെ കുറ്റങ്ങളിലും കുറവുകളിലുമാണ് ശ്രദ്ധയൂന്നിയത്. ഒന്നുകില്‍ ഞങ്ങള്‍ മിണ്ടാതിരിക്കും, അല്ലെങ്കില്‍ ഓരോരുത്തരും പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യും. അവശേഷിക്കുന്ന കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ പരസ്പരം വേര്‍പിരിയാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.

Also read: വിട്ടുവീഴ്ച നിറഞ്ഞതാവട്ടെ ഈ ഹ്രസ്വജീവിതം

ഞാന്‍ പറഞ്ഞു: മുപ്പത് വര്‍ഷത്തോളം പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചു. ഇപ്പോള്‍ നിങ്ങളുടെ ബന്ധത്തിന്റെയും സന്താനപരിപാലനത്തിന്റെയും ഫലം കൊയ്യാന്‍ ആരംഭിച്ചപ്പോള്‍ നിങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണോ? ഭാര്യ പറഞ്ഞു: ഞങ്ങള്‍ മുപ്പത് വര്‍ഷം ജീവിച്ചിട്ടുണ്ട്. മക്കള്‍ എന്ന ഒരു കാരണം അതിന് ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നു. എന്നാലിന്ന് ഞങ്ങളെ ഒന്നിപ്പിക്കുന്ന പൊതുവായ ഒരു വിഷയമോ ലക്ഷ്യമോ ഇല്ല. എത്രത്തോളമെന്നാല്‍ സംസാരിക്കാന്‍ എനിക്ക് പറ്റുന്ന സമയം പോലും അദ്ദേഹത്തിന് അനുയോജ്യമായ സമയമാവുന്നില്ല. പലപ്പോഴും ഞാന്‍ വളരെ സങ്കീര്‍ണമായി കാണുന്ന പ്രശ്‌നം അദ്ദേഹത്തെ സംബന്ധിച്ചടത്തോളം നിസ്സാരകാര്യമാണ്. ഞങ്ങള്‍ക്ക് ഒരിക്കലും യോജിക്കാന്‍ സാധിക്കുന്നില്ല.

ഞാന്‍ പറഞ്ഞു: ഈ അഞ്ച് ചോദ്യങ്ങള്‍ക്ക് നിങ്ങളിരുവരും മറുപടി നല്‍കണം. ഓരോരുത്തരും മറ്റേയാളിലെ നന്മകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരാഴ്ച്ച ജീവിച്ച് നോക്കിയിട്ടുണ്ടോ? സങ്കീര്‍ണമായ പ്രശ്‌നങ്ങളും സുപ്രധാന വിഷയങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്നതിന് ആഴ്ച്ചയില്‍ ഒരു സമയം നിശ്ചയിച്ച് ചെയ്തുനോക്കിയിട്ടുണ്ടോ? ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും നിങ്ങളിരുവര്‍ക്കും പൊതുവായ എന്തെങ്കിലും പരിപാടി നടപ്പാക്കിയിട്ടുണ്ടോ? നിങ്ങളിരുവരുടെയും നിലവിലെ ജീവിതചര്യക്ക് മാറ്റം വരുത്തി നോക്കിയിട്ടുണ്ടോ? വിശ്വാസപരമായ പൊതുവായ എന്തെങ്കിലും കാര്യം നിങ്ങള്‍ക്കിടയില്‍ ചെയ്തിട്ടുണ്ടോ? മൗനമായിരുന്നു ഇരുവരുടെയും മറുപടി. ഞാന്‍ പറഞ്ഞു: ‘ഇല്ല’ എന്നതാണ് നിങ്ങളുടെ ഉത്തരമെന്ന് എനിക്കറിയാം. നിങ്ങളിരുവരുടെയും പ്രായം അമ്പതിനോടടുത്തെത്തിരിക്കുന്നു. പക്വതയുടെയും വിവേകത്തിന്റെയും സമര്‍പണത്തിന്റെയും അനുഭവങ്ങളുടെയും പ്രായമാണത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നിങ്ങള്‍ ചെയ്തിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതം ഏറെ മികച്ചതാവുകയും നിങ്ങളിന്ന് അനുഭവിക്കുന്ന ദാമ്പത്യത്തിലെ നൈരാശ്യത്തെ മറികടക്കുകയും ചെയ്യുമായിരുന്നു.

Also read: ജംഅും കസ്‌റും അനുവദനീയമാകുന്നത്?

ഭര്‍ത്താവ് പറഞ്ഞു: നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുനോക്കിയിട്ടില്ലെന്നതാണ് വാസ്തവം. ഞാന്‍ പറഞ്ഞു: നിങ്ങളിരുവരും ജീവിതം പുനക്രമീകരിക്കുകയും ലക്ഷ്യങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കാരണം മക്കള്‍ വേറെ പോവുകയും നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തതിനാല്‍ ഒറ്റക്ക് ജീവിക്കുന്നവരാണ് നിങ്ങളിരുവരും. ഞാന്‍ മുന്നോട്ടുവെച്ച ചോദ്യങ്ങളുടെ ഉത്തരത്തിലൂടെ നിങ്ങള്‍ക്ക് പ്രശ്‌നത്തെ മറികടക്കാനാവും. നിങ്ങളിരുവരുടെയും ജീവിതം വ്യവസ്ഥാപിതമായാല്‍ നിങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുകയും നിങ്ങള്‍ക്കിടയിലെ പരസ്പര സ്‌നേഹം വര്‍ധിക്കുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. അപ്പോള്‍ ഭാര്യ ആശ്ചര്യത്തോടെ ചോദിച്ചു: ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനും ബന്ധം മെച്ചപ്പെടുത്താനും സാധിക്കുമെന്നോ? ഞാന്‍ പറഞ്ഞു: പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിന് പുതുജീവന്‍ പകരാനാകും. ന്യൂനതകളും തെറ്റുകളും പരതുന്നതിന് പകരം പൊറുക്കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യുകയെന്നതാണ് അതില്‍ ഒന്നാമത്തേത്. ഓരോരുത്തരും മറ്റേയാളിലെ നല്ലവശങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുകയെന്നതാണ് രണ്ടാമത്തേത്. അതിലൂടെ ആ നല്ല വശങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും തുടരുകയും ചെയ്യും. മൂന്നാമത്തേത് ഓരോരുത്തരും തങ്ങളുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങള്‍ പ്രകടിപ്പിക്കുകയും മറ്റേയാള്‍ അത് മനസ്സിലാക്കി പരിഗണിക്കുകയും ചെയ്യലാണ്. ആക്ഷേപങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കലാണ് നാലാമത്തെ കാര്യം. അവ ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നതാണ് കാരണം. പകരം സദ്‌വിചാരം വെച്ച് പുലര്‍ത്തുകയും മനസ്സിലുള്ളത് തുറന്ന് പറഞ്ഞ് പരസ്പരം കൂടുതല്‍ മനസ്സിലാക്കുകയുമാണ് വേണ്ടത്. അവസാനത്തെ കാര്യം നിങ്ങളിരുവര്‍ക്കും പൊതുവായ പരിപാടികള്‍ ആസൂത്രണം ചെയ്യലാണ്. നിങ്ങള്‍ക്ക് നിങ്ങളുടേതായ സ്വകാര്യ സമയവും അതുപോലെ പരസ്പരം പങ്കുവെക്കാവുന്ന പൊതുവായ സമയവും വേണം.. അതോടൊപ്പം അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ മധുവിധു കാലത്തേക്കാള്‍ ശക്തവും സന്തോഷകരവുമായ ബന്ധം നിങ്ങള്‍ക്കിടയിലുണ്ടാവും.

Also read: പളുങ്കുപാത്രങ്ങളാണ് ; കനിവ് കാണിക്കൂ

ഞാന്‍ മുന്നോട്ടുവെച്ച പരിഹാരം അംഗീകരിച്ച് വിവാഹമോചനത്തിനുള്ള തീരുമാനം നീട്ടിവെക്കാന്‍ തീരുമാനിച്ചാണ് ഇരുവരും പുറത്തിറങ്ങിയത്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles