Current Date

Search
Close this search box.
Search
Close this search box.

എനിക്കിഷ്ടപ്പെട്ട ഒരമുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് കൂടെ?

അവൾ പറഞ്ഞു, ഞാൻ ഒരു അമുസ്ലിം യുവാവിനെയാണ് സ്‌നേഹിക്കുന്നത്, എനിക്ക് അവനെ എന്തുകൊണ്ട് വിവാഹം ചെയ്ത് കൂട? ഞാൻ പറഞ്ഞു: വിവാഹം പ്രണയം ഉള്ളത്‌കൊണ്ട് മാത്രമല്ല നടക്കേണ്ടത്. പങ്കാളികൾക്കിടയിൽ സന്തോഷം കൈവരിക്കുന്ന നിരവധി കാര്യങ്ങളുണ്ട്, അതിലൊന്നാണ് പ്രണയം. അവൾ പറഞ്ഞു: പക്ഷേ, ഞാൻ ഈ ചെറുപ്പക്കാരനെ ഏറെ സ്‌നേഹിച്ചിരിക്കുന്നു. ഞാൻ പറഞ്ഞു: ഈ ചെറുപ്പക്കാരന് പകർച്ചവ്യാധി ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ , അവനെ വിവാഹം കഴിക്കാൻ നിങ്ങൾ സമ്മതിക്കുമോ? അവൾ പറഞ്ഞു: ഇല്ല, ഞാൻ അവളോട് പറഞ്ഞു, അപ്പോൾ പ്രണയം എവിടെ? ഞാൻ നിശബ്ദനായി, എന്നിട്ട് പറഞ്ഞു: ഈ ചെറുപ്പക്കാരന് കുട്ടികളുണ്ടാവില്ലന്നും നിങ്ങൾക്ക് കുട്ടികളുണ്ടാകാൻ താൽപ്പര്യമുണ്ടെന്നും ആണങ്കിൽ, അവനെ വിവാഹം കഴിക്കാൻ നിങ്ങൾ സമ്മതിക്കുമോ? അവൾ പറഞ്ഞു: ഇല്ല, ഞാൻ ഒന്ന് ആലോചിക്കും, ഞാൻ മടിക്കും. ഞാൻ പറഞ്ഞു: അപ്പോൾ പ്രണയം വിവാഹത്തെ മാത്രം ന്യായീകരിക്കുന്നില്ല. അവൾ പറഞ്ഞു: പക്ഷേ ഞാൻ അവനെ സ്‌നേഹിച്ചു.

ഞാൻ പറഞ്ഞു: നിങ്ങളുടെ ആരോഗ്യവും അവനോടുള്ള സ്‌നേഹവും തമ്മിൽ തുലനം ചെയ്തപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം ശ്രദ്ധിക്കുക, അവിടെ നിങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ തിരഞ്ഞെടുത്തു. നിങ്ങളുടെ മാതൃത്വവും അവനോടുള്ള നിങ്ങളുടെ സ്‌നേഹവും തമ്മിൽ തുലനം ചെയ്തപ്പോൾ നിങ്ങളുടെ മാതൃത്വത്തെയും തിരഞ്ഞെടുത്തു. നിങ്ങളുടെ സന്തോഷവും അവനുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ ഭാവിയും നിങ്ങൾ നല്ലപോലെ മനസ്സിലാക്കി, നിങ്ങൾ പ്രണയത്തെ മാത്രം മുഖവിലക്കെടുത്തില്ല, ഇതാണ് വിവാഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാരണം ഇത് ഇവിടെ ജീവിക്കുന്ന കാലത്തെ സന്തോഷം മാത്രമല്ല. പരലോകത്തിന്റെയും സന്തോഷമാണ്. അല്ലാഹുവോടും അവന്റെ റസൂലിനോടും ഉള്ള നമ്മുടെ സ്‌നേഹം എല്ലാ സ്‌നേഹത്തേക്കാളും വലുതാവുക കൂടി വേണം. അവരോടുള്ള അനുസരണം മറ്റേതൊരാളോടുള്ള അനുസരണത്തേക്കാളും പ്രാധാന്യം അർഹിക്കുന്നുമുണ്ട്. അവൾ പറഞ്ഞു: എങ്കിൽ എന്റെ ചോദ്യത്തിനുള്ള ഉത്തരം എന്താണ്?

ഞാൻ പറഞ്ഞു: ഉത്തരം വളരെ ലളിതമാണ്. നിങ്ങൾ എല്ലാ പ്രവാചകൻമാരെയും നബിമാരെയും വിശ്വസിക്കുന്നു, അദ്ദേഹത്തിനാവട്ടെ നിങ്ങളുടെ നബിമാരിലോ ദീനിലോ യാതൊരു വിശ്വാസവുമില്ല. മാത്രമല്ല വീട്ടിലെ എല്ലാ കാര്യങ്ങളിലും അവസാനവാക്ക് അവന്റേതാവാനാണ് പുരുഷൻമാർ ഇഷ്ടപ്പെടുന്നത്. ഭാര്യയുടെയും മക്കളുടെയും വിശ്വാസവും മറ്റും അവനെപ്പോലെയാകണമെന്നാണ് മിക്ക പുരുഷന്മാരും ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അത്‌കൊണ്ട് കുടുംബത്തെ ഇത്തരം ശിഥിലീകരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അല്ലാഹു ഇത്തരം വിവാഹങ്ങളെ വിലക്കിയിട്ടുണ്ട്. തന്റെ വിശ്വാസത്തിന് വിരുദ്ധമായ ഒരു ചിന്തയോ പെരുമാറ്റമോ ജീവിതത്തിൽ പ്രവർത്തികമാക്കാൻ ഭർത്താവ് നിർബന്ധിക്കാതിരിക്കാൻ സ്ത്രീയോടുള്ള കരുണകൂടിയാണിത്. അങ്ങനെ അവൾ അവളുടെ സ്വത്വവും മതവും സംരക്ഷിക്കുകയും തന്റെ മക്കളെ ദീനി തർബിയ്യതിൽ വളർത്തിയെടുക്കാനും സാധിക്കുന്നു.

അവൾ പറഞ്ഞു: കുടുംബത്തെ നിയന്ത്രിക്കാനും കുട്ടികളെ വളർത്താനും വലിയ താൽപ്പര്യം കാണിക്കാത്ത പുരുഷന്മാരുമുണ്ടല്ലോ. ഞാൻ പറഞ്ഞു: ശരിയാണ്, പക്ഷേ നിങ്ങൾ സംസാരിക്കുന്നത് ഒറ്റപ്പെട്ട കേസുകളെയാണ്. പൊതുവിൽ നിങ്ങൾ പറയുന്നതുപോലെയല്ല. ഇസ്‌ലാം ഒരു നിയമം പറയുന്നത് പൊതുവിലാണ്. ഒറ്റപ്പെട്ട കേസുകളെ അങ്ങനെ പരിഗണിക്കില്ല. അതുതന്നെയാണ് എല്ലാ നിയമങ്ങളുടെയും പൊതുസ്വഭാവം. ഞാൻ ചോദിക്കട്ടെ: നിങ്ങൾ ഒരു മരുന്ന് വാങ്ങിയെന്ന് വിചാരിക്കൂ, അതിനോടൊപ്പമുള്ള കുറിപ്പ് നിങ്ങൾ വായിക്കുമോ? അവൾ പറഞ്ഞു: അതെ, ഞാൻ പറഞ്ഞു: ആ കുറിപ്പിൽ രേഖപ്പെടുത്തിയ മരുന്നിന്റെ പാർശ്വഫലങ്ങൾ വായിച്ച് മരുന്ന് കഴിക്കുമോ അതോ വേണ്ടന്ന് തീരുമാനിക്കുമോ? അവൾ പറഞ്ഞു: കഴിക്കാൻ തീരുമാനിക്കും. ഞാൻ പറഞ്ഞു: അതിൽ പറഞ്ഞ പാർശ്വഫലങ്ങൾ കാരണം നിങ്ങൾ മരുന്ന് ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്, അവ ചിലപ്പോൾ അപകടകരമായ ലക്ഷണങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് അറിഞ്ഞുകൊണ്ട്? അവൾ പറഞ്ഞു: മരുന്ന് ഉപയോഗപ്രദവും രോ​ഗം സുഖപ്പെടുത്തുന്നതുമായതിനാൽ പാർശ്വഫലങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ രോഗികൾക്കും ആവശ്യമില്ലാത്ത ഒരു അപവാദമാണ് എന്നതാണല്ലോ ശരി.

അവൾ പറഞ്ഞു: അതിനാൽ? ഞാൻ പറഞ്ഞു: വിവാഹമോചനത്തിൽ കുടുംബത്തിന്റെ ശിഥിലീകരണവും കുട്ടികളിൽ അതുണ്ടാക്കുന്ന സ്വാധീനവും ഉൾപ്പെടുന്നു. ഒരു അമുസ്ലിമിനെ വിവാഹം കഴിക്കുന്നത് തടയുന്നത് പ്രിയപ്പെട്ടവനെ ഉപേക്ഷിക്കുന്നതിന്റെ വേദന നൽകുന്നു.
അവന്റെ വിശ്വാസം നിങ്ങളുടെ വിശ്വാസത്തിനോട് ചേർന്നതല്ല, അവന്റെ ആചാരങ്ങൾ നിങ്ങളുടെ ശീലങ്ങളിൽ നിന്ന് വേറിട്ടതാണ്, അവന്റെ സംസ്‌കാരം നിങ്ങളുടെ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമാണ്, അവന്റെ മതം നിങ്ങളുടേതിൽ നിന്ന് ഭിന്നമാണ്, നിങ്ങൾക്ക് അനുവദനീയമായത് അവന് വിലക്കിയിരിക്കുന്നു. കൂടാതെ ചിലത് മറക്കേണ്ടത് നിങ്ങൾക്ക് ആവശ്യമായിരിക്കും, എന്നാൽ അയാൾക്കത് തിരിച്ചായിരിക്കും. ഇങ്ങനെ പലതും. അവൾ പറഞ്ഞു: നിങ്ങൾ എന്നെ ഏറെ വിഷമിപ്പിച്ചല്ലോ.

ഞാൻ പറഞ്ഞു: എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതിതാണ് : നിങ്ങളുടെ മകന്റെ മരണത്തിനും കാൽതണ്ട മുറിച്ച് മാറ്റുന്നതിനുമിടയിൽ തിരഞ്ഞെടുക്കാൻ ഒരു ഡോക്ടർ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും? അവൾ പറഞ്ഞു: കാൽ മുറിക്കാൻ സമ്മതിക്കും. ഞാൻ പറഞ്ഞു: കാൽ മുറിക്കുന്നത് വേദനാജനകമാണ്, പക്ഷേ മകനില്ലാതെ ജീവിതം നേരെയാകില്ലല്ലോ. എന്നാൽ ഈ മനുഷ്യനുമായുള്ള നിങ്ങളുടെ ബന്ധം മുറിക്കുന്നതും വേദനാജനകമാണ്, പക്ഷേ, ഈ തീരുമാനം ഈ ലോകത്തും പരലോകത്തും നിങ്ങളെ സന്തോഷം കൈവരിക്കാൻ സഹായിക്കുന്നുവെന്നതാണ് സത്യം. ആയതിനാൽ നിങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്നാണ് എനിക്ക് നിങ്ങളെ ഉപദേശിക്കാനുള്ളത്.

വിവ- അബൂ ഫിദ

Related Articles