Current Date

Search
Close this search box.
Search
Close this search box.

മൗനം പൊന്നാകുന്നതെപ്പോള്‍?

മൗനം യുക്തിയാണെങ്കിലും അത് പാലിക്കുന്നവര്‍ കുറവാണെന്ന് നാം കേട്ടിട്ടുണ്ട്. സംസാരം വെള്ളിയാണെങ്കില്‍ മൗനം പൊന്നാണെന്ന് പറയാറുണ്ട്. മൗനം പാലിച്ചവന്‍ രക്ഷപ്പെട്ടുവെന്ന് ഹദീസില്‍ കാണാം. സംസാരത്തിലുള്ള ഖേദത്തേക്കാള്‍ ഉത്തമം മൗനം പാലിച്ചതിലുള്ള ഖേദമാണെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ എപ്പോഴാണ് മൗനം ചികിസ്തയാകുന്നത്? എപ്പോഴാണ് മൗനം പൊന്നാകുന്നത്? എപ്പോഴാണ് മൗനം വെള്ളിയും സംസാരം പൊന്നാകുന്നതെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.

ദമ്പതികള്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നിടത്ത് മൗനം പാലിച്ചാല്‍ അത് വെള്ളിയാകുമോ? താങ്കളുടെ മകനിലൊരു തെറ്റ് കാണുമ്പോള്‍ പാലിക്കുന്ന മൗനം വെള്ളിയാണോ? നിങ്ങളുടെ സുഹൃത്ത് ഒരു ചീത്തകൂട്ടുകെട്ടിലേക്ക് പോകുന്നത് കാണുമ്പോള്‍ അവനെ ഉപദേശിക്കാതെ പാലിക്കുന്ന മൗനം വെള്ളിയാണോ? രണ്ട് പേര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ താങ്കളുടെ അഭിപ്രായം അവര്‍ തേടുന്നു, നിങ്ങളുടെ വാക്ക് ആ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ മൗനം പാലിക്കുകയാണെങ്കില്‍ അത് വെള്ളിയാണോ? ഒരാള്‍ നിങ്ങളെ വേദനിപ്പിക്കുകയും നിന്ദിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ പാലിക്കുന്ന മൗനം വെള്ളിയാണോ?

നിങ്ങളുടെ മൗനം ഒരു പ്രശ്‌നത്തിന് പരിഹാരമാകുമെങ്കില്‍ ആ മൗനം പൊന്നാണ്. എന്നാല്‍ മൗനത്തിന് പകരം സംസാരമാണ് പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നതെങ്കില്‍ ആ സംസാരം പൊന്നാണ്. നിങ്ങള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ മൗനം പാലിക്കുകയാണെങ്കില്‍ അത് പ്രശ്‌ന പരിഹാരത്തിനാണ് സഹായിക്കുക. നിങ്ങള്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് ദോഷമാണ് വരുത്തുകയെന്ന് നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ നിങ്ങള്‍ മൗനം പാലിക്കുകയാണ് ഉത്തമം. അത്തരം അവസ്ഥകളില്‍ കോപം അടങ്ങുന്നവരെ പാലിക്കുന്ന മൗനം പൊന്നാണ്. സംസാരം എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലാത്തത് പോലെ മൗനവും എല്ലായ്‌പ്പോഴും പരിഹാരമല്ല. അതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലെ ഗുണദോഷങ്ങള്‍ സന്തുലനം ചെയ്തായിരിക്കണം സംസാരമാണോ മൗനമാണോ വേണ്ടത് എന്ന തീരുമാനമെടുക്കേണ്ടത്.

Also read: എന്തുകൊണ്ട് സി.എ.എ പിന്‍വലിക്കണം?

ഏതവസരത്തിലും മൗനം പാലിക്കാന്‍ തീരുമാനിച്ചാല്‍ ആ മൗനം നീട്ടികൊണ്ടു പോവരുത്. കാലദൈര്‍ഘ്യം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും കക്ഷികള്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയും ചെയ്യും. ഭാര്യയോട് പിണങ്ങി ഒരു വര്‍ഷം മിണ്ടാതിരുന്ന ആളെ എനിക്കറിയാം. ഞാന്‍ പലതവണ സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഒരു വര്‍ഷത്തിന് ശേഷം അവളുടെ അടുത്തെത്തി സംസാരിക്കാന്‍ അദ്ദേഹം തീരുമാനിച്ചെങ്കിലും അവള്‍ വിവാഹമോചനം ആവശ്യപ്പെടുകയും ആ ബന്ധം വേര്‍പിരിയുകയും ചെയ്തു. ദീര്‍ഘമായ മൗനം ബന്ധങ്ങളെ തകര്‍ക്കുന്നതാണ്. വര്‍ഷങ്ങളോളം മകനെ അകറ്റി നിര്‍ത്തിയ പിതാവിനെ എനിക്കറിയാം. മകന്‍ വലുതായപ്പോള്‍ അവനോട് സംസാരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തോട് സംസാരിക്കാതെ ആട്ടിയോടിക്കുകയാണ് മകന്‍ ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം ചികിത്സയല്ല, ബന്ധങ്ങളുടെ ഘാതകനാണ്.

മൗനം കൊണ്ട് ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചാല്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന അഞ്ച് കാല്‍വെപ്പുകളുണ്ട്. നിങ്ങളോട് മൗനം പാലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വ്യക്തിയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെന്നതാണ് ഒന്നാമത്തെ കാല്‍വെപ്പ്. മിക്കവാറും അദ്ദേഹം ദേഷ്യത്തിലോ നിരാശയിലോ ആയിരിക്കും. അദ്ദേഹത്തെ സംസാരിക്കാന്‍ നിര്‍ബന്ധിക്കാതെ ഒരു ഇടവേള നല്‍കുകയെന്നതാണ് രണ്ടാമത്തെ കാല്‍വെപ്പ്. ഒരുപക്ഷേ ചിന്തിക്കാനും അല്‍പം ആശ്വാസം നേടാനും അദ്ദേഹത്തിന് സമയം ആവശ്യമായിരിക്കും. അദ്ദേഹം താങ്കളിലേക്ക് മടങ്ങിയെത്തി താങ്കളെ കുറ്റപ്പെടുത്തുകയും താങ്കളുടെ പെരുമാറ്റത്തില്‍ പരാതി ഉന്നയിക്കുകയുമാണെങ്കില്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയെന്നതാണ് മൂന്നാമത്തെ കാല്‍വെപ്പ്. താങ്കളോട് മൗനം പാലിക്കുന്നയാള്‍ പൊതുവെ മൗനിയും അന്തര്‍മുഖിയുമാണെങ്കില്‍ നിങ്ങളോട് സ്വീകരിച്ച നിലപാട് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ശരിയായിരിക്കും. കാരണം അദ്ദേഹത്തിന്റെ പ്രകൃത്തിന് അനുഗുണമായ ഒന്നാണത്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ വ്യക്തിത്വവുമായി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ താരതമ്യപ്പെടുത്താന്‍ മുതിരാതെ അദ്ദേഹത്തിന്റെ വശത്തു നിന്നും അത് മനസ്സിലാക്കാന്‍ ശ്രമിക്കലാണ് നാലാമത്തെ കാല്‍വെപ്പ്. അയാളുടെ സ്ഥാനത്ത് ബഹിര്‍മുഖിയായ നിങ്ങളായിരുന്നുവെങ്കില്‍ പ്രശ്‌നത്തെ നേരിടാനായിരിക്കും ശ്രമിക്കുക. അതേസമയം അന്തര്‍മുഖിയായ വ്യക്തി പ്രശ്‌നത്തില്‍ നിന്ന് ഉള്‍വലിയാനാണ് ഇഷ്ടപ്പെടുക. ഭാവിയില്‍ അദ്ദേഹം താങ്കളോട് ദേഷ്യപ്പെട്ടാല്‍ മിണ്ടാതിരിക്കുന്ന പ്രകൃതം ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവി ബന്ധത്തിന് വ്യവസ്ഥകളും ചട്ടങ്ങളും വെക്കണമെന്നാണ് അഞ്ചാമതായി നിര്‍ദേശിക്കാനുള്ളത്. മൗനം യുക്തിയോടെയാകുമ്പോള്‍ അത് പൊന്നാണ്. ഇബ്‌നു ബുറൈദ പറയുന്നത് നോക്കൂ: ഇബ്‌നു അബ്ബാസ്(റ) തന്റെ നാവ് പിടിച്ചു കൊണ്ട് ഇങ്ങനെ പറയുന്നത് ഞാന്‍ കണ്ടു: ‘നിനക്ക് നാശം, നീ നല്ലത് പറയുക, നിനക്കത് മുതല്‍കൂട്ടാവും അല്ലെങ്കില്‍ മിണ്ടാതിരിക്കുക ദോഷത്തില്‍ നിന്ന് നീ രക്ഷപ്പെടും അല്ലാത്തപക്ഷം നീ ഖേദിക്കേണ്ടി വരും.’ നാവിനെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന തത്വമാണ് ഇബ്‌നു അബ്ബാസ്(റ) ഇതിലൂടെ വിശദമാക്കി തരുന്നത്. അവിടെയാണ് മൗനം യുക്തിയും പൊന്നുമാകുന്നത്. എന്നാല്‍ ഇരുകക്ഷികള്‍ക്കിടയില്‍ വിയോജിപ്പുണ്ടായാല്‍ അവിടെ സംസാരമാണ് യുക്തിയും പൊന്നാകുന്നത്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles