Current Date

Search
Close this search box.
Search
Close this search box.

പുണ്യത്തിന്റെ ഭാഷ ചാട്ടവാറിന്റേതല്ല

”മാതാപിതാക്കളോടുള്ള പുണ്യത്തെ ചിലരെല്ലാം ഒരു വാളായിട്ടാണ് കാണുന്നത്. സന്തോഷത്തിന്റെ അല്ലെങ്കില്‍ ജീവിതത്തിന്റെ തന്നെ നാഡി മുറിച്ചുകളയാന്‍ മക്കളുടെ പിരടിക്ക് നേരെയവരത് വീശുന്നു.” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് മനോരോഗ വിദഗ്ദയായ എന്റെ കൂട്ടുകാരി ഞങ്ങളുടെ മാസാന്ത കൂടിക്കാഴ്ച്ചക്ക് തുടക്കം കുറിച്ചത്.
ഞാന്‍ പറഞ്ഞു: പ്രിയ കൂട്ടുകാരീ, ഇക്കാര്യം നിന്നെ ബോധ്യപ്പെടുത്താന്‍ വളരെ കാലമായി ഞാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം നീ നിന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നല്ലോ. ഇപ്പോള്‍ എന്താണ് നിന്റെ അഭിപ്രായത്തെ മാറ്റിയത്?
അവള്‍: കുറച്ച് ദിവസങ്ങള്‍ മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ ഞങ്ങളുടെ അടുത്തെത്തി. അവളുടെ അടുത്ത് തന്നെ മാനസികമായി അങ്ങേയറ്റം തകര്‍ന്ന ഒരു യുവാവുമുണ്ടായിരുന്നു.
ഞാന്‍: അവന്റെ ഭാര്യയായിരിക്കുമല്ലേ?
അവള്‍: അല്ല, അവളെ വിവാഹമാലോചിക്കുന്നവനാണ്, അല്ലെങ്കില്‍ വിവാഹമാലോചിച്ചവനായിരുന്നു.
ഞാന്‍: എന്താണിങ്ങനെയെല്ലാം ആശയക്കുഴപ്പം? നിന്നെ സംബന്ധിച്ചടത്തോളം ഇതൊരു പുതിയൊരു കാര്യമൊന്നുമല്ലല്ലോ, വര്‍ഷങ്ങളായി മാനസികരോഗ ഡോക്ടറായി പ്രവര്‍ത്തിക്കുന്നയാളല്ലേ. ഫാമിലി കൗണ്‍സിലറായ ഞാന്‍ തീവ്രമായ മാനസികാവസ്ഥകളെ കുറിച്ച് നിങ്ങളോട് സംസാരിച്ചിട്ടുമുണ്ട്.
ഞാന്‍: പിതാവെന്ന് വിളിക്കുന്ന മനുഷ്യന്റെ രൂപത്തില്‍ ക്രൂരതയെ ഞാന്‍ കണ്ടു. ഉമ്മയെന്ന് വിളിക്കുന്ന കാര്‍ക്കശ്യത്തിന്റെ പ്രതിരൂപത്തെയും ഞാന്‍ കണ്ടു.
ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു: ഇത്രത്തോളമോ? എന്തുകൊണ്ട്? എന്താണ് സംഭവിച്ചത്?
അവള്‍: അവന്റെ കൈത്തണ്ടയില്‍ കിടന്നു കൊണ്ടാണ് അവള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവന്റെ നിലവിളിയെ കവച്ചുവെക്കുന്നതായിരുന്നു അവന്റെ കണ്ണൂനീര്‍. അവളില്‍ അവശേഷിക്കുന്ന ശ്വാസം വീണ്ടെടുക്കാന്‍ ഒരു രക്ഷകനെ തേടി അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണവന്‍. അത്യാഹിത വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും നേഴ്‌സുമാരും അവന്റെ അടുക്കലെത്തി. നിലവിളിയിലൂടെ എല്ലാവരെയും അവന്‍ ഒരുമിച്ചു കൂട്ടി എന്ന് പറയുന്നതായിരിക്കും ശരി. ഇതു പോലെ വേദന കലര്‍ന്ന ഒരു പുരുഷന്റെയും കരച്ചിലും കണ്ണുനീരും ഞാന്‍ കണ്ടിട്ടില്ല. പിന്നീട് അവര്‍ ക്ലിനിക്കില്‍ വന്നപ്പോള്‍ കാര്യങ്ങളുടെ വിശദാംശങ്ങള്‍ എനിക്ക് മനസ്സിലായി. ന്യായമായ ഒരു കാരണവുമില്ലാതെ അവളുടെ മാതാപിതാക്കള്‍ അവനുമായുള്ള വിവാഹാലോചന റദ്ദാക്കുകയായിരുന്നു.
ഞാന്‍: ഇത്തരം അവസ്ഥകളില്‍ നീ ഇത്രത്തോളം അനുകമ്പ പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ? നമ്മുടെ കൂടിക്കാഴ്ച്ചയില്‍ പലപ്പോഴും നീയെന്നെ ആക്ഷേപിക്കാറുണ്ടായിരുന്നല്ലോ. ”നാം ജോലി ചെയ്യുന്ന മേഖലയില്‍ നീ ഉണക്ക റൊട്ടി പോലെയാണ് ആവേണ്ടത്. മൃദുവായ ബിസ്‌കറ്റ് പോലെയാവരുത്, അത് പൊട്ടിപാേകും. നീയത് ഓര്‍ക്കുന്നില്ലേ?
അല്‍പം പരിഹാസത്തോടെ അവള്‍ പറഞ്ഞു: അപ്പോഴെല്ലാം നീ എനിക്ക് നല്‍കിയിരുന്നു മറുപടി ഇങ്ങനെയായിരുന്നില്ലേ: ”കറുപ്പിനും വെളുപ്പിനും ഇടയില്‍ ചാരവര്‍ണമുള്ള ഒരു ഭാഗമുണ്ട്. ഒന്നിനും നൂറിനും ഇടയിലുള്ള പരിഹാരങ്ങളും ബദലുകളും അവിടെയാണുള്ളത്. ലോകം Yes അല്ലെങ്കില്‍ No എന്നിടത്ത് അവസാനിക്കുന്നില്ല. നിരാകരിക്കുക അല്ലെങ്കില്‍ സ്വീകരിക്കുക എന്നത് മാത്രമല്ല ഉള്ളത്. വ്യവസ്ഥകളോടെയുള്ള സ്വീകരിക്കലും ക്രമാനുഗതമായുള്ള നിരാകരണവുണ്ട്. സ്വീകരിക്കുന്നതിനും നിരസ്സിക്കുന്നതിനും ഇടയിലുള്ള ബദലുകളുണ്ട്.
ഞാന്‍: പിന്നെ എന്താണ്? എന്താണ് നിന്നെ മാറ്റിയത്?
അവള്‍: ആ പെണ്‍കുട്ടി എന്റെ മനസ്സിനെ സ്പര്‍ശിച്ചു. അവളുടെ ഉപ്പയുടെ തീരുമാനം അംഗീകരിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. തന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാരനുമായുള്ള ബന്ധം അവളുടെ ഈയൊരു പ്രവര്‍ത്തനത്തിലൂടെ അവസാനിക്കാറുമായിരുന്നു.
ഞാന്‍: നിന്റെ വാക്കുകള്‍ ഇടക്ക് മുറിഞ്ഞു പോകുന്നുണ്ടല്ലോ, എന്താണ് സംഭവിച്ചത്?
പുഞ്ചിരിച്ചു കൊണ്ട് അവള്‍ മറുപടി പറഞ്ഞു: ഞാന്‍ ചുരുക്കി പറയാം. അവര്‍ക്കിടയിലെ ബന്ധം അവസാനിപ്പിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് അവള്‍ കഴിച്ച എണ്ണമറ്റ ഗുളികകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആശുപത്രിയുള്ളവര്‍ ശ്രമിച്ചു. അതിനൊരു പരിഹാരം കാണാന്‍ അവളും ആ ചെറുപ്പക്കാരനും നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. അവള്‍ മാനസികായി തകര്‍ന്നു പോയി. അവന്‍ അവള്‍ക്ക് വെള്ളം വാങ്ങാന്‍ പോയ അവസരത്തില്‍ ഗുളികകളെടുത്ത് കഴിക്കുകയായിരുന്നു. അല്‍പസമയത്തിനകം അവന്റെ മുമ്പില്‍ അവള്‍ തളര്‍ന്ന് വീഴാന്‍തുടങ്ങി. അവള്‍ ചെയ്തതിനെ കുറിച്ചറിഞ്ഞ അവന്‍ അവളെയുമെടുത്ത് ആശുപത്രിയിലേക്കോടി. അല്‍ഹംദുലില്ലാഹ്, അവളെ രക്ഷിക്കാന്‍ സാധിച്ചു. പിന്നീട് അവളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. അതാണ് ഞെട്ടലുണ്ടാക്കിയത്!

അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞങ്ങള്‍ അരികെ നില്‍ക്കുന്നതിടെ ഞാന്‍ മുറിയില്‍ നിന്നും പുറത്തുകടന്നപ്പോള്‍ വളരെ ശാന്തമായി ഒരു സ്ത്രീയും പുരുഷനും ആശുപത്രിയിലേക്ക് കടന്നുവരുന്നത് കണ്ടു. ആ യുവാവിനെ കാണുന്നത് വരെ അവരുടെ മുഖത്ത് യാതൊരുവിധ അസ്വസ്ഥതയോ പരിഭ്രാന്തിയോ ഉണ്ടായിരുന്നില്ല. അവനെ കണ്ടതും അവരുടെ അവസ്ഥ മാറി. ഉയര്‍ന്ന ശബ്ദത്തില്‍ അലറിക്കൊണ്ടവര്‍ പറഞ്ഞു: എന്ത് തന്നെ ചെയ്താലും നീയവളെ വിവാഹം ചെയ്യുകയില്ല. നിനക്കൊരിക്കലും അവളെ കിട്ടില്ല. നിന്നെക്കാള്‍ കൂടുതല്‍ അവളോട് അടുത്ത് നില്‍ക്കുന്നത് ഖബറാണ്.

അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം തങ്ങളുടെ മകളുടെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ല എന്നതാണ്. തങ്ങളുടെ തീരുമാനത്തിന് വെല്ലുവിളിയായി കാണുന്ന യുവാവിനെ കണ്ടതാണ് അവരെ ചൊടിപ്പിച്ചത്. തങ്ങളുടെ മകളുടെ ആത്മഹത്യയുടെ കാരണക്കാരന്‍ അവനാണെന്ന തരത്തിലായിരുന്നു ആ സംസാരം. അവരുടെ തീരുമാനം അംഗീകരിക്കാത്ത മകളോടുള്ള ദേഷ്യവും അതിലുണ്ടായിരുന്നു. ഇങ്ങനെയാണ് ആ വാള് അതിന്റെ മൂര്‍ച്ച പ്രകടിപ്പിച്ചത്.

അവരെ ശാന്തരാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അപ്പോള്‍ യുവാവിനോട് ആ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ ഉപദേശിച്ചു. യുവതിയുടെ ജീവനിലുള്ള ഭയം കാരണം അതിന്നവന്‍ വിസമ്മതിച്ചു. ഞാന്‍ പറഞ്ഞു: നീ അതില്‍ അസ്വസ്ഥപ്പെടേണ്ട, കാരണം അവരുടെ മകളാണവള്‍. അപ്പോള്‍ അവന്‍ പറഞ്ഞു: അവരുടെ മകളാണ് അവളെന്നതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

അവസാനം എന്നെ ക്ലിനിക്കില്‍ വന്ന് കണ്ടുകൊള്ളാം എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. കൂടുതല്‍ ഉചിതയമായ ഒരു പരിഹാരം അവര്‍ക്ക് കണ്ടെത്തിക്കൊടുക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു അത്. സൗഖ്യം പ്രാപിച്ചതിന് ശേഷം ഇരുവരും എന്റെ ക്ലിനിക്കിലെത്തി. അവളുടെ കവിളിലൂടെ കണ്ണുനീര്‍ തുള്ളികള്‍ ചാലിട്ടിരുന്നു. അവന്റെ മുഖത്ത് ദുഖം തളംകെട്ടി നിന്നിരുന്നു. അവരുടെ സംസാരം തുടങ്ങിയത് ഇങ്ങനെയായിരുന്നു: എന്തുകൊണ്ടാണ് ചില മാതാപിതാക്കള്‍ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും പ്രതീക്ഷയുടെയും ചരടുകള്‍ മുറിച്ചു കൊണ്ട് പുണ്യത്തിന്റെ വാള്‍ ഞങ്ങളുടെ പിടലിക്ക് നേരെ വീശുന്നത്?!
ഞാന്‍ എന്റെ കൂട്ടുകാരിയോട് പറഞ്ഞു: എത്ര കടുത്ത വാക്കുകളാണത്, അവരുടെ അവസ്ഥ എത്ര കഠിനമാണ്.. വേദനയിറ്റുന്നതാണ് അവരുടെ ഈ വാക്കുകള്‍!
അവള്‍: പ്രേമത്തെ തുടര്‍ന്ന് മാതാപിതാക്കളെ വഞ്ചിച്ച് ഒളിച്ചോടുന്ന സാഹചര്യങ്ങളില്‍ ഇതെല്ലാം സംഭവിച്ചേക്കാം. എന്നാല്‍ ഇതൊരു സാധാരണ സംഭവം മാത്രമാണ്.
ഞാന്‍: എന്തുകൊണ്ട്?
അവള്‍: ആ പെണ്‍കുട്ടി ജോലിസ്ഥലത്തെ അവന്റെ സഹപ്രവര്‍ത്തകയാണ്. കുറച്ച് കാലത്തിന് ശേഷം വിവാഹബന്ധത്തിലേര്‍പ്പെടാന്‍ ഇരുവരും തീരുമാനിച്ചു. യഥാര്‍ത്ഥത്തില്‍ വിവാഹാലോചന നടത്തുകയും ചെയ്തു. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. പിന്നീട് ഏതൊരു വിവാഹാലോചനയിലും സംഭവിക്കുന്നത് പോലെ അവരുടെ കുടുംബങ്ങള്‍ക്കിടയില്‍ വിയോജിപ്പുണ്ടായി. എന്നാല്‍ അതിന് പിന്നിലെ പ്രേരകം പ്രതികാരമായിരുന്നുവെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ക്കുള്ള നന്മയുടെ പേര് പറഞ്ഞ് ആ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. അവളുടെ തീരുമാനം എന്ത് തന്നെയാണെങ്കിലും അവള്‍ സ്വീകരിക്കേണ്ടതും അംഗീകരിക്കേണ്ടതും മാതാപിതാക്കളായ തങ്ങളുടെ തീരുമാനമാണെന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവരാണ് വിവാഹിതരാകുന്നത് എന്ന തരത്തിലാണ് അവരുടെ തീരുമാനം. അവരിരുവരെയും വേര്‍പിരിക്കുന്നിടത്തോളം പ്രാധാന്യമുള്ളതാണോ അക്കാര്യം?
ഞാന്‍: വിവാഹമെന്നത് ഭാഗ്യവും വിധിയുമാണെന്നത് നീ മറക്കരുത്. അതിന് കാരണങ്ങളുണ്ടാവും. കുടുംബങ്ങള്‍ക്ക് നന്മ ചെയ്യലും അവരുടെ തൃപ്തിയും മക്കളുടെ സന്തോഷത്തിന്റെ കാരണങ്ങളാണ്.
അത്ഭുതത്തോടെ അവള്‍ ചോദിച്ചു: ഇങ്ങനെ തന്നെയാണോ? ഞാന്‍ മുമ്പ് ഇത് പറഞ്ഞപ്പോള്‍ നീ അംഗീകരിക്കാറുണ്ടായിരുന്നില്ലല്ലോ?
ഞാന്‍: ശരി തെറ്റുകള്‍ പരിഗണിക്കാതെ മാതാപിതാക്കള്‍ ഉദ്ദേശിക്കുന്നത് മക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ചാട്ടവാറല്ല അവരോട് നന്മ ചെയ്യണമെന്ന കല്‍പന.
അവള്‍: ആ യുവതിക്കും യുവാവിനും മേല്‍ അതിലേറെ സംഭവിച്ചിട്ടുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്. അവര്‍ പറഞ്ഞു: തീര്‍ച്ചയായും നന്മക്ക് വാത്സല്ല്യത്തിന്റെ ശബ്ദമാണുള്ളത്. ഏതൊരു കാര്യവും അതിലൂടെ ചെയ്യിക്കാനാവും. എന്നാലത് അവരുടെ താല്‍പര്യങ്ങളും മോഹങ്ങളും കല്‍പിക്കാനുള്ള ചാട്ടവാറായി മാറുകയാണ്. ഞങ്ങളുടെ ശരീരത്തിനും മനസ്സിനും ഭാവിക്കും അതേല്‍പിക്കുന്ന മുറിവ് അവര്‍ പരിഗണിക്കുന്നേയില്ല. ഞാനവനോട് പറഞ്ഞു: മോനേ, ചിലപ്പോഴെല്ലാം അവര്‍ക്കുള്ള പുണ്യം നിന്റെ കഴിവിനും അപ്പുറമായിരിക്കും. അല്ലെങ്കില്‍ ഖുര്‍ആന്‍ അത് ഉപദേശിക്കുമായിരുന്നില്ല. അപ്പോള്‍ അവന്‍ പ്രതിവദിച്ചു: ചിലപ്പോഴെല്ലാം പുണ്യം എന്റെ കഴിവിനപ്പുറവും എന്റെ താല്‍പര്യത്തിന് വിരുദ്ധവുമായിരിക്കാം. എന്നാല്‍ അത് നിര്‍വഹിക്കാനും അതിന് പ്രേരിപ്പിക്കാനും കഴിയുന്നൊരു ഭാഷ പുണ്യത്തിനുണ്ട്. അതിന് പകരം ആയുധത്തിന്റെ മൂര്‍ച്ചകൂട്ടുകയാണെങ്കില്‍ നേര്‍വിരുദ്ധ ഫലമായിരിക്കും അതുണ്ടാക്കുക.
ഞാന്‍: ഹൃദയ കാഠിന്യം നശിപ്പിച്ച മനസ്സിനെ ശരിയാക്കാനും പരിഹാരം കണ്ടെത്താനും ഒരുപക്ഷേ നിനക്ക് കഴിഞ്ഞിരിക്കാം.
അവള്‍: ആ യുവാവും യുവതിയും അടുത്ത സന്ദര്‍ശനത്തില്‍ നിന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. ഒരുപക്ഷേ അവരുടെ പുഞ്ചിരി നിന്റെ കൈകളിലായിരിക്കും.
ഞാന്‍: അപ്രകാരം തന്നെയാവട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles