Current Date

Search
Close this search box.
Search
Close this search box.

ഇത് പുരുഷൻമാരോടുള്ള വർത്തമാനമാണ്

പൊതുവെ സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് കൂടുതൽ മാനസിക പ്രയാസങ്ങളിലൂടെ കടന്ന് പോവുന്നവരാണ്. ഇതിന്ന് അവരുടെ ജൈവ ഘടനക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും വലിയ പങ്കുണ്ട്. ആർത്തവചക്രം, ഗർഭാവസ്ഥ, പ്രസവം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവയെല്ലാം അതിനൊക്കെ നിമിത്തമാവുമാണ്. അല്ലാഹു സ്ത്രീകൾക്കായി സൃഷ്ടിച്ച ഇത്തരം വൈകാരിക സന്ദർഭളിൽ വലിയ അളവിലുള്ള മാനസിക പ്രയാസങ്ങളാണ് അവർ അഭിമുഖീകരിക്കുന്നത്. 60- 70 ശതമാനം മധ്യവയസ്‌കരായ സ്ത്രീകളും സൈക്യാട്രിക് ക്ലിനിക്കുകളിലെ സന്ദർശകരാണന്ന വസ്തുതയും നാമറിയേണ്ടതു തന്നെയാണ്.

സ്ത്രീ ഗർഭിണിയായിരിക്കെ ഗർഭസ്ത ശിശുവിനോടത്ത് ഏറെ വൈകാരികമായാണവർ കഴിഞ്ഞു കൂടുന്നത്. ആദ്യമാസങ്ങളിലെ ഓക്കാനം, ഛർദ്ദി, മറ്റ് ശാരീരിക പ്രയാസങ്ങൾ, എന്തെങ്കിലും കാരണത്താൽ എബോർഷനാവുമോ എന്ന ഉത്കണ്ഠ, തന്റെ പങ്കാളിക്ക് ആൺകുട്ടിയോടാണോ പെൺകുട്ടിയോടാണോ കൂടുതൽ താൽപര്യം, പഴയപോലെ ഭർത്താവിനെ പരിഗണിക്കാനും സേവിക്കാനും സാധിക്കാത്തതിലുള്ള മനപ്രയാസം, അതുവഴി ഭർത്താവ് ഭാര്യയിൽനിന്ന് അകലുന്നോ എന്ന തോന്നൽ, നിലവിലുള്ള കുട്ടികൾ വരാനിരിക്കുന്ന അതിഥിയെ എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത, ഇതെല്ലാം കൊണ്ട് കടുത്ത മനപ്രയാസവും ഉത്കണ്ഠയും ബാധിക്കുന്ന 50 ശതമാനം സ്ത്രീകളും പ്രസവ ശേഷം കടുത്ത വിഷാദത്തിന് അടിപ്പെടുന്നതായി പഠനങ്ങൾ പറയുന്നുണ്ട്.

ഒരു സ്ത്രീ തന്റെ മക്കളെ കെട്ടിപ്പിടിക്കുന്നത് വന്ധ്യയായ ഒരു സ്ത്രീ കാണുമ്പോഴുണ്ടാകുന്ന ഹൃദയമിടിപ്പ് ഒന്ന് ആലോജിച്ച് നോക്കൂ. തന്റെ ഭർത്താവ് തനിക്ക് നഷ്ടപ്പെടുമോ എന്ന ആശങ്കക്കും ഭയത്തിനും കാരണമാവുന്ന ഒന്നാണിത്. നമ്മുടെ നിലവിലെ സാമൂഹ്യ അവസ്ഥവച്ച് വിവാഹമോചനം വരെ സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണല്ലോ ഇത്. സമൂഹം ഇതവളുടെ വീഴ്ചയായാണ് മുദ്രകുത്താറ്. പരിഹാരമായി നിർദേശിക്കുന്ന ബഹുഭാര്യത്വം സ്ത്രീകളെ സംബന്ധിച്ചെടത്തോളം കഠിനമായ മാനസികാവസ്ഥയാണുണ്ടാക്കുക എന്നതും സുവിദിതമാണല്ലോ. ഇനി ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്നിരിക്കട്ടെ അതിന്റെ പേരിൽ സകല പഴികളും ആദ്യ ഭാര്യയുടെമേൽ കെട്ടിവെക്കുന്നതിൽ അജ്ഞരായ നമ്മുടെ സമൂഹം ഏറെ മുന്നിലുമായിരിക്കും. മറിച്ച് കുട്ടികളുള്ള സ്ത്രീ വിവാഹ മോചിതയാവുന്ന അവസ്ഥയൊന്ന് ആലോജിച്ച് നോക്കൂ. കുട്ടികൾ അവളോടപ്പമാണങ്കിൽ മറ്റൊരു പുരുഷനുമായുള്ള പുനർ വിവാഹത്തിൽ അത് സ്ത്രീക്ക് കടുത്ത മനപ്രയാസമാണുണ്ടാക്കുക. മക്കളെ കൂടെ കൂട്ടാതിരുന്നാലൂം മാതൃത്വ മനസ്സിലെ നീറ്റലിന് ഒരു കുറവും ഉണ്ടാവില്ല.

സ്ത്രീകളുടെ ജൈവശാസ്ത്രപരവും മാനസികവും വൈകാരികവുമായ ഘടന ഇതൊക്കെതന്നെയാണന്നതിൽ യാതൊരു സംശയവുമില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമാവേണ്ടത് അവരുടെ കുടുംബമാണന്നതിൽ യാതൊരു സംശയവുമില്ല. അങ്ങനെ ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും പരിചരണവും സ്ത്രീകളെ ഒരുപാട് സഹായിക്കും. മരുന്നുകളും വ്യായാമ മുറകളും ചില സന്ദർഭങ്ങളിൽ ഇത്തരക്കാർക്ക് ഉപകാരപ്പെട്ടേക്കാം. എന്നാൽ അതിനെക്കാൾ ഏറെ ഉപകാരപ്പെടുക തന്നോട് ചുറ്റുമുള്ളവരുടെ ശ്രദ്ധയും പരിഗണനയും തന്നെയാണ്. ആയതിനാൽ വൈകാരികമായ ഈ വെല്ലുവിളികളെ മറികടക്കാൻ സ്ത്രീക്ക് എപ്പോഴും ആവശ്യമുള്ളത് മാനസിക പിന്തുണയും പരിഗണനയും സ്‌നേഹ സ്പർശവും ഊഷ്മളമായ ആലിംഗനവും കാരുണ്യമുള്ള വാക്കും നോക്കുമെല്ലാമാണന്ന് സമൂഹം തിരിച്ചറിയണം.

പുരുഷൻ സ്ത്രീയെപ്പോലെയല്ല എന്നാണല്ലോ അല്ലാഹു പറഞ്ഞത്. പ്രവാചകൻ രണ്ട് കാര്യങ്ങൾ നമ്മെ പഠിപ്പിച്ചതിങ്ങനെയാണ് : സ്ത്രീകൾ പുരുഷൻമാരുടെ പകുതിയാണ് എന്ന പ്രഖ്യാപനമാണ് അതിലൊന്ന്. ഇത് പ്രതിഫലത്തിലും തൊഴിലിലും മാത്രമല്ല സകലതിലേക്കും ചേർത്ത് വായിക്കാവുന്ന ഒന്നാണല്ലോ. നിങ്ങൾ സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കണമെന്നതാണ് രണ്ടാമത്തെ നബി വചനം. സ്ത്രീകൾ പുരുഷൻമാരിൽ നിന്ന് ശാരീരികമായും മാനസികമായും ഒരുപാട് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തന്നെയാണ് അതിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നത്. അവർ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പലപല ശാരീരിക അവസ്ഥയിലൂടെയും മാനസിക സാഹചര്യങ്ങളിലൂടെയുമാണ് കടന്ന് പോവുന്നത്. പ്രവാചകൻ ഇവിടെ നടത്തിയിരിക്കുന്നത് കേവലമൊരു ഉപദേശമല്ല. മറിച്ച് നിരന്തരമായ ഓർമപ്പെടുത്തലും അങ്ങനെത്തന്നെയുള്ള പ്രവർത്തിയുമാണ്. ഇസ്ലാം സ്ത്രീയുടെ മനസ്സിനെ പ്രത്യേകമായാണ് പരിഗണിക്കുന്നത്. ആർത്തവം, ഗർഭം, പ്രസവം, മുലയൂട്ടൽ എന്നിങ്ങനെയുള്ള അവസ്തകളിൽ സ്ത്രീക്ക് പ്രത്യേക നിയമങ്ങളും പരിഗണനയുമാണ് ഇസ്ലാം അനുവദിച്ചിരിക്കുന്നത്. മുലയൂട്ടൽ ഒരു നിർബന്ധ ബാധ്യതയായി ഇസ്ലാം സ്ത്രീയുടെമേൽ വച്ചിട്ടില്ല എന്നതും ഓർക്കുക. ഗർഭിണിക്കൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സൗകര്യമൊരുക്കാനും പരിചരിക്കാനും ആവശ്യമായത് ചെലവഴിക്കണമെന്നാണ് ഇസ്ലാം നിർദേശിക്കുന്നത്. ഇതൊക്കെ പുരുഷൻ മനസ്സിലാക്കുന്നതിലൂടെ കുടുംബത്തിൽ സ്ഥിരത,ശാന്തത,സന്തോഷം എന്നിവ കളിയാടും. തീർച്ച.

വിവ- അബൂ ഫിദ

Related Articles