ദാമ്പത്യജീവിതത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച മതമാണ് ഇസ്ലാം. പരസ്പര ബഹുമാനത്തിന്റെയും പങ്കുവെക്കലിന്റെയും തെളിഞ്ഞ ആകാശമാണ് ദാമ്പത്യം. അല്ലാഹു പറയുന്നു: ‘നിങ്ങൾ പരസ്പരം വസ്ത്രമാണ്’
ഇമാം ശഅ്റാവി ഈ ആയത്തിന്റെ വ്യഖാനമായി ഇങ്ങനെ രേഖപ്പെടുത്തി. പൊതുവിൽ വസ്ത്രം കൊണ്ട് മൂന്ന് ഉപകാരങ്ങളാണുള്ളത്. ഒന്ന് ശരീരം മറയുന്നു എന്നത്, രണ്ട് സുരക്ഷിതത്വം, മൂന്നാമത്തേത് ഭംഗിയും.
മറച്ചുവെക്കൽ
പരസ്പരം കുറവുകളെ മറച്ചു വെക്കേണ്ടത് ഏതൊരു ബന്ധത്തിന്റെയും അടിക്കല്ലാണ്. ഇല്ലായ്മയെ കുറിച്ച് മാത്രം പറഞ്ഞും ഇകഴ്ത്തി പറഞ്ഞും മനസ്സ് അസ്വസ്തമാക്കിക്കൂടാ. തമ്മിൽ ഉണ്ടാവുന്ന ഭിന്നതകളെ ഉൾകൊള്ളാനുള്ള വലിയ മനസ്സുണ്ടാകുക എന്നതാണ് പ്രധാനം. പിടിവാശിയും അഹങ്കാരവും നല്ല ബന്ധങ്ങളുടെ വേരറുത്തു കൊണ്ടേയിരിക്കും.
സ്വകാര്യത
കിടപ്പറയിലെ സ്വകാര്യതകളെ സ്വകാര്യതകളായി തന്നെ കാണേണ്ടത് അനിവാര്യമാണ്. അസ്മാഅ് ബിൻത് സൈദ്(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി തങ്ങൾ സ്വകാര്യതകളെ പരസ്പരം പങ്കുവെക്കുന്ന ആളുകളെ ഉപമിക്കുന്നതിങ്ങനെയാണ്, ‘തന്റെ പെൺ പിശാചിനെ ജനങ്ങൾ നോക്കിനിൽക്കെ പ്രാപിക്കുന്ന ആൺപിശാചിനെ പോലെയാണവർ’. അഥവാ ഇത്തരം വിഷയങ്ങളിൽ ഇരുവർക്കും സ്വകാര്യതയുടെ കണ്ണ് വേണം.
അടിസ്ഥാനപരമായ വിഷയങ്ങളിലായാലും ഇരുവരും ശ്രദ്ധപുലർത്തുന്നത് ഗുണം ചെയ്യും. ഉദാഹരണത്തിന് തന്റെ ഇണയുടെ വസ്ത്രധാരണ രീതി ഇസ്ലാമിക ചിട്ടയോട് ചേർന്നുനിൽകാത്തതാണെങ്കിൽ, അതേ കുറിച്ച് ഉണർത്തുകയോ തിരുത്തുകയോ ചെയ്യണം.
പെരുമാറ്റ രീതികളിൽ ആയാലും അമിതസംസാരവും അനാവശ്യമായ കാര്യങ്ങളിലുള്ള ഇടപെടുകളും പരസ്പരം ഉപദേശിക്കാനും തിരുത്താനും തയ്യാറാവുകയാണ് വേണ്ടത്.
മറ്റുള്ളവരിൽ നിന്ന് കുറവുകളെ മറച്ചു വെക്കുന്ന പോലെ തന്നെ ദമ്പതികൾ പരസ്പരം കഴിവ്കേടിനെ കുറിച്ച് മാത്രം ചൂണ്ടികാണിക്കുന്ന സ്വഭാവവും നന്നല്ല. അറിവില്ലായ്മ കൊണ്ടോ മറ്റോ വല്ലതും സംഭവിച്ചു പോയെങ്കിൽ പരസ്പരം ക്ഷമിക്കാനും പൊറുക്കാനുമുള്ള വലിയ മനസ്സ് കാണിക്കുക. തിരുത്തേണ്ട അവസരത്തിൽ മാന്യമായി തിരുത്തുക.
സുരക്ഷിതത്വം
അങ്ങോട്ടുമിങ്ങോട്ടും സുരക്ഷിതത്വത്തിന്റെ കവചമാകുക എന്നതും പ്രധാനമാണ്. അടിസ്ഥാനപരമായുള്ള സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെങ്കിൽ പോലും, സാധ്യമാവും വിധം മാനസികമായും മറ്റും ഭാര്യ നൽകുന്ന പരിഗണനയും സഹായവും മറ്റും അവരിൽ ചെറുതല്ലാത്ത ആശ്വാസം നൽകും. പരസ്പരം മോശമായ സ്വഭാവങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള ശക്തിപകരാൻ ഇണകൾക്കാവണം. മുൻകോപമുള്ള ഒരാളോട് ശ്രദ്ധയോടെ പെരുമാറുകയും പതിയെ തിരുത്താനും അപക്വമായ പെരുമാറ്റങ്ങളെ മാറ്റിയെടുക്കാനും ശ്രമങ്ങളുണ്ടാവണം.
മനോഹരമായ ഒരു കഥ കൂടി ഇവിടെ ചേർത്തുവയ്ക്കാം. ഒരിടത്തു അതിസുന്ദരിയായ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കുന്നു.
തന്റെ ഭംഗിയെ ആവോളം ആസ്വദിച്ചും പങ്ക് വെച്ചും കൊണ്ട്, സന്തോഷത്തോടെ ജീവിക്കുകയാണവർ. അങ്ങനെയിരിക്കയാണ് ഭാര്യക്ക് ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത ഒരു അസുഖം പിടിപെടുന്നത്. നാൽപ്പതുകളിലെ ചില അസ്വസ്ഥതകൾ ഒഴിച്ച് നിർത്തിയാൽ അവർ തികച്ചും ആരോഗ്യവതിയായിരുന്നു. പെട്ടെന്നുള്ള മുടികൊഴിച്ചിലാണ് അവരെ ഡോക്ടറുടെ അടുത്തെത്തിച്ചത്. രോഗനിർണയത്തിനുശേഷം ഡോക്ടർ ഭർത്താവുമായി സംസാരിച്ചു. രോഗത്തിന്റെ ഗൌരവമറിഞ്ഞ് ഭർത്താവ് ഇതറിഞ്ഞാൽ വിഷമത്തിലാവുന്ന തന്റെ ഭാര്യയെ ഓർത്ത് രോഗം മറച്ചു വെക്കുന്നു.
രണ്ടുദിവസങ്ങളെങ്ങനെ കടന്നു പോയി. ഒരു ദിവസം പുറത്തു പോയ ഭർത്താവ് തന്റെ രണ്ട് കണ്ണിന് മേലെയും ഒരു കെട്ടുമായാണ് തിരിച്ചു വന്നത്. കാര്യം തിരക്കിയ ഭാര്യയോട് ജോലിക്കിടയിൽ പണിയായുധം വീണ് പരിക്കുപറ്റിയ കാര്യം പങ്ക് വെച്ചു. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കാഴ്ച നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു എന്നും പറഞ്ഞു.
ഇരുവരും മാസങ്ങളോളം ഒരുമിച്ച് തന്നെ കഴിഞ്ഞു. അസുഖം കാരണം തളർന്ന ഭാര്യ കാഴ്ചനഷ്ടപ്പെട്ട ഭർത്താവിന് മുന്നിൽ തികച്ചും സൗന്ദര്യവതിയായി തന്നെ തുടർന്നു. പൊടുന്നനെ ഒരു നാൾ അസുഖം മൂർഛിച്ച് തന്റെ ഭർത്താവിനെ തനിച്ചാക്കി അവൾ മരണപ്പെടുന്നു. കാഴ്ച നഷ്ടപ്പെട്ട ഭർത്താവ് തന്റെ ഇണയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കുന്നത് കണ്ട് ജനം കണ്ണുനിറച്ചു. അവസാന കർമ്മവും പൂർത്തിയാക്കി അയാൾ ചുറ്റുമുള്ളവരോട് പറഞ്ഞു: ‘അവൾക്ക് അസുഖം ബാധിച്ച വിവരമറിഞ്ഞ അന്നുമുതൽ അവൾ തന്റെ വിധിയോർത്ത് സങ്കടപ്പെടുമോ എന്നതായിരുന്നു എന്റെ വലിയ ആശങ്ക. അവളുടെ കൂടെ കണ്ണ്കാണാത്തവനെ പോലെ ജീവിക്കാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെട്ടത്, അവളുടെ സന്തോഷത്തിന്റെ നാളുകൾ കെട്ടു പോവാതിരിക്കാൻ വേണ്ടി മാത്രം’
സൗന്ദര്യം
ഇണയുടെ കണ്ണിൽ എപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇരുവരും ശ്രദ്ധിക്കണം. മക്കൾ ഉണ്ടായ ശേഷം സൗന്ദര്യത്തിൽ ശ്രദ്ധ കൊടുക്കാത്ത അനേകം ദമ്പതികളെ ഞാൻ കണ്ടിട്ടുണ്ട്. ഖുർആൻ പറയുന്നു: ‘ ബാധ്യതകൾ ഉള്ളതുപോലെ അവകാശങ്ങളും ഭാര്യമാർക്കുണ്ട് ‘
ഇബ്നു അബ്ബാസ്(റ) പറഞ്ഞു : ‘ എന്റെ ഭാര്യയെ അണിഞ്ഞൊരുങ്ങി കാണാൻ ആഗ്രഹിക്കുന്ന പോലെ തന്നെ, ഞാൻ എന്റെ ഭാര്യക്ക് വേണ്ടിയും അണിഞ്ഞൊരുങ്ങാറുണ്ട് ‘.
വീടിന്റെ അകത്തളങ്ങളിൽ ആയാലും ഭംഗിയായിരിക്കുക എന്നത് ഇരുവർക്കും പ്രധാനമാണ്. ഭാര്യമാർക്ക് വേണ്ടി അണിഞ്ഞൊരുങ്ങുന്ന ഏറ്റവും ഉദാത്തമായ മാതൃക നമുക്ക് നബി തങ്ങളിൽ തന്നെ കാണാം. പ്രവാചകൻ പഠിപ്പിച്ചു: ‘ ഭാര്യമാരോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ. ഭാര്യമാരോട് ഏറ്റവും നന്നായി വർത്തിക്കുന്നവനാണ് ഞാൻ ‘.
ഭാര്യമാരോട് നല്ലത് ചെയ്യാൻ കൽപ്പിക്കുന്നതിന്റെ കൂട്ടത്തിൽ റസൂൽ ഊന്നി പറഞ്ഞത് അവർക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതിനെ കുറിചായിരുന്നു. പ്രവാചകൻ വീട്ടിൽ കയറിയാൽ ആദ്യം മിസ്‌വാക്ക് ചെയ്യുമായിരുന്നു. സൽമാനുൽ ഫാരിസി(റ) അബ്ദുറദാഅ്(റ)നെ ഉപദേശിച്ച കൂട്ടത്തിൽ ‘നിന്റെ ഭാര്യക്ക് നിന്റെ മേൽ അവകാശങ്ങളുണ്ട്. അവകാശികൾക്ക് അവരുടെ വിഹിതം പൂർണ്ണമായും നൽകുക’ എന്ന് പറഞ്ഞതായി ചരിത്രത്തിൽ കാണാം.
വൃത്തിയും ഒതുക്കവും എപ്പോഴും കൂടെ കൂട്ടുന്നത് നല്ല പെരുമാറ്റത്തിന്റെ അടയാളമാണ്. മാനസികമായും ശാരീരികമായും ഏറ്റവും മനോഹരമായി തന്റെ പങ്കാളിക്ക് മുന്നിൽ നിൽക്കുക. പരസ്പരം അവകാശങ്ങളെ വകവെച്ചു നൽകുക. എന്ത് നൽകുന്നോ അതാണ് നമുക്ക് തിരിച്ചു കിട്ടുക.
ശാരീരികമായും മാനസികമായും ഇണകൾ പരസ്പരം തൃപ്തിപ്പെടുത്തുക എന്നത് സുപ്രധാനമായ ഒരു ഘടകമാണ്. അതിന്റെ അഭാവമാണ് ഇന്നത്തെ കുടുംബ പ്രശ്നങ്ങളുടെ മൂല കാരണം. ചെറിയ അശ്രദ്ധകൾ പോലും വിവാഹ മോചനത്തിലേക്ക് വരെ എത്തിക്കുന്ന അതിദാരുണമായ സംഭവങ്ങളുണ്ടാവാറുണ്ട്.
ഇണകൾ തമ്മിലുണ്ടാവേണ്ട അടുപ്പത്തെയാണ് ആദ്യം പറഞ്ഞ വസ്ത്രത്തിന്റെ ഉപമ സൂചിപ്പിക്കുന്നത്. ദമ്പതികൾ പരസ്പരം ഏറ്റവും അടുത്ത സുഹൃത്തു കൂടിയായിരിക്കണം. ഏത് പ്രതിസന്ധികളിലും തളരാതെ പിടിച്ചു നിൽക്കാൻ പരസ്പരം ഊന്നുവടിയാവുക, ആ സ്നേഹവും പരിഗണനയും റബ്ബിന്റെ സ്വർഗത്തിലേക്കുള്ള വഴിയാണ് വരച്ചു കാണിക്കുന്നത്.
വിവ: ഫഹ്‌മിദ സഹ്റാവിയ്യ
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp