Current Date

Search
Close this search box.
Search
Close this search box.

ആ സംസാരം അൽപ്പം നേരത്തെ ആകാമായിരുന്നു!

‘മകളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസങ്ങളായി. അവൾ കുറച്ച് പ്രയാസത്തിലാണ്. പുയ്യാപ്ലക്ക് മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായത് പിന്നീടാണ്. അവൻ ജോലി ചെയ്യുന്ന വിദേശത്തെ കമ്പനിയുടെ മാനേജറെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിയാനായത്. ഈ വിളി നേരത്തെ ആയിരുന്നെങ്കിൽ എൻ്റെ മകൾക്ക് ഈ ദുരവസ്ഥ വരില്ലായിരുന്നു.’ ഈയിടെ ഒരു രക്ഷിതാവ് കണ്ണീരണിഞ്ഞു കൊണ്ട് പറഞ്ഞ വാക്കുകൾ. വിവാഹാനന്തരം ഏതാനും മാസങ്ങൾക്കകം വധുവിൻ്റെയും വരൻ്റെയും രക്ഷിതാക്കൾ ഇതേ വേദന പങ്കുവെക്കുന്ന അനുഭവങ്ങൾ നിരവധിയുണ്ട്. എന്താണിതിൻ്റെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

വധൂവരൻമാരുടെ വ്യക്തിത്വമാണ് പ്രധാനം
ആവശ്യമായ അന്വേഷണങ്ങൾ നടത്താതെ, വേണ്ടത്ര അവധാനതയില്ലാതെ വിവാഹബന്ധങ്ങൾ രൂപപ്പെടുത്തുന്നത് ദാമ്പത്യ പ്രശ്നങ്ങളുടെ കാരണങ്ങളിൽ പ്രധാനമാണ്. പലർക്കും ഈ തെറ്റ് സംഭവിക്കുന്നുണ്ട് എന്നാണ് പല കുടുംബ പ്രശ്നങ്ങളും കൈകാര്യം ചെയ്യുമ്പോൾ മനസ്സിലായിട്ടുള്ളത്. അന്വേഷണങ്ങളിലെ സൂക്ഷ്മതക്കുറവ് തന്നെയാണ് ദാമ്പത്യ ബന്ധത്തിലെ ഒന്നാമത്തെ വില്ലൻ. വിവാഹം രണ്ട് വ്യക്തികളും രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധമാണ്. എന്നാൽ, ഇരു കുടുംബങ്ങളുടെയും അവസ്ഥകൾ പരിശോധിക്കുന്നതോടൊപ്പം, ഏറെ പ്രാധാന്യത്തോടെ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വ്യക്തിത്വങ്ങളെ സംബന്ധിച്ചാണ് കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടത്. വിവാഹം ഉദ്ദേശിക്കുന്ന കുട്ടികളുടെ സ്വഭാവം, പ്രകൃതം, താൽപര്യങ്ങൾ, ശാരീരികാവസ്ഥ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയെല്ലാം സൂക്ഷ്മമായിത്തന്നെ അറിയണം. അങ്ങനെ അറിയണമെങ്കിൽ വിശദമായ അന്വേഷണം, ആവശ്യമായ സമയമെടുത്ത് നടക്കണം.

പക്ഷേ, ചില വിവാഹങ്ങളിൽ സംഭവിക്കാറുള്ളത് ഇങ്ങനെയല്ല. കുട്ടികളുടെ മാതാപിതാക്കൾ, വല്യുപ്പ, വല്യുമ്മ, അമ്മാവൻമാർ, സഹോദരങ്ങൾ തുടങ്ങിയവരുടെ വ്യക്തിത്വം കണ്ട് ചിലർ വിവാഹം നടത്താറുണ്ട്. ‘അവൻ്റെ പിതാവ് നല്ല വ്യക്തിയാണ്, ശാന്ത പ്രകൃതം, ആർക്കും കുറ്റം പറയാനില്ല, അന്വേഷിച്ചപ്പോൾ എല്ലാവരും പിതാവിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ വിവാഹം നടത്തിയത്’ – ഈയടുത്ത് ഒരു രക്ഷിതാവ് പറഞ്ഞതാണിത്! ‘പിതാവിനാണോ നിങ്ങൾ മകളെ വിവാഹം ചെയ്ത് കൊടുത്തത്? അതോ, അയാളുടെ മകന്നോ?’ ഞാൻ ചോദിച്ചു! ‘മകന്ന് തന്നെയാണല്ലോ. പക്ഷേ, അവനെക്കുറിച്ച് കുറച്ച് കൂടെ അന്വേഷിക്കേണ്ടതായിരുന്നു. എനിക്ക് സൂക്ഷ്മതക്കുറവ് സംഭവിച്ചിട്ടുണ്ട്’ അദ്ദേഹം സ്വന്തം വീഴ്ച്ച സമ്മതിച്ചു. ഈ വീഴ്ച്ചക്ക് പക്ഷേ, ആ കുടുംബം നൽകേണ്ടി വരുന്ന വില വളരെ വലുതാണ്.

നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനും നേതാവുമായ ഒരാളുടെ മകന്ന്, മകളെ വിവാഹം ചെയ്തു കൊടുത്ത ഒരു രക്ഷിതാവും ഏറക്കുറെ ഇതേ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. പലതരം പ്രശ്നങ്ങൾ ഉള്ളവനായിരുന്നു ആ മകൻ! പക്ഷേ, ‘അദ്ദേഹത്തിൻ്റെ മകനല്ലേ, നല്ല ബന്ധമായിരിക്കും! മകന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരു മത നേതാവായ അദ്ദേഹം അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കില്ലല്ലോ’ ഇതാണ് പെൺകുട്ടിയുടെ പിതാവ് ചിന്തിച്ചത്. അതുകൊണ്ട് അദ്ദേഹം കൂടുതലൊന്നും അന്വേഷിച്ചില്ല! വിവാഹം നടന്ന് ഏതാനും ആഴ്ച്ചകൾക്കകം തന്നെ അവൻ്റെ പ്രശ്നങ്ങൾ പൊങ്ങിവരാൻ തുടങ്ങി. അപ്പാഴാണ് അവനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലും മറ്റും ബന്ധപ്പെട്ട്, അവനെ സംബന്ധിച്ച് മനസ്സിലാക്കാൻ ശ്രമിച്ചത്. അവന് മകളെ വിവാഹം ചെയ്ത് കൊടുക്കാൻ പാടില്ലായിരുന്നു എന്ന് പരിതപിക്കുന്ന ആ പിതാവ്, ‘അവൻ്റെ കമ്പനിയിലേക്ക് ഞാൻ നേരത്തെ വിളിച്ചാൽ മതിയായിരുന്നു’ എന്ന് പിന്നീട് വിലപിക്കുന്നതിൽ അർത്ഥമില്ലല്ലോ!

‘നിങ്ങൾ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തിയാൽ, അവളെ ഇണയായി തെരഞ്ഞെടുക്കാൻ കാരണമാകുന്ന ഘടകങ്ങൾ അവളിൽ കണ്ടെത്താൻ സാധിച്ചാൽ അപ്രകാരം ചെയ്യട്ടെ’ എന്ന ആശയമുള്ള ഒരു നബി വചനം അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. താൻ വിവാഹം അന്വേഷിച്ച പെൺകുട്ടിയെക്കുറിച്ച് രഹസ്യമായി സൂക്ഷ്മാന്വേഷണം നടത്തിയ അനുഭവം നബി ശിഷ്യൻ ജാബിർ പങ്കുവെച്ചതും കാണാം. ഈ സൂക്ഷ്മാന്വേഷണം പ്രവാചകൻ പഠിപ്പിച്ചതും ആണിനും പെണ്ണിനും ബാധകമാകുന്നതുമാണ്. സ്വകാര്യതകൾ സംരക്ഷിച്ചു കൊണ്ടു മാത്രമേ ഏതൊരു അന്വേഷണവും നടത്താവൂ എന്ന് മാത്രം. ഒരാളുടെയും അഭിമാനം ക്ഷതപ്പെടുത്താനും സ്വകാര്യത വെളിപ്പെടുത്താനും പാടില്ലാത്തതാണ്.

അവധാനത അനിവാര്യമാണ്!
ഏതാനും മാസങ്ങളിലേക്കോ, വർഷങ്ങളിലേക്കോ മാത്രമുള്ള താൽക്കാലിക പരിപാടിയല്ല, ജീവിത കാലം മുഴുവൻ തുടരേണ്ട ആത്മബന്ധത്തിൻ്റെ ആധാരമാണല്ലോ വിവാഹം. ജീവിതകാലത്തേക്ക് മുഴുവനായുള്ള ഒരു ബന്ധം തീരുമാനിക്കാൻ അൽപ്പം സാവകാശം ആവശ്യമല്ലേ! പല കാര്യങ്ങളും ഗൗരവത്തിൽ ആലോചിക്കേണ്ടതില്ലേ! പെട്ടന്ന് വിവാഹം നടന്നു കിട്ടുന്നതിനെ കുറിച്ച് ആധികൊള്ളുകയാണോ, വിവാഹാനന്തരമുള്ള ജീവിതത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കുകയാണോ നാം ചെയ്യേണ്ടത്! വിവാഹത്തെ മുൻനിറുത്തിയല്ല, ജീവിതത്തെ മുന്നിൽകണ്ടാണ് ആലോചനകൾ നടക്കേണ്ടത്. ‘ധൃതി പൈശാചികമാണ്’ എന്ന പ്രവാചക പാഠം വിവാഹ തീരുമാനങ്ങളിൽ കൃത്യമായി ഉൾക്കൊള്ളാനായാൽ, പല ദാമ്പത്യ പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കുടുംബത്തിലെ മുതിർന്നവരുടെ സമ്മർദ്ദവും പ്രവാസ ജീവിതവും വിവാഹാന്വേഷണത്തിലെ ധൃതിയുടെ കാരണങ്ങളിൽ പ്രധാനമാണ്. ‘അവൻ അടുത്ത മാസം വരും, ഒരു മാസത്തെ ലീവേ ഉള്ളൂ, അതിനുള്ളിൽ എല്ലാം ശരിയാക്കണം’ പലരും പറയാറുള്ളതാണിത്. ചിലർ, പ്രധാന ബന്ധുക്കളുടെ യാത്രകൾക്കും മറ്റുമനുസരിച്ചും വിവാഹബന്ധം ശരിയാക്കാൻ ശ്രമിക്കാറുണ്ട്. പ്രവാസികളായ മക്കളുടെയും ബന്ധുക്കളുടെയും അവധിക്ക് അനുസരിച്ച് വിവാഹ ചടങ്ങുകൾ നടത്താം. പക്ഷേ, ഇണകളെ തീരുമാനിക്കാൻ പാടില്ല. ഇണകളെ തെരഞ്ഞെടുക്കുന്നത്, ഇരുവർക്കുമിടയിലെ ചേർച്ചകൾ പരിഗണിച്ചായിരിക്കണം, കമ്പനിയുടെ കലണ്ടറിലെ ലീവ് ദിനങ്ങൾ നോക്കിയാകരുത്.

കുടുംബത്തിലെ സമപ്രായക്കാരുടെ വിവാഹം നടക്കുന്നതിനാൽ, മുതിർന്നവരിൽ നിന്ന് ചില കുട്ടികൾക്ക് അമിത സമ്മർദ്ദം ഉണ്ടാകാറുണ്ട്. വല്ല്യുമ്മമാരും മുതിർന്ന സ്ത്രീകളുമാണ് സമ്മർദ്ദക ശക്തിയിൽ പലപ്പോഴും മുന്നിലുണ്ടാവുക. അനിയത്തിയുടെ/അനിയൻ്റെ വിവാഹമാണ് മറ്റൊരു കാരണം. ശരിയാണ്, ഇത്തരം അവസ്ഥകളെല്ലാം പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, കിട്ടിയ ബന്ധം ധൃതിപിടിച്ച് തീരുമാനിക്കാൻ ഇതൊന്നും അടിസ്ഥാനമാക്കാൻ പാടില്ലാത്തതാണ്. ഓരോരുത്തർക്കും അവരുടെതായ വ്യക്തിത്വമുണ്ടാകും. ഏറക്കുറെ, അതിനുചേർന്ന ഇണകളെ കിട്ടും വരെ കാത്തിരിക്കുക തന്നെ വേണം. സമപ്രായക്കാരുടെ വിവാഹം നടക്കുന്നുണ്ടോ എന്നതല്ല, യോജിച്ച ഇണയിലേക്ക് എത്തിയിട്ടുണ്ടോ എന്നതാണ് പരിഗണിക്കേണ്ടത്. അനിയത്തി/അനിയൻ വിവാഹപ്രായമാകുന്നു എന്നതല്ല, ജ്യേഷ്ടത്തിക്കും ജ്യേഷ്ടനും സംതൃപ്തമായ ബന്ധം ശരിയായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ആദ്യം നല്ല ബന്ധം ആർക്ക് കിട്ടുന്നുവോ, അവരുടെ വിവാഹം ആദ്യം നടത്തിയാലും പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് സമൂഹം വളരുകയും ചെയ്യേണ്ടതുണ്ട്.

ആവശ്യത്തിന് സമയം കൊടുക്കണം
അൽപ്പം നേരത്തെ തന്നെ അന്വേഷണങ്ങൾ തുടങ്ങുക എന്നതാണ് ധൃതി പിടിച്ചുള്ള വിവാഹതീരുമാനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം. അന്വേഷണത്തിൽ കുടുംബാംഗങ്ങൾ ആവശ്യമായ അവധാനത പുലർത്തുക മാത്രമല്ല, വധൂവരൻമാരാകാൻ ഒരുങ്ങുന്നവർക്ക് പരസ്പരം ബോധ്യപ്പെടാൻ ആവശ്യത്തിന് സമയം കൊടുക്കുകയും വേണം. ‘ വിവാഹം ഉറപ്പിക്കും മുമ്പ് എനിക്ക് രണ്ടാമതൊന്നുകൂടി അവനോട് സംസാരിക്കാൻ നിങ്ങൾ അവസരം തന്നില്ലല്ലോ’ എന്ന് വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടി പിതാവിനോട് പരാതി പറഞ്ഞത്, അദ്ദേഹം തന്നെയാണ് എന്നോട് പങ്കുവെച്ചത്. ജീവിതം കാലം മുഴുവൻ കൂടെക്കൂട്ടേണ്ട ഒരാളെ, ഒരൊറ്റ കാഴ്ച്ചയിൽ, മിനിറ്റുകളുടെ സംസാരം കൊണ്ടു തന്നെ തീരുമാനിക്കാം എന്ന് വരുന്നത് എല്ലാവരുടെ കാര്യത്തിലും ശരിയായില്ല, വിശേഷിച്ചും നമ്മുടെ കാലത്ത്.

മകളുടെ വിവാഹാന്വേഷണത്തിനിടയിൽ ഒരു പിതാവ് എന്നെ കാണാൻ വന്നു. അവർ തമ്മിൽ കൂടിക്കാഴ്ച്ച നടക്കുന്നുണ്ട്, നാടൻ ഭാഷയിൽ പറഞ്ഞാൽ, പെണ്ണ് കാണൽ! പിതാവിൻ്റെ മുഖത്തെ ആധി എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു. ‘അവൻ കണ്ടിട്ട് പോകട്ടെ, നിങ്ങൾ അവളോടൊന്നും ചോദിക്കണ്ട! രണ്ട്, മൂന്ന് ദിവസം സമയം കൊടുക്കുക, അവൾ ചിന്തിക്കട്ടെ. ശേഷം, അവൾ നിങ്ങളോട് ഇങ്ങോട്ട് പറയും’! ഇതായിരുന്നു എൻ്റെ നിർദ്ദേശം. അദ്ദേഹം അപ്രകാരം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അവൾ ആ ബന്ധം വേണ്ടെന്ന് പറയുമ്പോൾ, കാരണങ്ങൾ മാതാപിതാക്കൾക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ടായിരുന്നു. അത് ശരിയായിരുന്നു താനും.

സാധാരണയിൽ സംഭവിക്കുക ഇങ്ങനെയല്ല. ‘പെണ്ണുകാണൽ’ ചടങ്ങ് തീരുംമുമ്പേ, അല്ലെങ്കിൽ, കഴിഞ്ഞ ഉടനെ ചോദ്യം വരും, ‘എന്താ നിനക്ക് ഇഷ്ടമായോ’? ആവശ്യത്തിന് ആലോചിക്കാൻ സമയം കൊടുക്കാതെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. എന്നുമാത്രമല്ല, ആവശ്യമെങ്കിൽ ഒന്നിലേറെ തവണ കണ്ട് സംസാരിക്കാനും വിവാഹാന്വേഷണ വേളയിൽ അവസരമുണ്ടാകണം. എൻ്റെ സുഹൃത്തിൻ്റെ മകൾക്ക് വന്ന ഒരു വിവാഹന്വേഷണം! ഒരു തവണ കണ്ടു. വിവാഹം നടത്താം എന്ന ധാരണയിലേക്ക് പോവുകയായിരുന്നു രക്ഷിതാക്കൾ. പക്ഷേ, അവളെ രണ്ടാമതൊരിക്കൽ കൂടി കാണണം എന്നായി പയ്യൻ. അതിന് അവസരം നൽകാൻ രക്ഷിതാക്കൾ മടിച്ചില്ല. വലിയ ഗുണമാണ് ആ രണ്ടാം കാഴ്ച്ചക്ക് ഉണ്ടായത്.

ആദ്യ കൂടിക്കാഴ്ച്ചയിൽ, രക്ഷിതാക്കളുടെ സാന്നിധ്യവും മറ്റു ചില സമ്മർദ്ദങ്ങളും കാരണം പറയാൻ കഴിയാതിരുന്ന ഒരു പ്രധാന കാര്യം അവൻ പങ്കുവെച്ചു. അവന് ഉണ്ടായിരുന്ന പ്രണയബന്ധമായിരുന്നു വിഷയം. അവനത് മനസ്സിൽ നിന്ന് കളയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, സാധിക്കുന്നില്ല. കുറച്ച് കഴിഞ്ഞാൽ ഒരു പക്ഷേ സാധിക്കുമായിരിക്കാം. അതിന് ആ പെൺകുട്ടിയെ പരീക്ഷണ വസ്തുവാക്കുന്നത് ശരിയല്ല എന്നവൻ തിരിച്ചറിഞ്ഞു. അവനത് അവളോട് തുറന്ന് പറയാൻ കഴിഞ്ഞത് രണ്ടാമത്തെ കൂടിക്കാഴ്ച്ചയിലാണെന്ന് മാത്രം! മാതൃകാപരമാണ് ഈ നടപടി. തൻ്റെ ആഗ്രഹങ്ങൾ പോലെ പ്രധാനമാണ്, മറ്റുള്ളവരുടെ ജീവിതവും സ്വപ്നങ്ങളും എന്ന ഉയർന്ന നിലപാടാണിത്. തന്മയീഭാവം (empothy) എന്ന് പറയുന്നത് ഇതിനെയാണ്.

നബി സന്നിധിയിൽ നടന്ന ഒരു സംഭവമുണ്ട്. ഒരാൾ കയറി വന്ന് താൻ ഒരു സ്ത്രീയെ വിവാഹം അന്വേഷിച്ചതായി അറിയിച്ചു. നീ അവളെ ശരിക്കും നോക്കിയോ? നബിയുടെ ചോദ്യം. ഇല്ലെന്ന് അയാളുടെ മറുപടി. ‘നീ പോയി അവളെ ശരിക്കും കണ്ടിട്ട് വരൂ’ നബി അയാളെ പറഞ്ഞയച്ചു. ഒരിക്കലും കാണാത്ത ഒരു സ്ത്രീയെ ആയിരിക്കില്ലല്ലോ അയാൾ വിവാഹം അന്വേഷിച്ചത്. അയാൾക്കറിയാവുന്ന, അയാൾ കണ്ടിട്ടുള്ള പെണ്ണിനെയായിരിക്കും! അപ്പോൾ, ‘നീ അവളെ നോക്കിയൊ’? എന്ന് നബി ചോദിച്ചത്, വെറും കാഴ്ച്ചയെക്കുറിച്ചല്ല. അവളെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന അർത്ഥത്തിലാണ്. വിവാഹം അന്വേഷിച്ച സ്ത്രീയുടെ അടുത്തേക്ക് മുഗീറ എന്ന ശിഷ്യനെ പറഞ്ഞയക്കുന്ന നബി, ‘നിങ്ങൾ ഇരുവർക്കുമിടയിൽ നല്ല ബന്ധങ്ങൾ ഉണ്ടാകാൻ അതാണ് സൂക്ഷ്മത’ എന്ന് നബി പറയുന്നത് ഈ അർത്ഥത്തിൽ മനസ്സിലാക്കാവുന്നതാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles