Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ജീവിതത്തെ ഭയക്കേണ്ടതില്ല

എനിക്ക് മുപ്പത് വയസ്സ് കഴിഞ്ഞു, എന്നാൽ ഞാനിതുവരെയും വിവാഹിതനായിട്ടില്ല. വിവാഹത്തെ കുറിച്ചുള്ള ഭയമാണ് കാരണം. എനിക്കൊരു കുറവുമില്ല, വീടും പണവുമെല്ലാം ഉണ്ട്. പക്ഷെ വിവാഹത്തെ കുറിച്ച് തീരുമാനമെടുക്കാൻ ഭയം അനുവദിക്കുന്നില്ല. എന്റെ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം താങ്കളുടെ പക്കലുണ്ടോ? ഇങ്ങനെ പ്രശ്നം അവതരിപ്പിച്ചു കൊണ്ടാണ് ആ യുവാവ് എന്റെയടുക്കൽ എത്തിയത്. ഞാൻ പറഞ്ഞു: താങ്കളുടെ ഭയത്തിന്റെ കാരണം അറിഞ്ഞാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കുന്നതിൽ സഹായിക്കാൻ എനിക്ക് സാധിക്കൂ. ഭയത്തിന്റെ കാരണം തനിക്കറിയില്ലെന്നായിരുന്നു അവന്റെ മറുപടി. ഞാൻ ചോദിച്ചു: ജീവിതത്തിൽ മറ്റെന്തെങ്കിലും നീ ഭയക്കുന്നുണ്ടോ? വിമാന യാത്ര, ആളുകളെ അഭിമുഖീകരിക്കൽ പോലുള്ള കാര്യങ്ങൾ? അല്ലെങ്കിൽ വിവാഹത്തെ മാത്രമാണോ ഭയം? അവൻ പറഞ്ഞു: വിവാഹത്തെയും ഒരു സ്ത്രീയോട് ബന്ധം സ്ഥാപിച്ച് അവൾക്കൊപ്പം ജീവിക്കുന്നതിൽ മാത്രമാണ് ഭയം.

ഞാൻ പറഞ്ഞു: എങ്കിൽ താങ്കളുടെ ഭയത്തിന്റെ കാരണം ഞാൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും. ദാമ്പത്യ ജീവിതം പരാജയപ്പെടുമെന്ന പേടി, ഇണയെ തെരെഞ്ഞെടുക്കുന്നതിൽ അബദ്ധം സംഭവിക്കുമോയെന്ന പേടി, കുടുംബത്തിന്റെയും മക്കളുടെയും ഉത്തരവാദിത്വം വഹിക്കേണ്ടി വരുമെന്ന പേടി, തന്നെക്കാൾ കരുത്തുറ്റ ഒരു വ്യക്തിത്വത്തിന്റെ ഉടമയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്യുന്നതെങ്കിൽ തന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു പോകുമോയെന്ന ഭയം, വൈകാരിക സ്നേഹബന്ധത്തിൽ പരാജയപ്പടുമോയെന്ന മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വൈവാഹിക ജീവിതം പരാജയപ്പെട്ടതിന്റെ ഫലമായുള്ള ഭയം, നിലവിൽ ജീവിക്കുന്ന കുടുംബത്തിൽ നിന്ന് വേർപെടുന്നതിലെ ഭയം, ജീവിതത്തിൽ നിയന്ത്രണങ്ങളും വ്യവസ്ഥകളും താൽപര്യപ്പെടാത്തതിനാൽ വിവാഹത്തെ ഭയക്കുന്നു, ഒറ്റക്ക് ജീവിക്കാനാണ് നീ പഠിച്ചിട്ടുള്ളത് തുടങ്ങിയ കാരണങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും നിന്റെ ഭയത്തിന് കാരണം. ഇതിലേതാണ് നിന്റെ കാരണമായി നീ തിരിച്ചറിയുന്നത്?

അവൻ പറഞ്ഞു: ജീവിതത്തിലുടനീളം ഒറ്റക്ക് ജീവിക്കാനാണ് ഞാൻ പഠിച്ചത്. ഒരുപക്ഷേ അതായിരിക്കാം എന്റെ ഭയത്തിന്റെ കാരണം. അല്ലെങ്കിൽ എന്റെ മാതാപിതാക്കളുടെ ജീവിതത്തിൽ ഞാൻ സാക്ഷിയായിട്ടുള്ള അടിപിടികളും ചീത്തവിളികളും സംഘർഷങ്ങളുമായിരിക്കാം. ഞാൻ തുടർന്നു: വിവാഹത്തെ കുറിച്ച താങ്കളുടെ ഭയത്തിന് മതിയായ കാരണമാണത്. ഈ ഭയത്തിന്റെ പേരിൽ ഞാൻ താങ്കളെ കുറ്റപ്പെടുത്തില്ല. എന്നാൽ വിവാഹത്തിന്റെ സ്വാഭാവികത തിരിച്ചറിഞ്ഞ് ആ ഭയത്തെ മറികടക്കാൻ നിനക്ക് സാധിക്കുമായിരുന്നു. വിയോജിപ്പുകളുടെയും സംഘർഷങ്ങളുടെയും സന്ദർഭങ്ങൾ എല്ലാ ദമ്പതികളുടെയും ജീവിതത്തിലുണ്ടാവും. എന്നാൽ വിയോജിപ്പുകളെ നന്നായി കൈകാര്യം ചെയ്യാനുള്ള ശേഷി പഠിക്കുമ്പോഴാണ് ദാമ്പത്യം വിജയകരമാകുന്നത്. നീ ഒറ്റക്കുള്ള ജീവിതമാണ് പഠിച്ചിട്ടുള്ളത് എന്നതുകൊണ്ട് ഒരു സ്ത്രീക്കൊപ്പമുള്ള ജീവിതം പരാജയപ്പെടും എന്നതിനർത്ഥമില്ല. നല്ല ഒരു ഇണയെ തെരെഞ്ഞെടുക്കാൻ സാധിച്ചാൽ അതിലൂടെ ജീവിതം കൂടുതൽ മനോഹരമാവുകയാണ് ചെയ്യുക.

മാതാപിതാക്കളുടെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടത് കൊണ്ട് അവരുടെ മക്കളുടെ ദാമ്പത്യവും പരാജയപ്പെടുമെന്ന് കരുതരുത്. ദാമ്പത്യത്തിലെ വിജയ പരാജയങ്ങൾ ഒരിക്കലും പാരമ്പര്യമായി കൈമാറുന്നതല്ല. ഓരോ കുടുംബത്തിന്റെയും സാഹചര്യം തീർത്തും വ്യത്യസ്തമാണ്. വിവാഹത്തെ കുറിച്ച ഭയമുണ്ടാക്കുന്ന പ്രധാന കാരണവും അതാണ്. തനിക്ക് അറിവില്ലാത്ത ഒന്നിനെ കുറിച്ച ഭയം ഒരിക്കുലും ജീവിത്തെ സ്വാധീനിക്കാൻ അനുവദിക്കരുത്. ലോക രക്ഷിതാവിന്റെ തൃപിക്കും നിന്റെ സന്തോഷത്തിനും തടസ്സം നിൽക്കാൻ ഒരു അനുഭവത്തിനും അവസരം നൽകരുത്. വിവാഹം ജീവിതത്തിന്റെ ചര്യയാണ്. ഇഹപര ജീവിതങ്ങളിലെ സൗഭാഗ്യവും സന്തോഷവും അതിലുണ്ട്. നീ വിവാഹിതനായാൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. വിവാഹ ജീവിതം പരാജയപ്പെട്ടു എന്നതിനർത്ഥമില്ല. സ്വന്തം നിലക്കോ കൗൺസിലിംഗ് വിദഗ്ദരുടെ സഹായത്താലോ ദാമ്പത്യ ജീവിതത്തിൽ വിജയിക്കാൻ നീ പഠിക്കേണ്ടതുണ്ട് എന്ന് മാത്രമാണതിന്നർത്ഥം.

വിവാഹത്തെ കുറിച്ച ഭയം അകറ്റാൻ ഏഴ് നിർദേശങ്ങൾ നിങ്ങളുടെ മുമ്പിൽ വെക്കാംണതിനർത്ഥം:

1) നീയൊരിക്കലും നിന്റെ ഭൂതകാലത്തിന്റെ അടിമയാവാതിരിക്കുക. വൈവാഹിക ജീവിതത്തിലെ കയ്‍പ്പുകളും അതിലെ പരാജയവുമാണ് നിങ്ങളുടെ അനുഭവമെങ്കിലും അടിസ്ഥാനപരമായി അതാണ് വൈവാഹിക ജീവിതം എന്ന് ധരിക്കരുത്. മറിച്ച് അതിനെ ഗുണാത്മകമായി സമീപിക്കുകയാണ് വേണ്ടത്. നിങ്ങളുടെ കൈകളിലെ വിരലുകൾ എല്ലാം ഒരുപോലെയല്ല. ഭൂതകാല അനുഭവങ്ങളെ ജീവിതത്തിലെ ഗുണപാഠങ്ങളാക്കി മാറ്റുകയാണ് വേണ്ടത്.

2) ആളുകളോട് നല്ലരീതിയിൽ ഇടപഴകാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശേഷികൾ പഠിച്ചെടുക്കുക. ഇത്തരം ശേഷം ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.

3) നിങ്ങൾക്കും ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും യോജിച്ച പങ്കാളിയെ തെരെഞ്ഞെടുക്കുക.

4) ദാമ്പത്യജീവിതത്തിൽ അനുഗ്രഹം വർഷിക്കുന്നത് അല്ലാഹുവാണ്. അതുകൊണ്ട് അതിന്നായി അവനോട് പ്രാർഥിക്കുക.

5) നിങ്ങളുടെ മനസ്സിലുള്ള ഭയത്തെയും നെഗറ്റീവ് ചിന്തകളെയും നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യുക.

6) വിവാഹിതനാവാൻ തീരുമാനിച്ച് അതിന്നോടുള്ള ഭയത്തെ പരാജയപ്പെടുത്തുക.

7) അല്ലാഹുവിൽ ഭരമേൽപ്പിക്കുക, അവനാണ് ഏറ്റവും വലിയ തുണ.

മൊഴിമാറ്റം: അബൂഅയാശ്

Related Articles