Current Date

Search
Close this search box.
Search
Close this search box.

എന്റെ കുട്ടി പറഞ്ഞതനുസരിക്കുന്നില്ലല്ലോ

എന്റെ മകൻ പറഞ്ഞതനുസരിക്കുന്നില്ല.എന്താണിതിനൊരു പരിഹാരം. അനേകം രക്ഷിതാക്കൾക്കുള്ള പരാതിയാണിത്. പ്രശ്നം അവരിൽ തന്നെയാണ് കുടികൊള്ളുന്നതെങ്കിലും അവർ കുറ്റം ചുമത്തുന്നത് മക്കളുടെ മേലായിരിക്കും. എന്തെങ്കിലും ഒരു പ്രത്യേക കാരണങ്ങൾ കൊണ്ടായിരിക്കും പലപ്പോഴും മക്കൾ മാതാപിതാക്കളുടെ വിളിക്കുത്തരം നൽകാത്തത്. എങ്ങനെയാണ് തന്റെ ചിന്തകളോട് വർത്തിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചുള്ള ധാരണയുടെ അപര്യാപ്തതയോ ആശയ പ്രകടനത്തിനുള്ള കഴിവുകേടോ കാരണം അനുസരണക്കേടിനുള്ള ഹേതു അവർക്ക് കൃത്യമായി ബോധിപ്പിക്കാൻ കഴിയാതെ വരുന്നു.

അനുസരണക്കേടിനുള്ള ഒന്നാമത്തെ കാരണം വാശി ആയിരിക്കും. വാശി പിടിക്കണമെന്നല്ല അവൻ ഉദ്ദേശിക്കുന്നത്. പക്ഷെ തനിക്കുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് വിവരം എത്തിക്കുന്നതിന് വേണ്ടി അവർ സ്വീകരിക്കുന്ന ഒരു മാധ്യമമാണ് വാശി. അല്ലെങ്കിൽ ഇതിന് കടക വിരുദ്ധമായ കാര്യങ്ങൾ ആയിരിക്കാം അവൻ തന്റെ സഹോദരന്മാരിൽ നിന്നും കാണുന്നത്. ഈ കാരണങ്ങൾ മനസ്സിലാക്കുന്നതോട് കൂടെ നമ്മൾ അവർക്ക് വേണ്ട ചികിത്സകൾ നൽകുകയും കുട്ടികൾ അനുസരണ ശീലമുള്ളവരായി മാറുകയും ചെയ്യുന്നു.

ചിലപ്പോൾ അവന്റെ അനുസരണക്കേടിനുള്ള കാരണം മറ്റൊന്നായിരിക്കാം.തന്റെ സല്ലാപ / ആസ്വാദന സമയങ്ങളിലായിരിക്കും മാതാപിതാക്കൾ ഇത് കൽപ്പിക്കുന്നത്, സത്യത്തിൽ അവനിൽ മാതാപിതാക്കളെ ധിക്കരിക്കണമെന്ന ഉദ്ദേശ്യലക്ഷ്യമില്ല.കളി തീറ്റ കുടി പോലോത്ത ആവശ്യങ്ങൾക്കുള്ള സമയമായി അവൻ അതിനെ കണ്ടു വെച്ചത് കാരണം മാതാപിതാക്കളെ അനുസരിക്കുന്നതിലവൻ വിമുഖത കാണിക്കുന്നു. ഇത് മുഖേന മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ അസ്വാരസങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.

മാതാപിതാക്കൾക്കിടയിലുള്ള സ്വരച്ചേർച്ചയില്ലായ്മയും കുട്ടികളിലുള്ള വിമുഖതക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കേസുകൾ എനിക്കറിയാം. വീട്ടിലുള്ള അട്ടഹാസങ്ങളും വീടിനോടും സന്താനങ്ങളോടുമുള്ള രക്ഷിതാക്കളുടെ അവഗണനയും രക്ഷിതാക്കൾക്കിടയിലുള്ള ശാരീരിക ഉപദ്രവങ്ങളും കുട്ടി കാണുന്നു. ഇത് കണ്ട് അസ്വസ്ഥനായ കുട്ടി തന്റെ ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നത് മാതാപിതാക്കളെ ധിക്കരിച്ചുകൊണ്ടും കുടുംബ ജീവിതത്തോട് നീരസം പ്രകടിപ്പിച്ചുകൊണ്ടുമായിരിക്കും. മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളിലെ വ്യക്തത കുറവുകളാണ് പ്രധാനമായും ഇതിന്റെ കാരണങ്ങൾ. സംഭാഷണ രൂപത്തിലല്ലാതെ കൽപനയുടെ രൂപത്തിലാണ് മിക്കപ്പോഴും മാതാപിതാക്കൾ നിർദ്ദേശങ്ങൾ നൽകാറുള്ളത്. ഇതേറെ വേദനാജനകം തന്നെ. ചിലപ്പോൾ സ്ഥിരമായി തന്റെ സഹോദരങ്ങളിൽ നിന്ന് ഈ ശീലം കാണുന്നത് മൂലം അവനിലും അതിന്റെ ചോദനകളുണ്ടാകുന്നതിനുള്ള സാധ്യതകൾ വിശാലമാകുന്നു. ഇവയെല്ലാം വേണ്ടവിധത്തിലുള്ള ട്രീറ്റ്മെന്റുകൾ നൽകുന്നതിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.പരസ്പരം അഭിപ്രായവ്യത്യാസങ്ങൾ പുലർത്തുന്നവരാണ് മാതാപിതാക്കൾ എന്നുണ്ടെങ്കിലും മക്കളുടെ മുന്നിൽ അവരത് പ്രകടിപ്പിക്കരുത്. ഈ അവസരങ്ങളിലെല്ലാം കുട്ടികളോടുള്ള ഉപദേശത്തിന്റെ രീതിയെ സംഭാഷണത്തിലേക്ക് ലയിപ്പിക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. അപ്പോഴാണ് കാര്യങ്ങൾ കുട്ടികൾക്ക് വ്യക്തമാകുന്നത്.ഇതു മുഖേന കുട്ടികളിൽ മാന്യത ഉയിർ കൊള്ളുകയും ചെയ്യുന്നു.

പ്രസ്തുത പ്രശ്നങ്ങൾക്കെല്ലാം വ്യക്തമായ പരിഹാരമാർഗങ്ങളുണ്ട്. ഒന്നാമതായി മാതാപിതാക്കൾ കുട്ടികളുടെ മേൽ അമിത വാത്സല്യവും അമിത കാഠിന്യവും പ്രകടിപ്പിക്കുന്നത് നിർത്തലാക്കണം.നൈമല്യവും കാഠിന്യവും വേണ്ടിടത്ത് ഉപയോഗിക്കപ്പെടുമ്പോൾ കുട്ടികൾ നിർദേശങ്ങൾ അനുസരിക്കാൻ തുടങ്ങുന്നു.

രണ്ടാമതായി വീട്ടിലെ നടപടിക്രമങ്ങൾക്ക് നിയമമുണ്ടാക്കണം. ഭക്ഷണത്തിനും ഖുർആൻ പാരായണത്തിനും ഉറക്കിനും കളിക്കും സന്ദർശനത്തിനും ഇന്റർനെറ്റ് ഉപയോഗത്തിനും ക്ലീനിങ്നും പഠനത്തിനും സമയം നിശ്ചയിക്കണം ഇതിൽ നിന്നും കുട്ടി ചട്ടങ്ങളും നിർദ്ദേശങ്ങളോട് കാണിക്കേണ്ട സമീപനത്തെയും തിരിച്ചറിയുന്നു. മൂന്നാമതായി ശിക്ഷിക്കുന്നതിനും പ്രതിഫലം കൊടുക്കുന്നതിനും ഒരു നടപടിക്രമം ഉണ്ടാക്കണം. സമ്മാനമർഹിക്കുന്ന സാഹചര്യങ്ങളിൽ അവർക്ക് സമ്മാനം നൽകണം. തെറ്റ് പ്രവർത്തിക്കുന്ന വേളകളിൽ അവരുടെ പ്രായവും മാനസികാവസ്ഥയും ആരോഗ്യനിലയുമൊക്കെ കണക്കിലെടുത്തുകൊണ്ട് തന്നെ അവരെ ശിക്ഷിക്കുകയും വേണം.

ഇനിയും കുട്ടി അനുസരണകേടിൽ തന്നെ തുടരുകയാണെങ്കിൽ നമുക്ക് ശൈലി ഒന്നു മാറ്റി നോക്കാം. ഉദാഹരണമായി പോയി ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞാൽ കുട്ടി അനുസരിച്ചു കൊള്ളണമെന്നില്ല അപ്പോൾ ശൈലി ഒന്നു മാറ്റി പിടിച്ചു ഇങ്ങനെ ചോദിച്ചു നോക്കാം : ഇപ്പോഴാണോ അല്ലെങ്കിൽ അരമണിക്കൂർ കഴിഞ്ഞാണോ നിനക്ക് ഭക്ഷണം വേണ്ടത്. അപ്പോൾ അവന്ന് അനുസരിക്കാതിരിക്കാൻ കഴിയില്ല.പെരുമാറ്റ രീതിയിൽ മാറ്റങ്ങൾ നിലപാടിലെ ചാഞ്ചല്യങ്ങൾക്കും ഹേതുവാകുന്നുണ്ടെന്നു സാരം.

അവസാനമായി പറയട്ടെ അട്ടഹാസവും വടി പ്രയോഗവും കുട്ടിയുടെ പെരുമാറ്റ രീതിയെ ശരിപ്പെടുത്തുന്ന ഘടകങ്ങളല്ല. സന്താന ശിക്ഷണ വേളകളിൽ കാരുണ്യംകൊണ്ട് വർത്തിക്കാനാണ് നമ്മൾ കൽപിക്കപ്പെട്ടത്. കുഞ്ഞുങ്ങളോട് കരുണ കാണിക്കാത്തവൻ നമ്മിൽ പെട്ടവനല്ല എന്ന് പോലും പ്രവാചകൻ പറഞ്ഞതായി കാണാം.

വിവ- മുഹ്സിന ഖദീജ

Related Articles