Current Date

Search
Close this search box.
Search
Close this search box.

‘വിവാഹം പരാജിതമായ സങ്കല്പം, ലിവിങ് ടുഗെദറാണ് നല്ലത്’!

പരാജിതമായ സങ്കല്പമാണ് വിവാഹം. ലിവിങ് ടുഗെദർ അഥവാ വിവാഹേതര ബന്ധത്തിലൂടെയുള്ള സഹവാസമാണ് നല്ലതെന്ന് അവൾ എന്നോട് പറഞ്ഞു. അവൾ സംസാരം തുടർന്നു, സ്ത്രീകളോട് അതിക്രമം കാണിക്കുന്ന പുരുഷ സമൂഹത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം ഒരുമിച്ച് സഹവസിക്കുന്ന വ്യവസ്ഥയാണ് വിവാഹത്തെക്കാൾ നല്ലതും ശ്രേഷ്ഠവുമെന്നാണ് ഞാൻ കാണുന്നത്. ലിവിങ് ടുഗെദർ സ്ത്രീയുടെ അഭിമാനത്തെ സംരക്ഷിക്കുകയും, അവൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിതം സാധ്യമാക്കുകയും ചെയ്യുന്നു. ഞാൻ പറഞ്ഞു: ലിവിങ് ടുഗെദറും വിവാഹവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വൈവാഹിക-രക്ഷകർതൃത്വ ഉത്തരവാദിത്തങ്ങളിൽ നിന്നും, പൊതുവായ ഉത്തരവാദിത്തങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് ലിവിങ് ടുഗെദർ. മഹർ നൽകുക, കുടുംബബന്ധം ചേർക്കുക, അനന്തരവകാശം നൽകുക എന്നീ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലുമാണത്.

അവൾ പറഞ്ഞു: ലിവിങ് ടുഗെദറിൽ, കുറഞ്ഞത് പുരുഷന്റെ ഇടപെടലില്ലാതെ സ്ത്രീക്ക് അവൾ ഉദ്ദേശിക്കുന്ന വഴി തെരഞ്ഞെടുക്കാൻ സാധിക്കുന്നു. ഞാൻ പറഞ്ഞു: വൈവാഹിക ബന്ധത്തിൽ പുരുഷൻ ഇണയുടെയും, അവരുടെ കുട്ടികളുടെയും, അവന്റെ കുടുംബത്തിന്റെയും, അവളുടെ കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാൽ, ലിവിങ് ടുഗെദറിൽ ആരോടും ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ല. 35 ശതമാനം സ്ത്രീകൾ തങ്ങളുടെ സ്നേഹിതരായ പങ്കാളികളാൽ അതിക്രമത്തിനിരയാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. ലിവിങ് ടുഗെദറിൽ എവിടെയാണ് സ്ത്രീ സംരക്ഷണവും സ്ത്രീ സ്വാതന്ത്ര്യവും! സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലും ലിവിങ് ടുഗെദറിലാണ്, പുരുഷൻ സ്ത്രീയെ കൂടുതൽ നിയന്ത്രിക്കുന്നതും.

വിവാഹവും ലിവിങ് ടുഗെദറും ഒരുപോലെയാണെന്ന് അവൾ പറഞ്ഞു. രണ്ടിലും സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരു മേൽക്കൂരക്ക് കീഴിൽ ജീവിക്കുന്നു. ഞാൻ പറഞ്ഞു: നീ പറയുന്നത് ശരിയല്ല. വിവാഹമെന്നത് രണ്ടുപേർക്കിടയിലെ മാന്യമായ ജീവിതത്തിന്റെ നിയമപരമായ ഉടമ്പടിയാണ്. ഈയൊരു ഉടമ്പടി വംശത്തെയും, അഭിമാനത്തെയും സംരക്ഷിക്കുന്നു. പുരുഷൻ സ്ത്രീയുടെ സംരക്ഷകനും, പരിപാലകനും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നവനുമാകുന്നു. സ്ത്രീ അവളുടെയും, അവളുടെ ഇണയുടെയും, കുട്ടികളുടെയും സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഈ ഉടമ്പടിയിലൂടെ ബന്ധവും, കുടുംബ ബന്ധവും ഉണ്ടാകുന്നു. പുരുഷന് ഭാര്യയുടെ ഉമ്മയെയും മകളെയും ജീവിതകാലം മുഴുവൻ വിവാഹം ചെയ്യൽ നിഷിദ്ധമാകുന്നു. ഇണയുടെ സഹോദരി താൽക്കാലികമായും നിഷിദ്ധമാകുന്നു. ഭർത്താവിന്റെ ഉപ്പയും, മറ്റൊരു വിവാഹത്തിലൂടെയുള്ള ഭർത്താവിന്റെ മകനും ജീവിതകാലം മുഴുവൻ അവൾക്ക് നിഷിദ്ധമാകുന്നു. ഭർത്താവിന്റെ സഹോദരൻ താൽക്കാലികമായും നിഷിദ്ധമാകുന്നു. ഈയൊരു ഉടമ്പടിയിലൂടെ അനന്തരാവകാശം പ്രാബല്യത്തിൽ വരുന്നു. ഉടമസ്ഥന് സമ്പത്ത് താൻ ഇച്ഛിക്കുന്നതുപോലെ വസ്വിയ്യത്ത് ചെയ്യാൻ കഴിയുകയില്ല. ഒരാൾക്കും ഭർത്താവിന്റെ സമ്പത്തിൽ നിന്ന് ഭാര്യയെയും, ഭാര്യയുടെ സമ്പത്തിൽ നിന്ന് ഭർത്താവിനെയും തടയാനാകില്ല. ഈ ഉടമ്പടിയിലൂടെ, ഭർത്താവ് മരിച്ച സ്ത്രീകൾ ഇദ്ദയിരിക്കലും, മുത്വലാഖിന് ശേഷം ഇദ്ദയിരിക്കലും നിർബന്ധമാകുന്നു. മില്യൺകണക്കിന് ദീനാറാണെങ്കിലും മഹ്റിനുള്ള സ്ത്രീയുടെ അവകാശം ഈ ഉടമ്പടിയിലൂടെ സ്ഥിരപ്പെടുന്നു.

വിവാഹമെന്ന ഉടമ്പടിയിലൂടെ അല്ലാഹുവിൽ തൃപ്തിയടയുകയും, പരലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഇണകൾ മനസ്സിലാക്കുന്നു. ഇതാണ് വിവാഹത്തെ ലിവിങ് ടുഗെദറിൽ നിന്ന് പ്രധാനമായും വ്യത്യസ്തമാക്കുന്നത്. അവർക്കിടയിലെ ആസ്വാദനം നല്ലതും അനുവദനീയവുമാകുന്നു. അത് ലിവിങ് ടുഗദെർ പോലെ നിയമപരമമല്ലാത്ത നിഷിദ്ധമായ ബന്ധമല്ല. ചുരുക്കിപറയുകയാണെങ്കിൽ, അത് വൻ പാപങ്ങളിൽ ഉൾപ്പെട്ട വ്യഭിചാരമാണ്. ത്വലാഖിനെ സംബന്ധിച്ച് എന്താണ് അഭിപ്രായമെന്ന് അവൾ ചോദിച്ചു: അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. വിവാഹമെന്ന സ്ഥാപനത്തെ അത് പരാജയപ്പെടുത്തുന്നു. സങ്കീർണതകളില്ലാതെയും, നടപടികളില്ലാതെയും ഉദ്ദേശിക്കുന്ന സമയത്ത് വേർപിരിയാൻ അതിലൂടെ കഴിയുന്നു. ഞാൻ പറഞ്ഞു: വൈവാഹിക ബന്ധത്തിനും കുടുംബം എന്ന സ്ഥാപനത്തിനുമിടയൽ വ്യത്യാസമുണ്ട്. ഭാര്യഭർത്താക്കന്മാർക്കിടയിലെ പരസ്പര ബന്ധത്തിലെ പരാജയമാണ് ത്വലാഖ്. എന്നാലത് കുടുംബമെന്ന സ്ഥാപനത്തിന്റെ വിജയവുമാണ്. കാരണം ത്വലാഖ് അവകാശങ്ങൾ സംരക്ഷിക്കുകയും, മറ്റൊരു ജിവതത്തിന് വഴിതുറക്കുകയും, ബന്ധങ്ങളെയും വംശങ്ങളെയും സരക്ഷിക്കുകയും ചെയ്യുന്നു. ഭാര്യയും ഭർത്താവും വിവാഹ ജീവിതത്തിൽ പരാജയപ്പെടുകയാണെങ്കിൽ ഓരോത്തർക്കും മറ്റൊരു ജീവിതത്തിലൂടെ വിജയിക്കാൻ കഴിയുന്നു. പുതിയൊരു വിവാഹത്തിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘ഇനി അവർ ഇരുവരും പേർപിരിയുകയാണെങ്കിൽ അല്ലാഹു അവന്റെ വിശാലമായ കഴിവിൽ നിന്ന് അവർ ഓരോരുത്തർക്കും സ്വാശ്രയത്വം നൽകുന്നതാണ്.’

അവൾ പറഞ്ഞു: ഞാൻ മനസ്സിലാക്കിയിട്ടില്ലാത്ത, വിവാഹവും ലിവിങ് ടുഗെദറും തമ്മിലെ വ്യത്യാസം താങ്കൾ വിശദീകരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. താങ്കൾ എന്നോട് പറഞ്ഞതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നു. ഞാൻ അവളോട് പറഞ്ഞു: ലിവിങ് ടുഗെദർ സ്ത്രീയുടെ സുരക്ഷിത ബോധത്തിന് ഭീഷണി സൃഷ്ടിക്കുന്നു. അവൾക്ക് അതിലൂടെ സ്വസ്ഥത ലഭിക്കുന്നില്ല. വിവാഹം കഴിച്ച പുരുഷനുമായുള്ള ബന്ധത്തിൽ സ്വസ്ഥമായി ജീവിക്കാനാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. ‍ഉത്തരവാദിത്തവും ബാധ്യതയും ഏറ്റെടുക്കതെ പുരുഷനെ നിരുത്തരവാദിത്വത്തോടെ നടക്കാനാണ് ലിവിങ് ടുഗെദർ പ്രേരിപ്പിക്കുന്നത്. അത് സ്ത്രീക്ക് സമാധാനം നൽകുന്നില്ല. വീടിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നില്ല. ഒപ്പം, ഉത്തരവാദിത്തങ്ങളും അവകാശങ്ങളും കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, ലിവിങ് ടുഗെദറെന്നത് തെറ്റായ ബന്ധമാണ്. അത്, സ്ത്രീയെ തകർക്കുകയും, അവളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും, സാമൂഹത്തെ ശിഥിലമാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്യുന്നു. യാഥാർഥത്തിൽ അത് വ്യഭിചാരമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു.’ കൂലങ്കഷമായി ചിന്തിക്കാനും, പുനഃരാലോചന നടത്താനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.

മൊഴിമാറ്റം: അർശദ് കാരക്കാട്

Related Articles