Current Date

Search
Close this search box.
Search
Close this search box.

രോഗമാണദ്ദേഹത്തെ ധനികനാക്കിയത്

ഒരാള്‍ക്ക് തന്റെ പിതാവില്‍ നിന്ന് അനന്തരമായി കിട്ടിയത് നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടമായിരുന്നു. അത് മാത്രമായിരുന്നു അദ്ദേഹത്തിന് അനന്തരസ്വത്തായി ഉണ്ടായിരുന്നത്. അതൊരു തരിശായി കിടക്കുന്ന മരുപ്രദേശമാണെന്ന് അത് കാണാനായി അവിടെയെത്തിയ അദ്ദേഹം മനസ്സിലാക്കി. പാമ്പുകള്‍ വസിക്കുന്ന കുറ്റിക്കാടല്ലാതെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല. പാമ്പുകളല്ലാതെ മറ്റൊന്നുമില്ലാത്ത ആ തരിശ് ഭുമി എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി.

വളരെ അകലെ കിടക്കുന്ന ആ ഭുമി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് പുതിയൊരാശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു. വിഷപാമ്പുകളെ വളര്‍ത്തി അവയുടെ തൊലിയും വിഷവും വിറ്റ് അതില്‍ നിന്ന് ലാഭമെടുക്കുകയെന്നതായിരുന്നു അത്. പാമ്പിന്‍ തോല്‍ വ്യവസായത്തിനും വിഷം മരുന്നുകളുടെ നിര്‍മാണത്തിനും ഉപയോഗപ്പെടത്തുന്നുണ്ട്. അദ്ദേഹം തന്റെ ആശയം നടപ്പാക്കുകയും ആ കൃഷിയിടം വളരെ പ്രസിദ്ധമാവുകയും ചെയ്തു. വൈവിധ്യമാര്‍ന്ന പാമ്പിന്‍ തോലുകളും വ്യത്യസ്തമായ വിഷങ്ങളും കാണുന്നതിനും അവ ഉപയോഗപ്പെടുത്തുന്ന രീതി മനസ്സിലാക്കുന്നതിനും വിനോദസഞ്ചാരികളും സന്ദര്‍ശകരും കൂട്ടമായി അവിടെയത്താന്‍ തുടങ്ങി. തരിശായി കിടന്നിരുന്ന മരുപ്രദേശം വലിയ വരുമാനം നല്‍കുന്ന ഒരു പദ്ധതിയാക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു.

Also read: കുഞ്ഞുമനസ്സിൽ ഉദിക്കുന്ന ലൈംഗീകപരമായ സംശയങ്ങൾ

പ്രതിസന്ധികളുടെ കാലത്തെ പുതിയ മാറ്റങ്ങളെ ഉപയോഗപ്പെടുത്തി മനുഷ്യര്‍ക്ക് പ്രയോജനകരമാക്കി മാറ്റാനുള്ള ശേഷി നല്ല ഒരു കച്ചവടക്കാരന്റെ ഗുണമാണ്. ഒരു വിശ്വാസി പരീക്ഷണങ്ങളുടെയും പ്രയാസങ്ങളുടെയും ഘട്ടത്തെ നന്നായി ഉപയോഗപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരനാണെങ്കില്‍ തന്റെ പ്രശസ്തിയും സ്വാധീനവും വര്‍ധിപ്പിക്കാനത് ഉപയോഗപ്പെടുത്തുന്നു. അപ്പോള്‍ പരീക്ഷണങ്ങള്‍ അനുഗ്രമായി മാറുന്നു. മനുഷ്യന്‍ ദുഖകരമായ സംഭവങ്ങളെ ശുഭപ്രതീക്ഷയുടെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ പ്രതിസന്ധികള്‍ അവസരങ്ങളായി മാറുന്നു. ഉദാഹരണത്തിന് രോഗം ബാധിച്ചാല്‍ ബെഡ്ഡില്‍ തന്നെ കഴിയാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാവുന്നു. രോഗശമനത്തെ കുറിച്ച് മാത്രമായിരിക്കും അപ്പോള്‍ നിങ്ങളുടെ ചിന്ത. അതേസമയം ജീവിതത്തെയും നിങ്ങളുടെ ചിന്തകളെയും പുനരാലോചനക്ക് വിധേയമാക്കാനും നിങ്ങളുടെ കഴിവും ശേഷിയും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പുനര്‍വിചിന്തനത്തിനുമുള്ള അവസരമാണത്.

ചുറ്റുപാടുമുള്ള നിങ്ങളെ സ്‌നേഹിക്കുന്നവരെ മനസ്സിലാക്കാനും ആ സന്ദര്‍ഭത്തില്‍ സാധിക്കും. ഒരുപക്ഷേ കാര്യങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കാണാന്‍ നിങ്ങളാരംഭിച്ചിട്ടുണ്ടാവും. കാലൊടിഞ്ഞ് മാസങ്ങളോളം കിടപ്പിലായ ഒരാളുടെ വളരെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ചികിത്സാ കാലം കഴിഞ്ഞ് രോഗമുക്തനായ അദ്ദേഹം ഷെയര്‍മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കുന്ന വിദഗ്ദനായി മാറി. ഷെയര്‍മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിനിടയില്‍ നേടിയെടുത്തു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനൊപ്പം ഷെയര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ആശുപത്രി വാസത്തെ പഴിക്കാതെ ആ മനുഷ്യന്‍ താന്‍ നേരിട്ട പരീക്ഷണത്തെ അനുഗ്രഹമാക്കി മാറ്റുകയായിരുന്നു. ഓഹരി വിപണി ഇടപാടുകളില്‍ വൈദഗ്ദം നേടാനാണ് ചികിത്സാകാലയളവിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത്.

മൂസാ(അ) നദിയിലെറിയപ്പെട്ടുവെങ്കിലും ഫിര്‍ഔന്റെ കൊട്ടാരത്തില്‍ വളര്‍ത്തപ്പെടുകയും അയാളുടെ സിംഹാസനത്തെ വിറപ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂസുഫ്(അ) കിണറിലെറിയപ്പെടുകയും പിന്നീട് ജയിലിലടക്കപ്പെടുകയും ചെയ്തുവെങ്കിലും രാജ്യം ഭരിക്കുകയും സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. മുഹമ്മദ് നബി(സ) ജന്മനാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ മദീനയില്‍ അദ്ദേഹം ഭരണകൂടം സ്ഥാപിക്കുകയും പ്രബോധനം നടത്തുകയും ചെയ്തു.

ഓരോ പരീക്ഷണവും അതിലൂടെ കടന്നു പോകുന്ന മനുഷ്യനെ മറ്റൊരാളാക്കി മാറ്റുകയാണ്. കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ നോക്കികാണാന്‍ അതവനെ പഠിപ്പിക്കുന്നു. പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും കര്‍മശാസ്ത്രജ്ഞനുമായ ഇബ്‌നുല്‍ ഖയ്യിമിന്റെ വളരെ മനോഹരമായൊരു വര്‍ത്തമാനമുണ്ട്. അദ്ദേഹം പറയുന്നു: രോഗത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചപ്പോള്‍ അതുകൊണ്ടുള്ള തെറ്റുകള്‍ക്ക് പ്രായശ്ചിത്തവും പദവി ഉയര്‍ത്തപ്പെടലും പോലുള്ള നൂറ് പ്രയോജനങ്ങള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഈ രീതി സ്വീകരിച്ച് ഞാന്‍ കട്ടികൂടിയൊരു പുസ്തകം രചിച്ചിട്ടുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങള്‍ കൊണ്ടുള്ള വിശ്വാസപരവും സാമൂഹികവും സ്വഭാവപരവും വ്യക്തിപരവുമായ നിരവധി പ്രയോജനങ്ങളാണ് ഞാനതില്‍ വിശദീകരിച്ചത്.

Also read: കുടുംബ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടത്

ജീവിതത്തില്‍ പുതുതായി സംഭവിക്കുന്ന കാര്യങ്ങളെ ശുഭാപ്തിയുടെ കണ്ണുകളോടെ നോക്കുന്നവര്‍ക്ക് എല്ലാറ്റിലും നന്മ കണ്ടെത്താന്‍ കഴിയും. അബുഹാമിദുല്‍ ഗസാലി രസകരമായ ഒരു പറയുന്നുണ്ട്. ഒരു രാജ്യത്തെ രാജാവിന്റെ ചെവി ഒരു യുദ്ധത്തില്‍ മുറിഞ്ഞു പോയി. അപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രി പറഞ്ഞു: ചെവി മുറിഞ്ഞു പോയതില്‍ നന്മയുണ്ടായേക്കും. ഇതുകേട്ട രാജാവ് മന്ത്രിയെ ജയിലിലടക്കാന്‍ കല്‍പിച്ചു. അപ്പോള്‍ മന്ത്രി പറഞ്ഞു: എന്റെ ഈ ജയില്‍വാസത്തിലും നന്മയുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു ദിവസം രാജാവ് നായാട്ടിനായി പുറപ്പെട്ടു. തന്റെ രാജ്യത്ത് നിന്നും വളരെ അകലെയെത്തിയ അദ്ദേഹത്തെ വിഗ്രഹാരാധകരായ ഒരു കൂട്ടം ആളുകള്‍ പിടികൂടി ബന്ധനസ്ഥനാക്കി.

തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍. അവര്‍ രാജാവിനെ അറുക്കാന്‍ ഒരുങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുറിഞ്ഞ ചെവി അവരുടെ ശ്രദ്ധയില്‍ പെട്ടു. അംഗഭംഗം വന്നതിനെ ഞങ്ങള്‍ ബലിയറുക്കില്ലെന്ന് പറഞ്ഞ് അവര്‍ രാജാവിനെ വിട്ടയച്ചു. മടങ്ങിയെത്തിയ രാജാവ് മന്ത്രിയെ പുറത്തുവിടാന്‍ കല്‍പിച്ചു. അപ്പോള്‍ മന്ത്രി പറഞ്ഞു: അതില്‍ നന്മയുണ്ടാകുമെന്ന് ഞാന്‍ താങ്കളോട് പറഞ്ഞില്ലായിരുന്നോ. എന്റെ ജയില്‍വാസത്തിലും നന്മയുണ്ട്, ഞാന്‍ താങ്കളോടൊപ്പമുണ്ടായിരുന്നെങ്കില്‍ താങ്കള്‍ക്ക് പകരം ഞാന്‍ അറുക്കപ്പെടുമായിരുന്നു. കേവലം ഒരു കഥയാണെങ്കിലും എല്ലാ പരീക്ഷണത്തിലും അനുഗ്രഹമുണ്ടെന്ന വലിയ ഗുണപാഠമാണത് നല്‍കുന്നത്. എന്നാല്‍ ഏതൊരു പരീക്ഷണവും പ്രയാസവും വരുമ്പോള്‍ അതിലെ ദൈവിക അനുഗ്രഹവും ഗുണാത്മക വശവും പരതുകയെന്നതാണ് പ്രധാനം.

വിവ: അബൂഅയാശ്‌

Related Articles