Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ കുരുക്കഴിയാത്ത ചോദ്യമാകുമ്പോൾ

ഒരിക്കൽ എന്നോട് ഒരു സുഹൃത്ത് ചോദിച്ചു: സ്ത്രീ ഒരു കുരുക്കഴിയാ ചോദ്യമാണോ,സ്ത്രീയെ ഞാൻ മനസ്സിലാക്കി എന്ന് കരുതിയപ്പോഴെല്ലാം യഥാർത്ഥത്തിൽ അവളെ എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.അപ്പോൾ ഞാൻ അവനോട് മറുത്ത് ചോദിച്ചു : ശരിക്കും എന്താണ് നിന്റെ പ്രശ്നം? അവൻ പറഞ്ഞു തുടങ്ങി. ബന്ധങ്ങളെക്കുറിച്ചെല്ലാം പൂർണ്ണ ബോധവാനാണ് ഞാൻ.പക്ഷേ സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നെനിക്കറിയില്ല.

ഞാൻ ചോദിച്ചു :ഭാര്യയെ ഉദ്ദേശിച്ചാണോ നീ സംസാരിക്കുന്നത്. അവൻ പറഞ്ഞു :ഭാര്യയെ കുറിച്ച് മാത്രമല്ല പെങ്ങളും ഉമ്മയും ഒക്കെ അതിൽ പെടുന്നു. ഇത് കേട്ട ഞാൻ അവനുമായി ഒരു നിർദേശം പങ്കുവെച്ചു. സ്ത്രീയെ പെട്ടെന്ന് മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ നിനക്ക് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി നീ അവളുടെ സ്വഭാവത്തെ നിന്റെ സ്വഭാവത്തോട് താരതമ്യം ചെയ്യരുത്. കാരണം അവൾ ഒരു പുരുഷനല്ല. രണ്ടാമതായി മറ്റു സ്ത്രീകളുമായും അവളെ നീ താരതമ്യം ചെയ്യരുത് . കാരണം ഓരോ സ്ത്രീകളുടെ പ്രകൃതവും വ്യത്യസ്തമായിരിക്കും.

അവൻ എന്നോടപേക്ഷിച്ചു. ഒന്ന് തെളിയിച്ചു പറയൂ, ഞാൻ പറഞ്ഞു തുടങ്ങി , ഇമോഷനുകൾ കൊണ്ട് പടക്കപ്പെട്ട ഒരു സൃഷ്ടിയാണ് സ്ത്രീ. നൈർമല്യവും വാൽസല്യവും ദേഷ്യവും സമർപ്പണവുമെല്ലാം അവളുടെ വിശേഷങ്ങൾ തന്നെ. പക്ഷേ പലപ്പോഴും അവൾ നിന്നെ നിയന്ത്രിക്കുന്നുണ്ട്. നിനക്കുവേണ്ടി ത്യാഗം ചെയ്യാൻ അവർ തയ്യാറാകുന്നു. അവൾ സ്നേഹം കൊണ്ട് നിന്നെ വീർപ്പുമുട്ടിക്കുന്നു. അതുപോലെ നിന്റെ മേൽ ആധിപത്യം ചെലുത്തുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ നിന്നെ അവൾ കയ്യിലെടുത്തു എന്നും വരും.

അവളുടെ സ്നേഹത്തിന് അവൾ വില കൽപ്പിക്കുന്നുണ്ട് അതുകൊണ്ടുതന്നെ കൊടുത്ത പോലെ സ്നേഹം തിരിച്ചു ലഭിക്കണമെന്നും അവൾ അഭിലഷിക്കുന്നു. ഇത്‌ കേട്ട് അവൻ പറഞ്ഞു: ഇത് എന്നെ സംബന്ധിച്ച് ഇത്തിരി പാടാണ്. ഞാൻ അവനോടായി ഒരു സദുപദേശം നടത്തി. ദുനിയാവിലെ ഏതൊരു ബന്ധത്തിനും ഗുണങ്ങളും ദോഷങ്ങളും സ്വാഭാവികം. അതിന്റെ നന്മയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും തിന്മകളോട് എങ്ങനെ വർത്തിക്കണമെന്നുമള്ളതിനെ കുറിച്ച് ബോധമുള്ളവനാണ് ബുദ്ധിമാൻ. അവൻ പറഞ്ഞു ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല.

പുരുഷൻ ഒരു കാര്യത്തിൽ അതിന്റെ ആകെത്തുകയെ പരിഗണിക്കുമ്പോൾ സ്ത്രീകൾ പലപ്പോഴും അവയുടെ വിശദീകരണങ്ങളിലാണ് ശ്രദ്ധ കൊടുക്കാറ്. വികാരങ്ങൾക്കടിമപ്പെടാത്ത ഒട്ടു മിക്ക പുരുഷന്മാരും തങ്ങളുടെ ഇമോഷനുകളിൽ വ്യക്തമായ കാരണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ സ്ത്രീകൾ അങ്ങനെയല്ല. പലപ്പോഴും അവർ കാര്യങ്ങളെ പർവതീകരിച്ച് കാണിക്കാൻ ശ്രമിക്കുന്നു. പക്ഷേ പുരുഷനാണെങ്കിൽ അതിന്റെ പരിണിത ഫലങ്ങളെ പോലും ഗൗനിക്കാതെ അവയെ വളരെ ചെറുതായി കാണുകയും ചെയ്യുന്നു. ഈ മൂന്നു കാര്യങ്ങൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയിലുള്ള പ്രധാന വ്യത്യാസങ്ങൾ തന്നെയാണ്. പക്ഷേ എല്ലാ സ്ത്രീകളും പുരുഷന്മാരും ഇങ്ങനെ ആയിരിക്കണമെന്നില്ല.

അപ്പോൾ അവൻ എനിക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. സ്ത്രീകളുടെ തീവ്ര വികാരത്തെ അല്ലെങ്കിൽ വ്യഗ്രതയെ കുറിച്ച് എന്താണഭിപ്രായം അത് കാരണമായി അവളുടെ ഉദ്ദേശം പോലും എനിക്ക് മനസ്സിലാക്കാൻ പറ്റാറില്ല. ചിലപ്പോൾ അവൾ വേണ്ട എന്ന് ഉദ്ദേശിച്ചുകൊണ്ട് വേണമെന്ന് പറയുന്നു ഇതെല്ലാം എനിക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും. ഞാൻ ഒരുറപ്പെന്നോണം പറഞ്ഞു. നീ പറഞ്ഞത് ശരിതന്നെ അവളുടെ സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്നതാണ് അവളിലുണ്ടാകുന്ന ഈ വ്യഗ്രതകൾ. പക്ഷേ അത് അവളുടെ സ്നേഹനിധി കളുമായുള്ള ബന്ധം മുറിക്കുന്നത് വരെ കാര്യങ്ങൾ എത്തിച്ചെന്നു വരും.പക്ഷേ പുരുഷനും ദേഷ്യപ്പെടാറുണ്ട് മിക്കപ്പോഴും അവന്റെ ദേഷ്യത്തിന് എന്തെങ്കിലുമൊക്കെ ഒരു കാരണവും കാണും.

അതുകൊണ്ടുതന്നെ ഇമോഷൻ കീഴടക്കിയ സമയങ്ങളിൽ അവളോട് പെരുമാറുമ്പോൾ നീ യുക്തിയും ക്ഷമയും കൈക്കൊള്ളേണ്ടതുണ്ട്. അവളുടെ നന്മയെ മുഖവിലക്കെടുത്ത് അവളെ നീ പൊറുപ്പിക്കണം. അവളുടെ വാക്കുകൾ സ്വീകരിക്കണമെന്ന് അവൾ കരുതുമ്പോൾ നീ അതിനെ ഗൗനിക്കാതിരിക്കുന്നു. അവകൾ തള്ളപ്പെടണമെന്ന് അവൾ ഉദ്ദേശിക്കുന്ന സാഹചര്യങ്ങളിൽ നീ അതിനെ കാര്യമായെടുക്കുകയും ചെയ്യുന്നു. ആദ്യം നീ ഈ പ്രശ്നത്തിന്റെ കുരുക്കഴിക്കാൻ പഠിക്കണം. അവളുടെ പെരുമാറ്റം കണ്ട് നീ പരിഭ്രാന്തിപ്പെടുകയാണെങ്കിൽ നേരെ അവളോട് പോയി ചോദിക്കുക: ഇങ്ങനെയൊക്കെ തന്നെയാണോ നീ ഉദ്ദേശിക്കുന്നത്?

അപ്പോൾ അവൻ പറഞ്ഞു: അത് എന്നെ സംബന്ധിച്ച് ഇത്തിരി പുളിക്കും. ഞാൻ പരിഹാരം നിർദേശിച്ചു. അവളുമായി സംസാരിക്കാൻ നിനക്കറിയുമെങ്കിൽ കാര്യം വളരെ എളുപ്പമാണ്. നിനക്ക് മൂന്നു കാര്യങ്ങൾ കൂടി പറഞ്ഞു തന്ന് ഞാനിതവസാനിപ്പിക്കാം. ആസ്വാദനങ്ങളും വിശ്രമവുമാണ് പുരുഷന്മാരുടെ മുൻഗണനാ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പക്ഷെ സ്ത്രീ എപ്പോഴും അവളുടെ ഇണയുടെ സാമീപ്യം കൊതിച്ചു കൊണ്ടിരിക്കും. ബാഹ്യ രൂപത്തിന്നും പ്രകടനങ്ങൾക്കും സ്ത്രീകളിൽ പ്രാധാന്യം കൂടുതലായിരിക്കും. പക്ഷേ പുരുഷന്മാർ അതിനെ ഗൗനിക്കുക പതിവില്ല. മിക്കപ്പോഴും സ്ത്രീകൾ പൊതുജന സംസാരത്തിന് പ്രാമുഖ്യം നൽകുന്നു. പക്ഷേ പുരുഷന്മാർ നേരെ മറിച്ചാണ്. ഇത്‌ മിക്ക സ്ത്രീപുരുഷന്മാരിലും കണ്ടുവരുന്നതാണ്. അത് കരുതി എല്ലാവരും ഇങ്ങനെ ആകണമെന്നില്ല.

അവൻ പറഞ്ഞു നീ കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇനി എനിക്ക് സ്ത്രീകളോട് നന്നായി പെരുമാറാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാനൊന്നു ചിരിച്ചു. പിന്നീട് അവനോടായി പറഞ്ഞു : “നിങ്ങൾ സ്ത്രീകളോട് നന്മ ഉപദേശിക്കുക. അവർ വാരിയെല്ലുകളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വാരിയെല്ലുകളിൽ ഏറ്റവും വളവുള്ളത് അതിലെ ഏറ്റവും മുകളിലത്തെ എല്ലാണ്. അതിനെ നന്നാക്കാൻ പോയാൽ അത് പൊട്ടിപ്പോകും. അതിനെ ഉപേക്ഷിച്ച് അങ്ങ് പോയാലോ?അതു കൂടുതൽ വളവുള്ളതായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾ സ്ത്രീകളോട് നന്മ ഉപദേശിക്കുക” ഈ പ്രവാചകവചനത്തിന്റെ അന്ത്യവും ആരംഭവും സ്ത്രീയോടുള്ള പെരുമാറ്റത്തെ സംബന്ധിച്ചുള്ളതാണ്. കാരണം കാര്യം അത്രക്ക് ഗൗരവമുള്ളത് തന്നെയാണ്. ഈ വിഷയത്തിൽ സ്ത്രീ പുരുഷന്മാർക്കിടയിൽ അഭിപ്രായഭിന്നതകളും സാധാരണയാണ്. എങ്ങനെയാണ് യഥാർത്ഥത്തിലുള്ള പെൺ ചിന്തകളെന്നാണ് ഈ പ്രവാചക വചനം വരച്ചുകാട്ടുന്നത്. ഇനി അവളെ വാരിയെല്ലുമായി ഉപമിച്ചതിന്റെ പൊരുൾ നോക്കൂ. വാരിയെല്ലുകൾ സൃഷ്ടിക്കപ്പെട്ടത് നെഞ്ചകത്തിന്ന് സംരക്ഷണവലയം ആയാണ്. അതിനെ സംരക്ഷിക്കണമെങ്കിൽ വാരിയെല്ലുകൾ വളഞ്ഞത് തന്നെയായിരിക്കണം. ഇതൊരു രൂപാലങ്കാരമാണ്. പുരുഷൻ സ്ത്രീക്ക് സംരക്ഷണവും സുരക്ഷാവലയവും ആകുന്നത് പോലെ സ്ത്രീ തിരിച്ചും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് പ്രവാചകൻ സ്ത്രീയുടെ പ്രകൃതവുമായി സമരസപ്പെട്ടു പോകാൻ നമ്മോട് കൽപിക്കുന്നത്. അവളെ നമ്മെ പോലെ ആക്കാൻ ശ്രമിക്കരുത്. കാരണം അത് അവളുടെ പ്രകൃതത്തിന്ന് ഒരു ആഘാതമായി മാറും. അങ്ങനെ വിവാഹബന്ധം തകരുകയും ത്വലാഖിൽ കലാശിക്കുകയും ചെയ്യും.

വിവ- മുഹ്സിന ഖദീജ

Related Articles