Current Date

Search
Close this search box.
Search
Close this search box.

താരതമ്യം ചെയ്ത് ഞാൻ തളർന്നു! എന്തുണ്ട് പരിഹാരം?

നിന്റെ ആത്മവിശ്വാസം കളയാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ മതി. നിരാശ അനുഭവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ മതി. മറ്റുള്ളവരെക്കാൾ നിനക്കൊന്നുമില്ലെന്ന് കരുതാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ മതി. അശുഭാപ്തിയും കൈപ്പും നുകരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നീ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ മതി. മറ്റുള്ളവരോട് ഗുണാത്മകമല്ലാത്ത സമീപനം വെച്ചുപുലർത്താൻ താൽപര്യപ്പെടുന്നുവെങ്കിൽ നീ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ മതി. അങ്ങനെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയെന്നത് നിന്റെ ജീവിതത്തെ നശിപ്പിക്കുകയും നിന്റെ സന്തോഷത്തെ അന്യമാക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുമായി ഒരുപാട് താരതമ്യം ചെയ്യുന്നവരുടെ കൂട്ടത്തിലാണ് നീയെങ്കിൽ മനസ്സിനെ നീ ചികിത്സിക്കേണ്ടതുണ്ട്. സമ്പത്ത്, കുടുംബം, നല്ല സംസാരം, നല്ല ബന്ധങ്ങൾ, ഒരുപാട് നല്ല കൂട്ടുകാർ, നല്ല പെരുമാറ്റം, കാര്യങ്ങളുടെ നിയന്ത്രണം, ജീവിതത്തിലെയും ജോലിയിലെയും വിജയം തുടങ്ങിയ അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങളായ നിന്റെ ശക്തി കേന്ദ്രത്തിലേക്കും, നിന്റെ ശേഷിയിലേക്കുമാണ് നീ നോക്കേണ്ടത്. ഇക്കാര്യത്തിൽ പ്രയോജനകരമായ പരിശീലനമെന്നത്, മറ്റുള്ളവരിൽനിന്ന് നിന്നെ വേർതിരിക്കുന്ന നിന്റെ കഴിവുകൾ, ശേഷികൾ എത്രത്തോളമെന്നാൽ നിന്നെ കണ്ടെത്തുന്ന ഗുണാത്മക കാര്യങ്ങൾ നീ എഴുതിവെക്കുകയെന്നതാണ്. അപ്പോൾ, നിന്റെ ജീവിതം കൊണ്ടും, നിന്റെ പക്കലുള്ളത് കൊണ്ടും നീ സന്തോഷിക്കുന്നതാണ്.

ഖാബീലിന്റെയും ഹാബീലിന്റെയും കഥയെ കുറിച്ചൊന്ന് നീ ചിന്തിച്ചുനോക്കുക! താരതമ്യം എങ്ങനെയാണ് ഒരുവനെ മറ്റുള്ളവനോട് അസൂയയുള്ളവനാക്കുകയും, അവനെ കൊലപ്പെടുത്തുകയും ചെയ്തത്! സഹോദരന്മാർക്കിടയിലെ താരതമ്യം കാരണമായി മക്കൾ ചിലരെ വെറുക്കുന്ന കഥകൾ ഞാൻ ഒരുപാട് അറിഞ്ഞിട്ടുണ്ട്. ചുറ്റുമുള്ളവരുമായി താരതമ്യം ചെയ്ത് വിവാഹമോചനത്തിലെത്തിയ മറ്റു കഥകളും ഞാൻ കേട്ടിട്ടുണ്ട്. താരതമ്യം ചെയ്യുകയെന്നത് സാമൂഹിക രോഗമാണ്. ഇതിനോട് ശരിയായ രീതിയിൽ പ്രതികരിച്ചിട്ടില്ലെങ്കിൽ താരതമ്യം ചെയ്യുന്നവന്റെ മനസ്സിനെ അത് നശിപ്പിക്കുന്നു. ഇതിനോടുള്ള ശരിയായ പ്രതികരണമെന്നത് സ്വന്തത്തെ സ്വന്തത്തോട് താരതമ്യം ചെയ്യുകയെന്നതാണ്. അഥവാ അവന്റെ ഇന്നലയെക്കാൾ നല്ല നാളെയെ കണ്ടെത്താൻ അവനെ പ്രേരിപ്പിക്കുകയെന്നതാണ്, മറ്റുള്ളവരുമായി മത്സരിച്ച് ക്ഷീണിക്കാതെ സ്വയം മത്സരിച്ച് മുന്നേറുകയെന്നതാണ്. അവന്റെ ശ്രമം സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിന് അവന്റെ അകത്ത് ഒളിഞ്ഞിരിക്കുന്ന നിധിയെ പുറത്തുകൊണ്ടുവരുന്നതിനായിരിക്കണം. ഇതാണ് താരതമ്യം ചെയ്യുന്നതിലെ ശരിയായ മാർഗം.

എന്നാൽ, മറ്റുള്ളവരോട് താരതമ്യം ചെയ്യുകയെന്ന കുരുക്കിൽ നീ അകപ്പെട്ടിരിക്കുകയാണെങ്കിൽ, നിന്റെ വളർച്ചക്ക് സഹായകരമാകുന്ന പുതിയ ചിന്തകളും പദ്ധതികളുമായി നിന്നെ പ്രചോദിപ്പിക്കാനുളള മാർഗമായി അതിനെ പ്രയോജപ്പെടുത്താൻ നീ ശ്രമിക്കുക. ഒരുപക്ഷേ, സാമൂഹിക മാധ്യമങ്ങളിൽ താരതമ്യം ചെയ്യുകയെന്ന രോഗം വലിയ തോതിൽ വേരോടിയതായി കാണാൻ കഴിയുന്നു. ആളുകൾ മറ്റുള്ളവരിലേക്ക് നോക്കുമ്പോൾ, അവർ എങ്ങനെ ജീവിക്കുന്നു, എന്തു ഭക്ഷിക്കുന്നു, എങ്ങനെ ഉറങ്ങുന്നു, എങ്ങനെ യാത്ര ചെയ്യുന്നു എന്നിങ്ങനെ അവരെപോലെയാകാൻ ആഗ്രഹിക്കുകയാണ്. അങ്ങനെ ഫോണിലൂടെ കാണുന്നതാണ് മറ്റുള്ളവരുടെ യാഥാർഥ ജീവിതമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ, ഇതവരുടെ ജീവിതത്തിലെ ചെറിയൊരു സന്ദർഭമായിരിക്കും. ഒരുപക്ഷേ, ഈ കാണുന്നതായിരിക്കുകയില്ല അതിന്റെ യാഥാർഥ്യം. അതിനാൽ, ഈയൊരു അർഥത്തിൽ താരതമ്യം ചെയ്യുകയെന്നത് അനുയോജ്യമല്ലാത്തതും അബദ്ധവുമാണ്.

താരതമ്യത്തിന്റെ രണ്ട് വശങ്ങളാണ് അല്ലാഹുവിന്റെ റസൂൽ നമ്മെ പഠിപ്പിക്കുന്നത്. ഒന്ന്, ദുനിയാവിന്റെയും അതിലെ അലങ്കാരത്തിന്റെയും കാര്യത്തിലുള്ള താരതമ്യം. രണ്ട്, ദീനിന്റെയും അതിന്റെ വിധികളുടെയും കാര്യത്തിലുള്ള താരതമ്യം. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക, നിങ്ങളിൽ ഉയർന്നവരിലേക്ക് നോക്കരുത്. നിങ്ങൾക്കുമേലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിസാരമായി കാണാതിരിക്കാൻ അതാണ് നല്ലത്.’ മനുഷ്യൻ സ്വന്തത്തെ അവനെക്കാൾ സമ്പത്ത്, ആരോഗ്യം, സന്താനം, കുടുംബം, ഭൗതികവിഭവം എന്നിവ കുറഞ്ഞ ആളുകളിലേക്ക് നോക്കുകകയാണെങ്കിൽ അവൻ അവനെ കണ്ടെത്തുകയും, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും, അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നതാണ്. എന്നാൽ സ്വന്തത്തെ തന്നെക്കാൾ ഉയർന്ന ഭൗതിക നിലവാരമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ മനസ്സിൽ അസൂയയും സങ്കടവുമാണ് നിറയുക. എന്നാൽ, ദീനിന്റെ കാര്യത്തിൽ ശ്രേഷ്ഠകരമായിട്ടുള്ളത് തന്നെക്കാൾ ഉയർന്ന ആളുകളുമായി താരതമ്യം ചെയ്യുകയെന്നതാണ്. അത് സത്കർമങ്ങൾ അധികരിക്കുന്നതിന് കാരണമാകുന്നതാണ്. ദീനിന്റെ കാര്യത്തിൽ തന്നെക്കാൾ കുറഞ്ഞ ആളുകളുമായി താരതമ്യം ചെയ്യരുത്. അപ്രകാരം അവൻ അവന്റെ ചെയ്തികളിൽ തൃപ്തിയടയുന്നതായിരിക്കും. അങ്ങനെ, അവൻ മത്സരത്തിന്റെ പരിസരത്ത് നിന്ന് പുറത്തുകടക്കുകയാണ്. ദീനിന്റെ കാര്യത്തിൽ മത്സരിക്കുന്നവർ മത്സരിച്ച് മുന്നേറട്ടെ!

മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നിരാശനാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിന്റെ പക്കലുള്ളത് അംഗീകരിക്കുകയും, അല്ലാഹു നിനക്ക് നൽകിയതിൽ തൃപ്തിപ്പെടുകയും ചെയ്യുകയെന്നതാണ് പരിഹാരം. കാരണം, അല്ലാഹു നൽകിയ അളവിൽ നിനക്ക് നന്മയുണ്ടാകും. വിവാഹമോചനം നടക്കുക, സന്താനങ്ങളുണ്ടാകാൻ കാലതാമസമുണ്ടാവുക, കച്ചവടത്തിൽ നഷ്ടമുണ്ടാവുക, മാതാപിതാക്കൾ നഷ്ടപ്പെടുക, രോഗം കൊണ്ട് പരീക്ഷിക്കപ്പെടുക തുടങ്ങിയവ നിന്റെ ജീവിതത്തെ പിടികൂടുകയാണെങ്കിൽ, തികഞ്ഞ നിശ്ചയദാർഢ്യത്തോടെയും വിശ്വാസത്തോടെയുമാണെങ്കിൽ അതിൽ പ്രതിഫലമുണ്ടാകും. ഇത് മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള കാരണമായി നീ കാണരുത്. അല്ലാഹു വിഭവങ്ങൾ ആളുകൾക്കിടയിൽ വീതിച്ചുനൽകുന്നതുപോലെ, പ്രശ്‌നങ്ങളും, അവധികളും നീതിയോടെയും സമത്വത്തോടെയുമാണ് വീതിച്ചുനൽകുക. അല്ലാഹു ഒരുവന് ഒരനുഗ്രഹം നൽകുകയാണെങ്കിൽ മറ്റൊരു അനുഗ്രഹത്തിൽ നിന്ന് അവൻ തടയപ്പെടുന്നുണ്ട്. ഒരു അനുഗ്രഹത്തിൽ നിന്ന് തടയപ്പെടുമ്പോൾ, അതിന് പകരമാകുന്ന ധാരാളം അനുഗ്രഹങ്ങൾ അല്ലാഹു അവന് നൽകുന്നു. അതിനാൽ സമാധാനത്തോടെയും സംതൃപ്തിയോടെയും മുന്നോട്ടുനീങ്ങുക.

വിവ: അർശദ് കാരക്കാട്

Related Articles