Current Date

Search
Close this search box.
Search
Close this search box.

പരസ്പര താരതമ്യം: ആത്മനാശത്തെ കരുതിയിരിക്കുക

എന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരേയിടത്തിൽ ഒരാളോടും രണ്ടു മിനുട്ടിലേറെ സംസാരിച്ചിരിക്കാൻ എനിക്കാകുമായിരുന്നില്ല. അപ്പോഴേക്കും അവരെങ്ങനെ എന്നെക്കാൾ ഉത്തമരാകും എന്ന അഹംഭാവം എന്നെ പിടികൂടും. എനിക്കെത്രത്തോളം സുപരിചിതരാണ് അവരെന്നതിനെല്ലാം അപ്പുറം അവരുടെ കരിയർ വിജയം ആയിരുന്നു പരസ്പര താരതമ്യത്തിനുള്ള അളവുകോലായി ഞാൻ കണ്ടത്. എനിക്കും അവർക്കുമിടയിലെ വൈയക്തിക വ്യത്യാസങ്ങളെക്കുറിച്ച ഈ ധാരണകളെല്ലാം എന്റെ ആത്മനിഷ്ഠാ മൂല്യം അൽപാൽപമായി കുറച്ചു കൊണ്ടേയിരുന്നു. പ്രത്യേകിച്ചും, ഏറെ വൈകിപ്പോയ എന്റെ ആയുസ്സിനെക്കുറിച്ചും ബിരുദ പഠനാനന്തരം ഒരു ജോലിയും നേടാനാകാത്തതിനെക്കുറിച്ചും ആലോചിക്കുമ്പോൾ അതെന്റെ മനസ്ഥിതിയെ കൂടുതൽ വഷളാക്കിക്കൊണ്ടിരുന്നു. പരസ്പര താരതമ്യം നമ്മെത്തന്നെ തോൽപ്പിക്കുകയും മനസ്സിനെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന കളിയാണ്. മറ്റുള്ളവരിൽ നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത കഴിവുകളെ നേരിടുന്നിടത്ത് അതിനു നമ്മെ തോൽപ്പിച്ച് കളയാൻ തക്ക ബലഹീനതയുണ്ട്.

പരസ്പര താരതമ്യം എന്നത് നാം നമ്മെത്തന്നെ അകപ്പെടുത്തിയേക്കാവുന്ന കെണിയാണ്. നാം നിത്യേന സമ്പർക്കം പുലർത്തുന്ന ആളുകൾക്കെതിരെ നമ്മുടെ നാശത്തിന് വേണ്ടി നാം തന്നെ കുഴിക്കുന്ന ആത്മവിധ്വംസകപ്രവൃത്തിയാണത്. നമ്മുടെ മൂല്യം അളക്കാൻ പലപ്പോഴും നാം നീചമായ അളവുകോലാണ് ഉപയോഗിക്കുന്നത്. അത് മിക്കപ്പോഴും നമ്മെ നഷ്ടത്തിലേക്കും മൂല്യ ചോരണത്തിലേക്കും ചെന്നെത്തിക്കുന്നു. നാമൊരിക്കലും ഉത്തമരും വിജയികളുമാകില്ലെന്ന തോന്നൽ സ്വാഭാവികമായും അത് ഉള്ളിൽ ജനിപ്പിക്കുന്നു. അത് നമ്മുടെ ആത്മാവിനോട് നാം കാണിക്കുന്ന ന്യായരഹിത പെരുമാറ്റമാണ്. കാരണമത് നമ്മുടെ ആന്തരികോർജ്ജം ക്ഷയിപ്പിക്കുകയും ന്യൂനതകളുടെ ഊരാക്കുടുക്കിൽ നമ്മെ തളച്ചിടുകയും ചെയ്യുന്നു. നാം ചെയ്യുന്ന വലിയൊരു അബദ്ധമാണത്. ബാഹ്യമായ സന്തോഷം ഒരിക്കലും മനുഷ്യ സ്വഭാവത്തിന്റെ അനിവാര്യ ഘടകമല്ല. അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുമ്പോൾ ഇരുവരിലുമുള്ള സുനിശ്ചിതമായ വശങ്ങളിൽ മാത്രമെ താരതമ്യം ചെയ്യാവൂ. അവരിൽനിന്ന് നമ്മെ അൽഭുതപ്പെടുത്തിക്കളയുന്ന ആശ്ചര്യജനകമായ കാര്യങ്ങളിൽ വെച്ച് നമ്മുടെ വിജയത്തെ സാധൂകരിക്കുന്ന നന്മ മാത്രമേ നാം തിരഞ്ഞെടുക്കാവൂ. മറ്റുള്ള മോശമായ എല്ലാ ജീവിത വശങ്ങളെത്തൊട്ടും നാം നമ്മുടെ കണ്ണുകളെ ഇറുക്കിയടക്കണം.

Also read: കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

സാമൂഹിക താരതമ്യ പഠന സിദ്ധാന്തത്തിന്റെ വക്താക്കളിൽ ഒരാളായ ലിയൺ ഫെസ്റ്റിംഗര്‍ തന്റെ ഒരു പഠനത്തിൽ പറയുന്നു: ‘മനുഷ്യന് ഒരിക്കലും സ്വന്തത്തെക്കുറിച്ച് സ്വതന്ത്രമായും മൗലികമായും പരിചയപ്പെടുത്തുവാനാകില്ല. അവനെപ്പൊഴും മറ്റൊരുത്തനെ താരതമ്യം ചെയ്ത് അതടിസ്ഥാനത്തിലായിരിക്കും സ്വയം പരിചയപ്പെടത്തുക. സ്വത്വമൂല്യം വലിയൊരു ചോദ്യചിഹ്നമായി മാറുമ്പോഴെല്ലാം മറ്റൊരു വ്യക്തിയുമായി നാം നമ്മെത്തന്നെ താരതമ്യത്തിന് വിധേയമാക്കി അതിനെ പ്രതിരോധക്കും’. ഇതരരുമായി താരതമ്യത്തിന്‌ ശ്രമിക്കുമ്പോഴെല്ലാം അവരോടുള്ള വെറുപ്പും ശത്രുതയും നമ്മിലത് വളർത്തിക്കൊണ്ടെയിരിക്കും. ജീവിതത്തിലിത് തുടർന്ന് കൊണ്ടുപോകുന്നത് ഒരിക്കലും ശുഭ പര്യവസാനത്തിലായിരിക്കില്ല ചെന്നെത്തുക. അതിനാൽത്തന്നെ മറ്റുള്ളവരുമായി സ്വയം താരതമ്യം നടത്തുന്നത് കഴിവതും ഒഴിവാക്കുക. അതൊരിക്കലും നന്മയിൽ അവസാനിക്കില്ലെന്നല്ല വിപരീതമായി ഭവിക്കുകയും ചെയ്യും. നമ്മുടെ ചിന്തകളിലും മനോഭാവങ്ങളിലും ഒരുപാട് നെഗറ്റീവ് സ്വാധീനം അതുണ്ടാക്കിത്തീർക്കും. പിന്നീട് യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലായിരിക്കും അത് കലാശിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം നശിക്കുന്നതിന് പകരം പൊതു സമൂഹത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ച് വിചിന്തനം നടത്തുക. അത് നിന്നെ നിന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനാക്കുകയും അതിനുവേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. അതാണ് താരതമ്യം വഴി ആത്മനഷ്ടം വരുത്തുന്നതിനേക്കാൾ ക്രിയാത്മക ഫലങ്ങൾ സൃഷ്ടിക്കുക.

ചുരുങ്ങിയ ഒരു കാലയളവിൽ നീ നേടിയെടുത്ത നേട്ടങ്ങളെ മറ്റൊരാൾ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ നേട്ടങ്ങളോട് താരതമ്യപ്പെടുത്തുന്നത്‌ നിന്റെ ദുരാഗ്രഹമാണ്. ജീവിതത്തിന് സുനിശ്ചിതമായ പദ്ധതികൾ തയ്യാറാക്കുകയും അതിനുവേണ്ടി മാനസികമായും ശാരീരികമായും ഒരുങ്ങുകയും ചെയ്യേണ്ട സമയത്ത് തന്നെ അന്യന്റെ നേട്ടങ്ങൾക്ക് ഒപ്പമെത്താൻ അഹോരാത്രം ഉറക്കമിളച്ച് നീ ദൃതി കാണിക്കരുത്. കാരണം, നിന്റെ ജീവിതത്തിൽ നീ കണ്ട വ്യക്തികളുടെയെല്ലാം ജീവിത വിജയം ദശകങ്ങളുടെ ആത്മസമർപ്പണം കൊണ്ട് അവർ നേടിയെടുത്തതാണ്. അതിൽ ചിലർക്ക് ലക്ഷ്യങ്ങളുടെ പ്രാരംഭ ഘട്ടത്തിൽതന്നെ ദൈവിക സൗഭാഗ്യം തുണച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ അത്തരക്കാരുടെ ജീവിതം നിന്റെ കണ്ണുകളെയും ചിന്തകളെയും വല്ലാതെ ആശ്ചര്യപ്പെടുത്തും. നേട്ടങ്ങൾ ലക്ഷ്യം വെച്ചുള്ള നിന്റെ അദ്ധ്വാന ഘട്ടത്തിൽ അനേകം പ്രതിസന്ധികളും പരാജയങ്ങളും നേരിടേണ്ടി വന്നേക്കാം. പല കാരണങ്ങളും നിന്നെ ലക്ഷ്യത്തിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, താരതമ്യം പലപ്പോഴും മോശം പ്രവൃത്തിതന്നെ ആയിരിക്കണമെന്നില്ല. നമ്മുടെ ലക്ഷ്യ സാഫല്യത്തിന് ചിലപ്പോളത് സഹായകമായേക്കാം. എന്നാൽ, നിത്യവും അത്തരത്തിൽ മുന്നോട്ട് പോകുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ സുഖ സൗഖ്യത്തെയും അവതാളത്തിലാക്കും.
അഥവാ, താരതമ്യം ചെയ്യുന്നതിലൂടെ നമ്മുടെ ജീവിത യാത്ര മറ്റൊരാളെ കേന്ദ്രീകരിച്ചാക്കും. അവരെപ്പോലെയാകാൻ നമുക്ക് ഒരിക്കലുമാകില്ലെന്ന ബോധ്യം നമുക്കുണ്ടെങ്കിൽ പിന്നെന്തിന് നാമതിന് വൃതാ ശ്രമിക്കണം. നിങ്ങളുടെ ജീവിതത്തെക്കാൾ നിങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത മറ്റുള്ളവരുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ അമൂല്യ സമയങ്ങളെ പാഴാക്കിക്കളയും. അതുകൊണ്ടുതന്നെ, മറ്റുള്ളവരെ വിട്ട് സ്വന്തം ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എനിക്ക് ഉണ്ടാകണമെന്ന് ഞാനാഗ്രഹിച്ചെതെല്ലാം അവനുണ്ട്. വൈവാഹിക ജീവിതം കൊണ്ടും കരിയർ ജീവിതം കൊണ്ടും അവൻ സന്തുഷ്ടനാണ്’ തുടങ്ങിയ അനാവശ്യ ചിന്തകളൊക്കെ ഒഴിവാക്കുക. പകരം ‘അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. ആപത്തുകളിൽ നിന്ന് അവനെ സംരക്ഷിക്കട്ടെ’ എന്ന് പറയുക. അങ്ങനെയാണ് പ്രവാചകൻ നമുക്ക് കാണിച്ചു തന്നതും. നമ്മുടെ ആത്മാനുരഞ്ജനത്തിന് സഹായകമാകുന്ന ഒരുപാട് വഴികളുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് നമ്മിൽ അന്തർലീനമായി കിടക്കുന്ന സൽഗുണങ്ങളിലേക്ക് നോക്കുക. അല്ലാഹു പറയുന്നു: “അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ച് കൊടുക്കുന്നത്? നാമാണ് ഐഹിക ജീവിതത്തിൽ അവർക്കിടയിൽ അവരുടെ ജീവിതമാർഗം പങ്ക് വെച്ചു കൊടുക്കുന്നത്”(സുഖ്‌റുഫ്: 32). “നിങ്ങളിൽ ചിലർക്ക്‌ ചിലരേക്കാൾ കൂടുതലായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളോട് നിങ്ങൾക്ക് മോഹം തോന്നരുത്”(നിസാഅ്: 32). അല്ലാഹുവിന്റെ ഓരോ പ്രവർത്തികളിലും അവന്റെതായ പൊരുളുകളുണ്ട്. നമ്മെ സംബന്ധിച്ചെടുത്തോളം ക്ഷമയാണ് പ്രധാനം.

Also read: റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

ജീവിതത്തിൽ എപ്പോഴും സന്തോഷവാന്മാരായിരിക്കുന്നവർ എന്ന് തോന്നുന്നവരോട് നിരന്തരം സമ്പർക്കം പുലർത്തുക. അതുവഴി അവരുടെ ജീവിതത്തിന്റെ ഉള്ള് അറിയുവാൻ ശ്രമിക്കുക. അത്തരം ആളുകളിൽ മിക്ക വ്യക്തികളും അവരുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ പങ്കുവെക്കും. നീ ചിന്തിച്ചതിലും അപ്പുറമായിരിക്കും അതിന്റെ നീറ്റൽ. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തവരായിരിക്കുമവർ. അതുപോലെതന്നെ അവരിൽ ഒരുപാട് പേർക്ക് വേർപാടുകളുടെയും പരാജയങ്ങളുടെയും പിന്തിരിഞ്ഞു നടത്തത്തിന്റെയും കഥ പറയാനുണ്ടാവും. ചിലർക്ക് ജീവിതം തന്നെ മടുത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകും. അതിനെല്ലാമപ്പുറം, നിന്റെ കാഴ്ചയിൽ സന്തുഷ്ടരെന്ന് നീ വിചാരിക്കുന്നവർ സ്വകാര്യ ജീവിതത്തിൽ ഉള്ള് നീറുന്നവരായിരിക്കും. അതെല്ലാം ഇൗ സഹവാസം നിനക്ക് തരുന്ന നല്ല അനുഭവങ്ങളാണ്. വിജയികളുടെ അന്തരാളങ്ങളിലെ വേദനകൾ നിനക്കതിലൂടെ മനസ്സിലാക്കാം. ‘അവനെപ്പോഴും വിജയിയും ഞാനെപ്പോഴും പരാജിതനു’മാണെന്ന അപകർഷതാബോധമാണ് പലപ്പോഴും താരതമ്യത്തിന്‌ നമ്മെ നിർബന്ധിപ്പിക്കുന്നത്. ‘ഇൗ കാണുന്ന സ്ഥാനവും സമ്പത്തും സൗന്ദര്യവും സ്നേഹവും സന്തോഷവും പോരെന്ന’ ആന്തരിക ബോധനമാണ് നമ്മെ നശിപ്പിച്ച് കളയുന്നത്. മുന്നോട്ടുള്ള പ്രയാണത്തെ തളർത്തിക്കളയുന്നത്. അതുകൊണ്ടുതന്നെ, സാധ്യമായ വഴികളിൽ മാത്രം പ്രവേശിക്കുക. സാധ്യമായത് മാത്രം നേടിയെടുക്കാൻ ശ്രമിക്കുക. സ്വന്തം പ്രവർത്തിയിൽ വിജയിക്കാനകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടായിരിക്കുക. അതേസമയം, തന്നെപ്പോലെ തന്റെ കൂട്ടുകാരനും വിജയിയാകാണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുക.

പരിമിതികളറിഞ്ഞ് സന്തുഷ്ടമായി പ്രവർത്തിക്കാൻ നിന്റെ മനസ്സ് പര്യാപ്തമാകുമ്പോൾ നിനക്ക് മറ്റുള്ളവരിലെ നന്മകൾ നിരീക്ഷിക്കാനും സന്തോഷത്തോടെ അവരുമായി ഇടപഴകാനും സാധ്യമാകും. നിന്റെ കൂട്ടുകാരുടെ സന്തോഷ വേളകളെ നിന്റെ നിറസാന്നിധ്യം കൊണ്ട് ആനന്ദദായകമാക്കുക. അതെല്ലാം നിന്റെ ലക്ഷ്യ സാഫല്യത്തിന് കൂടുതൽ അവസരങ്ങളും മാർഗങ്ങളും തുറന്നു തരും. ആരെയും അനുകരിക്കാതിരിക്കുക. ഏറ്റവും സന്തുഷ്ടരായ ആളുകളൊന്നും ഒരിക്കലും മറ്റാരെയും അനുകരിക്കാറില്ലെന്ന് ഓർക്കുക. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ പുഞ്ചിരിയുടെ പൊയ്മുഖം കൊണ്ട് മറച്ചുപിടക്കാത്തവന് സന്തോഷ വേളകളെയും സൗഹൃതങ്ങളെയും മുതലെടുക്കാൻ ആകില്ല. ഉള്ളിലെ നീറ്റൽ അടക്കിപ്പിടിച്ച് പുറത്ത് ചിരിക്കാൻ ശ്രമിക്കുക. അല്ലാത്തവർ ഭൗതിക ജീവിതത്തിൽ പരാജിതനാകും. അതിനാൽ ആരുമായും താരതമ്യം ചെയ്യാതിരിക്കുക. അതെപ്പോഴും നിന്നെക്കാൾ ഉത്തമൻ ആരെന്ന് കണ്ടുപിടിക്കാൻ സദാ നിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. താരതമ്യം മൂലം സമയമെന്ന അമൂല്യ രത്നം കൈമോശം വന്നുപോകുന്നത്‌ സൂക്ഷിക്കുക. താരതമ്യത്തിന്‌ ഒരിക്കലും അന്ത്യമില്ല.

വിവ. അഹ്‌സൻ പുല്ലൂർ

Related Articles