Current Date

Search
Close this search box.
Search
Close this search box.

എങ്ങനെ സന്തോഷവാനായിരിക്കാം; കോടീശ്വരന്റെ തിരിച്ചറിവ്

ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അതിഥിയായെത്തിയ കോടീശ്വരനോട് അവതാരകന്‍ ചോദിച്ചു, ജീവിതത്തില്‍ താങ്കള്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയിട്ടുള്ളതെന്താണ്? അദ്ദേഹം പറഞ്ഞു: യഥാര്‍ത്ഥ സന്തോഷം തിരിച്ചറിയാന്‍ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. വസ്തുക്കള്‍ ഉടമപ്പെടുത്തലാണ് അതില്‍ ഒന്നാമത്തേത്. ആഗ്രഹിക്കുന്ന വസ്തുക്കളെല്ലാം സ്വന്തമാക്കിയാല്‍ സന്തോഷമുണ്ടാക്കുമെന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. വസ്തുക്കളില്‍ ഏറ്റവും അമൂല്യവും വിലകൂടിയതും നേടലാണ് രണ്ടാമത്തേത്. എന്നാല്‍ അവയുടെ സ്വാധീനം താല്‍ക്കാലികമാണെന്ന് ഞാന്‍ മനസ്സിലാക്കി. സ്‌പോര്‍ട്‌സ് ടീം, വിനോദ സഞ്ചാര റിസോര്‍ട്ടുകള്‍ തുടങ്ങിയ വലിയ വലിയ പദ്ധതികള്‍ ഉടമപ്പെടുത്തലാണ് മൂന്നാമത്തേത്. വമ്പന്‍ പദ്ധതികള്‍ ഉടമപ്പെടുത്തിയിട്ടും ഞാന്‍ ആഗ്രഹിച്ച സന്തോഷം കൈവരിക്കാനെനിക്കായില്ല.

ചലന വൈകല്യം നേരിടുന്ന ഒരു കൂട്ടം കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ വാങ്ങിനല്‍കുന്നതില്‍ പങ്കാളിയായതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞതാണ് നാലാമത്തേത്. കൂട്ടുകാരന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ക്കാവശ്യമുള്ള വീല്‍ചെയറുകള്‍ക്കാവശ്യമായ തുക ഞാന്‍ സംഭാവന ചെയ്തു. ഞാന്‍ തന്നെ കുട്ടികള്‍ക്ക് അത് സമ്മാനിക്കണമെന്ന് കൂട്ടുകാരന്‍ നിര്‍ബന്ധം പിടിച്ചു (എനിക്ക് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല). വീല്‍ചെയറുകള്‍ സ്വീകരിച്ചപ്പോള്‍ ആ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാന്‍ കണ്ടു. വളരെ ലളിതമായ ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ഇച്ഛിക്കുന്നിടത്തേക്ക് ചലിക്കുന്ന അവര്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെന്ന പോലെ ഉല്ലസിക്കുകയാണ്.

ഞാന്‍ അവിടം വിടാനൊരുങ്ങിയപ്പോള്‍ ഒരു കുട്ടി വന്ന് എന്റെ കാലുകളില്‍ മുറുകെ പിടിച്ചപ്പോഴാണ് യഥാര്‍ത്ഥ സന്തോഷം എന്റെ മനസ്സില്‍ പ്രവേശിച്ചത്. അവന്റെ കുഞ്ഞുകൈകളില്‍ നിന്ന് കാലുകളെ മോചിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു, അപ്പോള്‍ അവന്റെ കണ്ണുകള്‍ എന്റെ മുഖത്ത് തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഞാന്‍ കുനിഞ്ഞു നിന്ന് ചോദിച്ചു: ഞാന്‍ പോകുന്നതിന് മുമ്പ് എന്തെങ്കിലും നിനക്ക് വേണോ മോനേ? അവന്റെ മറുപടിയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അതിന് ശേഷമാണ് യഥാര്‍ത്ഥ സന്തോഷത്തിന്റെ അര്‍ത്ഥം ഞാന്‍ തിരിച്ചറിഞ്ഞത്. അവന്‍ പറഞ്ഞു: നാളെ അല്ലാഹുവിന്റെ മുമ്പില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ താങ്കളെ തിരിച്ചറിയാന്‍ താങ്കളുടെ മുഖത്തിന്റെ രൂപം ഓര്‍ത്തുവെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഒരിക്കല്‍ കൂടി ഞാന്‍ താങ്കള്‍ക്ക് നന്ദി പറയുന്നു.

ജീവിതത്തിലെ സംഭവങ്ങള്‍ പലതും നിത്യവും നമുക്ക് പലതരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തെയും അതിലെ വിഭവങ്ങളെയും കുറിച്ച യാഥാര്‍ത്ഥ്യം നമ്മെ ഓര്‍മപ്പെടുത്തുകയാണവ. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അര്‍ഥത്തെ കുറിച്ച് മിക്ക ആളുകളും അശ്രദ്ധരാണ്. കപടമായ സന്തോഷങ്ങളിലാണവര്‍ ജീവിക്കുന്നത്. മേല്‍സൂചിപ്പിച്ച തരത്തിലുള്ള സന്ദര്‍ഭങ്ങളുണ്ടാകുമ്പോഴല്ലാതെ യഥാര്‍ത്ഥ ജീവിതം അല്ലെങ്കില്‍ യഥാര്‍ത്ഥ സന്തോഷം എന്താണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അവരുടെ ബുദ്ധിയും മനസ്സും ഹൃദയവും ബോധത്തോടെയും ഉണര്‍ന്നിരിക്കുകയും ചെയ്യുമ്പോഴാണതുണ്ടാകുക. അല്ല എങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളും അവരില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല. അശ്രദ്ധയോടെ അവരുടെ ജീവിതം തുടരുകയും ചെയ്യും. ”മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അതിനെ കുറിച്ചാണ്. കടലില്‍ മുങ്ങിയ ഫിര്‍ഔന്റെ ജഡത്തെ രക്ഷപ്പെടുത്തിയതിനെ കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് ഖുര്‍ആന്‍ ഇക്കാര്യം പറയുന്നത്. ”നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” ജീവിത്തില്‍ മനുഷ്യന് ലഭിക്കുന്ന ഗുണപാഠങ്ങളാണ് ദൃഷ്ടാന്തങ്ങള്‍. അതൊരു സന്ദര്‍ഭമാവാം, അല്ലെങ്കില്‍ ഒരു വാക്കോ കാഴ്ച്ചയോ വായിക്കുന്ന വിവരമോ, എന്തെങ്കിലും ദുരന്തമോ രോഗമോ നഷ്ടമോ ആവാം. അതെല്ലാം മനുഷ്യനെ അവന്റെ അശ്രദ്ധയില്‍ നിന്ന് ഉണര്‍ത്തുന്നതിന്നുള്ള അല്ലാഹുവിന്റെ സന്ദേശങ്ങളാണ്.

കോടീശ്വരനായ ഈ മനുഷ്യന്‍ നിരവധി പദ്ധതികളിലേക്ക് കടക്കുന്നത് അവ തനിക്ക് സ്ഥായിയായ സന്തോഷം നല്‍കുമെന്ന് കരുതിയാണ്. എന്നാല്‍ അവയെല്ലാം പകര്‍ന്നു നല്‍കുന്ന സന്തോഷം താല്‍ക്കാലികമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു നല്‍കുന്നതിലാണ് സ്ഥായിയായ സന്തോഷമെന്ന് ഒരിക്കല്‍ പോലും അദ്ദേഹം കരുതിയിരുന്നില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുമ്പോള്‍ അത് തന്നെയും സന്തോഷിപ്പിക്കുന്നു എന്ന ചിന്ത അദ്ദേഹത്തിലുണ്ടായിരുന്നില്ല. ആ പ്രവര്‍ത്തനം വാണിജ്യപരമാണെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനമാണെങ്കിലും അതുണ്ടാകും. എന്നാല്‍ കച്ചവട വ്യവഹാരങ്ങളിലൂടെ ലഭിക്കുന്നതിലേറെ സന്തോഷാനുഭൂതി നല്‍കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമായിരിക്കും. കാരണം ഭൗതികമായി മറ്റൊന്നും പ്രതീക്ഷിക്കാതെയാണ് നല്‍കുന്നത് എന്നത് കൊണ്ട് തന്നെ കൂടുതല്‍ ശക്തവും നിലനില്‍ക്കുന്നതുമായ സന്തോഷം അത് പകര്‍ന്നു നല്‍കും. ജീവിതമെന്നാല്‍ കൊടുക്കല്‍ വാങ്ങലുകളാണ്. അതുകൊണ്ടാണ് ഒരു മുസ്‌ലിമിന് സ്ഥായിയായ സന്തോഷം പകരുന്ന നല്‍കലുകളെ അല്ലാഹു പ്രോത്സാഹിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:
”അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ. അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും.” ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു പ്രവാചകന്‍(സ). ‘അല്ലാഹു ഉദാരനാണ്, ഔദാര്യം അവന്‍ ഇഷ്ടപ്പെടുന്നു’ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് നല്‍കുമ്പോഴാണ് താങ്കള്‍ക്ക് സന്തോഷം ലഭിക്കുക. ഒരാവശ്യവുമായി താങ്കളോട് ചോദിക്കുന്നവന് നല്‍കുന്നത് എത്ര മനോഹരമാണ്. എന്നാല്‍ താങ്കളോട് ചോദിക്കാതെ തന്നെ ഒരാളുടെ ആവശ്യം കണ്ടറിഞ്ഞ് നിര്‍വഹിച്ചു കൊടുക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അതിമനോഹരമാണ്. സന്തോഷത്തെ സംബന്ധിച്ച കോടീശ്വരന്റെ അനുഭവം അതാണ്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles