Current Date

Search
Close this search box.
Search
Close this search box.

മകളുടെ ജീവിതത്തില്‍ പിതാവിന്റെ ഇടപെടല്‍ ഏതുവരെ?

‘ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി എന്റെ ഭാര്യ അവളുടെ ഉപ്പയോട് ഇടപെടാന്‍ ആവശ്യപ്പെടും. എന്നെ ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണത്. നമുക്കിടയിലുള്ള വിഷയത്തില്‍ മറ്റൊരാളെ കൊണ്ടുവരരുതെന്ന് പലതവണ അവളോട് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അവള്‍ എന്റെ വാക്ക് മുഖവിലക്കെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഒരു പിതാവിന് അയാളുടെ മകളുടെ ജീവിതത്തില്‍ എപ്പോഴെല്ലാം ഇടപെടാം എന്നതാണ് എനിക്ക് അറിയേണ്ടത്.’ ഒരാള്‍ എന്റെയടുക്കല്‍ വന്ന് പറഞ്ഞതാണിത്. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി? അദ്ദേഹം പറഞ്ഞു: അഞ്ച് വര്‍ഷം. ഞാന്‍ ചോദിച്ചു: എത്ര തവണ താങ്കളുടെ ഭാര്യ അവളുടെ ഉപ്പയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്? അദ്ദേഹം പറഞ്ഞു: നിരവധി തവണ.. മാസത്തിലൊരിക്കലെങ്കിലും അവളുടെ ഉപ്പ ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

ഞാന്‍ പറഞ്ഞു: അടിസ്ഥാനപരമായി മക്കളുടെ വിവാഹം കഴിഞ്ഞാല്‍ കുടുംബങ്ങള്‍ അവരുടെ ജീവിതത്തില്‍ ഇടപെടാറില്ല. മക്കള്‍ക്ക് സ്വന്തമായി ജീവിതം നയിക്കാനുള്ള അവസരം നല്‍കുന്നതോടെ അവരുടെ പരിപാലനമെന്ന രക്ഷിതാക്കളുടെ ദൗത്യം അവസാനിക്കുകയാണ്. അടിസ്ഥാനപരമായി ഒരു വിവാഹിതന്‍ പക്വതയെത്തിയ ഒരു മനുഷ്യനായിരിക്കും. സ്വാഭാവികമായും തനിക്ക് ഗുണകരമായ കാര്യങ്ങളും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയും അദ്ദേഹത്തിന്നറിയും.

അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ പറയുന്നത് എന്റെ ഭാര്യയുടെ കാര്യത്തില്‍ നടപ്പാക്കപ്പെടുന്നില്ല. ഞാന്‍ പറഞ്ഞു: വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടാവുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് കുറേ ഗുണങ്ങളുമുണ്ട്. ആ അഭിപ്രായ വ്യത്യാസങ്ങളിലൂടെയാണ് ദമ്പതികള്‍ പരസ്പരം അറിയുന്നത്. തങ്ങള്‍ ഓരോരുത്തരും വെവ്വേറെ വ്യക്തികളാണെന്ന് അതിലൂടെ തിരിച്ചറിയുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതി പഠിക്കുകയും ചെയ്യുന്നു. പരസ്പരം മനസ്സിലാക്കുന്നതിനും കൂടുതല്‍ അടുപ്പത്തിലും യോജിപ്പോടെയും ദാമ്പത്യജീവിതം നയിക്കുന്നതിനും അത് ദമ്പതികളെ സഹായിക്കും. എന്നാല്‍ ദമ്പതികള്‍ക്ക് സ്വന്തം നിലക്ക് ഒരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മൂന്നാമതൊരാളുടെ ഇടപെടലിലൂടെ പ്രശ്‌നം പരിഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് ഉപ്പയോ ഉമ്മയോ സഹോദരനോ പ്രൊഫഷണല്‍ കൗണ്‍സിലറോ ആര് തന്നെയാണെങ്കിലും അവര്‍ വിശ്വസ്തനും യുക്തിയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരുമായിരിക്കണം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിന് പകരം അത് പരിഹരിക്കാന്‍ ശേഷിയുള്ള തരത്തില്‍ ജീവിത പരിചയം ഉള്ളവരായിരിക്കണം അവര്‍. ദമ്പതികളിരുവരെയും ദാമ്പത്യജീവിതത്തിന്റെ സ്വഭാവം ബോധ്യപ്പെടുത്താനും പരസ്പര വിട്ടുവീഴ്ച്ചയിലേക്ക് അവരെ കൊണ്ടുവരാനുമുള്ള ശേഷിയുള്ളവരായിരിക്കണം അവര്‍.

എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും അല്ലെങ്കില്‍ ആദ്യ പ്രശ്‌നത്തില്‍ തന്നെ ഉപ്പയോടോ മറ്റാരോടെങ്കിലുമോ ആവശ്യപ്പെടാതിരിക്കുക എന്നതും പ്രധാനമാണ്. അതേസമയം എങ്ങനെ കൈകാര്യം ചെയ്യുന്നമെന്ന് പങ്കാളിക്ക് അറിയാത്ത ലഹരി ഉപയോഗം, മദ്യപാനം, ദൈവനിരാസം, മര്‍ദനം പോലുള്ള ഒറ്റപ്പെട്ടുള്ള കേസുകളില്‍ പെട്ടന്നുള്ള ഇടപെടല്‍ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ നിസ്സാരവും ആവര്‍ത്തിക്കുന്നതുമായ വിയോജിപ്പുകള്‍ പല തവണ സ്വന്തം നിലക്ക് പരിഹരിച്ചിട്ടും ശാശ്വതമായ പരിഹാരത്തിലെത്താത്ത സന്ദര്‍ഭത്തിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യപ്പെടാവുന്നതാണ്. ഇരുകക്ഷികള്‍ക്കും തൃപ്തികരമായ പരിഹാരം കണ്ടെത്തി നല്‍കാനും പ്രശ്‌നത്തെ സങ്കീര്‍ണമാക്കാതെ ലഘുകരിക്കാനും കഴിവുള്ളവരായിക്കണം ഇത്തരത്തില്‍ ഇടപെടുന്നവര്‍ എന്നത് പ്രധാനമാണ്.

പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്ന പിതാവ് അല്ലെങ്കില്‍ ബന്ധു നീതിനിഷ്ഠയുള്ളവരല്ലെങ്കില്‍ അവരുടെ ഇടപെടല്‍ ഒഴിവാക്കുകയാണ് നല്ലത്. സ്വാഭാവികമായും തങ്ങളുടെ മക്കളോട് ചായ്‌വ് പുലര്‍ത്തിയായിയിരിക്കും അവരുടെ ഇടപെടല്‍. അതേസമയം സ്ത്രീകള്‍ താല്‍പര്യപ്പെടുന്നതും പുരുഷന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതുമായ ഒരു കാര്യമുണ്ട്. സ്ത്രീകള്‍ പൊതുവെ മറ്റുള്ളവരോട് അഭിപ്രായം തേടാനും അവരുടെ സഹായം തേടാനും ഇഷ്ടപ്പെടുന്നു. അതില്‍ യാതൊരു ന്യൂനതയും അവര്‍ കാണുന്നില്ല. എന്നാല്‍ അതേസമയം പുരുഷന്‍ താന്‍ എന്ന വ്യക്തിയുടെ ന്യൂനതയായിട്ടാണ് അതിനെ മനസ്സിലാക്കുക. അതുകൊണ്ടാണ് മിക്ക പുരുഷന്‍മാരും മാരിറ്റല്‍ കൗണ്‍സിലിങിനോട് വിമുഖത കാണിക്കുന്നത്. തനിക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്റെ കഴിവുകേടായിട്ടാണ് പുരുഷന്‍ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ തന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യം മറ്റുള്ളവര്‍ അറിയുന്നത് തന്റെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമായിട്ടാണ് മനസ്സിലാക്കുന്നത്.

ഞങ്ങളുടെ മകള്‍ക്ക് അവളുടെ ഭര്‍ത്താവിനൊപ്പം സ്വസ്ഥമായ ജീവിതം നല്‍കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ എന്ന് ഒരിക്കല്‍ ഒരു പിതാവ് എന്നോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: അതെ, നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇടപെടലിനെയും സ്വസ്ഥതയെയും നാം വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. സ്വസ്ഥത കൊണ്ടുദ്ദേശിക്കുന്നത് ചോദ്യമാണെങ്കില്‍ ഇടപെടല്‍ കൊണ്ടുദ്ദേശിക്കുന്നത് മറുകക്ഷിയോട് സംസാരിക്കലും നിലപാടെടുക്കലും നിര്‍ദേശമോ മുന്നറിയിപ്പോ നല്‍കലുമാണ്. അനിവാര്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇടപെടല്‍ നടത്താവൂ. മകളെ അവളുടെ ഭര്‍തൃഗൃഹത്തില്‍ നിന്ന് കൂട്ടിപോരല്‍ പല രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് സംഭവിക്കുന്ന വീഴ്ച്ചയാണ്. ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും അവള്‍ക്ക് വല്ല അപകടവും ഉണ്ടാകുമെന്ന് ഭയക്കുന്ന അവസരത്തില്‍ മാത്രമേ അതിന്ന് അവകാശമുള്ളൂ.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles