Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തിൽ വഞ്ചന കാണിക്കാൻ പറയുന്ന കൺസൾട്ടന്റ്!

വഞ്ചിക്കുന്ന ഭർത്താവിന്റെ കാര്യത്തിൽ വിദഗ്ധാഭിപ്രായം തേടിയ ഭാര്യയോട് അതേപോലെ തിരിച്ച് പ്രവർത്തിക്കാനും, പ്രതികാരം ചെയ്യുന്നതിന് തിരിച്ച് വഞ്ചിക്കാനുമാണ് കൺസൾട്ടന്റ് ഡോക്ടർ ഉപദേശിച്ചത്. ഭർത്താവിന്റെ വഞ്ചനയെ സംബന്ധിച്ച് എന്നോട് വിദഗ്ധാഭിപ്രായം തേടിയ സ്ത്രീയിൽ നിന്നാണ് ഞാനിത് കേൾക്കുന്നത്. ഈയൊരു കൺസൾട്ടന്റിന്റെ ഉപദേശം തേടിയത് അവൾ എന്നോട് പറയുകയായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം, ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണെന്ന് കണ്ടെത്തിയ ഭർത്താവ് എന്റെ അടുക്കലേക്ക് വിദഗ്ധാഭിപ്രായം തേടിയെത്തി. അയാൾ അക്കാര്യത്തിൽ അഭിപ്രായം തേടി കുടുംബ കൺസൾട്ടന്റിന്റെ അടുക്കൽ പോയിരുന്നു. വഞ്ചനക്കും അനീതിക്കും ഇരയായവനെന്ന തോന്നലില്ലാതിരിക്കാൻ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച് ഭാര്യയെ വഞ്ചിക്കാനായിരുന്നു കുടുംബ കൺസൾട്ടന്റ് അയാളെ ഉപദേശിച്ചത്. ഇത്തരം കൺസൾട്ടന്റുമാരുടെ ഉപദേശങ്ങൾ കേട്ട് വായനക്കാർ ആശ്ചര്യപ്പെടുന്നുണ്ടാകും! ഇത് നമ്മുടെ സംസ്‌കാരത്തിനും, വിശ്വാസത്തിനും, വ്യക്തിത്വത്തിനുമെതിരാണ്. കുടുംബബന്ധം ശിഥിലമാക്കുന്നതും, സ്വഭാവങ്ങളെ പൊളിച്ചെഴുതുന്നതും, അല്ലാഹുവിന്റെ കോപം നേടിതരുന്നതുമാണ്.

ഒരിക്കൽ ഞാനൊരു കൺസൾട്ടന്റിനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ അഭിപ്രായം വഞ്ചനയെ ചികിത്സിക്കേണ്ടത് മറ്റൊരു വഞ്ചനയിലൂടെയാണ് എന്നായിരുന്നു. വഞ്ചിക്കപ്പെട്ടവർ വിദഗ്ധാഭിപ്രായം തേടിയെത്തുമ്പോൾ എന്തൊരു മാർഗനിർദേശമാണ്, എന്തൊരു പ്രേരണയാണ് താങ്കൾ നൽകുകയെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. വിദേശ രാഷ്ട്രങ്ങളിലെ തന്റെ പഠനപരിശീലന കാലത്ത് മനസ്സിലാക്കിയതാണ് ഞാൻ പറഞ്ഞതെന്ന് അദ്ദേഹം മറുപടി നൽകി. തുടർന്ന്, അദ്ദേഹവുമായി നീണ്ട ചർച്ചയിൽ മുഴുകി. എന്നാൽ, ഇതാണ് ശരിയായ പരിഹാരം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. ഞാനദ്ദേഹത്തോട് പറഞ്ഞു: എന്നാൽ, ഞങ്ങൾ തെറ്റിനെ തെറ്റുകൊണ്ട് കൈകാര്യം ചെയ്യുകയില്ല. തീർച്ചയായും, തെറ്റിനെ നന്മ കൊണ്ടാണ് കൈകാര്യം ചെയ്യുക. തെറ്റിനെയും മറ്റൊരു തെറ്റിനെയും വേർതിരിക്കുന്നത് പോലെ. പെട്ടെന്നു സംഭവിക്കുന്ന ഒരു തെറ്റിനെ ആവർത്തിക്കുന്ന തെറ്റുപോലെ കൈകാര്യം ചെയ്യുകയില്ല. ഉദ്ദേശിക്കാതെ സംഭവിക്കുന്ന തെറ്റിനെ മനഃപൂർവമായി കാണുകയില്ല. ചെറിയ തെറ്റിനെ വലിയ തെറ്റിനോട് സമീകരിക്കുകയില്ല. ഏതവസ്ഥയിലും തിന്മയെ തിന്മകൊണ്ട് കൈകാര്യം ചെയ്യുകയുമില്ല. ഇതാണ് കുടുംബ മാർഗനിർദേശങ്ങളിൽ ഞങ്ങളുടെ രീതിശാസ്ത്രം.

ശേഷം, ഞാൻ കൺസൾട്ടന്റിനോട് ചോദിച്ചു: വഞ്ചിക്കുന്ന ഭർത്താവിനോട് തിരിച്ചും വഞ്ചനകാണിക്കണമെന്ന് ഉപദേശിക്കുമ്പോൾ വഞ്ചിക്കപ്പെടുന്ന വ്യക്തിയുടെ യഥാർഥ പ്രശ്‌നം പരിഹരിക്കുന്നുണ്ടോ? ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു: അങ്ങനെയാണെങ്കിൽ താങ്കൾ പ്രശ്‌നത്തെ അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്നില്ലെ. വഞ്ചനക്കിരയായ ഭാര്യയുടെ പ്രശ്‌നമാണ് ഞാൻ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ ചോദിച്ചു: അവരോട് ഇക്കാര്യത്തിൽ പറഞ്ഞുകൊടുക്കാവുന്ന വഞ്ചനയല്ലാത്ത മറ്റു പരിഹാരങ്ങളില്ലേ? അദ്ദേഹം ചോദിച്ചു: ഏത് പോലെ? ഞാൻ പറഞ്ഞു: അവരെ സംബന്ധിച്ചിടത്തോളം ക്ഷമിക്കുകയും പ്രായോഗിക നടപടികൾ ചിന്തിക്കുകയും ചെയ്യുക, അല്ലാഹുവിനോട് സഹായം തേടുക, വിദഗ്ധരുമായി അഭിപ്രായം തേടുക എന്നിവ പോല. വഞ്ചിക്കുന്ന ഭർത്താവിനെ സംബന്ധിച്ച് ഇത് താക്കീതും മുന്നറിയിപ്പുമാണ്. ഇനി, അയാൾ അതിനോട് പ്രതികരിക്കുന്നില്ലെങ്കിൽ അയാളുടെ കുടുംബത്തെയോ അവളുടെ കുടുംബത്തെയോ പ്രശ്‌ന പരിഹാരത്തിനായി കൊണ്ടുവരുക. അയാൾ അതിന് മറുപടി നൽകുന്നില്ലെങ്കിൽ, വഞ്ചന വെടിയാൻ അയാളെ സഹായിക്കുകയും, ബോധ്യമാകുന്നതുവരെ അതിന്റെ ആവശ്യകത അറിയിച്ചുകൊടുക്കുകയും ചെയ്യുക. ഇതിനെല്ലാം അപ്പുറമാണ് അല്ലാഹുവിനോട് പ്രാർഥിക്കുകയും നമസ്‌കരിക്കുകയും ചെയ്യുകയെന്നത്. ചിലപ്പോൾ ഒഴിവാക്കുകയെന്നതോ ത്വലാഖ് ചൊല്ലുകയെന്നതോ ആയിരിക്കാം പരിഹാരം. മറ്റു ചിലപ്പോൾ ഇതര പരിഹാരങ്ങളുമുണ്ടാകാം. അദ്ദേഹം പറഞ്ഞു: പ്രശ്‌നം പരിഹാരത്തിന് ഈയൊരു മാർഗം സമയമെടുക്കുന്നതാണ്. എന്നാൽ, ‘ഭർത്താവിനോട് വഞ്ചന കാണിക്കൂ’ എന്ന് ഭാര്യയോട് പറയുകയാണെങ്കിൽ പ്രശ്‌നം ഞാൻ വേഗത്തിൽ കൈകാര്യം ചെയ്യുകയാണ്. ഞാൻ ചോദിച്ചു; ശരിയല്ലാത്ത പരിഹാരത്തിന് വേഗത്തലുള്ള മാർഗനിർദേശമാണോ ശരിയായ പരിഹാരത്തിന് അവധാനതയോടുള്ള മാർഗനിർദേശമാണോ നല്ലത്? അദ്ദേഹം പറഞ്ഞു: ഇപ്രകാരമാണ് ഞങ്ങൾ പഠന കാലത്ത് രീതിശാസ്ത്രമായി മനസ്സിലാക്കായിരുന്നത്.

ഞാൻ പറഞ്ഞു: താങ്കൾ മനസ്സിലാക്കിയത് പ്രായോഗിക-വിശ്വാസ-സംസ്‌കാരത്തോട് യോജിക്കുന്നതല്ല. വഞ്ചിക്കുന്ന ഭർത്താവിനോട് പ്രതികാരം ചെയ്യുവാൻ താങ്കൾ ഉപദേശിക്കുമ്പോൾ പ്രശ്‌നം കൂടുതൽ സങ്കീർണമാവുകയാണ്. പുരുഷന്മാരുടെ കൂടെ പോകുന്ന മോശം സ്ത്രീയായി അവളെ കാണുമ്പോൾ അവളുടെ അന്തസ്സിനെ അവമതിക്കുകയാണ്; അവളുടെ ജീവിതത്തെയും, വ്യക്തിത്വത്തെയും ഇല്ലാതാക്കുകയുമാണ്. കാരണം താങ്കൾ അവളുടേതല്ലാത്ത വസ്ത്രം അവളെകൊണ്ട് അണിയിപ്പിക്കുകയാണ്. അവൾ വെറുക്കുന്നത് ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ്. ഫലത്തിൽ, ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് പകരം താങ്കൾ രണ്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്. അദ്ദേഹം പറഞ്ഞു: ഇത്തരത്തിൽ ഞാൻ കാര്യങ്ങൾ ചിന്തിച്ചിരുന്നില്ല. ഞാൻ പറഞ്ഞു: ഇതാണ് ശരിയായ മാർഗം. ഭാര്യയെയോ ഭർത്താവിനെയോ വഞ്ചിക്കാൻ താങ്കൾ ഉപദേശിക്കുമ്പോൾ, അത് അല്ലാഹുവിനോടുള്ള വഞ്ചനയാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. യഥാർഥത്തിൽ അത് ഒരാൾ മറ്റൊരാളെ വഞ്ചിക്കുകയല്ല. കാരണം ദാമ്പത്യ ജീവിതം ഇസ്‌ലാമിൽ ഇതര മതങ്ങളെയോ വിസ്വാസങ്ങളെയോ പോലെയല്ല. ദാമ്പത്യ ബന്ധം അല്ലാഹുവുമായുള്ള ഉടമ്പടിയാണ്. ദാമ്പത്യ ബന്ധവും കുടുംബവും അപ്രകാരം സംരക്ഷിക്കേണ്ടതാണ്. രണ്ട് പേർക്കിടയിൽ സംഭവിക്കുന്നതല്ല ദാമ്പത്യ ജീവിതം. അതിന് സാക്ഷിയായി അല്ലാഹുവുമുണ്ട്; ഇരുവിഭാഗങ്ങൾക്കുമിടയിൽ ബന്ധം നിയമാനുസൃതമാക്കിയവൻ. അദ്ദേഹം പറഞ്ഞു: കുടുംബ മാർഗനിർദേശങ്ങളുടെ രീതിശാസ്ത്രത്തിൽ ഞാൻ പഠിച്ചിട്ടില്ലാത്ത ഇക്കാര്യങ്ങൾ എനിക്ക് പുതിയ അറിവാണ്. ഞാൻ പറഞ്ഞു: തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ചികിത്സിക്കരുതെന്നതാണ് പ്രധാനം!

വിവ: അർശദ് കാരക്കാട്

Related Articles