Current Date

Search
Close this search box.
Search
Close this search box.

വിവാഹമോചിതരുടെ ആകുലതകൾ

‘വിവാഹമോചനത്തിന്റെ ഇടവേള.’ എന്ന എന്റെ പ്രയോഗം ചിലരെയെങ്കിലും അതിശയിപ്പിച്ചേക്കാം. എന്നാൽ വിവാഹമോചനം എന്ന ദുരനുഭവത്തിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ഇത് ശരിയായതും പ്രധാനപ്പെട്ടതുമായ ഒന്നാണന്ന് ബോധ്യമുള്ള കാര്യവുമാണ്. ഒരാൾ വിവാഹമോചനത്തിനുശേഷം ആറുമാസത്തിൽ കുറയാത്ത കാലം വിശ്രമിക്കേണ്ടതുണ്ട്. ഒരു പുതിയ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ പ്രവേശിക്കുന്നതിന് ആ വ്യക്തിയുടെ മാനസികാവസ്ഥ ശരിപ്പെടുത്താൻ ഇത് ഏറെ ആവശ്യമായാണ് കണക്കാക്കപ്പെടുന്നത്. വിവാഹമോചനം, പുരുഷനും സ്ത്രീക്കുമിടയിൽ അവരവരുടെ ഇച്ഛാശക്തിയോടെയാണ് നടക്കുന്നതെങ്കിലും, അത് പലപ്പോഴും പുരുഷനും സ്ത്രീക്കുമിടയിൽ വലിയ മാനസിക സ്വാധീനം ചെലുത്തുമെന്നുറപ്പാണ്. ഈ വേർപെടലിലൂടെ സംഭവിക്കുന്ന നഷ്ടം എല്ലാ അർഥത്തിലും വേദനാജനകമാണന്ന് പറയേണ്ടതില്ല. കുടുംബജീവിതം പണം എന്നിവ മാത്രമല്ലല്ലോ നഷ്ടപെടുന്നത്, കുട്ടികളുടെ സുസ്ഥിര ഭാവി മാനസിക സുഖം പരസ്പരമുള്ള വൈകാരിക പൂർത്തീകരണം എന്നിവയെല്ലാം നഷ്ടപ്പെടുകയോ സാരമായ കേടുപാടുകൾക്ക് നിമിത്തമാവുകയോ ചെയ്യുമെന്നതാണല്ലോ അതിലൂടെ സംഭവിക്കുന്നത്.

വിവാഹമോചിതരായ പലരും ശേഷം വലിയ സങ്കടത്തിലോ വിഷാദത്തിലോ പ്രവേശിക്കുന്നുവെന്നതാണ് സത്യം. എന്നോട് ഉപദേശം തേടിയെത്തുന്നവരുടെ കാര്യങ്ങളിങ്ങനെയൊക്കെയാണ്. അതുകൊണ്ടാണ് ‘വിവാഹമോചിതർക്ക് ഒരു വിശ്രമം’ വേണമെന്ന് ശുപാർശ ചെയ്യുന്നത്. അങ്ങനെ വിവാഹമോചിതനായ വ്യക്തി തന്നെയും തന്റെ ജീവിത വഴികളെയും അതുവഴി തെറ്റുകൾ തിരിച്ചറിയാനും ഒരു പുതിയ തുടക്കത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കുമെന്നതാണ് ശരി. മറുകക്ഷിയോടുള്ള പ്രതികാരമായി വിവാഹമോചനം സംഭവിക്കാതിരിക്കാനും ഇതാവശ്യമാണ്. ഒരാളുമായി തിരക്കിട്ട് ബന്ധം സ്ഥാപിക്കുന്നത് പലപ്പോഴും അയാളുടെ ഗുണദോഷങ്ങൾ മനസ്സിലാക്കാതെയും പഠിക്കാതെയുമായിരിക്കുമല്ലോ. മാത്രവുമല്ല, വിവാഹമോചനത്തിനുശേഷം പെട്ടെന്ന് മറ്റൊരു ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള താൽപര്യം ആ വ്യക്തി ഒരു സ്വയം വിമർശനത്തിനും ആവശ്യമായ വിലയിരുത്തലുകൾക്കും ഇനിയും സ്വയം സന്നദ്ധമായിട്ടില്ലന്ന് തെളിയിക്കുകയാണല്ലോ. വിവാഹമോചനത്തിന്റെ നെഗറ്റീവ് വികാരങ്ങളെ മറികടക്കാനോ ലൈംഗിക ആവശ്യങ്ങളുടെ പൂർത്തീകരണത്തിനോ ഒറ്റക്കാവുന്നതിൽ നിന്നുള്ള മോചനത്തിനോ അതുമല്ലങ്കിൽ വിനോദത്തിനോ വിവാഹമോചിതയായ പങ്കാളിയുടെ അസൂയയെ പ്രകോപിപ്പിക്കുന്നതിനോ ഒക്കെയാണല്ലോ ഇത്തരം ചടുലനീക്കം ഉണ്ടാവാറ്.

ഒരു പുതിയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും വേഗത്തിൽ പ്രവേശിക്കുന്നതിൽ കാര്യമായ ചില പോരായ്മകളുണ്ട്. പങ്കാളികൾക്കിടയിൽ കാര്യമാത്ര പ്രസക്തമായ ഒരു താരതമ്യം സാധിക്കാതെ വരുന്നുവെന്നതും മുൻ ബന്ധത്തിന്റെ പ്രശ്‌നങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും പുതിയ പങ്കാളി മുക്തമാണോ എന്നുറപ്പ് വരുത്താൻ സാധിക്കാതെ വരുന്നതും പ്രശ്‌നം തന്നെയാണ്. മാത്രവുമല്ല, ചില സമയങ്ങളിലെ മാനസികാവസ്ഥ യാഥാർത്ഥ്യത്തിനുമേൽ ആധിപത്യം സ്ഥാപിക്കുകയും ആദ്യ വിവാഹത്തിന്റെ അനുഭവങ്ങളും ദുരനുഭവങ്ങളും പുതിയ ബന്ധത്തിലേക്ക് കടന്നുവരുന്നതായി തോന്നുന്നത് കുടുംബ സ്ഥിരതയെ തന്നെ ബാധിക്കുമെന്നുറപ്പാണ്. പുനർ വിവാഹിതരുടെ നിരവധി കേസുകളിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്. അവർ തമ്മിലുള്ള നിരന്തരമായ ആശയ സമരങ്ങൾ അവരുടെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചവയാണ് അതിലധികവും. പ്രത്യേകിച്ചും ധനവ്യയം, ആദ്യ ഭാര്യയിലെ കുട്ടികളെ കാണുന്നത് എന്നിവ അവർക്കിടയിൽ പുതിയ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ഇത് മറ്റൊരു വിവാഹമോചനത്തിലേക്ക് വളർന്ന് വികസിക്കുകയും ചെയ്യുന്നു. വിവാഹമോചനത്തിനുശേഷം മറ്റൊരു പുതിയ ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള തിടുക്കമാണിതിന് കാരണം. ഈ സാഹചര്യത്തെ ‘പരസ്പര ബന്ധിത’ മായി മനസ്സലാക്കേണ്ടതുണ്ട്. അതായത് വിവാഹമോചിതനായ വ്യക്തി തന്റെ ആത്മാഭിമാനം പുനസ്ഥാപിക്കാനായി ഒരു പുതിയ ബന്ധം ആരംഭിക്കാൻ കാണിക്കുന്ന തിടുക്കത്തിന് ഒടുക്കേണ്ടിവരുന്ന വിലയാണിതെന്ന് സാരം.

വിവാഹമോചിതനായ വ്യക്തി ഈ ദുരിതാവസ്ഥയെ മറികടക്കാൻ ഇനി പറയുന്ന നടപടിക്രമങ്ങൾ ഏറ്റെടുക്കണമെന്നാണ് നിർദേശിക്കാനുള്ളത്.

ഒന്ന്: തന്റെ ഹോബിയിൽ ചിലതിന് കാര്യമായ മുൻഗണന കൊണ്ട് വരേണ്ടതുണ്ട്. താൻ അവഗണിച്ച് ഒഴിവാക്കിയ ഒരു കഴിവ് വികസിപ്പിച്ചെടുക്കാനോ, ഏതെങ്കിലുമോരു സന്നദ്ധപ്രവർത്തനത്തിൽ പങ്കെടുക്കാനോ, തനിക്കിഷ്ടപ്പെട്ട പുസ്തകം വായിക്കാനോ അതുമല്ലെങ്കിൽ തിരക്കുള്ള ഒരു പുതിയ പ്രോജക്ടിലേക്ക് തിരിയാനോ ഉള്ള തീവ്രശ്രമമാണ് അതിനാദ്യം വേണ്ടത്. വിവാഹമോചനത്തിലൂടെ രൂപപ്പെട്ട വലിയ പ്രതിസന്ധിക്ക് ഇതിലൂടെ വലിയതോതിൽ ആശ്വാസം കണ്ടെത്താം സാധിക്കും.

രണ്ട്: വിവാഹമോചനം നേടിയ വ്യക്തിയെ ഒരു പുതിയ വ്യക്തിയായി കാണുക എന്നതാണ്. വിവാഹ ദിവസങ്ങളിലെന്നപോലെയാവില്ല ഇപ്പോഴദ്ദേഹം. ജീവിതക്രമത്തിലും മറ്റും ഒരുപാട് മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

മൂന്ന്: കുട്ടികളെ വളർത്തുന്നതിലും അവരെ പരിപാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇത് വേർപാടിന്റെ നൊമ്പരം ഏറെ ലഘൂകരിക്കും. വിവാഹമോചിതർ തമ്മിലുള്ള ആശയവിനിമയ രീതികൾ നിർണ്ണയിക്കേണ്ടതും വളരെ ആവശ്യമാണ്. കുട്ടികളുടെ ആവശ്യ പൂർത്തീകരണം, ജീവനാംശം, പരസ്പര കൂടികാഴ്ച എന്നിവയെല്ലാം വളരെ പ്രധാനമാണ്.

നാല്: വിവാഹമോചിതനായ വ്യക്തി സ്വന്തത്തോട് ക്രിയാത്മകമായി സംസാരിക്കുന്നതും നല്ല കാര്യങ്ങൾ ചെയ്യുന്നതും ദുഖവും പ്രയാസങ്ങളും പുറന്തള്ളാൻ സാധിക്കുന്ന ശുഭാപ്തിവിശ്വാസം പുലർത്തുന്നതും നല്ല വ്യക്തിത്വങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നതും പ്രധാനമാണ്.

അഞ്ച്: പ്രതികാര ചിന്ത, ചീത്ത പറയൽ, മാനഹാനി വരുത്തൽ എന്നിവയിൽ നിന്നും വിട്ടുനിൽക്കണം. കാരണം ഈ പെരുമാറ്റം മറു കക്ഷിയെ ദ്രോഹിക്കുന്നതിനുമുമ്പ് അവനെതന്നെ ദ്രോഹിക്കുന്നുവെന്നതാണ് സത്യം.

അവസാനമായി പറയാനുള്ളതിതാണ്: വേദനയും സങ്കടവും തരണം ചെയ്യാൻ ഇനിയും കഴിയുന്നില്ലെങ്കിൽ സർവശക്തനായ അല്ലാഹുവിന്റെ സഹായം തേടുകയും പ്രാർത്ഥന, ഉപവാസം, ഖുർആൻ പാരായണം എന്നിവയാൽ വിശ്വാസത്തെ ഒന്നുകൂടി സ്ഫുടം ചെയ്‌തെടുക്കുകയും ഒപ്പം ഒരു വിദഗ്ദ്ധ സ്‌പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കുകയും വേണം.

വിവ- അബൂ ഫിദ

Related Articles