Current Date

Search
Close this search box.
Search
Close this search box.

സ്വസ്ഥത കെടുത്തുന്ന വീട്

closed-door.jpg

എന്റെ കുടുംബത്തില്‍ മുപ്പതുകളിലെത്തിനില്‍ക്കുന്ന ഏറ്റവും ചെറിയമകനാണ് ഞാന്‍. താങ്കളില്‍നിന്നും ഒരു പരിഹാരം തേടികൊണ്ടാണ് ഞാനിതെഴുതുന്നത്. എന്റെ ഉമ്മയും ഭാര്യയും തമ്മിലുളള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും കാരണം എനിക്ക് ജീവിതമാകെ മടുത്തിരിക്കുകയാണ്. എത്രത്തോളമെന്നാല്‍ എന്റെ ഭാര്യയും കുടുംബവും താമസിക്കുന്ന വീട്ടില്‍ സമയം ചെലവഴിക്കുന്നത് പോലും ഞാന്‍ വെറുക്കുന്നു.

ഇനി എന്റെ കഥയിലേക്ക് വരാം, നല്ല ഒരു കുടുംബത്തില്‍ നിന്നുള്ള യുവതിയെയാണ് ഞാന്‍ വിവാഹം കഴിച്ചത.് ഒരു നല്ല ഭാര്യക്കുവേണ്ട എല്ലാ ഗുണങ്ങളും ഞാനവളില്‍ കണ്ടു. മാത്രമല്ല, ദാമ്പത്യത്തിന്റെ ആദ്യഘട്ടങ്ങളിലെല്ലാം ഞങ്ങള്‍ വളരെ സന്തോഷത്തോടെയും സഹവര്‍ത്തിത്വത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഭാര്യഗര്‍ഭിണിയായതുമുതല്‍ അവളും ഉമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. അവരെ തര്‍ക്കങ്ങളില്ലാതെ യോജിപ്പിക്കാനും, മാറ്റിയെടുക്കാനും ഞാന്‍ ശ്രമിച്ചു. വളരെ നിസാരകാര്യങ്ങളുടെ പേരിലാണ് അവരിരുവരും പരാതികള്‍ ഉയര്‍ത്തുന്നത്. ഞാനാണ് ശരി, അതുകൊണ്ടാണ് ഞാനതിലേക്ക് നീങ്ങുന്നത്. എനിക്ക് മുമ്പ് വിവാഹം കഴിച്ച സഹോദരനും ഞങ്ങളും ഒരേവീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ അവരുടെ ഭാര്യയും എന്റെ ഉമ്മയും തമ്മില്‍ വളരെ നല്ല ബന്ധമാണ് താനും. അതുപോലെ എന്റെ സഹോദരിമാരും നിലകൊള്ളുന്നത് എന്റെ ഉമ്മയുടെ ഭാഗത്താണ്. എന്റെ ഭാര്യയുമായുള്ള അവരുടെ ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നു. അതിന്റെ ഫലമായി എനിക്ക് ഏകാഗ്രത നഷ്ടപ്പെടുകയും ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായി ഞാന്‍ മാറുകയും ചെയ്തു. എന്റെ പ്രവര്‍ത്തനങ്ങളെയും കൂട്ടുക്കാരുമായുള്ള ബന്ധത്തെയും അത് പ്രതികൂലമായി ബാധിച്ചു. എന്റെ ഭാര്യയില്‍ നിന്നകന്നോ, വീടുപേക്ഷിച്ചോ ഒറ്റക്ക് ജീവിക്കാനാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അതെനിക്കൊരാശ്വാസമായി തോന്നുന്നു, എന്റെ പ്രശ്‌നത്തിന് നിങ്ങളുടെ അടുക്കല്‍ വല്ല പരിഹാരവുമുണ്ടോ?

ഇതെഴുതിയ ആളോട് ഞാന്‍ പറയുന്നു: നിങ്ങളുടെ ഭാര്യയെയും ഉമ്മയെയും ഇണക്കുന്നതിനുള്ള നിങ്ങളുടെ പരിശ്രമത്തെ അല്ലാഹു സഹായിക്കുകയും നിരന്തരം നിങ്ങളെ പ്രയാസപ്പെടുത്തുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാവുകയും ചെയ്യട്ടെ. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം താങ്കളെ തന്റേത് മാത്രമാക്കാനുള്ള ഓരോരുത്തരുടെയും ശ്രമമാണെന്ന് വ്യക്തം. നിങ്ങളുടെ പരിഗണനയും ശ്രദ്ധയും നേടാന്‍ അവര്‍ ഓരോരുത്തരും മത്സരിക്കുകയാണ്. കാരണം നിങ്ങള്‍ക്കൊപ്പം കഴിയുന്ന ജ്യേഷ്ഠസഹോദരന്റെ ഭാര്യയും ഉമ്മയും തമ്മില്‍ വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്.

നൈര്‍മല്യവും യുക്തിയോടെയും ബുദ്ധിപരമായും കാര്യങ്ങളെ സമീപിക്കാനുള്ള കഴിയവും ക്ഷമയും ഹൃദയവിശാലതയുമാണ് നിങ്ങള്‍ക്കിപ്പോള്‍ ആവശ്യം. കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കുന്നതിനെ കുറിച്ചല്ല നിങ്ങള്‍ ആലോചിക്കേണ്ടത്. അതൊരു തെറ്റായ തീരുമാനമായിരിക്കും.

നിങ്ങളുടെ സഹോദരന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങളുടെ ഭാര്യയെ സ്വന്തം മകളെ പോലെ കാണാന്‍ കഴിയുകയും അവള്‍ക്കറിയാത്ത വീട്ടുക്കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഉമ്മയെ കൊണ്ടു വരാന്‍ സാധിക്കും. അപ്പോള്‍ ജ്യേഷ്ഠസഹോദരന്റെ ഭാര്യയോട് കാണിക്കുന്ന ക്ഷമ അവളോടും ഉണ്ടാവും. ആദ്യ ഗര്‍ഭത്തിന്റെ സന്ദര്‍ഭത്തില്‍ മാനസിക സംഘര്‍ഷങ്ങളും ഭയവും ശരീരത്തിലെ ഹോര്‍മോണിന്റെ അളവില്‍ വരുന്ന മാറ്റത്തിന്റെ ഫലമായിട്ടുണ്ടാകുന്ന ഉറക്കത്തിന്റെ ആധിക്യവും താങ്കളുടെ ഭാര്യക്കുണ്ടാവും. അതിനനുസൃതമായ ശ്രദ്ധ അവള്‍ക്ക് ലഭിക്കേണ്ടതുണ്ട്. തന്റെ പെണ്‍മക്കള്‍ക്ക് അവരുടെ അമ്മായിയമ്മമാരില്‍ നിന്നും ഏറ്റവും നല്ല പെരുമാറ്റം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് പോലെ താങ്കളുടെ ഉമ്മയും താങ്കളുടെ ഇണയോട് നല്ല രീതിയില്‍ പെരുമാറണം.

ഭാര്യ നല്ല ഒരു കുടുംബത്തില്‍ നിന്നുള്ള അംഗമാണെന്ന് താങ്കള്‍ പറഞ്ഞു. അവള്‍ താങ്കളുടെ ഉമ്മയെ അനുസരിക്കുകയും ആദരിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം അവളുടെ ഉമ്മയുടെ സ്ഥാനത്താണവരുള്ളത്. പുഞ്ചിരിയോടെയും തൃപ്തിയോടെയും സ്‌നേഹത്തോടെയും അവരോട് പ്രതികരിക്കുമ്പോള്‍ ഏറെ മഹത്തരമായ കാര്യമാണത്. കുടുംബബന്ധം ശക്തിപെടുത്തുന്നതില്‍ വളരെ പ്രധാനവുമാണത്. ജനങ്ങള്‍ നിന്നോട് എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത്, അതുപോലെ അവരോട് പെരുമാറുക എന്ന അടിസ്ഥാന തത്ത്വത്തില്‍ നിന്നുകൊണ്ടായിരിക്കണം വര്‍ത്തിക്കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘നീ നിന്നെ മറ്റുള്ളവരുടെ സ്ഥാനത്ത് വെക്കുക,എന്നിട്ട് നിനക്കെങ്ങനെ അനുഭവപ്പെടുന്നുണ്ടെന്ന് എന്നെ അറിയിക്കുക.’ എന്ന ചൈനീസ് പഴമൊഴി ആവശ്യപ്പെടുന്ന പോലെയാവട്ടെ. ഒരു ദിവസം താങ്കളുടെ ഭാര്യയും അമ്മായിയമ്മ ആയിതീരും. അന്ന് തന്റെ മരുമകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റമായിരിക്കണം ഇപ്പോള്‍ അവര്‍ കാഴ്ച്ചവെക്കേണ്ടത്. അപ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും വീട്ടിലെ ജീവിതം അസഹ്യമായി മാറുന്നതും അവളംഗീകരിക്കുമോ?

അവസാനമായി നിന്റെ മാതാവിനോടും ഭാര്യയോടും ഞാന്‍ ആവശ്യപ്പെടുന്നത് ശാന്തതയോടെ, ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കുവാനാണ്. ശരിയായും നൈര്‍മല്യത്തോടെയും ചിന്തിക്കാനും, കഴിഞ്ഞുപോയ വിയോജിപ്പുകളെല്ലാം മറന്ന് പരസ്പരം സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും പുതിയൊരു തുടക്കം കുറിക്കാനാണ് ഞാന്‍ ഉപദേശിക്കുന്നത്. ഉമ്മയോടും ഭാര്യയോടും വരാനിരിക്കുന്ന കുഞ്ഞിനോടുമുള്ള സ്‌നേഹത്തിനിടയില്‍ പിച്ചിചീന്തപ്പെടുന്ന ഈ മകനോടും ഭര്‍ത്താവിനോടുമുള്ള കാര്യണ്യത്തിന്റെ പേരിലെങ്കിലും അവരത് ചെയ്യട്ടെ. കലഹങ്ങളില്ലാതെ സ്വസ്ഥമായും ശാന്തമായും ജീവിക്കാനുള്ള അവന്റെ മോഹം സാക്ഷാല്‍കരിക്കാന്‍ അവര്‍ അങ്ങനെ പ്രവര്‍ത്തിക്കട്ടെ. താന്‍പോരിമയും സംഘര്‍ഷവുമില്ലാതെ ആരെയും ഉള്‍ക്കൊള്ളാന്‍ സ്‌നേഹത്തിന് സാധിക്കും. സ്‌നേഹവും, കാരുണ്യവും, ഇണക്കവും, പരസ്പര വിട്ടുവീഴ്ചയും, സഹകരണവും കൊണ്ട് സന്തുഷ്ടകുടുംബത്തെ നമുക്ക് ഉണ്ടാക്കിയെടുക്കാം. വല്ല്യുപ്പമാരുടെയും, വല്ല്യുമ്മമാരുടെയും, എളാപ്പമാരുടെയും, എളേമമാരുടെയും, മക്കളുടെയും തണലില്‍ എല്ലാവര്‍ക്കും സ്വസ്ഥതയോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബത്തിന് അത് വഴിയൊരുക്കും. ആ സ്‌നേഹവും ആദരവും വാത്സല്യവും സന്തുലിത വ്യക്തിത്വത്തിന്റെ ഉടമകളാക്കി അതിലെ അംഗങ്ങളെ വളര്‍ത്തും. സന്തോഷവും ആശ്വാസകരവുമായ ജീവിതത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

വിവ: കെ.സി. കരിങ്ങനാട്‌

Related Articles