Current Date

Search
Close this search box.
Search
Close this search box.

മുന്‍കോപം വരുത്തിയ വിന

angry-man.jpg

നാലഞ്ചു കൊല്ലം മുമ്പാണ്. മുറിയില്‍ തനിച്ചിരിക്കെ ഒരു സഹോദരന്‍ കടന്ന് വന്നു. അദ്ദേഹം അത്യധികം അസ്വസ്ഥനും ദു:ഖിതനുമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യമായി. സ്വയം പരിചയപ്പെടുത്തിയ ശേഷം തന്നെ വേട്ടയാടുന്ന ദു:ഖ സ്മരണ പങ്കിട്ടു. പത്ത് വര്‍ഷം മുമ്പാണ് ആദ്യ ഭാര്യ മരണമടഞ്ഞത്. പിന്നീട് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിക്കുന്നു. കുടുംബിനി ഗള്‍ഫില്‍ കൂടെയുണ്ട്. എന്നിട്ടും ഒട്ടും സ്വസ്ഥത കിട്ടുന്നില്ല. ആദ്യ ഭാര്യയുടെ അവസാന സമയത്തുണ്ടായ ഒരു സംഭവമാണ് അയാളെ വേട്ടയാടുന്നത്.

അന്ന് വീട്ടില്‍ ചെന്നപ്പോള്‍ അഴിച്ചിട്ട വസ്ത്രം അലക്കുകയോ അകം വൃത്തിയാക്കുകയോ ചെയ്തിരുന്നില്ല. ഭാര്യ കിടപ്പറയില്‍ കിടക്കുകയാണ്. അതിന്റെ കാരണം പോലും അന്വേഷിക്കാതെ വളരെ കൂടുതലായി ദേഷ്യപ്പെട്ടു. രൂക്ഷമായി ആക്ഷേപിക്കുകയും കഠിനമായി കുറ്റപ്പെടുത്തുകയും ചെയ്തു. ഭാര്യ തേങ്ങിക്കരഞ്ഞു. അവര്‍ക്ക് ശ്വാസതടസ്സമുണ്ടായിക്കൊണ്ടിരുന്നു. കരഞ്ഞതു കൊണ്ടായിരിക്കുമെന്ന് കരുതി ആശ്വസിപ്പിക്കാനോ പരിചരിക്കാനോ മുതിര്‍ന്നില്ല. ക്രമേണ ശ്വാസതടസം കൂടിക്കൊണ്ടിരുന്നു. അപ്പോഴാണ് അടുത്ത് ചെന്ന് കാരണമന്വേഷിച്ചത്. മണിക്കൂറുകളായി ശാരീരികാസ്വാസ്ഥ്യവും ക്ഷീണവും അനുഭവപ്പെട്ടതിനാലാണ് വസ്ത്രമലക്കുകയും അകം വൃത്തിയാക്കുകയൊന്നും ചെയ്യാതെ കട്ടിലില്‍ കിടന്നത്.

രോഗമാണെന്നും അത് ഗുരുതരമാണെന്നും മനസിലായതോടെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളുടെ ജീവന്‍ രക്ഷിക്കാനായില്ല. അന്നുതന്നെ അവള്‍ ഇഹലോക വാസം വെടഞ്ഞു.

മാരകമായ രോഗത്തിനടിപ്പെട്ട് വേദന സഹിച്ച് കൊണ്ടിരുന്ന ഭാര്യയോട് കോപിക്കുകയും അവരെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ പാപബോധം അന്ന് തൊട്ടിന്നോളം അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പരിഹാരം തേടിയാണ് റൂമില്‍ വന്നത്.

പലരും ഇങ്ങനെയാണ് അനിഷ്ടകരമായത് കാണുമ്പോഴേക്കും കോപാകുലരാകും. അതെന്ത് കൊണ്ട് സംഭവിച്ചുവെന്ന് പോലും ആലോചിക്കുകയോ അന്വേഷിച്ചറിയുകയോ ഇല്ല. കോപത്തിന് കീഴ്‌പെടുന്നതോടെ ഏറെ പേരും സ്വയം മറക്കുന്നു. വിവേകവും വിചാര ശേഷിയും നശിക്കുന്നു. ചിലരെങ്കിലും കലിയിളകി പേപിടിച്ചവരെപ്പോലെ പുലഭ്യം പറയുന്നു. വരുംവരായ്കകളോര്‍ക്കാതെ കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാക്കുന്നു. കോപമടക്കാന്‍ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകള്‍ മാറിനിന്ന് നോക്കുന്നവരില്‍ കൗതുകമുണര്‍ത്തുന്നവിധം പരിഹാസ്യങ്ങളായിരിക്കും. അത്തരക്കാരുടെ ചെയ്തികള്‍ പരിഹാരമില്ലാത്ത വിധം ഗുരുതരമായിരിക്കും ഉപര്യുക്ത സംഭവത്തില്‍ ഉണ്ടായപോലെ.

കോപം അടക്കി നിര്‍ത്തലും ജനങ്ങളോട് വിട്ട് വീഴ്ച കാണിക്കലും ഭക്തന്മാരുടെ ലക്ഷണമായി ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.  ‘നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.’ (ആലുഇംറാന്‍: 133,134)
കോപം വരുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതിന് മുമ്പ് വുദു ചെയ്യാന്‍ പ്രവാചകന്‍ കല്‍പിക്കാനുള്ള കാരണവും മറ്റൊന്നുമല്ല.

Related Articles