Current Date

Search
Close this search box.
Search
Close this search box.

മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍

quarrel.jpg

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒരു സഹോദരി ടെലഫോണില്‍ വിളിച്ചു. കരഞ്ഞ് കൊണ്ടാണ് സംസാരിച്ചത്. അവര്‍ക്ക് രണ്ട് സഹോദരന്മാരുണ്ട്. ഒരു സഹോദരിയും. കുറേ കാലമായി സഹോദരന്മാര്‍ തമ്മില്‍ കൊടിയ ശത്രുതയിലാണ്. കലഹം നടക്കാത്ത നാളുകള്‍ കുറവാണ്. ഇന്നലെ തമ്മില്‍തല്ലലിന്റെ വക്കോളമെത്തി കാരണം സ്വത്ത്  തര്‍ക്കം തന്നെ. പിതാവ് മരിക്കുന്നതിന് മുമ്പ് വിലപിടിച്ച ഒരു കട മൂത്തസഹോദരന് നല്‍കിയിരുന്നു. അതു കൂടി അനന്തര സ്വത്തിലുള്‍പെടുത്തി ഭാഗിക്കണമെന്ന് അനുജനും സഹോദരിമാരും ആവശ്യപ്പെടുന്നു. ജ്യേഷ്ടന്‍ അതിന് വഴങ്ങുന്നുമില്ല. ഇതാണ് പ്രശ്‌നത്തിന്റെ മര്‍മം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോള്‍ തന്നെ എന്റെ മുമ്പിലുള്ള കുടുംബ പ്രശ്‌നം ഇതുപോലുള്ളതാണ്. എന്റെ വളരെ അടുത്ത ബന്ധു തന്റെ സ്വത്തിലെ നല്ലൊരു പങ്ക് മക്കള്‍ക്ക് ജീവിത കാലത്ത് തന്നെ രജിസ്റ്റര്‍ ചെയ്ത് കൊടുത്തു. പലര്‍ക്കു പല സ്വഭാവത്തിലാണ് സ്വത്ത് നല്‍കിയത്. ആ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി ദിവസങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. എന്നിട്ടും പൂര്‍ണമായി പരിഹരിച്ചുവെന്ന് പറഞ്ഞു കൂടാ. മക്കള്‍ക്കിടയില്‍ ഇതിന്റെ പേരിലുണ്ടായ ശത്രുതയും കലഹവും പതിറ്റാണ്ടുകള്‍ക്ക് ശേഷവും തുടരുകയാണ്.

ജീവിത കാലത്ത് മക്കള്‍ക്ക് സ്വത്ത് ദാനം നല്‍കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കുമിടയില്‍ നീതി പൂര്‍വ്വകമായിരിക്കണം. അത് അങ്ങനെത്തന്നെയാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. മറിച്ച് മക്കള്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് കടുത്ത അക്രമമാണ് പ്രവാചകന്‍ അതിനെ അങ്ങനെയാണ് വിശേഷിപ്പിച്ചത്.
 
സല്‍മാനുല്‍ ബശീറില്‍ നിന്ന് നിവേദനം അദ്ദേഹത്തിന്റെ പിതാവ്‌ അദ്ദേഹത്തേയും കൊണ്ട് നബി തിരുമേനിയുടെ അടുത്ത് വന്ന് പറഞ്ഞു- ഞാന്‍ എന്റെ ഈ മകന് ഒരു ഭൃത്യനെ ഇഷ്ടദാനമായി നല്‍കിയിരിക്കുന്നു. അപ്പോള്‍ അവിടന്ന് ചോദിച്ചു: താങ്കളുടെ എല്ലാമക്കള്‍ക്കും ഇതുപോലെ കൊടുത്തിട്ടുണ്ടോ? ഇല്ലെന്ന് മറുപടിപറഞ്ഞപ്പോള്‍ പ്രവാചകന്‍ കല്‍പിച്ചു-‘എങ്കില്‍ താങ്കളത് തിരിച്ച് വാങ്ങുക.

മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് ഇപ്രകാരമാണ്. നബി തിരുമേനി ചോദിച്ചു ‘താങ്കളുടെ മുഴുവന്‍ മക്കളുടെയും കാര്യത്തില്‍ ഇപ്രകാരം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടന്ന് കല്‍പിച്ചു: “എങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. മക്കളുടെ കാര്യത്തില്‍ നീതി പാലിക്കുക” അങ്ങനെ എന്റെ പിതാവ് അവിടന്ന് മടങ്ങുകയും ആ ദാനം റദ്ദാക്കുകയും ചെയ്തു.

വേറൊരു റിപ്പോര്‍ട്ടനുസരിച്ച് ഇങ്ങനെയാണ് പ്രവാചകന്‍ ചോദിച്ചു: ”ബശീര്‍ ഇവനെ കൂടാതെ താങ്കള്‍ക്ക് മക്കളുണ്ടോ’? പിതാവ് പറഞ്ഞു അതെ ഇതുപോലെ താങ്കള്‍ അവര്‍ക്കെല്ലാം ദാനം നല്‍കിയിട്ടുണ്ടോ? ഇല്ലെന്ന് മറുപടി നല്‍കി അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു വേണ്ടാ, എങ്കില്‍ എന്നെ ഇതിനു സാക്ഷിയാക്കണ്ട. അനീതിക്കും അക്രമത്തിനും ഞാന്‍ സാക്ഷിനില്‍ക്കുകയില്ല. ‘താങ്കളുടെ മക്കളെല്ലാം താങ്കള്‍ക്ക് ഒരേപോലെ ഉപകാരം ചെയ്യുന്നവരായിരിക്കുന്നതല്ലേ താങ്കളെ സന്തോഷിപ്പിക്കുകയെന്ന് നബി തിരുമേനി ചോദിച്ചതായും മറ്റൊരു നിവേദനത്തിലുണ്ട് (ബുഖാരി,മുസ്‌ലിം)

Related Articles