Current Date

Search
Close this search box.
Search
Close this search box.

ഭൂതകാല പാപങ്ങള്‍ എന്നെ വേട്ടയാടുന്നു

porn.jpg

കഴിഞ്ഞകാലത്ത് ഗുരുതരമായ ചില തെറ്റുകള്‍ ഞാന്‍ ചെയ്തു. അതിന്റെ പേരില്‍ അല്ലാഹുവോട് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിട്ടുണ്ട്. അവ ഇനി ആവര്‍ത്തിക്കാന്‍ ഒരിക്കലും ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ മുമ്പ് ഞാന്‍ ചെയ്ത തെറ്റുകള്‍ എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു എന്നതാണ് അതിന്റെ പ്രശ്‌നം. പലപ്പോഴും എന്നെയത് വളരെയധികം ഉത്കണ്ഠാകുലയാക്കുന്നുണ്ട്. പൂര്‍ണമായ ഒരു പരിഹാരം കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന ചെറിയ പിന്തുണ പോലും എനിക്ക് സഹായകമായിരിക്കും.

ഒരു സഹോദരിയുടെ ഈ ചോദ്യത്തിന്‍ ടൊറന്റോ ഇസ്‌ലാമിക് ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ ലക്ചര്‍ ശൈഖ് അഹ്മദ് കുട്ടി നല്‍കിയ മറുപടിയാണ് ചുവടെ :

ഈ വിഷയത്തിലെ കൃത്യമായ ഇസ്‌ലാമിക കാഴ്ച്ചപാട് വ്യക്തമാക്കാന്‍ ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ :
1. മനുഷ്യരെന്ന നിലയില്‍ എത്ര സൂക്ഷ്മത പാലിച്ചാലും നാം തെറ്റുകളില്‍ അകപ്പെടും. പ്രവാചകന്‍(സ) പറഞ്ഞു : ‘എല്ലാ മനുഷ്യരും തെറ്റുപറ്റാവുന്നവരാണ്, എന്നാല്‍ അവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണ്.’
2. പശ്ചാത്താപം എന്നത് കേവലം ഖേദിക്കലോ അല്ലെങ്കില്‍ ചില പ്രത്യേക വാക്കുകള്‍ ഉച്ചരിക്കലോ അല്ല. മറിച്ച് ജീവിതത്തെ കീഴ്‌മേല്‍ മറിക്കലാണ് പശ്ചാത്താപം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ചില നടപടികള്‍ പൂര്‍ത്തീകരിക്കാതെ നമ്മുടെ പശ്ചാത്താപം ആത്മാര്‍ത്ഥവും സത്യസന്ധവുമാവില്ല. അക്കാര്യങ്ങളാണ് തെറ്റിനെ പൂര്‍ണമായി വെടിയല്‍, ചെയ്തുപോയ തെറ്റില്‍ അങ്ങേയറ്റത്തെ ഖേദവും ദുഖവും അനുഭവപ്പെടുക, അത് ഇനി ആവര്‍ത്തിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിക്കുക, അവസാനമായി സല്‍കര്‍മങ്ങള്‍ ചെയ്യുക എന്നിവ.
3. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതിലേക്ക് മടങ്ങരുത്.
4. നമ്മള്‍ പശ്ചാത്താപത്തിന്റെ അവസ്ഥയില്‍ തന്നെയാണെന്ന് ഉറപ്പാക്കുന്നതിനും അത് പൂര്‍ണ ബോധ്യത്തോടെയാണെന്ന് ഉറപ്പു വരുത്തുന്നതിനും രാവിലെയും വൈകിയിട്ടും കിടക്കാന്‍ പോകുന്ന സമയത്തും ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ ചൊല്ലുക.

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ , خَلَقْتَنِي وَأَنَا عَبْدُكَ , وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ , أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ , أَبُوءُ بِنِعْمَتِكَ وَأَبُوءُ بِذَنْبِي , فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ.

(അല്ലാഹുവേ നീയാകുന്നു എന്റെ രക്ഷിതാവ്. നീയല്ലാതെ ഒരാരാധ്യനുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമ. ഞാന്‍ സാധ്യമാകും വിധം നീയുമായുള്ള ഉടമ്പടിയിലും കരാറിലുമായിരിക്കും. ഞാന്‍ പ്രവര്‍ത്തിച്ച തിന്മയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. നീ എന്റെ മേല്‍ ചൊരിഞ്ഞു തന്നെ അനുഗ്രഹങ്ങളുമായി ഞാന്‍ നിന്നിലേക്ക് മടങ്ങുന്നു. എന്റെ പാപവുമായും നിന്നിലേക്ക് മടങ്ങുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ. പാപങ്ങള്‍ പൊറുക്കുന്നവനായി നീയല്ലാതെ ആരുമില്ല.) ഇതാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നറിയപ്പെടുന്ന പ്രാര്‍ഥന.
5. നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ എല്ലാ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവേണ്ടതില്ല. അല്ലാഹു പറയുന്നു : ‘അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയരുത്. സത്യനിഷേധികള്‍ മാത്രമേ ദൈവകാരുണ്യത്തില്‍ നിരാശരാവൂ.’ (യൂസുഫ് : 87)
6. സൂറത്തു സുമറിലെ 53, 54 സൂക്തങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നത് നിങ്ങളില്‍ പ്രതീക്ഷയുടെ തിരികള്‍ കത്തിക്കും. ‘പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവിന്‍. അവന്നു കീഴ്‌പ്പെട്ടവരാകുവിന്‍ നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി.’

വിവ : നസീഫ്‌

Related Articles