Current Date

Search
Close this search box.
Search
Close this search box.

പേരക്കുട്ടികള്‍ കഷ്ടപ്പെടാതിരിക്കാന്‍

kids.jpg

എന്റെ കുടുബത്തിന്റെ പേരും ഞങ്ങളുടെ നാടിന്റെ പേരും ഒന്ന് തന്നെ പുലത്ത്. രണ്ട് മൂന്ന് തലമുറ മുമ്പ് നാട്ടിലെ ഭൂമിയൊക്കെയും ഞങ്ങളുടെ കുടുംബത്തിന്റേതായിരുന്നുവെന്നതാണ് കാരണം. എന്നിട്ടും ഞങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലായിരുന്നു. ഞങ്ങളുടെ മാതാവിനും പിതാവിനും അനന്തര സ്വത്തൊന്നും കിട്ടിയില്ല. പിതാവിന്റെ പിതൃവ്യന്റെ പുത്രിയാണ് മാതാവ്. രണ്ടുപേരുടെയും പിതാക്കന്മാര്‍ അവരുടെ പിതാവ് ജീവിച്ചിരിക്കെ പരലോകം പ്രാപിച്ചു.

മക്കളുണ്ടായിരിക്കെ പേരക്കുട്ടികള്‍ക്ക് സ്വത്തവകാശമുണ്ടാവുകയില്ല. ഇതാണ് ഇസ്‌ലാമിക നിയമം. യുക്തിയും ന്യായവും ഇതു തന്നെ മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും അടുത്ത അവകാശിയാണ് അനന്തര സ്വത്തിന് അര്‍ഹനാവുക. അടുത്തയാളുള്ളപ്പോള്‍ അകന്നയാള്‍ക്ക അവകാശമുണ്ടാകില്ലെന്നര്‍ത്ഥം. ഇതിനാല്‍ മകനുണ്ടായിരിക്കെ പേരക്കുട്ടിക്ക് സ്വത്തുണ്ടവുകയില്ലെന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല.

അപ്പോള്‍ മരിച്ച മകന്‍ മരിച്ചില്ലെന്ന് സങ്കല്‍പിച്ച് മക്കളെ മരിച്ച മകന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭാഗിച്ചാലേ പേരക്കുട്ടികള്‍ക്ക് സ്വത്തവകാശമുണ്ടാവുകയുള്ളു. ഇത്തരമൊരു പ്രാതിനിധ്യ വ്യവസ്ഥ അംഗീകരിച്ചാല്‍ അത് എല്ലായിടത്തും ബാധകമാക്കേണ്ടി വരും അത് അനന്തരാവകാശ വ്യവസ്ഥയെ തന്നെ തകിടം മറിക്കും. മാത്രമല്ല മരിച്ചയാളുടെ നാലോ അഞ്ചോ അനാഥമക്കള്‍ക്ക് ജീവിച്ചിരിക്കുന്ന ഒരു മകന് ലഭിക്കുന്ന സ്വത്തേ ഉണ്ടാവുകയുള്ളു. അതും നീതിയല്ലല്ലോ.

അനാഥ പൗത്രന്റെ ഈ അനന്തരാവകാശ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്‌ലാം മുന്നോട്ട് വെച്ച പരിഹാരമാണ് വസ്വിയ്യത്ത്. പിതാമഹന് തന്റെ മരിച്ച മകന്റെ മക്കള്‍ക്ക് ആകെ സ്വത്തിന്റെ മൂന്നിലൊന്ന് വരെ ആവശ്യാനുസൃതം വസ്വിയ്യത് ചെയ്യാവുന്നതാണ്. എന്നല്ല ചെയ്യേണ്ടതാണ്. അനന്തര സ്വത്ത് ലഭിക്കാത്ത അടുത്ത ബന്ധുവിന് വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് പ്രമുഖരായ പലപണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തില്‍ വസ്വിയ്യത് നിര്‍ബന്ധ നിയമമല്ലാത്തതിനാല്‍ വസ്വിയ്യത് ചെയ്യാതെ മരണപ്പെട്ടാല്‍ അയാള്‍ക്ക് മക്കളുണ്ടെങ്കില്‍ അനാഥ പൗത്രന്മാര്‍ക്ക് സ്വത്തവകാശമുണ്ടാവുകയില്ല. അതു കൊണ്ട് തന്നെ അവര്‍ക്ക് വസ്വിയ്യത് ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. പലമുസ് ലിം നാടുകളിലും വസ്വിയ്യത് നിര്‍ബന്ധമാണ്. അവിടങ്ങളില്‍ വസ്വിയ്യത് ചെയ്തില്ലെങ്കിലും വസ്വിയ്യത് ചെയ്തതായി പരിഗണിച്ച് നിശ്ചിത വിഹിതം നല്‍കും.

നമ്മുടെ നാട്ടില്‍ പിതാവ് ജീവിച്ചിരിക്കേ മകന്‍ മരിച്ചാല്‍ അയാള്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ക്ക് ഉടന്‍തന്നെ സ്വത്ത് വസ്വിയ്യത് ചെയ്യണം. മതപണ്ഡിതന്മാരുടെയും മഹല്ല് ഭാരവാഹികളുടെയും ഖാദിമാരുടെയും ശ്രദ്ധയും ജാഗ്രതയും അനിവാര്യമായ പ്രശ്‌നമാണിത്. അവര്‍ ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗദര്‍ശനവും ഉപദേശനിര്‍ദേശങ്ങളും നല്‍കണം.

Related Articles