Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ ഭാരങ്ങളെ ചവിട്ടു പടികളാക്കുക

horse.jpg

പൊട്ടക്കിണറ്റില്‍ വീണ കുതിര വേദന സഹിക്കാനാവാതെ് കുറെ സമയം ഉറക്കെ അലറികൊണ്ടിരുന്നു. രക്ഷപ്പെടാനുള്ള അതിയായ ആഗ്രഹവും കാരിരുമ്പിന്റെ മനോദാര്‍ഢ്യവും അതിനുണ്ടായിരുന്നു. അതിനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് കുതിരക്കാരന്‍ കുറെ ചിന്തിച്ചു. പ്രായം ചെന്ന അവശനായ കുതിരയെ രക്ഷപ്പെടുത്തുന്നതിന് ആരോഗ്യമുള്ള മറ്റൊന്നിനെ വാങ്ങുന്ന ചിലവ് വരുമെന്നയാള്‍ കണക്കുകൂട്ടി. അതൊടൊപ്പം ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാന്‍ പൊട്ടക്കിണര്‍ മണ്ണിട്ട് മൂടാനും അയാള്‍ തീരുമാനിച്ചു. കുതിരയെ അതില്‍ മണ്ണിട്ട് മൂടുകയും ചെയ്യാം. ഇത്തരത്തില്‍ ഒരു വെടിക്ക് ലഭിക്കുന്ന രണ്ട് പക്ഷികളായി കിണര്‍മൂടുന്നതിനെ കണ്ടു. കിണര്‍മൂടുന്നതിന് ആളുകളെ ആയുധങ്ങളുമായി അയാള്‍ വിളിച്ച് കൂട്ടി, അവരെല്ലാം മണ്ണ് കോരിയിടാന്‍ തുടങ്ങി. സഹായം തേടിക്കൊണ്ടുള്ള കുതിരയുടെ കരച്ചില്‍ ഉയര്‍ന്നു. പിന്നീടത് നേര്‍ത്ത് ഇല്ലാതായി. കുതിരക്ക് എന്തുപറ്റിയെന്നറിയാനായി അവര്‍ കിണറ്റിലേക്ക് എത്തിനോക്കി. ഓരോ തവണ മണ്ണ് വന്ന് വീഴുമ്പോഴും അത് മുതുകൊന്ന് ഇളക്കി കുടയും. മണ്ണ് താഴെ വീഴുമ്പോള്‍ അതില്‍ ചവിട്ടി നില്‍ക്കും. ജീവിക്കാനുള്ള ആഗ്രഹവും രക്ഷപ്പെടാനുമുള്ള മോഹവുമാണത് കാണിക്കുന്നത്. തന്റെ മോചനത്തിനുള്ള വഴിയൊരുക്കുകയായിന്നു അത്. വളരെ ചെറിയ കാല്‍വെപ്പുകളാണെങ്കിലും അതിലൂടെ വിജയത്തിലേക്കാണത് കയറുന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുതിരയതാ മുകളിലെത്തിയിരിക്കുന്നു. എല്ലാ വേദനകളെയും മറന്ന ഒറ്റകുതിപ്പിലൂടെ അത്് പുറത്ത് കടന്നു.

ഈ കുതിരയില്‍ നിന്ന് നാം പാഠം പഠിക്കുന്നുണ്ടോ? എല്ലാ മനുഷ്യരും ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്നവരാണ്. അതിന്റെ എല്ലാ ഭാരങ്ങളും വേദനകളും അവര്‍ വഹിക്കുന്നു. ചെറിയ പ്രയാസങ്ങള്‍ വരുമ്പോള്‍ തന്നെ പതറിപ്പോകുന്നവര്‍ നമ്മളിലുണ്ട്. തന്റെ ദൗര്‍ബല്യവും പരാജയവും പ്രഖ്യാപിച്ച് അതിനവര്‍ കീഴ്‌പ്പെടുന്നു. ഈ കുതിരയെ പോലെ അതിനെ നേരിടുന്നവരും നമ്മിലുണ്ട്. പ്രതിസന്ധികള്‍ മുന്നിലെത്തുമ്പോള്‍ തങ്ങളുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിട്ടതിനെ മാറ്റുന്നവരാണവര്‍. അതിനെ അതിജയിക്കാനുള്ള ഉറച്ച മനോദാര്‍ഢ്യത്തോടെയായിരിക്കും അവര്‍. തന്റെ മുതുകിലുള്ള ഭാരത്തെ അവന്‍ കാല്‍ക്കീഴിലാക്കുന്നു. അതിലൂടെ തന്റെ മുന്നില്‍ തടസ്സമായി വരുന്ന കല്ലുകളെ തനിക്ക് ചവിട്ടി കയറാനുള്ള പടികളാക്കി മാറ്റുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെ നാമെങ്ങനെയാണ് നേരിടുന്നത്? ജീവിതസമ്മര്‍ദ്ധങ്ങളോടും ഭാരങ്ങളോടും നന്നായി ഇടപഴകുന്നതിനുള്ള പരിശീലന പരിപാടിയില്‍ പരിശീലകന്‍ തന്റെ മുന്നിലിരിക്കുന്നവരോട് വെള്ളം നിറച്ച ഗ്ലാസ് ഉയര്‍ത്തി കാണിച്ചു ചോദിച്ചു: ഈ ഗ്ലാസിന്റെ ഭാരമെത്രയാണ്? അതിന്റെ ഭാരം കൃത്യമാണെങ്കിലും അത് പിടിക്കുന്നതിലുള്ള ഓരോരുത്തരുടെയും കഴിവില്‍ ഏറ്റകുറച്ചിലുണ്ടോ? ഗ്ലാസിന്റെ ഭാരം കണക്കാക്കുന്നതില്‍ പരിശീലനത്തിനെത്തിയവര്‍ക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. എന്നാല്‍ ഗ്ലാസ് വഹിക്കുന്നതിലുള്ള ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമാണെന്ന് അവരെല്ലാം അംഗീകരിച്ചു. ഉടനെ പരീശീലകന്‍ അവരോട് ചോദിച്ചു: എന്നാല്‍ വളരെ സുപ്രധാനമയ ഒരു കാര്യം നിങ്ങള്‍ വിസ്മരിച്ചിരിക്കുകയാണ്. ഇനി പറയുന്ന ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയാല്‍ നിങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കും. ഒരാള്‍ ഗ്ലാസ് ഏതാനും മിനുറ്റുകള്‍ പിടിക്കുന്നതിന് പകരം മണിക്കൂറുകള്‍ പിടിച്ചു നില്‍ക്കുമ്പോള്‍ അതില്‍ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ? എല്ലാവര്‍ക്കും അതെയന്ന ഉത്തരമായിരുന്നു. കുറച്ച് മണിക്കൂറുകള്‍ അത് പിടിക്കുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ടും ഭാരവുമെന്ന് അവര്‍ അംഗീകരിച്ചു. പരിശീലകന്‍ പറഞ്ഞു: ഗ്ലാസിന്റെ ഭാരം മാത്രമല്ല സ്വാധീനിക്കുന്നത്, അത് പിടിച്ച് നില്‍ക്കുന്ന സമയം കൂടിയാണ്. കുറച്ച് നിമിഷങ്ങള്‍ അത് പിടിക്കുന്നവന് അത് ക്ഷീണമോ പ്രയാസമോ ഉണ്ടാക്കുന്നില്ല. കുറച്ച് സമയം പിടിക്കുമ്പോള്‍ കൈകള്‍ക്കത് വേദനയുണ്ടാക്കുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ അത് പിടിച്ചാല്‍ ചിലപ്പോഴത് ആംബുലന്‍സിന്റെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ചേക്കും. ഗ്ലാസിന്റെ ഭാരം എപ്പോഴും തുല്ല്യമാണ്. അപ്രകാരം തന്നെയാണ് സമ്മര്‍ദ്ധങ്ങള്‍. അതിനെ നേരിടുന്നതില്‍ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ഉണ്ടാകുമ്പോള്‍ സമ്മര്‍ദ്ധം ഉണ്ടാക്കുന്ന പ്രയാസത്തെയത് ലഘുകരിക്കുന്നു. ഗ്ലാസ് പിടിക്കുന്നതിന്റെ സമയം ദീര്‍ഘിക്കുമ്പോള്‍ പ്രയാസം ഉണ്ടാകുന്നു. പ്രയാസങ്ങള്‍ സഹിക്കുന്ന കാലം നീളുമ്പോള്‍ അപ്രകാരം തന്നെയാണ്. നമ്മുടെ എല്ലാ പ്രയാസങ്ങളെയും ജീവിത ഭാരങ്ങളെയും വഹിക്കുകയാണെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരവസ്ഥയായിരിക്കും അതുണ്ടാക്കുക. നമ്മുടെ ഭാരം അധികരിക്കുകയും നമുക്ക് മേലത് സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യും. അപ്പോള്‍ ഗ്ലാസ് താഴെ വെക്കുകയും അല്‍പം വിശ്രമിച്ച ശേഷം വീണ്ടും അതെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. അപ്രകാരം ജീവിതത്തിലെ ഭാരങ്ങളെയും ഇടക്കിടെ ഇറക്കി വെക്കണം. അല്‍പസമയം വിനോദത്തിനും വിശ്രമത്തിനുമായി നീക്കിവെക്കണം. അതിലൂടെ ഒരു നവോന്മേഷം നേടിയെടുക്കണം. ജീവിതത്തിലെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ പറ്റി ചിന്തിക്കണം. പ്രയാസങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നൊളിച്ചോടുന്ന നിഷേധാത്മക നിലപാട് സ്വീകരിക്കണെന്നല്ല ഞാന്‍ പറയുന്നത്. തെളിഞ്ഞ ചിന്തക്ക് വഴിയൊരുക്കുന്ന വിശ്രമത്തിന് വഴി നല്‍കാതെ എല്ലാ പ്രയാസങ്ങളെയും രാവും പകലും നീ വഹിക്കാന്‍ തീരുമാനിച്ചാല്‍ മുന്നോട്ടുള്ള ജീവിതം സാധിക്കുകയില്ല. അത്തരത്തില്‍ ഒരു തീരുമാനമെടുത്താല്‍ നിന്നെ തന്നെ നശിപ്പിക്കുയാണത് ചെയ്യുക. നിന്റെ വ്യഥകള്‍ അധികരിപ്പിക്കുകയാണത് ചെയ്യുക. ഓരോ നിമിഷവും നിന്റെ വേവലാതി കൂട്ടുകയാണത് ചെയ്യുക.

തുടക്കത്തില്‍ പറഞ്ഞ കുതിയും മരണത്തിന് കീഴ്‌പ്പെടുന്ന കുതിരയും തമ്മില്‍ വലിയ അന്തരമുണ്ട്. മനോദാര്‍ഢ്യം ഇല്ലാതിരിക്കുമ്പോള്‍ തന്റെ മുകളില്‍ മണ്ണ് വന്ന് വീഴുമ്പോഴും അനങ്ങാതെ മരണത്തെ പ്രതീക്ഷിച്ച് നില്‍ക്കുകയായിരിക്കുമത് ചെയ്യുക. നമ്മിലൊരാള്‍ക്ക് അയാള്‍ ചെയ്യുന്ന ജോലിയിലുള്ള പ്രയാസത്തെ പര്‍വതീകരിച്ച് അതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമ്പോള്‍, തനിക്ക് ചുറ്റുമുള്ളവരോടത് പ്രകടിപ്പിക്കുന്നു. അവന്‍ ഉറങ്ങുന്നതും ഉണരുന്നതും അതിലാണ്. ദുഖത്താല്‍ അവന്‍ മരിക്കുന്നടത്തോളം അതെത്തിക്കുന്നു. മനസിന് ആശ്വാസവും വിശ്രമവും നല്‍കുകയെന്നതാണ് ശരി. തന്റെ പ്രതിസന്ധിയെ കുറിച്ച് ചിന്തിക്കുകയും വേണം. അതിന് പരിഹാരം കണ്ടെത്തുന്നതിന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുകയോ സഹായം തേടുകയോ ആവശ്യമെങ്കില്‍ ചെയ്യാവുന്നതാണ്. പ്രയാസങ്ങള്‍ അവനെ കാര്‍ന്ന് തിന്നാതിരിക്കേണ്ടതുണ്ട്.
പ്രവാചകന്‍(സ)യുടെ ദുഖത്തെ കുറിച്ച് ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. തന്റെ ക്ഷണം സ്വീകരിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ ആളുകള്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം അതികഠിനമായി ദുഖിച്ചു. ഖുര്‍ആന്‍ വിവരിക്കുന്നു: ‘ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം’ (അല്‍കഹ്ഫ്:6) എന്നിട്ട മറ്റൊരിടത്ത് പ്രവാചകനോട്(സ) പറയുന്നത് കാണുക: ‘അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല’ (ഫാതിര്‍:8)

പ്രതിസന്ധികളില്‍ നിന്ന് മോചനം നേടുന്നതിനായുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഒന്നാമത്തേത് നീ ഒരിക്കലും ദുഖങ്ങളില്‍ മുങ്ങിപോവാതിരിക്കുകയെന്നതാണ്. ഉറച്ച തീരുമാനമെടുത്ത് നിലകൊള്ളണം. ദുഖത്തിനും പ്രയാസത്തിനും സ്വന്തത്തെ വിട്ടുകൊടുക്കുന്ന ചില ആളുകളുണ്ട്. പിന്നീട് അവര്‍ അതിന്റെ തന്നെ ഇരകളായി മാറുകയും ചെയ്യുന്നു. ഒരു പ്രതിസന്ധിയും ഇല്ലാത്തപ്പോള്‍ അവര്‍ സ്വയം പ്രതിസന്ധികള്‍ ഉള്ളതായി ഭാവിക്കുന്നു. സ്വയം നശിക്കുകയാണവരതിലൂടെ ചെയ്യുന്നത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിന് ശരിയായ പരിഹാരവുമുണ്ടായിരിക്കും. നിനക്കതിന് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ അതിന് സമയം ചെലവഴിക്കേണ്ടതില്ല. പകരം നിന്റെ മനസിനും ശരീരത്തിനും വിശ്രമവും അനുവദിക്കുക. ശേഷം കൂടുതല്‍ അതിനെ കുറിച്ച് ചിന്തിക്കുക. നിനക്ക് സാധിക്കുന്നില്ലെങ്കില്‍ അല്ലാഹുവോട് സഹായം തേടുക, അതില്‍ നിപുണരായ വ്യക്തികളുടെ സഹായവും ആവശ്യപ്പെടാവുന്നതാണ്.
എല്ലാ കാര്യത്തിലും മധ്യമമായ നിലപാട് സ്വീകരിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയാസങ്ങളെ നാം സഹിക്കുകയും എന്നാല്‍ അവ നമ്മെ നശിപ്പിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് മധ്യമനിലപാട് കൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള സംന്തുലിതമായ ഒരു നിലപാട് സ്വീകരിക്കാതെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നമുക്ക് നേടാനാവില്ല. ജോലിക്കും വിശ്രമത്തിനുമിടയില്‍ സംന്തുലിതത്വം പാലിക്കണം. എന്നാല്‍ ജീവിതത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്‍വലിയാനും അലസത കാണിക്കുന്നതിനുമുള്ള വഴിയായത് മാറരുത്. അതൊരിക്കലും നമ്മുടെ ഉത്തരവാദിത്വത്തെ അവഗണിക്കുന്നതായി മാറുകയുമരുത്.

നിരാശനാകാതിരിക്കുന്നതിനായ് മുന്‍ഗണനാ ക്രമങ്ങള്‍ പാലിക്കുകയെന്നതാണ് മൂന്നാമത്തെ സംഗതി. പ്രതിസന്ധികളെയും സമ്മര്‍ദ്ധങ്ങളെയും നേരിടുന്നതില്‍ ഓരോരുത്തര്‍ക്കും നിര്‍ണ്ണിതമായ കഴിവുണ്ട്. തന്റെ കഴിവിനപ്പുറത്തേക്ക് അവന്‍ കടക്കുമ്പോള്‍ അതിലൂടെ സ്വന്തത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഒരാള്‍ക്ക് ഒരേസമയം ധാരാളം പ്രതിസന്ധികളെ നേരിടേണ്ടതുണ്ടാകും. തന്റെ ശക്തിക്കോ സമയത്തിനോ അതുള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുമ്പോള്‍ തന്റെ പിടുത്തത്തില്‍ നിന്നത് കൈവിട്ടുവെന്ന് അവന്‍ തിരിച്ചറിയുന്നു. നിങ്ങള്‍ക്കത് സംഭവിക്കുമ്പോള്‍ നിങ്ങളൊരിക്കലും അതിന് കീഴ്‌പെടരുത്. നിന്റെ ലക്ഷ്യം നേടാതെ നിന്നെ നീ പിച്ചിചീന്തരുത്. എന്നാല്‍ ഓരോന്നിനും അതിന്റെ പ്രാധാന്യമനുസരിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. ഏറ്റവും പ്രധാനമായത് ആദ്യം നിര്‍വഹിക്കാന്‍ ശ്രമിക്കുകയും വേണം.
ശക്തമായ മനോദാര്‍ഢ്യവും നിശ്ചയദാര്‍ഢ്യവുമാണ് നാലാമത്തെ കാര്യം. തനിക്ക് ചെയ്യാനുള്ള വലിയ ജോലിയുടെ ഭാരത്തിലേക്ക് നോക്കുന്ന മനുഷ്യന്‍ നിരാശനായി അത് തുടങ്ങാന്‍ മടിക്കുന്നു. അതേ സമയം തന്നെ മറ്റൊരാള്‍ തനിക്ക് നടക്കാനുള്ളത് ആയിരം മൈലാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ ഒരു കാലടി വെച്ച് കൊണ്ടതിന് തുടക്കം കുറിക്കുന്നു. മനോദാര്‍ഢ്യത്തോടെ തന്നെ തന്റെ ജോലിയിലവന്‍ വ്യാപൃതനായി അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നു. വളരെ സുന്ദരമായി എളുപ്പത്തില്‍ തന്റെ ലക്ഷ്യം നേടാനയാള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. തന്റെ കഴിവ് അവന്‍ തിരിച്ചറിയുകയും ചെയ്യുന്നു.
വിജയങ്ങള്‍ അതെത്ര ചെറുതാണെങ്കിലും ആസ്വദിക്കുകയെന്നത് വളരെ പ്രധാനമാണ്. വിജയങ്ങളില്‍ ശ്രദ്ധയൂന്നുമ്പോള്‍ അവനിലത് ആത്മവിശ്വാസം പകരുന്നു. വിജയങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും അതിലവന്‍ സന്തോഷിക്കും. കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുമ്പോള്‍ വലിയ വിജയങ്ങളിലേക്കത് നയിക്കുകയും ചെയ്യും.
മാന്യമായ രീതിയില്‍ ആത്മവിമര്‍ശനം നടത്തുന്നതും വിജയത്തിന് അനിവാര്യമായ കാര്യമാണ്. എന്നാല്‍ അതൊരിക്കലും പീഡനമായി മാറരുത്. ആത്മവിമര്‍ശനമെന്നത് സ്വന്തത്തെയും അതിന്റെ കഴിവുകളെയും പോഷിപ്പിക്കുന്നതിനുള്ള ശക്തമായ ആയുധമാണ്. അതുകൊണ്ട് തന്നെ അതിന് പ്രാധാന്യവുമുണ്ട്. എന്നാല്‍ അത് അതിര് വിടുമ്പോള്‍ ശരീരത്തുനത് ശിക്ഷയും പീഡനവുമായി മാറുന്നു. അപ്പോള്‍ നിരാശയും ദുഖവും കാരണം നാം പ്രയാസപ്പെടുന്നതിന് കാരണമാകും. ഒരാളുടെ നാശത്തിന് തന്നെ കാരണമാകുന്ന മാനസിക രോഗങ്ങള്‍ക്കുമത് കാരണമായി തീരുന്നു. സ്വന്തത്തെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തുമ്പോള്‍ അല്ലാഹു മാത്രമാണ് എല്ലാം തികഞ്ഞവന്‍ എന്ന് നീ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയുമാണ് ചെയ്യേണ്ടത്.

കഴിവിനപ്പുറമുള്ളത് സ്വന്തത്തെ വഹിപ്പിക്കാതിരിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്ന സൂപ്പര്‍മാനാകാന്‍ നിങ്ങള്‍ ശ്രമിക്കരുത്. വലിയ നേട്ടങ്ങള്‍ക്കായി ഒരുങ്ങുന്ന ആളുകള്‍ അത് നേടിയെടുക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള അതിക്രമമായി ചിലപ്പോള്‍ പരിണമിക്കും. ലോകരക്ഷിതാവായ അല്ലാഹു പറയുന്നു: ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല’ (അല്‍ബഖറ: 286) മറ്റൊരിടത്ത് പറയുന്നു: ‘അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അത്ത്വലാഖ്: 7) ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളോട് തന്നെ കാര്‍ക്കശ്യം കാണിക്കരുത്, അപ്പോള്‍ അല്ലാഹുവും നിങ്ങളോട് കാര്‍ക്കശ്യം കാണിക്കും. സ്വന്തത്തോട് കാര്‍ക്കശ്യം പുലര്‍ത്തിയ സമൂഹങ്ങളോട് അല്ലാഹുവും കാര്‍ക്കശ്യം കാണിച്ചിട്ടുണ്ട്. അതിന്റെ അവശിഷ്ടങ്ങളാണ് ഈ ആശ്രമങ്ങളില്‍ കാണുന്നത്.’ (അബൂദാവൂദ്)

ഓരോ കാര്യത്തിനും അതിന്റേതായ സമയം വേണ്ടിവരുമെന്ന് നീ മനസിലാക്കി അതില്‍ ക്ഷമയവലംബിക്കണം. ചിലപ്പോള്‍ ദുഖങ്ങളും പ്രയാസങ്ങളും മേല്‍ക്കുമേല്‍ വന്നേക്കാം, അവയൊന്നും ഒരിക്കലും അവസാനിക്കുകയില്ലെന്ന് മനുഷ്യനപ്പോള്‍ വ്യക്തമാകും. എന്നാല്‍ കാലം എല്ലാ മുറിവുകളെയും മായ്ക്കുകയില്ല, ചിലതിനെ മാത്രമാണ് മായ്ക്കുക എന്നതാണ് യാഥാര്‍ത്ഥ്യം. ചിലതിന്റെ കാഠിന്യം കുറക്കാനത് സഹായിക്കും. പിന്നീട് ഈ പ്രയാസങ്ങള്‍ ഓര്‍മ്മകളായി മാറുന്നു.
എപ്പോഴും ശുഭപ്രതീക്ഷയുണ്ടായിരിക്കുകയെന്നത് വളരെ പ്രധാമായ കാര്യമാണ്. അപ്രകാരം അശുഭപ്രതീക്ഷയെ സൂക്ഷിക്കുകയും വേണം. ഇസ്‌ലാം ശുഭപ്രതീക്ഷയെ പ്രോത്സാഹിപ്പിക്കുകയും അശുഭപ്രതീക്ഷയെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പക്ഷിലക്ഷണം നോക്കുന്നത് ശിര്‍ക്കാണെന്ന് നബി(സ) പറഞ്ഞത്. കാരണം അശുഭപ്രതീക്ഷയില്‍ പെട്ടതാണത്.
ജീവിതത്തിന്റെ സമ്മര്‍ദ്ധങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള സംവിധാനമാണ് പുഞ്ചിരി. മാനസികുവും ശാരീരികവുമായ ആരോഗ്യത്തില്‍ ചിരിക്ക് വലിയ പങ്കുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജൈവികത കാത്തുസൂക്ഷിക്കുന്നതിന് സഹായകമായ ഒന്നാണത്. ധാരാളം ദുഖങ്ങളെയും സമ്മര്‍ദ്ധങ്ങളെയുമത് തടഞ്ഞ് നിര്‍ത്തുന്നു. പ്രവാചകന്‍(സ)യുടെ വിശേഷണമായിരുന്നു പുഞ്ചിരിയും ചിരിയും. ഒരിക്കല്‍ നബി(സ) പറഞ്ഞു: ‘നിങ്ങളുടെ സമ്പത്ത് മുഖേനെയല്ല ആളുകളെ നേടിയെടുക്കുക, നിങ്ങളുടെ പുഞ്ചരിക്കുന്ന മുഖവും സല്‍സ്വഭാവവും കൊണ്ടാണ്.’

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles