Current Date

Search
Close this search box.
Search
Close this search box.

നമുക്ക് പരസ്പരം പഠിക്കാന്‍ ശ്രമിക്കാം

tolerance.jpg

എവിടെ വൈവിധ്യമുണ്ടോ അവിടെ വ്യത്യാസങ്ങളുമുണ്ടാകും. നമ്മള്‍ ഓരോരുത്തരും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സ്വതന്ത്ര വ്യക്തികളാണ്. വ്യത്യസ്തരായ ആളുകള്‍ ഉള്ളത് പോലെ തന്നെ വ്യത്യസ്തമായ ചിന്തകളും, വികാരങ്ങളും, ലക്ഷ്യങ്ങളുമുണ്ട്. മറ്റുള്ളവരും നമ്മളെ പോലെ തന്നെ ഒരേ ചിന്താഗതിയുള്ളവര്‍ ആവണം എന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ഒരുപോലെയാവണം എന്ന യാഥാര്‍ത്ഥ്യരഹിതമായ പ്രതീക്ഷകള്‍, വൈവിധ്യത്തെ സംഘട്ടനത്തിന്റെ കാരണമായി അപലപിക്കുന്നതിലാണ് കലാശിക്കുക.

ഇത്തരം ചിന്തകള്‍ ‘വ്യത്യാസം’ എന്നത് ‘ഉപദ്രവകരം’ എന്നതിന്റെ പര്യായമായി കാണുന്നതിന് വഴിവെക്കും. ഇത് ഹൃദയം തുറന്നുള്ള ആശയവിനിമയത്തിനൊരു തടസ്സമാണ്. വൈവിധ്യത്തെ സംഘട്ടനത്തിന് പകരം സാഹോദര്യത്തിന് ഉപയോഗപ്പെടുത്തണമെന്ന പ്രമാണമാണ്, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് മുന്നില്‍ പരിശുദ്ധ ഖുര്‍ആന് വെക്കാനുള്ളത്. ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനും നന്മ ചെയ്യാനുമാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ (അല്‍ഹുജുറാത്ത്: 13)

ആളുകള്‍ പരസ്പരം ‘തിരിച്ചറിയണമെന്നുണ്ടെങ്കില്‍’ യാതൊരു വിധ ശത്രുതാപരമായ മുന്‍ധാരണങ്ങളുമില്ലാതെ പരസ്പരം ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന പ്രതിലോമകരമായ ധാരണകളുടെ അടിസ്ഥാനത്തില്‍ എടുത്ത് ചാടി മറ്റുള്ളവരുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്.  സ്‌പെയിന്‍കാരെല്ലാം കാളപ്പോരുകാരും, ഇറ്റലിക്കാരെല്ലാം ഓപറ ഗായകരും ആണെന്ന് കരുതുന്നത് ഇതിനൊരുദാഹരണമാണ്. നമ്മള്‍ അങ്ങനെ കരുതുമ്പോള്‍, നാം അവരോട് നീതികേട് കാണിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് നാം നമ്മോട് തന്നെയാണ് നീതികേട് കാണിക്കുന്നത്. അവര്‍ അങ്ങനെയാണെന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നതിലൂടെ അവര്‍ക്കതല്ലാതെ വേറൊന്നും അറിയില്ല എന്നതില്‍ നാം നമ്മുടെ അന്വേഷണം അവസാനിപ്പിക്കുന്നു. അവരുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ ഖനിജത്തിലേക്കുള്ള വാതിലാണ് നാം സ്വയം അടച്ചു കളിയുന്നത്.

ഇതുതന്നെയാണ് മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്ന് ചിലര്‍ വിശ്വസിക്കുമ്പോഴും, പാശ്ചാത്യരെല്ലാം സംസ്‌കാരശൂന്യരാണെന്ന് മറ്റു ചിലര്‍ വിശ്വസിക്കുമ്പോഴും സംഭവിക്കുന്നത്! ഈ രണ്ട് ധാരണകളും ശരിയല്ല.

2006-ല്‍ ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദമുണ്ടായപ്പോള്‍, ഇത്തരമൊരു സംഘാര്‍ഷാവസ്ഥയില്‍ പ്രവാചകന്‍ മുഹമ്മദ് എന്തായിരിക്കും ചെയ്യുക എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ആശയവിനിമയത്തിത്തെയും, തര്‍ക്ക പരിഹാരത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ ഉദാത്തമായ ആശയങ്ങളുടെയും, മുകളില്‍ പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെയും അടിസ്ഥാനത്തിലാണ് ‘പരസ്പരം വെറുക്കാതിരിക്കാം, പരസ്പരം പഠിക്കാന്‍ ശ്രമിക്കാം’ എന്ന പേരില്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു ആശയവിനിമയ പദ്ധതി ഞാന്‍ ആരംഭിച്ചത്.

എന്തിനൊക്കെയാണ് ആളുകള്‍ പരസ്പരം പോരടിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പൊതുവായി, പ്രായം, ലിംഗം, മതം, വിദ്യാഭ്യാസം, സംസ്‌കാരം, അങ്ങനെ തുടങ്ങി പദവി, അതിര്‍ത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങളില്‍ നിന്നാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ട് നിറഞ്ഞ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ പ്രവാചക തിരുമേനിക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള ആളുകളെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

ഒരു പ്രശ്‌നം ഉണ്ടായതിന് ശേഷം അതിനെ പരിഹരിക്കുന്നതിന് പകരം, ആ പ്രശ്‌നം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അതിനെ തടയുക എന്നതായിരുന്നു പ്രവാചകന്റെ തന്ത്രം. അതിനായി, അദ്ദേഹം സമത്വം, സഹിഷ്ണുത, കോപ നിയന്ത്രണം തുടങ്ങിയവയെ കുറിച്ച് വളരെ സൗമ്യമായി, എന്നാല്‍ തുടര്‍ച്ചയായി അധ്യാപനങ്ങള്‍ നല്‍കി കൊണ്ടിരുന്നു. പദവി, അതിര്‍ത്തി തുടങ്ങിയ അപ്രധാനമാണെന്ന് സ്ഥാപിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സമത്വത്തെയും, സ്വാതന്ത്ര്യയും കുറിച്ചുള്ള അധ്യാപനങ്ങള്‍.

ചീത്ത വികാരങ്ങളുടെ നശീകരണ സ്വഭാവത്തെ കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി. പകരം മനസ്സിന്റെ ശാന്തിയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇസ്‌ലാമിക സങ്കല്‍പ്പം അദ്ദേഹം അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കി.  താനടക്കമുള്ള ആരും തന്നെ ഉപദേശങ്ങള്‍ നല്‍കപ്പെടുന്നതില്‍ നിന്നും അതീതരല്ലെന്നും, തിന്മകള്‍ക്കെതിരെ മൗനം പാലിക്കാന്‍ പാടില്ലെന്നും അദ്ദേഹം തന്റെ അനുയായികളെ പഠിപ്പിച്ചു.

പ്രതിസന്ധിയില്‍ അകപ്പെട്ട സഹോദരന് സദുപദേശം പകര്‍ന്ന് നല്‍കുന്നത് മഹത്തായ നന്മയായി അദ്ദേഹം വാഴ്ത്തി. അതേസമയം, മറ്റുള്ളവരെ പരസ്യമായി പരിഹസിക്കുന്നതും, തെറി വിളിക്കുന്നതും വലിയ പാപമായി അദ്ദേഹം കണക്കാക്കി.

തന്നെ പൊതുസ്ഥലത്ത് വെച്ചും, സ്വകാര്യമായും മാനസികമായും ശാരീരികമായും ആക്രമിച്ചപ്പോള്‍ പോലും പ്രവാചകന്‍ തിരുമേനി അതിനെ സഹനത്തോടെയാണ് നേരിട്ടത്. വ്യക്തിപരമായി നേരിടേണ്ടി വന്ന അപമാനത്തിന്റെ പേരില്‍ പ്രവാചകന്‍ ഒരിക്കല്‍ പോലും കോപിക്കുകയോ, തിരിച്ച് ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കാണാന്‍ കഴിയും.

ഒരു ദിവസം, പ്രവാചകന്‍ പള്ളിയില്‍ അനുചരന്‍മാര്‍ക്കൊപ്പം ഇരിക്കവെ, ഒരാള്‍ കയറി വന്നു. പ്രവാചകന്‍ വാങ്ങിയ കടം തിരിച്ച് വാങ്ങിക്കുവാന്‍ വന്നതാണ് അയാള്‍. പക്ഷെ അയാള്‍ വളരെ കടുത്ത ഭാഷയിലാണ് പ്രവാചകനോട് സംസാരിച്ചത്. ശരിക്കും പറഞ്ഞാല്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് അയാള്‍ പ്രവാചകനെ അപമാനിച്ചു. ഇത് കണ്ടു നിന്ന ഉമര്‍ (റ) വാള്‍ ഊരിയെടുത്ത് ചാടിയെഴുന്നേറ്റു. പക്ഷെ പ്രവാചകന്‍ ഉമറിനെ തടഞ്ഞ് കൊണ്ട് പറഞ്ഞു: ‘ഞാനും ഇദ്ദേഹവും മാന്യമായ പരിചരണം അര്‍ഹിക്കുന്നുണ്ട്. നല്ല രീതിയില്‍ പണം ചോദിക്കേണ്ടത് എങ്ങനെയാണ് ഇദ്ദേഹത്തെ പഠിപ്പിക്കുക. മാന്യമായ രീതിയില്‍ പണം തിരിച്ച് കൊടുക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്യുക.’ (ഇബ്‌നു ഹിബ്ബാന്‍)

ഒരൊറ്റ സംഭവത്തിന്റെ പേരില്‍ ഒരാളുടെ സ്വഭാവത്തിന്റെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ആളായിരുന്നില്ല പ്രവാചകന്‍. പകരം, അവയില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊള്ളുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ തേടുകയുമാണ് അദ്ദേഹം ചെയ്തത്. മറ്റുള്ളവരില്‍ നിന്നുണ്ടായ ഒരൊറ്റ തെറ്റായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ അവരെ കാലകാലം തെറ്റുകാരായി തീര്‍പ്പ് കല്‍പ്പിച്ച എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്?

പണം, സ്വാധീനം, സമ്പാദ്യങ്ങള്‍, ശാരീരിക സൗന്ദര്യം എന്നിവയാണ് ഇന്നത്തെ ഭൗതികവാദ ലോകത്തിനെ ബാധിച്ചിരിക്കുന്ന പ്ലേഗ്. ഇവകാരണം സംഘട്ടനങ്ങളും, സംഘര്‍ഷങ്ങളും ഉടലെടുക്കുന്നു.

പരസ്യപ്പലകകളില്‍ കാണുന്ന നിറംപിടിപ്പിച്ച ചിത്രങ്ങളുമായി നാം നമ്മെ താരതമ്യം ചെയ്യാന്‍ തുടങ്ങുകയും, ആ പൊള്ളയായ ‘സ്റ്റാറ്റസ് സിംബലുകള്‍’ നേടിയെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളില്‍ അസൂയ എന്ന വികാരം നുരഞ്ഞ് പൊന്താന്‍ തുടങ്ങും, ആ ‘സ്റ്റാറ്റസ് സിംബലുകള്‍’ ഉള്ളവരെ നാം വെറുക്കും. ഒന്നിനും കൊള്ളാത്തവരെന്ന് നാം തന്നെ പുച്ഛത്തോടെ വിലയിരുത്തും. ഇത്തരത്തില്‍ മാനസികമായി പ്രശ്‌നത്തിലകപ്പെട്ട ആളുകള്‍ ആരോഗ്യകരമായ സംഭാഷണങ്ങള്‍ക്ക് പര്യാപ്തരല്ല.

നേരെ മറിച്ച്, ഇസ്‌ലാം സമത്വത്തിലാണ് ഊന്നുന്നത്, ഹൃദയവിശുദ്ധിയും, സല്‍സ്വഭാവവും, ഉത്തമ ഗുണങ്ങളുമാണ് മേന്മയുടെ അടിസ്ഥാനങ്ങളെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ സ്വഭാവസവിശേഷതകള്‍ക്ക് രൂപമില്ല. അവ ഹൃദയാന്തര്‍ഭാഗത്ത് നിന്നും വരുന്നവയാണ്. അവ ശരീരത്തില്‍ പ്രകടമാവില്ല. അവ പെരുമാറ്റത്തിലൂടെയാണ് നമുക്ക് അനുഭവേദ്യമാകുക. അതുകൊണ്ടു തന്നെ മറ്റുള്ളവരെ കുറിച്ച് കേവലം ഒറ്റനോട്ടത്തില്‍ വിധിതീര്‍പ്പ് കല്‍പ്പിക്കാതിരിക്കുക. ഏത് തരം സാഹചര്യത്തിലും ആളുകളോട് നീതിപൂര്‍വ്വവും, തുല്ല്യ പരിഗണനയോടു കൂടിയും പെരുമാറുക.

പ്രവാചകന്‍ പഠിപ്പിച്ച മറ്റൊരു പ്രമാണമാണ് പുഞ്ചിരി ദാനമാണ് എന്നത്. അപരിചിതരോടു പോലും പുഞ്ചിരിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കളെ പോലും ഏറ്റവും നല്ല രീതിയിലാണ് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത് എന്ന് കാണാന്‍ കഴിയും.

Related Articles