Current Date

Search
Close this search box.
Search
Close this search box.

ദേഷ്യം വന്നാല്‍ പിന്നെയെന്ത് ചെയ്യും

angry.jpg

ദേഷ്യം വരുമ്പോള്‍ അത് പ്രകടിപ്പിക്കാന്‍ ആണുങ്ങള്‍ സ്വീകരിക്കുന്ന പല രീതികളുമുണ്ട്. ശബ്ദം ഉയര്‍ത്തുകയും കണ്ണുകള്‍ ചുവപ്പിക്കുകയും ചെയ്യുന്നവരുണ്ട്. മൗനികളാവുന്നവരുണ്ട്. രംഗം വിട്ട് മറ്റെവിടേക്കെങ്കിലും മാറിക്കളയുന്നവരാണ് ചിലര്‍. ദേഷ്യം വരുമ്പോള്‍ കണ്‍മുന്നിലുള്ള അടച്ചു തകര്‍ക്കുന്നവരെയും കാണാം. ശകാരിക്കുകയും ത്വലാഖ് ചൊല്ലുകയും ചെയ്യുന്നവരാണ് ചിലരെങ്കില്‍ ഉറക്കത്തിലോ കളികളിലോ മുഴുകുന്നവരാണ് മറ്റുചിലര്‍. ഓരോരുത്തരും വ്യത്യസ്തമായ രീതികളിലാണ് ദേഷ്യം പ്രകടിപ്പിക്കുന്നത്. ഇത്തരം അവസ്ഥകളെല്ലാം നാം കണ്ടിട്ടുണ്ടാവും.

പുരുഷന്‍മാരുടെ ദേഷ്യത്തിന്റെ കഥകളില്‍ എന്നെ ആശ്ചര്യപ്പെടുത്തിയ പലതുമുണ്ട്. ഭാര്യയോട് ദേഷ്യപ്പെട്ട നാലു വര്‍ഷം അവളോട് മിണ്ടാതിരിക്കുകയാണ് ഒരാള്‍ ചെയ്തത്. ഭാര്യയോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും അജ്ഞാതമായ സ്ഥലത്ത് പോവുകയാണ് മറ്റൊരാള്‍ ചെയ്തത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് അയാള്‍ മടങ്ങി വരുന്നത്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ മറ്റൊരാള്‍ ചെയ്തത് നാടുവിട്ട് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയാണ്. വേറൊരാള്‍ ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് അവളുടെ കേള്‍വിയും ഒരു കണ്ണിന്റെ കാഴ്ച്ചയും നഷ്ടപ്പെടുത്തും വിധം അടിച്ചാണ്. ഇത്തരത്തിലുള്ള ദേഷ്യത്തിന്റെ ഒരുപാടു കഥകള്‍ എന്റെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ മിക്ക പുരുഷന്‍മാരും രണ്ടിലൊരു രീതി സ്വീകരിക്കുന്നവരാണ്. ഒന്നുകില്‍ മൗനിയായി പിന്തിരിഞ്ഞു പുറത്തു പോകും അല്ലെങ്കില്‍ ശകാരിക്കുകയും അടിക്കുകയും ചെയ്യും.

ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്ന പോലെയാണ് ദേഷ്യവും പ്രവര്‍ത്തിക്കുന്നത്. ആദ്യം ദേഷ്യം ഉണ്ടാകുന്നു, പിന്നെയത് തിളച്ചു മറിയും പിന്നീടത് വാചികമോ ശാരീരികമോ ആയ കയ്യേറ്റത്തിലേക്ക് കടക്കുന്നു. പിന്നീട് ദേഷ്യം വന്നതില്‍ ഖേദിക്കുകയും സ്വന്തത്തെ വിചാരണ ചെയ്യുകയും ചെയ്യുന്നു. സംഭവിച്ച വീഴ്ച്ചയില്‍ ചിലരെല്ലാം ക്ഷമാപണം നടത്തും മറ്റു ചിലര്‍ അത് ചെയ്യില്ല. ഇതാണ് ദേഷ്യത്തിന്റെ വിവിധ ഘട്ടങ്ങള്‍. എന്നാല്‍ ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് യോഗ്യനായ പുരുഷന്‍. ‘ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍’ എന്ന പ്രവാചക വചനവും അതാണ് വ്യക്തമാക്കുന്നത്. അല്‍പം ക്ഷമയും പരിശീലനവും ആവശ്യമുള്ള ഒന്നാണ് ദേഷ്യത്തെ നിയന്ത്രിക്കല്‍, പ്രത്യേകിച്ചും ഒരാള്‍ ചെറുപ്പം മുതല്‍ തന്റെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കാതെയാണ് വളരുന്നതെങ്കില്‍. ഏതുസമയം പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നി പര്‍വതം പോലെയായിരിക്കും അവന്‍. പൊതുവെ അത്തരക്കാരോട് ആളുകള്‍ അടുക്കാന്‍ മടിക്കും അല്ലെങ്കില്‍ അവരുടെ ദേഷ്യത്തെ ഉണര്‍ത്താത്ത വിധം മയത്തില്‍ പെരുമാറും.

ഒരു ദിവസം തന്നെ മുപ്പതിലേറെ പ്രാവശ്യം ദേഷ്യപ്പെട്ട് കോപിക്കുന്ന ദേഷ്യക്കാരനെ എനിക്കറിയാം. റോഡില്‍ അല്‍പം തിരക്കുണ്ടായാല്‍ പോലും അതിന് ദേഷ്യപ്പെടുന്നതാണ് അയാളുടെ പ്രകൃതം. ദേഷ്യം ഒരു ശീലമാക്കി അവന്റെ നിത്യജീവിതത്തിന്റെയും പ്രകൃതത്തിന്റെയും ഭാഗമായിട്ടത് മാറി. ദേഷ്യത്തിന്റെ കാര്യത്തില്‍ ആളുകള്‍ നാലുതരക്കാരാണ്. ഒന്ന്, പെട്ടന്ന് ദേഷ്യപ്പെടുകയും അതുപോലെ തണുക്കുകയും ചെയ്യുന്നവര്‍. വാക്കുകള്‍ പോലും അവരെ സ്വാധീനിക്കും. സ്വന്തത്തെയോ വികാരങ്ങളെയോ ശരിയായി നിയന്ത്രിക്കാന്‍ സാധിക്കാത്തവരാണവര്‍. രണ്ട്, പെട്ടന്ന് ദേഷ്യപ്പെടുകയും സാവധാനം തണുക്കുകയും ചെയ്യുന്നവര്‍. വളരെയധികം മോശപ്പെട്ട സ്വഭാവമാണത്. കാരണം നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും അത് ദീര്‍ഘനേരം കൊണ്ടു നടക്കുകയുമാണവര്‍ ചെയ്യുന്നത്. മൂന്ന്, സാവധാനം ദേഷ്യം വരികയും വേഗത്തില്‍ തണുക്കുകയും ചെയ്യുന്നവര്‍. നല്ല ആളുകളുടെ ഗുണമാണത്. കാരണം അവരുടെ ദേഷ്യം വളരെ സാവധാനമാണ് ഉണ്ടാകുക എന്നതോടൊപ്പം തന്നെ വളരെ പെട്ടന്ന് അത് പരിഹരിക്കുകയും ചെയ്യുന്നു. സ്വന്തത്തെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുള്ളവരായിരിക്കും അവര്‍. നാല്, സാവധാനം ദേഷ്യപ്പെടുകയും സാവധാനം തണുക്കുകയും ചെയ്യുന്നവര്‍. പൊതുവെ ദേഷ്യപ്പെടാത്തവരായിരിക്കും ഇത്തരക്കാരെങ്കിലും ദേഷ്യപ്പെട്ടാല്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ദീര്‍ഘസമയം എടുക്കുന്നവരായിരിക്കും.

ദേഷ്യം ഒരു തീക്കനലാണ്. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട പിശാചാണ് അതിനെ ജ്വലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ദേഷ്യമാകുന്ന അഗ്നിയെ കെടുത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അംഗശുദ്ധി വരുത്തി രണ്ടു റക്അത്ത് നമസ്‌കരിക്കലും അല്ലാഹുവെ സ്മരിക്കലുമാണ്. അപ്രകാരം നടത്തം, ഓട്ടം, പടികള്‍ കയറല്‍ തുടങ്ങിയ ചലനങ്ങളും ദേഷ്യം കാരണമായി മനസ്സിലുണ്ടാകുന്ന അസ്വസ്ഥതയും ടെന്‍ഷനും ഇല്ലാതാക്കും. മഹാനായ ഇബ്‌നുല്‍ ജൗസി ദേഷ്യത്തെ വളറെ സൂക്ഷ്മമായി വിശേഷിപ്പിച്ചിട്ടുണ്ട്. ‘ദേഷ്യത്തെ വിവേകത്തിന്റെ ചങ്ങല കൊണ്ട് ബന്ധിക്കുക, കാരണം അതൊരു നായയാണ്. അത് രക്ഷപ്പെട്ടാല്‍ നാശമുണ്ടാക്കും.’ എന്ന അദ്ദേഹത്തിന്റെ നീരക്ഷണം അര്‍ത്ഥവത്താണ്. പ്രശംസനീയമെന്നും നിന്ദ്യമെന്നും രണ്ടായി ദേഷ്യത്തെ വര്‍ഗീകരിക്കാം. കൂടുതലാളുകളിലും കാണുന്നത് നിന്ദ്യമായ ദേഷ്യമാണ്. ദേഷ്യപ്പെടുന്നത് അല്ലാഹുവിന്റെ പ്രീതിക്ക വേണ്ടിയാകുമ്പോഴാണ് അത് പ്രശംസനീയമാകുന്നത്. അതല്ലാത്ത എല്ലാ ദേഷ്യവും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണ്. എന്നാല്‍ ന്യായമായ ഒരു കാര്യത്തില്‍ നിരന്തരം ഓര്‍പ്പെടുത്തിയിട്ടും വീഴ്ച്ച വരുത്തുമ്പോള്‍ അതില്‍ ദേഷ്യപ്പെടുന്നവനെ കുറ്റപ്പെടുത്താവതല്ല.

ഏറെ പുഞ്ചിരിക്കുകയും വളരെ കുറ്ച്ച് മാത്രം ദേഷ്യപ്പെടുകയും ചെയ്യുക എന്നതായിരുന്നു പ്രവാചകന്‍(സ) സ്വഭാവം. നമസ്‌കരിക്കുമ്പോള്‍ മാലിന്യങ്ങള്‍ ദേഹത്തെറിയുകയും വാക്കുകളായും പ്രവര്‍ത്തനങ്ങളായും ദ്രോഹിക്കുകയും ചെയ്തിട്ടു പോലും അദ്ദേഹം അതിന്റെ പേരില്‍ കോപിച്ചില്ല. അങ്ങേയറ്റം സഹനശീലനായിരുന്നു അദ്ദേഹം. അല്ലാഹുവിനും അവന്റെ ദൂതനും ഏറെഇഷ്ടപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ് സഹനം. വാഹനമോടിക്കുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും വീട്ടിലും മക്കളോടുള്ള പെരുമാറ്റത്തിലുമെല്ലാം നമ്മുടെ മുഖമുദ്രയായിരിക്കണം സഹനമെന്നത്. സാവധാനം ദേഷ്യപ്പെടുകയും വളരെ പെട്ടന്ന് അതിനെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യുന്ന മൂന്നാമത്തെ വിഭാഗത്തിലായിരിക്കണം നാം. അത്തരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഇഹപര ജീവിതത്തില്‍ സന്തോഷമുണ്ടാവും. ദേഷ്യം കാരണം ഉണ്ടാകുന്ന നിരവധി ശാരീരിക രോഗങ്ങള്‍ അവനെ ബാധിക്കുകയുമില്ല.

മൊഴിമാറ്റം: നസീഫ്‌

Related Articles