Current Date

Search
Close this search box.
Search
Close this search box.

ദേഷ്യം നമ്മുടെ നിയന്ത്രണത്തിലാവട്ടെ

angry1.jpg

ബന്ധങ്ങളിലെ ഊഷ്മളത ഇല്ലാതാകുന്നതിന് പലപ്പോഴും കാരണമാവാറുള്ള ഒന്നാണ് അമിതമായ ദേഷ്യം. ദേഷ്യം വന്നാല്‍ ഇയാളൊരു ഭാന്തനാകും പിന്നെ എന്താണ് ചെയ്യുന്നതും പറയുന്നതും ഒന്നും അറിയില്ല എന്ന് ചിലരെ കുറിച്ച് പറയാറുണ്ട്. എന്നാല്‍ അതേ ആള്‍ തന്നെ അല്‍പസമയം കഴിഞ്ഞി തണുത്ത് ശാന്തനായാല്‍ തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നത് കാണാം. അത് വേണ്ടില്ലായിരുന്നു എന്ന് അയാളുടെ മനസ്സ് തന്നെ പറയും. മറ്റു വികാരങ്ങളെ പോലെ മനുഷ്യനില്‍ അടങ്ങിയിട്ടുള്ള ഒരു വികാരമാണ് ദേഷ്യവും.

വിശ്വാസികളുടെ ഗുണമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പരാമര്‍ശിച്ചിട്ടുള്ള ഗുണമാണ് ‘കോപത്തെ കടിച്ചിറക്കുന്നവര്‍’ എന്നത്. കോപം മനുഷ്യ സഹജമാണ്, എന്നാല്‍ അതിനെ നിയന്ത്രിക്കാന്‍ സാധിക്കലാണ് വിശ്വാസിയുടെ ഗുണം എന്നാണ് ഇത് പഠിപ്പിക്കുന്നത്. എന്നാല്‍ കോപവും ദേഷ്യവും ഒരു വിശ്വാസിയില്‍ തീരെ ഉണ്ടാവാന്‍ പാടില്ലാത്ത ഗുണമാണെന്ന് നാം മനസ്സിലാക്കേണ്ടതില്ല. തിന്മകളും തെറ്റായ പ്രവണതകളും കാണുന്ന സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ) അവയോടുള്ള ദേഷ്യം പ്രകടിപ്പിച്ചിരുന്നു എന്ന് ഹദീസുകളില്‍ കാണാം. ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം ചുവന്നു തുടുത്തു എന്നൊക്കെ പല റിപോര്‍ട്ടുകളിലും കാണാവുന്നാതാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ദേഷ്യവും ആവശ്യമാണെന്നാണിത് വ്യക്തമാക്കുന്നത്.

നാം ദേഷ്യപ്പെടുമ്പോള്‍ എന്തിന് വേണ്ടി ദേഷ്യപ്പെടുന്നു എന്നത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ദേഷ്യം നമ്മെ നിയന്ത്രിക്കുന്നതിന് പകരം ദേഷ്യത്തെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കണം. അതിന് സാധിക്കാതെ വരുമ്പോഴാണ് ദേഷ്യം ഒരാളെ ഭ്രാന്തനാക്കുന്നത്. അപ്പോള്‍ അവന്റെ കണ്‍മുന്നിലുള്ളതെല്ലാം അതിന് ഇരയാക്കപ്പെടുന്നത് സ്വാഭാവികം. അത് കുടുംബ-സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

ഒരു തിന്മയോട് അനിഷ്ടം പ്രകടിപ്പിക്കാനുള്ള മുഖ്യ ഉപാധിയാണ് ദേഷ്യം. ഒരു കുട്ടി തെറ്റു ചെയ്യുന്നത് കാണുമ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് ദേഷ്യത്തോടെ പറയാം. എന്നാല്‍ ആ കോപം നിയന്ത്രണം വിട്ട് അവനെ തലങ്ങും വിലങ്ങും അടിക്കുമ്പോഴാണ് അത് അപകടകാരിയായി മാറുന്നത്. അപ്രകാരം തന്നെ പ്രധാനമാണ് ദേഷ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകളും. പലപ്പോഴും വടി കൊണ്ടുണ്ടാക്കുന്ന മുറിവുകളേക്കാള്‍ ആഴത്തിലുള്ള മുറിവുകളാണ് വാക്കുകള്‍ കൊണ്ടുണ്ടാവുന്നത്. ‘കുന്തമുനകളുണ്ടാക്കുന്ന മുറിവുകള്‍ക്ക് ശമനമുണ്ട്, എന്നാല്‍ നാവുണ്ടാക്കിയ മുറിവുകള്‍ സുഖപ്പെടില്ലെന്ന’ കവിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്. ദേഷ്യം വരുമ്പോള്‍ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതും ആളുകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതും ഒഴിവാക്കേണ്ടതു തന്നെയാണ്.

ദേഷ്യത്തെ നിയന്ത്രിക്കാനുള്ള പ്രഥമ മാര്‍ഗം തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് സ്വയം തിരിച്ചറിയലാണ്. അതിന് സാധിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. നാം എന്തുകൊണ്ട് ദേഷ്യപ്പെടുന്നു ആലോചനയും അതോടൊപ്പം ഉണ്ടാവേണ്ടതുണ്ട. പലപ്പോഴും നമ്മുടെ പല ദേഷ്യങ്ങളും അനാവശ്യ ദേഷ്യങ്ങളാണെന്ന തിരിച്ചറിവ് നമുക്ക് അതിലൂടെ ഉണ്ടാവും. അങ്ങനെ ആലോചിച്ചാല്‍ ജോലി സ്ഥലത്ത് നമുക്കുണ്ടാവുന്ന പ്രയാസത്തിന്റെ പേരില്‍ ഭാര്യയോടും കുട്ടികളോടും നമുക്ക് ദേഷ്യപ്പെടേണ്ടി വരില്ല. ഒരാളോട് ദേഷ്യം തോന്നിയാല്‍ അത് മനസ്സില്‍ വെച്ച് നടക്കുന്നതിനേക്കാള്‍ നല്ലത് അയാളോട് തന്നെ തുറന്നു പറയുകയാണ്. അതിലൂടെ നിങ്ങളുടെ മനസ്സിലുള്ള സംഘര്‍ഷത്തിന് അയവു വരുന്നു. അടക്കി വെക്കുന്ന കോപം മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വരെ പഠനങ്ങള്‍ പറയുന്നുണ്ട്.

Related Articles