Current Date

Search
Close this search box.
Search
Close this search box.

ദുര്‍ബലന്‍ അവഗണിക്കപ്പെടാതിരിക്കാന്‍

cake.jpg

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു സ്വത്ത് ഓഹരി പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. പിതാവ് മരണപ്പെട്ടിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇതേവരെ സ്വത്ത് ഭാഗിച്ചിട്ടില്ല. അഞ്ച് മക്കളുണ്ട്, മൂന്ന് ആണും രണ്ട് പെണ്ണും. ഇളയമകന്‍ രോഗിയാണ്, വികലാംഗനും. മറ്റുമക്കള്‍ക്കെല്ലാം മാന്യമായ ജോലിയും നല്ല വരുമാനവുമുണ്ട്. മരിക്കുന്നതിന് മുമ്പ് പിതാവ് വീട് അവന് നല്‍കണമെന്നും അത് ഓഹരിയിലുള്‍പ്പെടുത്തരുതെന്നും എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ ഇപ്പോള്‍ മറ്റുമക്കള്‍ തയ്യാറാകുന്നില്ല. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍. അതോടൊപ്പം ഇതേവരെ സ്വത്ത് കൈകാര്യം ചെയ്തതിന് കണക്കോ രേഖയോ ഇല്ല.

നിയമപരമായി രോഗിയായ ഇളയ മകന് പിതാവ് വസ്വിയ്യത്ത് ചെയ്ത വീട് കിട്ടുകയില്ല. അനന്തരാവകാശികള്‍ക്ക് ഇസ്‌ലാമിക നിയമമനുസരിച്ചും മുസ്‌ലിം വ്യക്തി നിയമമനുസരിച്ചും വസ്വിയ്യത്തില്ല. പിതാവിന്റെ ആഗ്രഹം നടപ്പാക്കുകയും രോഗിയായ സഹോദരന് പ്രത്യേക പരിഗണനനല്‍കുകയയും ചെയ്യുകയെന്ന ധാര്‍മികത പാലിക്കാന്‍ മറ്റുള്ളവര്‍ സന്നദ്ധരുമല്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണത്തിന് മുമ്പേ മറ്റുമക്കളെ വിവരമറിയിച്ചും ബോധ്യപ്പെടുത്തിയും രേഖാമൂലം ദാനം നല്‍കുകയാണ് വേണ്ടത്. അഥവാ അങ്ങനെ ചെയ്തില്ലെങ്കില്‍ പോലും ധര്‍മബോധമുളള മക്കള്‍ കൂടുതല്‍ പ്രയാസപ്പെട്ടവരെ സ്വത്ത് ഓഹരി വേളയില്‍ പ്രത്യേകം പരിഗണിക്കണം.

കേവലമായ നിയമങ്ങള്‍ക്ക് നീതി നടത്താന്‍ കഴിയില്ലല്ലോ. അതിന് ധര്‍മത്തിന്റെ അകമ്പടി കൂടെ വേണം. മരണപ്പെട്ടയാള്‍ക്ക് വരുമാനമുള്ള മൂന്ന് മക്കളും ചെറുപ്രായത്തിലുള്ള നാലാമത്തെ മകനുമുണ്ടെങ്കില്‍ അനന്തരസ്വത്ത് നാലുപേര്‍ക്കും നിയമപരമായി തുല്യമായിരിക്കും. എന്നാല്‍ തങ്ങളെ പോറ്റി വളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വഹിച്ച പങ്കും തങ്ങള്‍ മുതിര്‍ന്നവരും വരുമാനമുള്ളവരുമണെന്നതും പരിഗണിച്ച് കൊച്ചനുജനോട് കാരുണ്യം കാണിക്കുകയും അവന് പ്രത്യേക പരിഗണന നല്‍കുകയും വേണം. ഈധാര്‍മികത പാലിക്കുമ്പോഴേ നീതി പുലരുകയുള്ളു.

പിതാവോ മാതാവോ മരണപ്പെട്ടാല്‍ പെട്ടന്ന് തന്നെ സ്വത്ത് ഓഹരിവെക്കുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് മോശം പ്രവര്‍ത്തിയായാണിന്ന് കരുതപ്പെടുന്നത്. ഈ ധാരണ തിരുത്തപ്പെടുക തന്നെ വേണം. ഒരാള്‍ മരണപ്പെടുന്നതോടെ അയാള്‍ വിട്ടേച്ച് പോകുന്ന സ്വത്ത് മുഴുവന്‍ അനന്തരാവകാശികളുടേതുമായിത്തീരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ആരെങ്കിലുമെടുക്കുന്നത് അധാര്‍മികമാണ്. അത് ഇസ്‌ലാമിക വിരുദ്ധവുമാണ്. ഇതൊഴിവാക്കാന്‍ പെട്ടെന്ന് തന്നെ വിഭജനം നടത്തുക തന്നെ വേണം. മരണപ്പെട്ട വ്യക്തിയോടുള്ള വൈകാരിക ബന്ധവും വേര്‍പാടിന്റെ വേദനയും ശക്തമായി നിലനില്‍ക്കുന്ന ആദ്യ നാളുകളില്‍ തന്നെ അത് നിര്‍വഹിക്കുന്നത് സ്വത്ത് ഓഹരി സുഖകരവും പ്രശ്‌നരഹിതവുമാകാന്‍ ഏറെ സഹായകവുമായിരിക്കും.

അനന്തരാവകാശത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നിര്‍ബന്ധ ആരാധനാകര്‍മമായ സകാത്തിന്റെ തോതും പരിധിയുംവിവരിച്ചിട്ടില്ലാത്ത ഖുര്‍ആനില്‍ അനന്തരാവകാശത്തിന്റെ വിശദാംശങ്ങളുണ്ട്. അത് കൃത്യമായി പാലിക്കുന്നവര്‍ക്ക് ശാശ്വത സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ലംഘിക്കുന്നവര്‍ക്ക് നിത്യവും സുസ്ഥിരവുമായ നരകശിക്ഷയെക്കുറിച്ച താക്കീതും.

‘നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്‍മക്കളാണെങ്കില്‍, മൊത്തം ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാകുന്നു. ഒരു പുത്രി മാത്രമേയുള്ളൂവെങ്കില്‍ പകുതിയാണ് അവള്‍ക്കുള്ളത്. പരേതന് സന്താനമുള്ള അവസ്ഥയില്‍, മാതാപിതാക്കളിലോരോരുത്തര്‍ക്കും അവന്‍ വിട്ടുപോയതിന്റെ ആറിലൊന്നു വീതം ലഭിക്കേണ്ടതാകുന്നു. അവനു സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ മാത്രം അവകാശികളാവുകയും ചെയ്യുമ്പോള്‍ മാതാവിനു മൂന്നിലൊന്നു ലഭിക്കേണം. പരേതനു സഹോദരസഹോദരികളുണ്ടെങ്കില്‍, അപ്പോള്‍ ആറിലൊന്നാണ് മാതാവിന് ലഭിക്കേണ്ടത്. (ഈ വിഹിതങ്ങളെല്ലാം നല്‍കേണ്ടത്) പരേതന്‍ ചെയ്തിട്ടുള്ള ഒസ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ പേരിലുള്ള കടങ്ങള്‍ വീട്ടുകയും ചെയ്തശേഷമാകുന്നു. നിങ്ങളുടെ മാതാപിതാക്കളാണോ മക്കളാണോ, പ്രയോജനത്താല്‍ നിങ്ങളോടേറ്റം അടുത്തവരെന്നു നിങ്ങള്‍ അറിയുന്നില്ല. ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു. അല്ലാഹുവോ, യാഥാര്‍ഥ്യങ്ങളൊക്കെയും അറിയുന്നവനും സകല നന്മകളിലും അഭിജ്ഞനുമല്ലോ. നിങ്ങളുടെ ഭാര്യമാര്‍ വിട്ടുപോയതിന്റെ പകുതി നിങ്ങള്‍ക്കുള്ളതാകുന്നു അവര്‍ക്കു മക്കളില്ലെങ്കില്‍. മക്കളുണ്ടെങ്കിലോ, നിങ്ങളുടെ വിഹിതം നാലിലൊന്നാകുന്നു അവരുടെ ഒസ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം. നിങ്ങള്‍ വിട്ടുപോയ സ്വത്തില്‍ അവര്‍ക്കു നാലിലൊന്നിന് അവകാശമുണ്ടായിരിക്കും നിങ്ങള്‍ക്കു മക്കളില്ലെങ്കില്‍. മക്കളുണ്ടെങ്കിലോ, അവരുടെ വിഹിതം നിങ്ങള്‍ വിട്ടുപോയതിന്റെ എട്ടിലൊന്നാകുന്നു  നിങ്ങളുടെ ഒസ്യത്തും കടവും കഴിച്ചശേഷം.  (സ്വത്ത് ഭാഗിക്കേണ്ട, മരിച്ച) സ്ത്രീയോ പുരുഷനോ മക്കളില്ലാത്തവനും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തവനുമാണ്, അയാള്‍ക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ട്, എങ്കില്‍ അവരില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നു ലഭിക്കേണ്ടതാകുന്നു. ഇനി സഹോദര സഹോദരികള്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവരെല്ലാവരും കൂടി മൂന്നിലൊന്നില്‍ പങ്കാളികളായിരിക്കും പരേതന്റെ ദ്രോഹകരമല്ലാത്ത ഒസ്യത്തും കടവും കഴിച്ച്. ഇതൊക്കെയും അല്ലാഹുവിങ്കല്‍നിന്നുള്ള ഉപദേശമാകുന്നു. അല്ലാഹു സര്‍വജ്ഞനും കനിവുള്ളവനുമല്ലോ. ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍, നിത്യവാസികളായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ വിജയം. അല്ലാഹുവിനെയും അവന്റ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവന്നു നിന്ദ്യമായ ദണ്ഡനവുമുണ്ട്.’  (അന്നിസാഅ് : 12-14)

‘പ്രരവാചകാ, ജനം നിന്നോട് കലാല സംബന്ധിച്ച് വിധി ചോദിക്കുന്നുണ്ടല്ലോ, പറയുക: അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു. മക്കളില്ലാത്ത ഒരാള്‍ മരിച്ചുപോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്കുള്ളതാകുന്നു. സഹോദരിയാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍, അപ്പോള്‍ സഹോദരന്‍ അവളുടെ ദായധനാവകാശിയായിരിക്കും. പരേതന്ന് രണ്ടു സഹോദരികള്‍ അവകാശികളായുണ്ടെങ്കില്‍ അവര്‍ ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിനര്‍ഹരാകുന്നു. ഇനി ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും. അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു  നിങ്ങള്‍ പിഴച്ചുപോകാതിരിക്കേണ്ടതിന്. അല്ലാഹു സകല സംഗതികളിലും അഭിജ്ഞനല്ലോ’  (അന്നിസാഅ് : 176)

Related Articles