Current Date

Search
Close this search box.
Search
Close this search box.

ദുഖങ്ങളെ സന്തോഷങ്ങളായി മാറ്റിയെടുക്കാം

paint.jpg

കാണുമ്പോഴെല്ലാം ജീവിതത്തിലെ ദുഖങ്ങളെയും സങ്കടങ്ങളെയും കുറിച്ച് മാത്രമേ അവന് സംസാരിക്കാനുണ്ടായിരുന്നുള്ളൂ. സന്തോഷത്തിന്റെ വര്‍ത്തമാനം ഒരിക്കല്‍ പോലും അവനില്‍ നിന്ന് കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ അവനോട് പറഞ്ഞു: നീയിപ്പോള്‍ ചെയ്യുന്നത് ഒരു തരം പൈശാചികമായ ആത്മഹത്യയാണ്. സംസാരം നിര്‍ത്തി എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: മനുഷ്യനെ അശക്തനും ദുര്‍ബലനും നിരാശനുമാക്കി തീര്‍ക്കുന്നതിന് പിശാച് സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ പെട്ടതാണ് അവന്റെ ദുഖങ്ങളും വേദനകളും ഓര്‍മപ്പെടുത്തുകയെന്നത്. സന്തോഷത്തിന്റെ രുചി ആസ്വദിക്കാനാവാതെ തീര്‍ത്തും ദുഖിതനായി ജീവിക്കുന്നതിലേക്കത് അവനെ എത്തിക്കുന്നു. ‘അല്ല, പിശാചും ദുഖവും തമ്മിലെന്ത് ബന്ധം?’ എന്ന അവന്റെ ചോദ്യത്തിന് മറുപടിയായി ഞാന്‍ പറഞ്ഞു: വിശ്വാസിയെ ദുഖിതനാക്കുകയെന്നത് പിശാചിന്റെ ലക്ഷ്യമാണെന്ന് അല്ലാഹു തന്നെ നമ്മെ അറിയിച്ചിട്ടുണ്ട്. ‘ഗൂഢാലോചന ഒരു പൈശാചികവൃത്തിയാകുന്നു. വിശ്വാസികളായവര്‍ ദുഃഖിതരാകുന്നതിനു വേണ്ടിയത്രെ അത് നടക്കുന്നത്. എന്നാലോ ദൈവഹിതമില്ലാതെ അതവരെ അശേഷം ദ്രോഹിക്കുകയില്ല. വിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ.’ (58: 10) നിന്നെ ദുഖിപ്പിക്കാനും ജീവിതത്തിലെ ദുഖകരമായ ഓര്‍മകളും വേദനാജനകമായ സന്ദര്‍ഭങ്ങളും ഓര്‍മപ്പെടുത്താനുമാണ് പിശാച് ശ്രമിക്കുന്നത്. അവന്റെ വിളിക്കുത്തരം നല്‍കുമ്പോള്‍ നിരാശയും തെറ്റായ ചിന്തകളും നിന്നിലേക്ക് കടന്നുവരും. നിന്റെ തന്നെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ കടിച്ചു കീറുന്ന അവസ്ഥയിലതെത്തും. ഇപ്പോള്‍ നീയെത്തിയിരിക്കുന്നത് അത്തരം അവസ്ഥയിലാണ്. നിന്റെ മുഖം വിളറുകയും ശരീരം ശോഷിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്നെ തന്നെ ശിക്ഷിക്കുന്നതിന് സമാനമായ അവസ്ഥയാണിത്.

അവന്‍ ചോദിച്ചു: അപ്പോള്‍ ഞാനെന്ത് ചെയ്യും? ഞാന്‍ പറഞ്ഞു: ഏത് ദുരന്തത്തിനും അന്ത്യമുണ്ട്. ഏത് പ്രശ്‌നത്തിനും അവസരവും, ഏത് പരീക്ഷണത്തിലും നേട്ടവുമുണ്ട്. പ്രയാസത്തോടൊപ്പം തന്നെ എളുപ്പവുമുണ്ടെന്നാണല്ലോ. പരീക്ഷണങ്ങള്‍ വരുമ്പോള്‍ ജീവിതത്തിലെ നന്മയുടെ വശങ്ങളിലേക്ക് നിന്റെ കണ്ണുകള്‍ തുറക്കണം. അത് നിനക്ക് സന്തോഷം നല്‍കും. വിശ്വാസിയെ ഉപദ്രവിക്കാന്‍ പിശാചിനാവില്ലെന്ന് നേരത്തെ പറഞ്ഞ ഖുര്‍ആന്‍ സൂക്തം തന്നെ വ്യക്തമാക്കുന്നു. ‘വിശ്വാസി എപ്പോഴും ശോഭിക്കുന്നവനായിരിക്കും. ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന അകവും ശാന്തമായ മനസ്സുമായിരിക്കും അവന്റേത്. കടുത്ത പ്രയാസങ്ങള്‍ക്ക് നടുവില്‍ പോലും പുഞ്ചിരിക്കുന്നവനായി നമുക്കവനെ കാണാം.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം നിഷേധാത്മകമായിട്ടാണ് നിങ്ങള്‍ ജീവിതത്തെ കാണുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ സമൂഹത്തെയും ചുറ്റുപാടുമുള്ളവരെയും കുറിച്ച് നിങ്ങള്‍ നിരാശനാണ്. എന്നാല്‍ നാട്ടിലും സമൂഹത്തിലും സവിശേഷ സ്ഥാനമുള്ള ഒരാളായി സ്വന്തത്തെ കാണാനും നിങ്ങള്‍ക്ക് സാധിക്കും. ജീവിതത്തെ എങ്ങനെ നോക്കികാണുന്നു എന്നതിലെ വ്യത്യാസമാണവയെ വേര്‍തിരിക്കുന്നത്.

അയാള്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നത് പ്രയാസമുള്ള കാര്യമാണ്. ഞാന്‍ പറഞ്ഞു: അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ അതൊരു പ്രയാസമേയല്ല. ‘വിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ.’ എന്ന് അല്ലാഹു പറഞ്ഞത് അതാണ്. എന്നാല്‍ നീ കീഴ്‌പ്പെടുന്നത് പിശാചിനാണെങ്കില്‍ അവന്‍ നിന്നെ സദാ ദുഖിക്കുന്നവനാക്കും.

ദുഖത്തെ സന്തോഷമാക്കിയ മൂന്ന് സമീപനങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ഇമാം അഹ്മദ് ബിന്‍ ഹമ്പലുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തേത്. തന്നെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയവരോട് പോലും ക്രിയാത്മകമായിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അബ്ദുല്ലാഹ് ബിന്‍ വര്‍റാഖ് വിവരിക്കുന്നു: അഹ്മദ് ബിന്‍ ഹമ്പലിന്റെ സദസ്സില്‍ ചെന്നിരുന്നപ്പോള്‍ എന്നോട് അദ്ദേഹം ചോദിച്ചു: എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്? ഞാന്‍ പറഞ്ഞു: അബൂ കുറൈബിന്റെ സദസ്സില്‍ നിന്നാണ്. അദ്ദേഹം പറഞ്ഞു: വളരെ നല്ല മനുഷ്യനാണദ്ദേഹം, അദ്ദേഹത്തില്‍ നിന്ന് കിട്ടിയ വല്ല ഹദീസും എഴുതൂ. ഞങ്ങള്‍ പറഞ്ഞു: താങ്കളെ ആക്ഷേപിക്കുന്ന വ്യക്തിയാണദ്ദേഹം. ഇമാം അഹ്മദ് പറഞ്ഞു: ആ നല്ല മനുഷ്യന്‍ എന്നെ കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രതികൂലമായ ഒരു സന്ദര്‍ഭത്തെ അദ്ദേഹം എങ്ങനെ ക്രിയാത്മകമായി സമീപിച്ചുവെന്ന് നോക്കുക. വിട്ടുവീഴ്ച്ചയിലൂടെയും ഉയര്‍ന്ന സ്വഭാവഗുണത്തിലൂടെയുമാണത് സാധ്യമായത്.

രണ്ടാമത്തെ ഉദാഹരണം നമുക്ക് പ്രവാചകന്‍(സ)യില്‍ നിന്ന് തന്നെയുള്ളതാണ്. അന്ധനായ സഹാബി അബ്ദുല്ലാഹ് ബിന്‍ ഉമ്മിമക്തൂമിന്റെ ചോദ്യത്തിന് മറുപടി പറയാതെ ഖുറൈശി പ്രമുഖരുമായുള്ള സംസാരത്തില്‍ വ്യാപൃതനായതിന്റെ പേരില്‍ പ്രവാചകന്‍(സ) വിമര്‍ശിച്ചു കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. അതിന് ശേഷം അബ്ദുല്ലാഹ് ബിന്‍ ഉമ്മി മക്തൂമിന്റെ സാന്നിദ്ധ്യം തിരുമേനിയെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി സദസ്സില്‍ ഇടമൊരുക്കുകയും പലപ്പോഴും തന്റെ വിരിപ്പ് പ്രവാചകന്‍(സ) വിരിച്ച് കൊടുക്കുകയും ‘എന്റെ നാഥന്‍ എന്നെ വിമര്‍ശിക്കുന്നതിന് കാരണക്കാരനായവന് സ്വാഗതം’ പറയുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹുവിന്റെ ആക്ഷേപത്തിന് കാരണക്കാരനായി അദ്ദേഹത്തെ ഏറ്റവും ആദരണീയനായ സഹാബിയായിട്ടാണ് നബി(സ) കണ്ടിരുന്നത്. സമാനമായ രീതി തന്നെയായിരുന്നു ഹസന്‍ അല്‍-ബസ്വരിയും സ്വീകരിച്ചിരുന്നതെന്ന് കാണാം. ഒരാള്‍ തന്നെ കുറിച്ച് പരദൂഷണം പറഞ്ഞിരിക്കുന്നുവെന്ന് ഒരാള്‍ അറിയിച്ചപ്പോള്‍ പരദൂഷണം പറഞ്ഞ വ്യക്തിക്ക് മധുരപലഹാരം കൊടുത്തയക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നിട്ടദ്ദേഹം പറഞ്ഞു: താങ്കളുടെ നന്മകള്‍ എനിക്ക് നല്‍കിയതായി ഞാന്‍ അറിഞ്ഞു, ഈ ഉപഹാരം താങ്കള്‍ക്ക് പകരമായി ഞാന്‍ സമര്‍പിക്കുന്നു.

ദുഖത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങളെ സന്തോഷത്തിന്റെ സ്രോതസ്സാക്കി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ് ഇവ മൂന്നും. അതുകൊണ്ട് നിങ്ങളെ വേദനിപ്പിക്കുന്നവര്‍ക്ക് മധുരപലഹാരം കൊടുത്തയക്കുക.

മൊഴിമാറ്റം : നസീഫ്‌

Related Articles