Current Date

Search
Close this search box.
Search
Close this search box.

ടെന്‍ഷന്‍, അതാണോ നിങ്ങളുടെ പ്രശ്‌നം?

tension.jpg

ഒരിക്കല്‍, കിസ്‌റാ രാജാവായിരുന്ന അനോഷിര്‍വാന്‍ തന്റെ മന്ത്രി ബുസര്‍ജംഹിര്‍ ബിന്‍ ബുഖ്തഖാനെ തടവിലാക്കി. യുക്തിചിന്തയില്‍ പ്രസിദ്ധനായ മന്ത്രിയെ ഖബറിന് സമാനമായ ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല കൊണ്ടായിരുന്നു ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി വസത്രങ്ങള്‍ മാത്രം നല്‍കി. ദിനേന രണ്ട് കഷ്ണത്തിലധികം ബാര്‍ലി റൊട്ടിയല്ലാതെ മറ്റൊന്നും നല്‍കരുത്, ഒരു കൈവെള്ളയിലൊതുങ്ങും വിധം കല്ലുപ്പ് നല്‍കുക, പൊടിക്കാത്ത ധാന്യം മാത്രം കൊടുക്കുക, ഒരുകപ്പ് വെള്ളം മാത്രം ലഭ്യമാക്കുക, അയാള്‍ പറയുന്ന സംസാരങ്ങള്‍ എണ്ണിക്കണക്കാക്കി രാജാവിലേക്ക് എത്തിക്കുക തുടങ്ങിയവയായിരുന്നു രാജാവിന്റെ കല്‍പനകള്‍. അങ്ങനെ യാതൊരു വിധ സംസാരവും കേള്‍ക്കാന്‍ സാധിക്കാതെ മാസങ്ങളോളം ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെ രാജാവ് പറഞ്ഞു : ‘അദ്ദേഹത്തിന്റെ കൂട്ടുകാരെ അയാളുടെ  അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് സ്വതന്ത്രമായി കാര്യങ്ങള്‍ ആരായാനുള്ള അവസരം അനുയായികള്‍ക്ക് ഒരുക്കിക്കൊടുക്കുക. ആ സംസാരം മുഴുവന്‍ ശ്രവിച്ച് തനിക്ക് പറഞ്ഞു തരിക. എന്നെക്കുറിച്ച് അയാളോട് പറയുക.’ അപ്രകാരം മന്ത്രിയുടെ അനുയായികള്‍ ജയിലിനകത്ത് കയറി അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ…. അങ്ങ് ഈ ജയിലില്‍ അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍ രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള്‍ കാണുന്നു. അതോടൊപ്പം തന്നെ താങ്ങളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ ?  അപ്പോള്‍ അദ്ദേഹം പറഞ്ഞു : എനിക്ക് കിട്ടിയ പൊടിക്കാത്ത ഗോതമ്പ് മാവിനെ ഞാന്‍ ആറ് മിശ്രിതങ്ങളാക്കി മാറ്റി. അതില്‍ നിന്നും ദിനേന അല്‍പാല്‍പം ഞാന്‍ എടുത്തു സേവിക്കുന്നതിനാലാണ് നിങ്ങള്‍ കാണുന്ന രൂപത്തില്‍ എന്റെ ആരോഗ്യം നിലനില്‍ക്കുന്നത്. അപ്പോള്‍ അനുയായികള്‍ പറഞ്ഞു : ആ രീതി നമുക്ക് വേണ്ടി വിവരിച്ചു തരിക. അഥവാ നമ്മളിലാരെങ്കിലും താങ്കളെപ്പോലെ ഇത്തരം അവസ്ഥ തരണം ചെയ്യേണ്ടതായി വന്നാല്‍ ആ രീതി പ്രയോഗിക്കാമല്ലോ. അപ്പോള്‍ അദ്ദേഹം മറുപടി നല്‍കി :  ആദ്യത്തെ മിശ്രിതം ‘ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം’ ചേര്‍ത്തതാണ്. ‘എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് ‘ എന്ന എന്റെ അറിവാണ് രണ്ടാമത്തെ മിശ്രിതം. പരീക്ഷിക്കപ്പെടുന്നവനു മുന്നിലുള്ള മികച്ച വഴിയായ ‘ക്ഷമ’ യാണ് മൂന്നാമത്തേത്. ‘ക്ഷമ കൈക്കൊണ്ടില്ലെങ്കില്‍ ഞാനെന്തു ചെയ്യും’ എന്ന ചിന്തയാണ് നാലാമത്തേത്. ‘എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് ‘ എന്ന വിചാരമാണ് അഞ്ചാമതായി ഞാന്‍ ചേര്‍ത്തത്. ‘എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന’ ഉറപ്പാണ് ആറാമത്തെ മിശ്രിതം. ഭക്ഷണത്തോടൊപ്പം ഈ മിശ്രിതങ്ങളും അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്‌മേരവദനനായി കാണുന്നതിന്റെ കാരണവും അതുതന്നെ.

ഈ അത്യത്ഭുതകരമായ മിശ്രിതങ്ങളുടെ ചുവടു പിടിച്ചാണ് ഇനിയുള്ള കാര്യങ്ങളുടെ വിവരണം. ആദ്യത്തേത് ‘ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം’ എന്നതാണല്ലോ. പ്രവാചകന്‍ (സ), അബ്ദുല്ലാഹ് ബിന്‍ അബ്ബാസിന് നല്‍കിയ ശ്രദ്ധേയമായ ഉപദേശം കാണുക. പ്രവാചക ജീവിതത്തില്‍ എന്നും കൂടെയുണ്ടായിരുന്ന തന്റെ വാക്ക് കേള്‍ക്കാന്‍ ചുറ്റും കൂടിയിരുന്നവരോട് അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റ) പറഞ്ഞു : ഒരിക്കല്‍ ഞാന്‍ പ്രവാചകന് അകമ്പടിയായി നടക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു. ‘അല്ലയോ മകനേ.. ഞാന്‍ നിന്നെ ചില വാക്കുകള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ നേര്‍മാര്‍ഗത്തിലാക്കും. നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുമ്പോള്‍ അല്ലാഹുവിനോട് മാത്രം തേടുക. ലോകജനത മുഴുവനും ചേര്‍ന്ന് നിനക്ക് വല്ല ഉപകാരവും ചെയ്യണമെന്ന് കരുതിയാലും അല്ലാഹു വിധിച്ചെങ്കിലേ നിനക്ക് ആ നന്‍മ കരസ്ഥമാക്കാന്‍ സാധിക്കൂ. ലോകജനത മുഴുവന്‍ ചേര്‍ന്ന് നിനക്ക് വല്ല ഉപദ്രവവും ചെയ്യണമെന്ന് കരുതിയാലും, അല്ലാഹു വിധിച്ചെങ്കിലേ ആ ഉപദ്രവം നിന്നെ ബാധിക്കൂ. പേന ഉയര്‍ത്തപ്പെട്ടു. മഷി ഉണങ്ങുകയും ചെയ്തു’. തീക്കൂനയില്‍ എടുത്തെറിയപ്പെട്ടിട്ടും ദഹിപ്പിക്കപ്പെടാതെ തിരികെ കയറിയ ഇബ്രാഹിം നബിയുടെ ദൈവാര്‍പ്പണം എത്ര മനോഹരം. സമുദ്രാന്ധകാരത്തില്‍ നിന്നും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യൂനുസ് നബിയുടെ ദൈവാര്‍പ്പണം എത്ര സാരസമ്പൂര്‍ണ്ണം. തന്റെ മകനെ പെട്ടിയിലാക്കി നദിയിലൊഴുക്കിയ നേരത്ത് നദിയുടെ ഉപദ്രവങ്ങളില്‍ നിന്നും മകനെ രക്ഷപ്പെടുത്തിയ ദൈവത്തില്‍  മൂസാ പ്രവാചകന്റെ മാതാവിനുണ്ടായ അചഞ്ചലമായ വിശ്വാസം എത്ര സുന്ദരം. സഹോദരന്‍മാരുടെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, കാട്ടിലെ പൊട്ടക്കിണറ്റില്‍ നിന്നും കരകയറി, സ്ത്രീകളുടെ കുതന്ത്രങ്ങളില്‍ നിന്നും ജയിലിന്റെ ഇരുട്ടറയില്‍ നിന്നും മോചിതനായപ്പോഴും, ഈജിപ്തിലെ മന്ത്രി പദവിയിലെത്തിയപ്പോഴും യൂസുഫ് നബി കാണിച്ച അടിപതറാത്ത ദൈവവിശ്വാസം…

പ്രിയ വായനക്കാരാ…തീ ഇബ്രാഹീം നബിയെ കരിച്ചു കളയാതിരുന്നത്, മത്സ്യം യൂനുസ് നബിയെ വിഴുങ്ങാതിരുന്നത്, നദി മൂസാ നബിയെ മുക്കിക്കളയാതിരുന്നത്, കൂരിരുള്‍ മുറ്റിയ കിണറും ദുഖം നല്‍കിയ ജയിലും യൂസുഫ് നബിയ തളര്‍ത്താതിരുന്നത് എല്ലാം ദൈവത്തിലുള്ള അചഞ്ചല വിശ്വാസം അവര്‍ക്കേകിയ കരുത്താണ്.

രണ്ടാമത്തെ മിശ്രിതം ‘എല്ലാ  വിധിയും ഒരു നേരത്തെ കുറിക്കപ്പെട്ടതാണ് ‘എന്നതാണല്ലോ. എന്തെങ്കിലും ആപത്ത് ബാധിക്കുമ്പോള്‍ അത് തനിക്കായി നേരത്തെ കുറിക്കപ്പെട്ട വിധിയുടെ ഭാഗമാണെന്ന് സത്യവിശ്വാസി കരുതും. അതിനാല്‍ തന്നെ ആ ആപത്തിന്റെ കാഠിന്യം കുറയുന്നതായി അനുഭവപ്പെടും. അല്ലാഹു പറയുന്നത് കാണുക. ‘അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും നമുക്ക് വന്നു ഭവിക്കുകയില്ലെന്ന് പറയുക’. ഇമാം ശൗഖാനി തന്റെ ഫത്ഹുല്‍ ഖദീറില്‍ വിവരിക്കുന്നത് കാണുക. ‘അല്ലാഹു വിധിച്ചത് സംഭവിക്കുമെന്ന് മനുഷ്യന്‍ അറിഞ്ഞാല്‍, തനിക്ക് ലഭിച്ച എല്ലാ നന്‍മയും തിന്‍മയും ദൈവവിധക്കനുസൃതമായാണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ, അവനെ,  ശത്രുവിന് തന്റെ നേരെയുള്ള വിഢ്ഢിപ്പുഞ്ചിരിയോ അസൂയക്കാരന്റെ പ്രകടനമോ അലോസരപ്പെടുത്തുകയില്ല. പ്രവാചക വചനം ഇതിന് ബലമേകുന്നു. പ്രവാചകന്‍ പറയുന്നു. ‘വിധിവിശ്വാസം മനസിനകത്ത് രൂഢമൂലമാവുകയും ഹൃദയത്തില്‍ ആണ്ടു പതിക്കുകയും ചെയ്താല്‍, പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. ഉത്കണ്ഠകള്‍ ഉപഹാരങ്ങളായി മാറും, പരുക്കനായവ നൈര്‍മല്യമുള്ളതായിത്തീരും. വേദനയേറിയ സംഭവവികാസങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരും. ശാരീരിക പരീക്ഷണങ്ങള്‍, ഉറ്റവരുടെ വേര്‍പാട്, ഭയം നിറയുന്ന സാഹചര്യം, താമസ സ്ഥലം നശിക്കല്‍, കച്ചവടം തകരല്‍ തുടങ്ങിയ ഏത് വിധം പരീക്ഷണങ്ങളും വിശ്വാസിയെ തളര്‍ത്തുകയില്ല. കാരണം ലോക നിയന്താവായ ദൈവത്തിന്റെ വിധിയാണ് നടപ്പിലാക്കപ്പെട്ടത് എന്നവന് ബോധ്യപ്പെടുന്നു. ദൈവം ഇഛിക്കുന്നത് മാത്രം സംഭവിക്കുന്നുവെന്ന ബോധ്യം. അല്ലാഹു പറയുന്നു. ‘ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല. അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ ദുഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുന്നില്ല ‘.  (ഹദീദ് :21, 22)

ഈ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് സയ്യിദ് ഖുത്വുബ് പറയുന്നു. ‘ഒരു ബുദ്ധിക്കും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധമുള്ളതാണ് ഈ യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം. (ദൈവാസ്തിക്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ വര്‍ണ്ണിക്കുന്നിടത്ത് പറഞ്ഞത്). ഉപകാരമോ ഉപദ്രവങ്ങളോ നിറഞ്ഞ സംഭവങ്ങള്‍ സ്വീകരിക്കുന്നിടത്ത് മനുഷ്യ മനസില്‍ ശാന്തിയും സമാധാനവും നിറക്കുന്നതാണ് ആ വിശ്വാസത്തിന്റെ മൂല്യം. അസ്വസ്ഥകള്‍ക്കവിടെ സ്ഥാനമില്ല. ഉപദ്രവം ഭവിക്കുമ്പോള്‍ അമിതമായി ദുഖിക്കാത്തവരും നന്‍മ ഭവിക്കുമ്പോള്‍ അമിതമായി ആഹ്ലാദിക്കാത്തവരുമാക്കി മാറ്റാന്‍ കരുത്തുള്ള വിശ്വാസമാണത്. ‘തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാണ് ‘. (ഖമര്‍ : 49)  മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. ‘നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’.  (യൂനുസ് :107).

മൂന്നാമത്തെ മിശ്രിതം ‘ക്ഷമ’യാണ്. ജീവിതത്തിലെ പിരമുറുക്കങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മികച്ച പാഥേയം ക്ഷമയവലംബിച്ച് ദൈവത്തോട് സഹായമഭ്യര്‍ത്ഥിക്കലാണ്. ‘സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക ‘. (ബഖറ : 45). എന്നാല്‍ സുന്ദരമായി ക്ഷമയവലംബിച്ച് ദൈവസഹായത്തിന് കേഴാന്‍ നമ്മെ പ്രാപ്തരാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുമ്പോഴാണ്.  ആദ്യത്തേത്, മടക്കം ദൈവത്തിലേക്കാണെന്ന ബോധ്യം. എന്തെങ്കിലും ആപത്ത് ബാധിച്ചാല്‍ ഉടന്‍ പറയുക : ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് ‘(ബഖറ : 156). അങിനെയായായാല്‍ ക്ഷമ, നേര്‍മാര്‍ഗവും മനസമാധാനവും ലഭിക്കാനുള്ള വഴിയാത്തീരുന്നു. ‘തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത് ;ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍ ‘.(ബഖറ : 156,157). പരീക്ഷണങ്ങളുടെ ആദ്യത്തിലാണ് ക്ഷമ കൈക്കൊള്ളേണ്ടതെന്ന ഓര്‍മ്മയാണ് രണ്ടാമത്തെ കാര്യം. അത് പ്രവാചക വചനത്തില്‍ നിന്നും വ്യക്തമായതുമാണ്. പ്രതിഫം കാംക്ഷിക്കുകയാണ് മൂന്നാമത്തെ ഘട്ടം. കണക്കറ്റ പ്രതിഫലം നേടുക വഴി സ്വര്‍ഗം കരസ്ഥമാക്കാന്‍ പ്രാപ്തമാക്കുന്ന കാര്യമാണ് ക്ഷമയെന്ന് തിരച്ചറിഞ്ഞ് പ്രതിഫലം മോഹിക്കുക. ‘തീര്‍ച്ചയായും ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കുന്നത് ‘.(സുമര്‍ : 10).

 ദൈവവിധിയാണ് തനിക്കു ഭവിച്ചതെന്ന ഉറച്ച ബോധ്യമുണ്ടാവുകയാണ് നാലാമത്തെ ഘട്ടം. പ്രവാചകന്‍മാരും അവരുടെ അനുയായുകളും പരീക്ഷണങ്ങളുടെ തീച്ചൂളകള്‍ താണ്ടിയാണ് തങ്ങളുടെ ദൗത്യം നിറവേറ്റിയതെന്ന് തിരിച്ചറിയുക. ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ച യൂസുഫ് നബി. മാറാരോഗം ബാധിച്ച് മക്കളും കുടുംബവും സമ്പത്തും നഷ്ടമായ അയ്യുബ് നബി. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ടറയില്‍ കഴിഞ്ഞ യൂനുസ് നബി. തീയിലെറിയപ്പെടുകയും സ്വന്തം വീടും നാടും വിടേണ്ടി വരികയും ചെയ്ത ഇബ്രാഹിം നബി. 950 വര്‍ഷം പ്രബോധനം നടത്തിയിട്ടും അംഗുലീ പരിമിതമായ ആള്‍ക്കാരെ മാത്രം കൂടെക്കിട്ടുകയും സ്വന്തം മകന്‍ മുങ്ങി മരിക്കുന്നതിന് ദൃക്‌സാക്ഷിയാകേണ്ടി വരികയും ചെയ്ത നൂഹ് നബി. ഗളഛേദം ചെയ്യപ്പെട്ട യഹിയ നബി. മുലകുടി മാറാത്ത പ്രായത്തില്‍ നദിയിലൊഴുക്കപ്പെട്ട മൂസാ നബി. യുദ്ധത്തില്‍ മുന്‍ പല്ല് പൊട്ടി, മുഖം രക്തപങ്കിലമാക്കപ്പെട്ട, മക്കയില്‍ നിന്നും പുറത്താക്കപ്പെട്ട, ത്വാഇഫില്‍ നിന്നും കല്ലേറു കൊണ്ട് കണങ്കാലില്‍ നിന്നും നിണമൊലിച്ച, ആഭിചാരകനെന്നും ഭ്രാന്തനെന്നും കവിയെന്നും മുദ്രകുത്തപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി. ശത്രുക്കളുടെ ആയുധങ്ങള്‍ക്കിരയായ ഖലീഫമാരായ ഉമര്, ഉസ്മാന്‍,അലി (റ) മറ്റനേകം പേര്‍… അവരൊക്കെ ക്ഷമയെന്ന ആയുധം മുറുകെപ്പിടിച്ചതിനാല്‍ തന്നെ ചരിത്രത്താളുകളില്‍ ഒളിമങ്ങാതെ കിടക്കുന്നു.

കഠിനമായ രോഗം ബാധിച്ച ദുല്‍ഖര്‍നൈന്‍ രാജാവ് മരണാസന്നനായിക്കിടക്കുന്ന സമയത്ത് തന്റെ മാതവിനെഴുതിയ കത്ത് ഇപ്രകാരമായിരുന്നു. ‘പ്രിയ ഉമ്മാ..നിങ്ങള്‍ ഭക്ഷണമുണ്ടാക്കി പരമാവധി ആളുകളെ ആ സദ്യയിലേക്ക് വിളിക്കുക. ജീവിതത്തില്‍ ഒരു ആപത്തും വന്നു പെടാത്തവര്‍ക്ക് മാത്രമേ ഭക്ഷണം വിളമ്പാവൂ. ഞാന്‍ ഇപ്പോഴുള്ള സ്ഥലത്തേക്കാള്‍ നല്ല സ്ഥലം കാണുന്നതിനാല്‍ അങ്ങോട്ട് പോവുകയാണ്.’ കത്ത് കിട്ടിയ ഉടന്‍ ഉമ്മ ഭക്ഷമുണ്ടാക്കി ആളുകളെ ഒരുമിച്ചു കൂട്ടി. മകന്റെ നിര്‍ദേശ പ്രകാരം ഒരാപത്തും ജീവിത്തില്‍ വന്നിട്ടില്ലാത്തവര്‍ ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞപ്പോള്‍ ആരും കഴിക്കാനുണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ക്ക് മകന്‍ ഉദ്ദേശിച്ചതിന്റെ പൊരുള്‍ മനസിലായി. ‘നിന്റെ മരണവാര്‍ത്തയാണിതെന്ന സത്യം ഞാനുള്‍ക്കൊളളുന്നു. നിനക്ക് ജീവിതത്തിലും മരണത്തിലും സമാധാനമുണ്ടാവട്ടെ’ എന്ന് അവര്‍ പ്രതിവചിച്ചു.

ആറാമത്തെ ഘട്ടം നിന്റെ ദീനീ ചിട്ടയെ ബാധിക്കാത്ത മറ്റെല്ലാ പരീക്ഷണങ്ങളും നിനക്ക് അനുഗ്രഹമാണെന്ന് തിരിച്ചറിയുക. പരീക്ഷണങ്ങളിലും ദൈവത്തെ സ്തുതിക്കുക. പരീക്ഷണം ബാധിച്ചപ്പോള്‍ ഉമര്‍ (റ) പറഞ്ഞ വാക്കുകള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയത് കാണുക : ‘മൂന്ന് കാര്യത്തില്‍ ദൈവത്തിന് സ്തുതി. ആ പരീക്ഷണം എന്റെ ദീനിനെ ബാധിക്കാത്തതാക്കിയതില്‍, അത് കൂട്ടത്തില്‍ ഏറ്റവും വലുതാക്കാതിരുന്നതിനാല്‍, ക്ഷമിക്കാനുള്ള കഴിവ് എനിക്ക് നല്‍കിയതിനാല്‍.’

റാബിഅത്തുല്‍ അദവിയ്യ ദൈവത്തോട് തന്റെ പരിഭവം പറഞ്ഞ രീതി എത്ര മനോഹരം :
‘നീ എനിക്ക് മാധുര്യമേകുമെങ്കില്‍ ജീവിതം കൈപ്പുറ്റതായാലും എനിക്ക് വിഷയമല്ല.
നീ എന്നില്‍ സംതൃപ്തനാണെങ്കില്‍ ജനങ്ങള്‍ എന്നെ വെറുക്കുന്നതിനെ ഞാന്‍ കാര്യമാക്കുന്നില്ല.
എനിക്കും നിനക്കുമിടയിലുള്ള ബന്ധം ദൃഢമെങ്കില്‍ ലോകം മുഴുവനുമായി ബന്ധം മുറിഞ്ഞാലും എനിക്ക് പ്രശ്‌നമില്ല.
നിന്റെ സ്‌നേഹം യാഥാര്‍ത്ഥ്യമായാല്‍ മറ്റെല്ലാം എനിക്കു മുന്നില്‍ നിസ്സാരം
മണ്ണിനു മുകളിലുള്ളതെല്ലാം മണ്ണ് മാത്രമാണല്ലോ…’

ഏഴാമത്തെ വഴി തനിക്കു ബാധിച്ചതിനെ നീക്കിത്തരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. ആ പരീക്ഷണങ്ങള്‍ വഴി തന്റെ പാപങ്ങള്‍ പൊറുക്കാന്‍ ആത്മാര്‍ത്ഥമായി തേടുക. നിരാശയും വെപ്രാളവും കൈവെടിയുക. പ്രാര്‍ത്ഥന മാത്രം രോഗശമനത്തിനുള്ള മരുന്നായി തെരഞ്ഞെടുത്ത എത്രയെത്ര രോഗികള്‍ നമുക്ക് ചുറ്റുമുണ്ട്. ക്ഷമാലുവായ വിശ്വാസിക്ക് പ്രതിഫലം നേടിത്തരുന്ന ആരാധനകളുടെ മജ്ജ തന്നെ പ്രാര്‍ത്ഥനയാകുന്നു.

നേരത്തെ ജയിലില്‍ കഴിയുന്ന മന്ത്രി പറഞ്ഞ നാലാമത്തെ മിശ്രിതം ‘ ക്ഷമിച്ചില്ലെങ്കില്‍ ഞാനെന്തു ചെയ്യും ? ‘എന്നതാണ്. പരീക്ഷണങ്ങളില്‍ ക്ഷമയവലംബിച്ചില്ലെങ്കില്‍ എന്ത് കിട്ടുമെന്ന് ചോദിച്ചാല്‍ ഒന്നും കിട്ടില്ല എന്നതാണ് അതിന്റെ ഉത്തരം. അസ്വസ്ഥതയും വെപ്രാളവും പിരിമുറുക്കവും മാത്രമേ അതിന്റെ പരിണിതിയായി കിട്ടുകയുള്ളൂ. അതു വഴി ഇപ്പോഴകപ്പെട്ട പരീക്ഷണത്തിന്റെ കാഠിന്യം വര്‍ദ്ധിക്കും. അതിയായ ദുഖം കാരണം ജീവിതം തകരാന്‍ മാത്രമേ അക്ഷമ കൊണ്ട് സാധിക്കൂ. മനസമാധാനത്തിനും ശാന്തിക്കും ശ്രമിക്കുന്നവര്‍ ക്ഷമയെ കൈവെടിഞ്ഞാല്‍ പിന്നെ ഏത് വഴിയിലൂടെയാണ് അവര്‍ക്ക് നല്ല ജീവിതം സാധ്യമാവുക ?

അഞ്ചാമത്തെ മിശ്രിതം ‘എനിക്ക് ബാധിച്ച ദുരിതം മറ്റുള്ളവര്‍ക്ക് ബാധിച്ചതിനേക്കാള്‍ ചെറുതാണ് ‘ എന്ന തിരിച്ചറിവുണ്ടാക്കലാണ്. ദീനിനെ ബാധിക്കാത്ത എല്ലാ പരീക്ഷണള്‍ങ്ങളില്‍ നിന്നും തിരിച്ചു നടത്തം സാധ്യമാണ്. എന്നാല്‍ ദീനീബോധം നശിച്ചാല്‍ തിരിച്ചെടുക്കല്‍ പ്രയാസകരമാണ്.  ഒരു മകനോ മകളോ മരിച്ചാല്‍ പിന്നീട് മറ്റു മക്കളെ നല്‍കാന്‍ ദൈവത്തിനു സാധിക്കും. എന്നാല്‍ ഒരു നേരത്തെ ജമാഅത്ത് നമസ്‌ക്കാരം നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കല്‍ സാധ്യമല്ലല്ലോ. ദൈവത്തില്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിച്ച് അവന്റെ തൃപ്തി കരസ്ഥമാക്കും വിധം ക്ഷമയവലംബിക്കുക. കാരണം പ്രവാചകന്‍മാര്‍ക്കും അനുചരന്‍മാര്‍ക്കും വന്നു പെട്ടതിനേക്കാള്‍ വലിയ പരീക്ഷണങ്ങളൊന്നും നമുക്ക് ബാധിച്ചിട്ടില്ലല്ലോ.

‘എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ പര്യവസാനമുണ്ട് ‘എന്നതാണ്  തന്റെ ഭക്ഷണത്തിന്റ കൂടെ ചേര്‍ക്കുന്ന ആറാമത്തെ മിശ്രിതമായി മന്ത്രി തന്റെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തത്. ഇത് ജീവിത്തിന്റെ നിയമമാണ്. ഒരു കയറ്റത്തിനു ശേഷം ഒരിറക്കം. ദുഖത്തിനു ശേഷം സന്തോഷത്തിന്റെ നാളുകള്‍.ഒരുനാള്‍ അന്ധകാരത്തെ പിളര്‍ത്തി പ്രകാശം പുറത്തു വരിക തന്നെ ചെയ്യും. വേദനയേറിയ അനുഭവങ്ങള്‍ പ്രതീക്ഷയുളവാക്കും. ഒഴുകിത്തീര്‍ന്ന കണ്ണീര്‍ച്ചാലിലൂടെ പുഞ്ചിരിയുടെ പ്രസരിപ്പ് തെളിയും. തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ടെന്ന് ദൈവം തന്നെ പറഞ്ഞതല്ലേ. കണ്ണടച്ചു തുറക്കും മുമ്പ് മാറ്റത്തിന്റെ കൊടുങ്കാറ്റ് തീര്‍ക്കുന്നവനത്രെ ദൈവം.

വിവ : ഇസ്മായില്‍ അഫാഫ്
 

Related Articles