Current Date

Search
Close this search box.
Search
Close this search box.

ജീവിതപങ്കാളിയുടെ കാര്യത്തില്‍ എങ്ങനെ തീരുമാനമെടുക്കും?

ring.jpg

വിവാഹാലോചനയുമായി വന്ന യുവാവിനെ നിരസ്സിച്ച യുവതിയാണ് ഞാന്‍. മാതാപിതാക്കള്‍ക്ക് ആ ബന്ധത്തില്‍ താല്‍പര്യമുണ്ടായിട്ടും ഞാനത് വേണ്ടന്ന് വെക്കുകയായിരുന്നു. വിവാഹാലോചനയുമായി വന്ന മറ്റ് പല യുവാക്കളുടെ കാര്യത്തിലും അത് തന്നെ ആവര്‍ത്തിച്ചു. ജീവിതത്തെ സംബന്ധിച്ച ഉത്കണ്ഠയിലാണ് ഞാനിപ്പോള്‍ ഉള്ളത്. ഇപ്പോള്‍ വിവാഹാലോചനയുമായി വരുന്ന യുവാക്കള്‍ നേരത്തെ ഞാന്‍ വേണ്ടെന്ന് വെച്ചവരേക്കാള്‍ യോഗ്യത കുറഞ്ഞവരാണ്. അവരിലാരെയെങ്കിലും വിവാഹം ചെയ്യാമായിരുന്നു എന്ന ചിന്ത എന്നെ ദുഖിപ്പിക്കുന്നു. അവരേക്കാള്‍ നല്ലവര്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ആ ബന്ധങ്ങള്‍ ഞാന്‍ നിരസ്സിച്ചത്. എന്റെ പല കൂട്ടുകാരികള്‍ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ജീവിത പങ്കാളിയെ കുറിച്ച് ഒരു തീരുമാനമെടുക്കാനാവാതെ പ്രയാസപ്പെടുകയാണ് ഞാനിപ്പോള്‍. ഇക്കാര്യത്തില്‍ താങ്കളുടെ ഭാഗത്തു നിന്നും സഹായം പ്രതീക്ഷിക്കുന്നു.

ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ജീവിതപങ്കാളിയുടെ തെരെഞ്ഞെടുപ്പ്. ആ ബന്ധത്തിന്റെ പവിത്രതയും ജീവിതത്തില്‍ അതുണ്ടാക്കുന്ന സ്വാധീനവുമാണ് അതിന് കാരണം. ഇഹപര ജീവിതങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ആ ബന്ധത്തെ വിശേഷിപ്പിക്കാന്‍ ‘ബലിഷ്ടമായ കരാര്‍’ എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ദൈവഭക്തിക്ക് ശേഷം സദ്‌വൃത്തയായ ഇണയേക്കാള്‍ ഉപകാരപ്പെടുന്ന മറ്റൊന്നുമില്ല. അവന്‍ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും, അവളിലേക്ക് നോക്കിയാല്‍ അവള്‍ അവനെ സന്തോഷിപ്പിക്കും, അവന്‍ അവളുടെ കാര്യത്തില്‍ വല്ല ശപഥവും ചെയ്താല്‍ അവളത് നിറവേറ്റും, അവന്‍ അവളില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ അവള്‍ സ്വന്തത്തെയും അദ്ദേഹത്തിന്റെ ധനത്തെയും ഗുണകാംക്ഷാപൂര്‍വം സമീപിക്കും. (ഇബ്‌നു മാജ)

നല്ല ഇണയെ ലഭിക്കുക എന്ന മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചും മഹാ അനുഗ്രഹമാണെന്ന് പണ്ഡിതന്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഒരു വിശ്വാസിക്ക് ലഭിക്കുന്ന സദ്‌വൃത്തയായ ഇണയെന്ന അനുഗ്രഹത്തേക്കാള്‍ മഹത്തായ അനുഗ്രഹമായിരിക്കും വിശ്വാസിനിക്ക് ലഭിക്കുന്ന സദ്‌വൃത്തനായ ഭര്‍ത്താവ്. കാരണം, സദ്‌വൃത്തയോ തനിക്ക് അനുയോജ്യയോ അല്ലാത്ത ഭാര്യയാണെങ്കില്‍ അവളെ വിവാഹമോചനം ചെയ്യാനുള്ള അവകാശം പുരുഷനുണ്ട്. എന്നിട്ടവന് വേറെ വിവാഹം കഴിക്കാം. ഖുല്‍അ് ചെയ്യാനും ത്വലാഖ് ആവശ്യപ്പെടാനും അവള്‍ക്ക് അവകാശമുണ്ടെങ്കിലും വലിയ പ്രയാസങ്ങള്‍ അവര്‍ സഹിക്കേണ്ടി വരുന്നു. വിവാഹബന്ധം പരാജയപ്പെടുമ്പോള്‍ പുരുഷനേക്കാള്‍ കൂടുതല്‍ അതിന്റെ ദോഷങ്ങള്‍ ബാധിക്കുന്നത് സ്ത്രീയെയാണ്.

ഒരു വിവാഹാലോചന വരുമ്പോള്‍ അതിനേക്കാള്‍ നല്ലൊരു ബന്ധം ഇനി വരുമെന്ന പ്രതീക്ഷയില്ലാത്തത് കൊണ്ട് അത് സ്വീകരിക്കാനാവില്ല. അതിലേറെ നല്ല ബന്ധം വരുമെന്ന് പ്രതീക്ഷിച്ച് തള്ളിക്കളയാനുമാവില്ല. മറിച്ച് വിവാഹാലോചനയുമായി വന്നിട്ടുള്ള വ്യക്തിയുടെ യോഗ്യതയും അയാള്‍ എത്രത്തോളം തനിക്ക് അനുയോജ്യനായിരിക്കും എന്നതുമായിരിക്കണം തീരുമാനത്തിന്റെ അടിസ്ഥാനം. അതിന് ചില മാനദണ്ഡങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

വിവാഹാലോചന നടത്തുന്ന വേളയില്‍ തന്നെ ഒരാളുടെ സ്വഭാവവൈശിഷ്ട്യം 75 ശതമാനവും വ്യക്തമാവും. വിവാഹം ബന്ധത്തോടെ 90 ശതമാനത്തിലേക്കത് ഉയരും. എന്നാല്‍ പലപ്പോഴും അശ്രദ്ധ കാരണം അക്കാര്യം നാം വേണ്ടത്ര ശ്രദ്ധിക്കാറില്ല. അതിന്റെ ഫലമായി ദാമ്പത്യത്തിന്റെ സന്തോഷം നഷ്ടമാവുകയും ചെയ്യുന്നു. പലപ്പോഴും വിവാഹമോചന കേസുകളായി കോടതിയില്‍ അത് ചെന്നെത്തുകയും ചെയ്യുന്നു.

ഇസ്‌ലാമിക ശരീഅത്തിന്റെ പരിധികള്‍ പാലിച്ചു കൊണ്ട് രക്ഷിതാക്കള്‍ വിവാഹാലോചന നടത്തുന്ന യുവാവിനും യുവതിക്കും പരിചയപ്പെടാനുള്ള അവസരം നല്‍കണം. കൃത്രിമത്വങ്ങളൊന്നുമില്ലാതെ തന്റെ ഗുണങ്ങള്‍ പ്രകടമാക്കാന്‍ ഇരുവരും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. വിവാഹാലോചനയുമായി വരുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും സംസാരത്തിലൂടെ കാഴ്ച്ചപ്പാടുകളും സങ്കല്‍പങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. സംസാരത്തില്‍ നിന്നും ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നും ഒരാളുടെ പ്രകൃതത്തെ സംബന്ധിച്ച സൂചനകള്‍ ലഭിക്കും.

വിവാഹത്തിന്റെ ശാരീരികവും മാനസികവുമായ പ്രേരകങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതോടൊപ്പം തന്നെ പ്രകൃതിയുടെ ആവശ്യം കൂടിയാണത്. വിവാഹത്തിലൂടെ അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും തേടുന്നതിന് അതൊരു തടസ്സമായി മാറുന്നില്ല. സ്വന്തത്തിന്റെയും ഇണയുടെയും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം അതിലൂടെ സന്താനങ്ങളെയും അല്ലാഹു സമ്മാനിക്കുന്നു.

വിവാഹാലോചനയില്‍ അടിസ്ഥാന ഗുണങ്ങളാണ് പ്രധാനമായും പരിഗണിക്കേണ്ടത്. അതിലൊന്നാണ് ജീവിക്കുന്ന സാമൂഹികതലം. ഒരാളുടെ സ്വഭാവത്തെയും സംസ്‌കാരത്തെയും ഇടപഴകലുകളെയും സ്വാധീനിക്കുന്ന ഒന്നാണ് അയാളുടെ സാമൂഹിക പശ്ചാത്തലം. അതുകൊണ്ടു തന്നെ ഒരേ സാമൂഹിക പശ്ചാത്തലമുള്ളവര്‍ക്കിടയില്‍ കൂടുതല്‍ ചേര്‍ച്ചയുണ്ടാകും. പരിഗണിക്കേണ്ട മറ്റൊരു കാര്യമാണ് ചിന്താരീതി. ഉപരിപ്ലവമായി കാര്യങ്ങളെ സമീപിക്കുന്നവരും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവരുമുണ്ടാകും. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്ന രീതിയിലും ആളുകള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ടാവും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവാണ് മറ്റൊരു ഗുണം. ദാമ്പത്യത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണത്. സ്വന്തത്തെ കൂടുതല്‍ വികസിപ്പിക്കാനും വളര്‍ത്താനുമുള്ള കഴിവും പരിഗണിക്കപ്പെടേണ്ട കാര്യമാണ്. എത്ര പുസ്തകങ്ങള്‍ വായിച്ചു? ഏത് സ്വഭാവത്തിലുള്ളതാണവ? ചെയ്ത കോഴ്‌സുകള്‍ ഏതൊക്കെയാണ്? ഭാവിസ്വപ്‌നം എന്താണ്? തുടങ്ങിയ ചോദ്യങ്ങളിലൂടെ അതിനുള്ള ശേഷി തിരിച്ചറിയാം.

വിവാഹം ആലോചിക്കുന്ന വേളയില്‍ പലരും പരിഗണിക്കാതിരിക്കുന്ന ഒന്നാണ് തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളും വിയോജിപ്പുകളും. എന്നാല്‍ വിവാഹത്തിന് ശേഷം അതിനെ കുറിച്ചവര്‍ ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. പലപ്പോഴും അത് പെരുപ്പിച്ച് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അത്തരം വിയോജിപ്പുകളെ കുറിച്ച് നേരത്തെ മനസ്സിലാക്കി അവയോട് സ്വീകരിക്കേണ്ട സമീപനത്തില്‍ ധാരണയിലെത്തുകയാണ് വേണ്ടത്.

വിവാഹം അന്വേഷിക്കുമ്പോള്‍ പങ്കുവെപ്പെടേണ്ട ഒന്നാണ് ഭാവി ജീവിതപങ്കാളിയെ കുറിച്ച സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും. തന്റെ ഇണയായി വരുന്ന വ്യക്തിയുടെ സങ്കല്‍പത്തോട് എത്രത്തോളം നീതി പുലര്‍ത്താന്‍ തനിക്ക് സാധിക്കുമെന്ന് വിലയിരുത്താന്‍ അതിലൂടെ സാധിക്കും. അതിനായി എത്രത്തോളം മാറാന്‍ സാധിക്കുമെന്നും അതില്‍ എത്രത്തോളം വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കുന്നും അവര്‍ക്ക് വിലയിരുത്താം.

വിവാഹ കാര്യത്തില്‍ തീരുമാനം വിവാഹിതരാവാന്‍ പോവുന്നവരുടെ ഭാഗത്തു നിന്നായിരിക്കണം എന്നതാണ് വളരെ പ്രധാനമായ കാര്യം. വീട്ടുകാരും ബന്ധുക്കളും ഉചിതമായ തീരുമാനമെടുക്കാന്‍ അവരെ സഹായിക്കുന്നവര്‍ മാത്രമാണ്. എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കാനുള്ള രക്ഷകര്‍ത്താവിന്റെ അധികാരത്തെ ഇത് ചോദ്യം ചെയ്യുന്നില്ല. വിവാഹാലോചനയുമായി വരുന്ന യുവാവിന്റെ ദീനും സ്വഭാവവുമെല്ലാം രക്ഷിതാവ് പരിഗണിക്കണം.

Related Articles