Current Date

Search
Close this search box.
Search
Close this search box.

ജീവിതം മടുത്തു, ഇനിയെന്ത് ?

rose1.jpg

ചോദ്യം: ഞാന്‍ 15 വയസുള്ള സെകന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്‌കൂളില്‍ പോകാതെ വീട്ടിലിരിക്കാന്‍ തോന്നുന്നു എന്നതാണ് എന്റെ പ്രശ്‌നം. ജീവിത്തോട് മടുപ്പ് തോന്നുന്നു. എന്റെ കൂടെയുള്ളവരാരും എന്നെ സ്‌നേഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ ദിവസവും  ഒറ്റക്കിരുന്ന് കരയാറുണ്ട്. ആര്‍ക്കും എന്റെ പ്രശ്‌നങ്ങളറിയില്ല. സ്‌കൂളിലെ അക്കാദമിക നിലവാരം താഴ്ന്ന് പോയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ പോകാനും കൂട്ടുകാരോപ്പം ചെലവഴിക്കുന്നതിനും എനിക്ക് വലിയ താല്‍പര്യമായിരുന്നു. പഠന രംഗത്തും വലിയ മോശമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം പിതാവ് സ്‌കൂളില്‍ നിന്ന് എന്നെ മാറ്റിയപ്പോള്‍ ഞാന്‍ ഏകയായിപ്പോയി. ആരും എന്നോട് സംസാരിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ ഞാന്‍ ജീവിതം മടുത്ത് മരണത്തെക്കുറിച്ചാണ് ആലോചിക്കുന്നു. എനിക്ക് ഭാവിയില്ല എന്നാണെനെക്ക് തോന്നുന്നത്. ഞാനെന്ത് ചെയ്യും ? ഇങ്ങനെയാകാന്‍ എനിക്കിഷ്ടമില്ല, എന്നെ സഹായിക്കണം.

മറുപടി: പഠനത്തില്‍ പെട്ടെന്നുണ്ടായ നെഗറ്റീവായ അനുഭവങ്ങളാണ് നിങ്ങളെ നിരാശയിലേക്ക് നയിച്ചിരിക്കുന്നത്. അതിന്റെ ഫലമായി കൂട്ടുകാരുമായും  കുടുംബാംഗങ്ങളുമായോ ഉള്ള ബന്ധം ശിഥിലമാകുകയും ശാന്തിയും സമാധാനവും നഷ്ടമാകുകയും ചെയ്തിരിക്കുന്നു.  നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും നിങ്ങള്‍ക്കിപ്പോള്‍ വിശ്വാസമില്ല. ഇതെല്ലാം നിങ്ങളുടെ മാനസാകാരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

മാനസിക പ്രയാസങ്ങളുണ്ടെങ്കിലും നിഷ്‌കപടമായാണ് നിങ്ങള്‍ പ്രശ്‌നത്തെ സമീപിച്ചിരിക്കുന്നതെന്നാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ മനസിലാകുന്നത്. അതിനര്‍ത്ഥം നിങ്ങളെ ഉപദേശിക്കാന്‍ ഒരാള്‍ വേണമെന്ന് നിങ്ങളാഗ്രഹിക്കുന്നു. തന്റെ മകളുടെ ഇരുലോകത്തെയും വിജയം മാത്രം പ്രതീക്ഷിക്കുന്ന ഒരു ഉമ്മയുടെ ഉപദേശം പോലെയാണ് ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയുന്നത്.

നിങ്ങള്‍ ജീവിത്തിന്റൈ ആദ്യപടിയിലാണുള്ളത്. കഠിനാധ്വാനം ചെയ്ത് ഒരു പാട് കാര്യങ്ങള്‍ നേടേണ്ടിയിരിക്കുന്നു. ഒരു പാട് സ്വപ്‌നങ്ങള്‍  സാഷാത്കരിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക്  അല്ലാഹുവിനോടും പിന്നെ കുടുംബത്തോടും  സമൂഹത്തിലെ മറ്റുള്ളവരോടും ചില അവകാശങ്ങളും ബാധ്യതകളുമുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ  അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ലെന്ന് ബോധ്യമാകും. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ഇടപാടുകളിലൂടെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്.

വിജ്ഞാനത്തിന്റെ മഹത്വം നിങ്ങള്‍ തിരിച്ചറിയണം. കേവലം ജോലി കിട്ടാനല്ല പഠിക്കുന്നത്.  വിദ്യാഭ്യാസത്തിലൂടെ  പ്രത്യുല്‍പന്നമതിയും സംസ്‌കാര സമ്പന്നയുമായി മാറണം. അങ്ങനെ  സമൂഹത്തിന് ഉപകാരപ്പെടുന്നവളാകണം. ഒരു ഘട്ടത്തില്‍  വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടി വന്നേക്കാം അപ്പോള്‍  ഇണയുടെ നല്ല ജീവിത പങ്കാളിയാകാന്‍ നിങ്ങള്‍ക്ക് സാധിക്കണം. വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നിങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടി വരും.

ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടായത് പോലുള്ള അവസ്ഥ പല സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പലരിലും ഇത് വ്യത്യസ്ത അനുപാതത്തിലാണ് ഉണ്ടാകുക. ചില ഉപദേശങ്ങങ്ങള്‍ നല്‍കാനുണ്ട് അവ ശ്രദ്ധിക്കുമല്ലോ,

ഒന്ന്: നിങ്ങളുടെ കത്ത് വായിക്കുമ്പോള്‍ നിങ്ങള്‍ വിഷാദരോഗത്തിന് വിധേയമായി എന്നാണ് മനസിലാകുന്നത്. അതാണ് നിങ്ങളെ കടുത്ത നിരാശയിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും നയിച്ചിരിക്കുന്നത്. അത് നിങ്ങളെ പഠനത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നു. ഇങ്ങനെയുള്ള വികാരങ്ങള്‍ വ്യത്യസ്ത പ്രായങ്ങളില്‍ സ്ത്രീകള്‍ക്ക് വരാം. അതിന്റെ കാരണങ്ങള്‍ അറിയുന്നതോ അറിയാത്തതോ ആകാം.  ചിലപ്പോള്‍ പഴയ എന്തെങ്കിലും പ്രശ്‌നങ്ങളോ പാരമ്പര്യമായുണ്ടാകുന്ന വൈകല്യങ്ങളോ ആയിരിക്കു വില്ലന്‍.  പരിഹാരമുള്ളതും ഇല്ലാത്തതുമായ പ്രശ്‌നങ്ങളും അതിലുണ്ടാകും. ചിലരുടേത് ശാഖാപരമായ പ്രശ്‌നങ്ങളായിരിക്കും അതിനെക്കുറിച്ച് ചിന്തിച്ച് ആവലാതിപ്പെട്ടത് കൊണ്ട് അത് മാറ്റാന്‍ കഴിഞ്ഞു എന്ന് വരില്ല. ഇനിയും ചിലരുടേത് മനസിനകത്തെ ജൈവിക രാസപ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥ കൊണ്ടുമായിരിക്കാം.

നിങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായ നിങ്ങള്‍ ഒരു മാനസിക രോഗ വിദഗ്തനേയോ സോഷ്യല്‍ കൗണ്‍സിലറെയോ ആണ് ആദ്യം സമീപിക്കേണ്ടത.് കാരണം, നിങ്ങളുടെ ബാഹ്യ ലക്ഷണങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് മാനസിക സംഘര്‍ഷം മുലമുണ്ടായ പ്രശ്‌നമാകാനാണ് സാധ്യത. കുടൂംബക്കാരുമായി അടുക്കണം. അതോടൊപ്പം തന്നെ ചികിത്സ തുടരണം.

രണ്ട്: ഈ പ്രശ്‌നങ്ങള്‍ പൈശാചികമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതുമായിരിക്കാം. പിശാച് മനുഷ്യന്റെ രക്തത്തില്‍ കൂടിപോലും സഞ്ചരിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. അബൂഹുറൈറ(റ) പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കുന്നു: നിങ്ങള്‍ ഉറങ്ങുമ്പോള്‍ പിശാച് നിങ്ങളുടെ തലയുടെ പിന്‍ഭാഗത്ത് മുന്ന് കെട്ടുകളിടും, എന്നിട്ട് ഓരോ കെട്ടിലും രാത്രി മുഴുവന്‍ ഉറങ്ങാന്‍ ആവശ്യപ്പെടും. എഴുന്നേറ്റ് അല്ലാഹുവിനെ ഓര്‍ത്താല്‍ ആദ്യത്തെ കെട്ട് അഴിയും, അംഗശുദ്ധി വരുത്തിയാല്‍ അടുത്ത കെട്ടും അഴിയും, പിന്നെ നമസ്‌കരിച്ചാല്‍ കെട്ടുകള്‍ മുഴുവന്‍ അഴിഞ്ഞ് പോകും പിന്നെ  നിനക്ക് ഉന്മേഷവും മനസംതൃപ്തിയുമുണ്ടാകും. ഇല്ലെങ്കില്‍ ദുഷ്ടമനസുള്ളവനും മടിയനുമായിത്തീരും. ഇതിന്റെ ഉദ്ദേശ്യം ഈമാനികമായ വല്ല പോരായ്മകളും നിനക്കുണ്ടെങ്കില്‍ അവ പരിഹരിക്കണമെന്നാണ്. സുന്നത്തായ കര്‍മങ്ങളിലൂടെയും നോമ്പിലൂടെയും അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കണം.

നിന്ദ്യമായ വല്ല സ്വഭാവങ്ങളും നിനക്കുണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കണം. കാരണം എന്ത് ചെയ്താലും പ്രതിഫലം ലഭിക്കുന്നത് മനസിന്റെ ശുദ്ധിക്കനുസരിച്ചാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ‘ സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത് കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.” (അശ്ശുഅറാഅ് :88,89) അതിനാല്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംഷിച്ച് ആരാധനകളില്‍ ഏര്‍പ്പെടുക.

അതുപോലെ തന്നെ ശരീര ശുചിത്വം പാലിക്കുകയും വുദൂഅ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. അതിലൂടെ  ധാരാളം പ്രതിഫലങ്ങള്‍ ലഭിക്കും പ്രവാചകന്‍(സ) പറയുന്നു: മുസ്‌ലിമോ മുഅ്മിനോ ആയ അടിമ വുദൂഅ് ചെയ്യുന്നതിനിടയില്‍ മുഖം കഴുകുമ്പോള്‍ അവന്‍ കണ്ണ് കൊണ്ട് ചെയ്ത എല്ലാ പാപങ്ങളും വെള്ളത്തിലൂടെയോ അവസാനതുള്ളിയിലൂടെയോ ഒഴുകിപ്പോകും. അവന്‍ രണ്ട് കൈകള്‍ കഴുകുമ്പോള്‍ കൈകൊണ്ട് ചെയ്ത തെറ്റുകള്‍ വെള്ളത്തിലൂടെ ഒഴുകിപ്പോകും അവന്‍ കാല് കഴുകുമ്പോല്‍ അവന്‍ പാപം ചെയ്യാനായി നടന്ന് പോയ പാപങ്ങള്‍ ആവെള്ളത്തിലൂടെയോ അതിലെ അവസാനത്ത തുള്ളിയിലൂടെയോ ഒഴുകിപ്പോകും. അങ്ങനെ വുദൂഇന് ശേഷം അവന്‍ പാപപരിശുദ്ധനായിപുറത്ത് വരും (മുസ്‌ലിം)

അതു പോലെ തന്നെ വാക്കുകളും സൂക്ഷിക്കണം. കാരണം നല്ല വാക്കുകള്‍ ഹൃദയത്തിന്റെ നന്മയുടെ ലക്ഷണങ്ങളാണ് പ്രവാചകന്‍(സ) പറഞ്ഞു : ഹൃദയം നന്നാകാതെ ഒരു വ്യക്തിയുടെ ഈമാന്‍ ശരിയാവില്ല. നാവ് നന്നാകാതെ ഒരാളുടെ ഹൃദയവും നന്നാവില്ല.
മറ്റൊരു പ്രശ്‌നം അല്ലാഹുവിന്റെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ്. അത് പലരീതിയില്‍ സംഭവിക്കാം. അല്ലാഹുവിന് ഇബാദത്ത് ചെയ്യാതിരിക്കുക, അനുസരിക്കാതിരിക്കുക, സല്‍കര്‍മങ്ങള്‍ അനുഷ്ടിക്കാതിരിക്കുക, അല്ലെങ്കില്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കാതിരിക്കുക മുതലായവയെല്ലാം അല്ലാഹുവിനോടുള്ള അവകാശനിഷേധമാണ് ഇത് സൂക്ഷിക്കണം. സൗഭാഗ്യം അല്ലാഹുവിന്റെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നതാണ്.

മൂന്ന്: ജീവിത യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക : നിങ്ങള്‍ പുതിയ സ്‌കൂളിലേക്ക് ചേര്‍ന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഇപ്പോഴുള്ള വിഷമം താല്‍ക്കാലികമാണ് ഘട്ടംഘട്ടമായി മാത്രമേ അതിനെ തരണം ചെയ്യാന്‍ കഴിയുകയുള്ളു. കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴുള്ള വിഷമങ്ങള്‍ സ്വാഭാവികമായി മാറിക്കൊള്ളും. ഇക്കാലഘട്ടത്തില്‍ വ്യക്തിപരമായി ഉയരാന്‍ ശ്രമിക്കുകയും കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.എത്രയും പെട്ടെന്ന് സ്‌കൂളില്‍ പുതിയ ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കണം. കുടുംബക്കാരുമായി അടുക്കുകയും അവരോട് സഹകരിച്ച് മുന്നോട്ട് പോകുക, മനസിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവരുമായി പങ്ക് വെക്കുക. മനസില്‍ ഇപ്പോഴുള്ള ദൂഷ്ചിന്തകള്‍ ഒഴിവാക്കി ശാന്തമനസോടെയിരിക്കുക അതിനായി നല്ല ഹോബികള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. പുസ്തക വായനയോ ചിത്ര രചനയോ പോലുള്ള മാന്യമായ എന്ത് കാര്യവും ഹോബിയായി തെരെഞ്ഞെടുക്കാം.

നാല്: ദുഷ്ചിന്തകള്‍ ഒഴിവാക്കി നല്ല മാനസിക പ്രതിരോധ ശേഷി നേടുക. ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സ്വയം ഉണ്ടാക്കിയിരിക്കുന്ന കൂച്ച് വിലങ്ങുകള്‍ ഊരിക്കളയുക. ഇപ്പോഴുള്ള ഈ യുവത്വം പിന്നീട് തിരിച്ച് കിട്ടില്ല. പ്രവാചകന്‍(സ) പറഞ്ഞുവല്ലോ: ‘അഞ്ച് അവസ്ഥകള്‍ വന്നെത്തുന്നതിന് മുമ്പ് അഞ്ച് കാര്യങ്ങള്‍ പ്രയോജനപ്പെടുത്തുക,മരിക്കുന്നതിന് മുമ്പ് ജീവിതവും രോഗത്തിന് മുമ്പ് ആരോഗ്യവും വാര്‍ധക്യത്തിന് മുമ്പ് യുവത്വവും, ദാരിദ്രത്തിന് മുമ്പ് സമ്പന്നതയും, ജോലിയില്‍ മുഴുകുന്നതിന് മുമ്പ് ഒഴിവ് സമയവും പ്രയോജനപ്പെടുത്തുക’ അല്ലാഹു ഒരു പക്ഷെ നിന്നെ സൗഭാഗ്യവതികളിലായിരിക്കും എണ്ണിയിട്ടുണ്ടാക്കുക. ഇസ് ലാമില്‍ എല്ലാ കാര്യത്തിനും പ്രതിവിധിയുണ്ടല്ലോ. മരുന്നിറക്കാത്ത രോഗമില്ലെന്നാണല്ലോ പ്രവാചകന്‍ പറഞ്ഞല്ലോ. അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്.  ജീവഹാനി വരുത്തുന്നത് ഇസ് ലാമില്‍ ഏറ്റവും വലിയ പാപമാണ്. പ്രവാചകന്‍(സ) പറയുന്നു: ‘ ആരെങ്കിലും മലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ കാലാകാലവും മലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നവനായി തുടരും. ആരെങ്കിലും വിഷം കഴിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ കാലാകാലവും ആത്മഹത്യ ചെയ്തു കൊണ്ടേയിരിക്കും. ആരെങ്കിലും ഇരുമ്പിന്റെ ആയുധം കൊണ്ട് ആത്മഹത്യചെയ്താല്‍ അവന്‍ ആത്മഹത്യചെയ്തതുപോലെ നരകത്തിലും അവന്‍ കാലാ കാലം അത് തുടര്‍ന്ന് കൊണ്ടിരിക്കും. (ബുഖാരി).

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍
 

Related Articles