Current Date

Search
Close this search box.
Search
Close this search box.

ക്ഷമാപണം നടത്തി വീണ്ടും തെറ്റിലേക്ക് മടങ്ങുന്ന ഭര്‍ത്താവ്

birds33.jpg

അമേരിക്കയില്‍ കഴിയുന്ന ഒരു ഇന്ത്യന്‍ വംശജയാണ് ഞാന്‍. 2011ലാണ് എന്റെ വിവാഹം നടന്നത്. അമേരിക്കയില്‍ തന്നെ താമസിക്കുന്ന വിവാഹിതയായ ഒരു അമുസ്‌ലിം സ്ത്രീയുമായി എന്റെ ഭര്‍ത്താവിന് അടുപ്പമുണ്ടെന്ന് ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ മനസ്സിലാക്കി. അതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ കോളേജില്‍ ഒപ്പം പഠിച്ചവളാണ് ആ സ്ത്രീ മറുപടിയാണ് കിട്ടിയത്. പിന്നീട് അദ്ദേഹം നിരന്തരം അവളുമായി  സംസാരിക്കുന്നുണ്ടെന്നത് ഞാന്‍ അറിഞ്ഞു. പലപ്പോഴും അവര്‍ക്കിടയിലെ സംസാരങ്ങള്‍ കേവല സൗഹൃദത്തിനും അപ്പുറത്താണെന്നും ഞാന്‍ മനസ്സിലാക്കി. അതിലുള്ള എന്റെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ ഇനി അവളോട് സംസാരിക്കുകയില്ലെന്ന് പറഞ്ഞ് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

നിഷിദ്ധമാക്കപ്പെട്ട ആ കാര്യം അവസാനിപ്പിക്കാന്‍ ഞാന്‍ നിരന്തരം പ്രേരിപ്പിച്ചിട്ടും അദ്ദേഹം ഇപ്പോഴും അവളുമായി ചാറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ ഉമ്മയോട് അതില്‍ ഇടപെടാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് പതിവായി ബിസിനസ് യാത്രകള്‍ ചെയ്യുന്നു. അദ്ദേഹത്തിന്റെ യാത്രകള്‍ ഒരേ നഗരത്തിലേക്കാണെന്നും ആ സ്ത്രീ അവിടേക്ക് താമസം മാറിയിട്ടുണ്ടെന്നും അവള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടെന്നും ഞാന്‍ അറിഞ്ഞു. അദ്ദേഹത്തോട് അതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. ഇനിയൊരിക്കലും അങ്ങനെയുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഞാനത് വിശ്വസിക്കുന്നില്ല. ഞാന്‍ എന്റെ വീട്ടിലേക്ക് പോന്നിരിക്കുകയാണിപ്പോള്‍. മൂന്ന് വയസ്സുള്ള ഒരു മകന്‍ ഞങ്ങള്‍ക്കുണ്ട്. ഞാന്‍ ചെയ്തത് തെറ്റാണോ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാവും?

മറുപടി: ഗുരുതരമായ ഒരു പ്രശ്‌നത്തിലാണ് നിങ്ങളുള്ളത്. അദ്ദേഹത്തിന്റെ തെറ്റ് തിരുത്താനും നേര്‍വഴിക്ക് കൊണ്ടുവരാനും നിങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അതേ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വീടുപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ അടുത്തേക്കുള്ള നിങ്ങളുടെ മടക്കം നല്ല ഒരു തീരുമാനമായിട്ടാണ് ഞാന്‍ കാണുന്നത്. അവസ്ഥയുടെ ഗൗരവത്തെ കുറിച്ച ബോധം ഉണ്ടാക്കാന്‍ ഭര്‍ത്താവിനെ അത് സഹായിക്കും. നിങ്ങളുമായുള്ള വിവാഹ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ പ്രവര്‍ത്തനം തുടരാനാവില്ലെന്നും അദ്ദേഹം മനസ്സിലാക്കും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സ്‌നേഹത്തോടെയും സ്വന്തം താല്‍പര്യ പ്രകാരവും അല്ലേ നിങ്ങള്‍ വിവാഹിതയായിട്ടുള്ളത്? വിവാഹത്തിലൂടെ നടക്കേണ്ട ആവശ്യങ്ങള്‍ നടക്കുന്നില്ലേ? ഇതിലൂടെ നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിക്കുകയല്ല. നല്ല ഒരു കൗണ്‍സിലറെ സമീപിച്ച് അതിന്റെ കാരണം കണ്ടെത്തി പരിഹാരം നേടാനാണ് ഞാന്‍ ഉപദേശിക്കുക.

അദ്ദേഹം വിവാഹ മോചനം ആഗ്രഹിക്കുന്നുണ്ടോ എന്ന് അതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ചില അന്ത്യശാസനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നത് ഇക്കാര്യത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കും. ഈ വിവാഹത്തില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ക്ഷമയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങള്‍ വീണ്ടും വീട്ടിലേക്ക് മടങ്ങിയാല്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. അഥവാ അദ്ദേഹം ആ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിച്ചിട്ടുണ്ടെന്നും നിങ്ങളോട് വളരെ സുതാര്യമായി നിലകൊള്ളുമെന്നും കരുതണം. അതിന് അവളുമായുള്ള എല്ലാ ബന്ധങ്ങളും അദ്ദേഹം ഉപേക്ഷിക്കണം. കോണ്‍ടാക്റ്റ് വിവരങ്ങള്‍ മായ്ച്ചു കളയുകയോ നമ്പര്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്യാം. ആവശ്യമെങ്കില്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ തന്നെ മാറ്റാം.

അദ്ദേഹം വീട്ടില്‍ ഇല്ലാത്തപ്പോഴും നിങ്ങളുമായുള്ള ബന്ധം ഫോണ്‍വിളികളായോ മെസ്സേജുകളായോ നിലനിര്‍ത്തേണ്ടതുണ്ട്. അപ്രകാരം അദ്ദേഹം നിങ്ങള്‍ക്കും കുട്ടികള്‍ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും നിങ്ങളുടെ സുരക്ഷിത ബോധവും അദ്ദേഹത്തിലുള്ള വിശ്വാസ്യതയും വര്‍ധിപ്പിക്കും. നമ്മുടെ മോശമായ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്നുള്ള ഖുര്‍ആന്റെ മുന്നറിയിപ്പ് ഇടക്കിടെ ഓര്‍മപ്പെടുത്തണം. അതിലുപരിയായി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവുന്നവര്‍ക്ക് മാപ്പുനല്‍കുന്ന ദയാപരനാണ് അല്ലാഹു എന്നതും ഉണര്‍ത്തണം.

അവലംബം: aboutislam.net

Related Articles