Current Date

Search
Close this search box.
Search
Close this search box.

കള്ളങ്ങള്‍ ആവര്‍ത്തിക്കപെടുമ്പോള്‍

lies.jpg

ഒരു പേന കാണിച്ചിട്ട് ഇത് പേനയല്ല വടിയാണ്. ഇത് പേനയല്ല വടിയാണ് എന്നു ഒരു നൂറ് വട്ടം ഞാന്‍ പറഞ്ഞാലും നിങ്ങള്‍ എന്നോട് പറയും അല്ല ഇത് വടിയല്ല ഇത് പേനയാണ്. അപ്പോള്‍ വീണ്ടും ഞാന്‍ പറയും, അല്ല ഇത് പേനയല്ല, ഇത് വടിയാണ്. ഇങ്ങനെ കുറേവട്ടം ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും അതിലെന്തെങ്കിലും സത്യാവസ്ഥ ഇല്ലാതിരിക്കില്ല എന്ന്. ക്രമേണ നിങ്ങള്‍ പറഞ്ഞുതുടങ്ങും ഇത് ഒരു വടിയായിരിക്കാം. പിന്നെയും ഞാനെന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അവസാനം നിങ്ങളും സമ്മതിക്കും ഇത് പേനയല്ല ഇത് ഒരു വടിയാണെന്ന്.

എല്ലാ വാര്‍ത്താവിനിമയ ഉപാധികളും ഉപയോഗിച്ച് നമ്മുടെ മാധ്യമങ്ങളും ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാം ഭീകരവാദത്തിന്റെയും അക്രമത്തിന്റെയും മതമാണെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. നിരന്തരമായ മാധ്യമപ്രചരണങ്ങള്‍ മനുഷ്യമനസ്സിനെ സ്വാധീനിച്ച ധാരാളം സംഭവങ്ങളും എന്റെ അനുഭവത്തിലുണ്ട്.

മീഡിയകള്‍ ഉപയോഗിക്കുന്ന ഈ തന്ത്രം പലപ്പോഴും നമ്മുടെ സാമൂഹിക ബന്ധങ്ങളേയും ബാധിക്കാറുണ്ട്. ഈയിടെ ഒരു വ്യക്തി എന്നെ സമീപിച്ചു. സ്വന്തത്തിലോ സ്വന്തം കഴിവിലോ യാതൊരു വിശ്വാസവും അയാള്‍ക്കില്ലെന്ന് അയാളുടെ വാക്കുകളില്‍ നിന്നും സംസാരത്തില്‍ നിന്നും വ്യക്തമായിരുന്നു. അയാള്‍ സംസാരമധ്യേ ഞാന്‍ വിഡ്ഢിയാണ് എന്നു സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ എന്ത് ചോദിച്ചാലും അയാള്‍ അതിന് മറുപടി പറയുകയും കൂടെ ഞാന്‍ വിഡ്ഢിയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, അയാള്‍ ഒരു വിഡ്ഢിയല്ലെന്ന് മാത്രമല്ല, ഉയര്‍ന്ന ബുദ്ധിയും കഴിവുമുള്ള ഒരു അസാമാന്യ വ്യക്തിയായാണ് എനിക്ക് തോന്നിയത്. അയാളോട് കുറേനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, അയാളുടെ ഉമ്മയാണ് അയാള്‍ സ്വയം വിഡ്ഢിയെന്ന് കരുതാന്‍ കാരണമെന്ന്. ചെറുപ്പത്തില്‍ എന്തെങ്കിലും തെറ്റുപറ്റിയാലോ പരീക്ഷക്ക് കുറഞ്ഞ മാര്‍ക്ക് വാങ്ങിയാലോ നീയൊരു വിഡ്ഢിയാണെന്നാണ് ഉമ്മ അയാളോട് പറഞ്ഞിരുന്നത്. നിലവല്‍ മുപ്പത് വയസ്സുള്ള ഈ മനുഷ്യന്‍ ഇപ്പോഴും കരുതുന്നു താന്‍ ഒരു വിഡ്ഢിയാണെന്ന്.

ഇതുപോലെ ഒരു സ്ത്രീയും എന്റെയടുത്ത് വന്നത് സ്വന്തത്തില്‍ യാതൊരു പ്രതീക്ഷയോ ആത്മവിശ്വാസമോ ഇല്ലാതെയാണ്. പണമോ സൗന്ദര്യമോ കുലീനതയോ ദീനോ അറിവോ, ഒന്നിന്റെയും കുറവ് അവര്‍ക്കുണ്ടായിരുന്നില്ലെങ്കിലും അവര്‍ സ്വയം വിചാരിച്ചത് തനിക്കൊന്നും മനസ്സിലാവില്ലെന്നായിരുന്നു. കുറച്ച് നേരം സംസാരിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇവരുടെ ഭര്‍ത്താവ് ഇവരോട് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരുന്നത് നിനക്കൊന്നും മനസ്സിലാവില്ല എന്നായിരുന്നു. പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ താന്‍ ഏറ്റവും കൂടുതല്‍ കേട്ടത് ഈ പദമായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഒരു കാര്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് മനുഷ്യമനസ്സിനെയും ചിന്തയെയും സ്വാധീനിക്കും എന്നാണ് പറഞ്ഞുവരുന്നത്. ഈ സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മാധ്യമങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കുന്നത്. അവസാനനാളുകളില്‍ ദജ്ജാല്‍ പ്രയോഗിക്കുന്നതും സമാനമായ തന്ത്രം തന്നെയാണ്. ദജ്ജാല്‍ ഒറ്റക്കണ്ണന്‍ ആണെന്നും വഞ്ചകനാണെന്നും അയാളുടെ കണ്ണുകള്‍ക്കിടയില്‍ നിഷേധിയെന്ന് എഴുതപ്പെട്ടിരിക്കും  എന്നൊക്കെ ജനങ്ങള്‍ക്ക് അറിയാമെങ്കിലും ഞാനാണ് റബ്ബ് എന്ന ദജ്ജാലിന്റെ തുടര്‍ച്ചയായ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ വീണുപോകും.

നിത്യജീവിതത്തില്‍ നിരന്തരമായി സമാധാനത്തിന്റെയും വിജയത്തിന്റെയും വിളികള്‍ക്ക് കാതോര്‍ക്കുന്നവരാണ് നമ്മള്‍. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന്  എത്രയോ വട്ടം നമ്മള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നു. എല്ലാ നേരത്തെയും ബാങ്കുകളിലും നാം കേള്‍ക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണ്. നിരന്തരമായി കേള്‍ക്കുന്ന ഈ പദങ്ങള്‍ നമ്മുടെ മനസ്സിനെ സ്വാധീനിക്കുകയും ആന്തരികശുദ്ധി നേടിയെടുക്കാന്‍ സഹായിക്കുകയുമാണ് വേണ്ടത്. ദൈവം എല്ലാത്തിനേക്കാളും മഹാന്‍ ആണെന്നും അവനെ അനുസരിക്കുന്നതിലാണ് വിജയമെന്നും അത് സദാ നമ്മെ ഓര്‍മിപ്പിക്കും. ഇതേ തന്ത്രം നാം നമ്മുടെ നിത്യജീവിതത്തിലും സ്വീകരിക്കേണ്ടതുണ്ട്. എന്നും പോസിറ്റീവായ കാര്യങ്ങളും ചിന്തകളും മാത്രമേ മനസ്സില്‍ സൂക്ഷിക്കാന്‍ പാടുള്ളു. നമ്മുടെ കാര്യത്തില്‍  മാത്രമല്ല നമ്മുടെ കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലും ഇതേ രീതി നമുക്ക് പിന്‍തുടരാവുന്നതാണ്. പോസിറ്റീവായ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനുമുള്ള അന്തരീക്ഷമാണ് അവര്‍ക്ക് ഒരുക്കിനല്‍കേണ്ടത്.

വിവ: അനസ് പടന്ന

Related Articles