Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ പ്രണയം

online.jpg

ഞാനൊരാളുമായി പ്രണയത്തിലാണ്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഞങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അയാളെ കാണില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യാന്‍ ഉമ്മ എന്നോട് ആവശ്യപ്പെട്ടു. ഉമ്മയുടെ ദേഷ്യം തണുപ്പിക്കാനായി ഞാന്‍ സത്യം ചെയ്യുകയും ചെയ്തു. അടുത്ത മാസത്തില്‍ ഞങ്ങള്‍ രണ്ടുപേരും മറ്റു രണ്ടുപേരുമായി വിവാഹിതരാവുകയാണ്. വിവാഹിതയാവുന്നതിന് മുമ്പ് അയാളെ ഒന്ന് കാണണമെന്നുണ്ട്. ഞാന്‍ ചെയ്ത സത്യത്തില്‍ നിന്ന് പുറത്തു കടക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? ഒരു യുവതിയുടെ ഈ ചോദ്യത്തിന് ശൈഖ് അഹ്മദ് കുട്ടി നല്‍കിയ മറുപടിയാണ് ചുവടെ.

മറുപടി: അന്യപുരുഷനുമായി ഇന്റര്‍നെറ്റിലൂടെ നിഷിദ്ധമായ ബന്ധം ഉണ്ടാക്കിയതിലൂടെ ഇസ്‌ലാമിന്റെ പെരുമാറ്റചട്ടം ലംഘിച്ചിരിക്കുകയാണ് നിങ്ങള്‍. എത്രയും പെട്ടന്ന് ഈ ബന്ധം അവസാനിപ്പിക്കുകയും ഇനി ആവര്‍ത്തിക്കാതിരിക്കുകയുമാണ് നിങ്ങളുടെ വിശ്വാസത്തെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കില്‍ ചെയ്യേണ്ടത്. വളരെ ശക്തമായ ഒരു സത്യമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ തന്നെ അതിന്റെ ലംഘനം ഗുരുതരമായ പരിണിതഫലമാണ് നിങ്ങള്‍ക്കുണ്ടാക്കുക.

അയാളെ കണ്ടുമുട്ടണമെന്ന ചിന്തക്ക് മനസ്സില്‍ ഒട്ടും ഇടം നല്‍കരുത്. ഇപ്പോള്‍ വിവാഹിതയാവാന്‍ തീരുമാനിച്ചിരിക്കുന്നതിലൂടെ ജീവിതത്തില്‍ ഒരു മാറ്റത്തിനുള്ള സുവര്‍ണാവസരമാണ് അല്ലാഹു നിങ്ങള്‍ക്ക് ഒരുക്കി തന്നിരിക്കുന്നത്. അതുകൊണ്ട് ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുകയും എല്ലാ നിഷിദ്ധ ചിന്തകളില്‍ നിന്നും ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്താനും കളങ്കമില്ലാതെ ജീവിക്കാനും അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുക. ‘എന്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും എനിക്ക് ചാരിത്രവിശുദ്ധി നല്‍കുകയും ചെയ്യേണമേ.’* എന്ന പ്രാര്‍ത്ഥന ശീലമാക്കുകയും ചെയ്യുക.

മറ്റൊരാളെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചതിന് ശേഷവും ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടയാളെ കാണണമെന്ന ചിന്തയും വെച്ച് നടക്കുന്നത് തീ കൊണ്ടുള്ള കളി പോലെയാണ് അല്ലെങ്കില്‍ ബ്രേക്കില്ലാത്ത വാഹനവുമായി വഴുതലുള്ള റോഡിലൂടെയുള്ള യാത്ര പോലെയാണ്. നിങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞും നിങ്ങളുടെ ഉള്ളിലുള്ള പിശാചിനോട് യുദ്ധം ചെയ്തും അയാളെ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിപ്പിക്കണം. നിങ്ങളുടെ ഭര്‍ത്താവിനോട് വിശ്വസ്ഥത കാണിക്കുക. ശരിയായ കാര്യങ്ങള്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ അല്ലാഹു നമുക്ക് സ്വസ്ഥതയും സമാധാനവും നല്‍കും. അതേസമയം നാം നമ്മുടെ ഇച്ഛകളെ പിന്തുടര്‍ന്ന് അല്ലാഹുവിന്റെ വിലക്കുകള്‍ ലംഘിക്കുകയാണെങ്കില്‍ നാശത്തിലേക്കാണ് നാം സ്വന്തത്തെ വലിച്ചിഴക്കുന്നത്. അല്ലാഹു നമ്മുടെ ഹൃദയങ്ങള്‍ക്ക് വിശുദ്ധി നല്‍കുകയും നിഷേധത്തില്‍നിന്നും നിഷിദ്ധ കാര്യങ്ങളില്‍ നിന്നും വിടുതല്‍ നല്‍കുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെ.
——– ——– ——– ——– ——– ——– ——–

*اللهم  طهِّر قلبي ، وحصِّن فرجي

Related Articles