Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍നെറ്റ് അഡിക്ഷന്‍; പ്രശ്‌നവും പരിഹാരവും

internet.jpg

ഇന്റര്‍നെറ്റിലെ ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും ചാറ്റിങ്ങ്, യൂട്യൂബ് വീഡിയോകള്‍, ഗെയിമുകള്‍, അശ്ലീല സൈറ്റുകള്‍ എന്നിവയില്‍ ദീര്‍ഘനേരം അഭിരമിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ഇതിലേറെയും യുവതി യുവാക്കന്മാരാണ്. ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് അഡിക്ഷന്‍ കടുത്ത വിഷാദത്തിലേക്കോ പൂര്‍ണമായ വൈകാരിക മരവിപ്പിലേക്കോ ചെന്നെത്തുന്ന തരത്തില്‍ ഒരു രോഗമായി വളരുകയാണ്. ഈയിടെ സ്വീഡനില്‍ ഫെയ്‌സ് ബുക്ക് അടിമകളായ കുട്ടികള്‍ക്ക് വേണ്ടി ഗവേഷണപടുക്കള്‍ കണ്ടെത്തിയ ചികിത്സ കുതിര സവാരിയാണ്!!!

അറബ് ലോകത്തെ പ്രശസ്ത മനശ്ശാസ്ത്രനും എഴുത്തുകാരനുമായ ഡോ. സമീര്‍ യൂനുസ് അദ്ദേഹത്തിന് ദിനംപ്രതി ലഭിക്കുന്ന ‘ഇന്റര്‍നെറ്റ്’ അടിമകളുടെ കത്തുകളെ കുറിച്ച് അത്ഭുതം കൂറുന്നു. നിരവധി യുവതി-യുവാക്കളും കുട്ടികളും ഊണും ഉറക്കവുമില്ലാതെ, പുറം ലോകവുമായി ജൈവികമായ യാതൊരു ബന്ധവുമില്ലാതെ മരവിച്ച തൃഷ്ണകളുമായി ഇന്റര്‍നെറ്റിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നതിന്റെ വലിയ തെളിവുകളാണ് ഈ കത്തുകള്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. ആ കൂട്ടത്തില്‍ ചിലര്‍ ആത്മഹത്യയുടെ വക്കിലാണ്. മറ്റുചിലര്‍ കടുത്ത മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. മറ്റു ചിലരാകട്ടെ ഈ അഡിക്ഷന്റെ പേരില്‍ വിദ്യാഭ്യാസവും കരിയറും കുടുംബ ജീവിതവും തകര്‍ന്നവരാണ്. ഇവിടെ ഡോ. സമീര്‍ യൂനുസ് ഈ അഡിക്ഷന്റെ കാരണങ്ങളും ലക്ഷണങ്ങളും അതിനോടുള്ള സമീപനവും പരിഹാരവും ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

a. കാരണങ്ങള്‍:-
പ്രഥമമായി നാം നമ്മുടെ കൗമാരക്കാരെയും കുട്ടികളെയും സ്ത്രീപുരുഷന്മാരെയും ബോധവല്‍കരിക്കേണ്ടത് ഈ അഡിക്ഷനിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചാണ്. പലഘടകങ്ങള്‍ ചേര്‍ന്നതാണത്. മടുപ്പ്, സുലഭമായി ലഭിക്കുന്ന ഒഴിവ് സമയം, വൈകാരികാനുഭവങ്ങളുടെ നിരാസം(emotional), ആത്മവിശ്വാസക്കുറവ്, കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ ശിക്ഷണ പങ്കാളിത്തത്തിന്റെ അഭാവം, ശൈശവദശയിലെയോ കൗമാരകാലത്തോ ഉണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍, സാങ്കേതിക വിദ്യകളുടെ ലഭ്യത ഇവയെല്ലാമാണ് പൊതുകാരണങ്ങള്‍.

b. ലക്ഷണങ്ങള്‍: –
ചില പ്രത്യേക തരം സ്വഭാവശീലങ്ങളിലൂടെ ഈ അഡിക്ഷന്റെ ലക്ഷണങ്ങള്‍ കണ്ടെത്താം. മാതാപിതാക്കള്‍ ഈ വിഷയത്തില്‍ ജാഗരൂകരായിരിക്കണം. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
1. ദീര്‍ഘനേരം ഇന്റര്‍നെറ്റിന് മുമ്പില്‍ ചിലവഴിക്കുക
2.രാത്രി വൈകിയുറങ്ങുകയും വൈകി എഴുന്നേല്‍ക്കുകയും ചെയ്യുക
3.എഴുന്നേറ്റാല്‍ ഉടനെ പ്രാഥമിക കൃത്യങ്ങളെല്ലാം നിര്‍വഹിക്കുന്നതിന് മുമ്പ് കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്യുക.
4.ഇന്റര്‍നെറ്റിന് ജീവിതത്തില്‍ അമിത പ്രാധാന്യം നല്‍കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാതോരാതെ സംസാരിക്കുകയും ചെയ്യുക
5.പഠനം, തൊഴില്‍, കുടുംബം, സാമൂഹികം തുടങ്ങിയ ബാധ്യതകളില്‍ ഉപേക്ഷ വരുത്തുക.
6. സാമൂഹിക ബന്ധങ്ങളിലും തൊഴില്‍ മേഖലകളിലും കടുത്ത സംഘര്‍ഷം അനുഭവപ്പെടുക

c. ആരാഗ്യ പ്രശ്‌നങ്ങള്‍
 ഏതെങ്കിലും രീതിയിലുള്ള ചെറിയ അസ്വസ്ഥതകള്‍ നേരിടുമ്പോള്‍ അതില്‍ നിന്ന് രക്ഷതേടാനായി ഇവര്‍ ഇന്റര്‍നെറ്റിലഭയം തേടുന്നു.  വീടുകളില്‍ നിന്നോ കഫേകളില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നു. അതുമില്ലെങ്കില്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് ചേക്കേറുന്നു. ഇത്തരത്തില്‍ അഡിക്റ്റായ ഒരാളെ ബാധിക്കാവുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നാം വിലയിരുത്തേണ്ടതുണ്ട്.

1. ശാരീരിക പ്രശ്‌നങ്ങള്‍:
പേശികളിലും മസിലുകളിലുമുള്ള വേദന, അമിത വണ്ണം, കൊളസ്‌ട്രോള്‍, അലസത, നിസ്സംഗത, ഉറക്കമില്ലായ്മ, ശക്തവും നിരന്തരവുമായ തലവേദന, നേത്രരോഗങ്ങള്‍, കാഴ്ച ശക്തി ദുര്‍ബലമാവുക തുടങ്ങിയവയാണ് പ്രധാന ശാരീരിക പ്രശ്‌നങ്ങള്‍. കമ്പ്യൂട്ടറിലെ രശ്മികള്‍ മനുഷ്യശരീരത്തിലെ തൊലിനിറം വിരൂപമാക്കുമെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്.
2. ബുദ്ധിയുടെ മരണം
ചില വൈദ്യശാസ്ത്ര പഠനങ്ങള്‍ പ്രകാരം ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുന്ന ഒരാളുടെ തലച്ചോറിന് മരണം സംഭവിക്കുമെന്ന് പറയപ്പെടുന്നു. ശ്രദ്ധാകേന്ദ്രീകരണ തലത്തെ അത് ദുര്‍ബലപ്പെടുത്തുന്നു. ഓര്‍മശക്തിയെ ബലഹീനമാക്കുന്നു. പെട്ടെന്നുള്ള മറവിക്ക് ഹേതുവാകുന്നു. പഠന ഉല്‍പാദന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത്തരക്കാര്‍ ചിന്താശൂന്യരും ധൈഷണിക ഛിദ്രതയുള്ളവരും ഉറക്കക്കുറവുള്ളവരുമായിരിക്കും. എപ്പോഴും മനസ്സില്‍ നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരിക്കും. ഇവര്‍ യഥാര്‍ഥ ലോകത്ത് നിന്ന് ഒഴിഞ്ഞിരിക്കുകയും ഭാവന ലോകത്ത് വിഹരിക്കുകയും ചെയ്യുന്നു.
3.മാനസിക പ്രശ്‌നങ്ങള്‍

ഇന്റര്‍നെറ്റിന് അഡിക്റ്റായവര്‍ ഏകാന്തതയിലേക്ക് ചുരുങ്ങാനും സ്വന്തത്തിലേക്ക് ഉള്‍വലിയാനും ജനങ്ങളില്‍ നിന്ന് വളരെ അകലം പാലിക്കാനുമായിരിക്കും പൊതുവെ താല്‍പര്യപ്പെടുക. വീട്ടിലുണ്ടെങ്കില്‍ തന്നെ കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ സ്വന്തം റൂമില്‍ ഒറ്റക്കിരിക്കും. ബൗദ്ധിക മരവിപ്പിന്റെ ഫലമായി പെട്ടെന്ന് കോപം വരിക പോലുള്ള സ്വഭാവത്തിനുടമകളായിരിക്കും. ഇവരിലധികവും പരുക്കന്‍ സ്വഭാവക്കാരായിരിക്കും. അധികവും ഭാവനാലോകത്തായതിനാല്‍ യഥാര്‍ത്ഥ ലോകവുമായി ബന്ധങ്ങള്‍ കുറവായിരിക്കും. കൂട്ടുകാര്‍ കുടുംബക്കാര്‍ എന്നിവരില്‍ നിന്ന് അകലം പാലിക്കുന്നവരായിരിക്കും.അസ്ഥിത്വ പ്രതിസന്ധി, കടുത്ത കുറ്റബോധം, ആത്മവിശ്വാസക്കുറവ്, ഉള്‍വലിയല്‍, അന്തര്‍മുഖത്വം, വിവാഹപ്പേടി ഇതെല്ലാം ഇതിനോടനുബന്ധിച്ച പ്രശ്‌നങ്ങളാണ്.

4.ലൈംഗിക പ്രശ്‌നങ്ങള്‍
ലൈംഗിക ചേരുവകളുള്ള സിനിമകളും കഥകളുമൊക്കെയാണ് ഇത്തരക്കാര്‍ അധികവും കാണുന്നത്. ഇത് കടുത്ത ലൈംഗിക പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കുന്നു. അവിഹിതമായ ലൈംഗിക ബന്ധം, സ്വയം ഭോഗം, എന്നിവയുടെ അടിമകളായി മാറുന്നു പലരും. ലൈംഗികാവയവങ്ങള്‍ക്കും പ്രത്യുല്‍പാദന ശേഷിക്കും കടുത്ത ക്ഷതമേല്‍പ്പിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. അവിഹിതമാര്‍ഗത്തിലൂടെയുള്ള ലൈംഗിക വേഴ്ച ശീഘ്രസ്ഖലനം, ലൈംഗിക മരവിപ്പ് തുടങ്ങിയവയിലേക്ക് നയിക്കുകയും ഭാവിയില്‍ വൈവാഹിക ജീവിതത്തിന് വലിയ ഭീഷണിയാവുകയും ചെയ്യുന്നു.
നമ്മുടെ കുട്ടികളെ എങ്ങിനെ രക്ഷിക്കാം
ഇത്തരത്തിലുള്ള കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സമീപനം ഒരല്‍പം വ്യത്യസ്തമായിരിക്കണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ :

1.കുട്ടികളോട് കൂടുതല്‍ അടുക്കുക. അവരോടൊപ്പം ഉല്ലാസ യാത്ര നടത്തുക,അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നത് വര്‍ദ്ധിപ്പിക്കുക,നമുക്കും അവര്‍ക്കുമിടയിലെ പരസ്പര വിശ്വാസം ദൃഢപ്പെടുത്തുക.
2.അവരിഷ്ടപ്പെടുന്ന ആക്ടിവിറ്റീസത്തിനുള്ള അവസരങ്ങള്‍ നാം അവര്‍ക്ക് ഒരുക്കിക്കൊടുക്കുക്കണം, അത് കായികപരമോ കലാപരമോ സാംസ്‌കാരികമോ ആയ ഏതു മേഖലയിലുമായിരിക്കാം.
3.ജീവിതത്തില്‍ വായനയുടെ പ്രാധാന്യം അവരെ തെര്യപ്പെടുത്തണം. നാമും അവരോടൊപ്പം വായനയില്‍ പങ്കാളികളാവുക. അവരെ അക്കാര്യത്തില്‍ നിരന്തരം പ്രോത്സാഹിപ്പിക്കുക.
4തലച്ചോറിന് വിശ്രമം നല്‍കുക എന്ന വ്യാജേന മാതാപിതാക്കള്‍ അവരെ ദീര്‍ഘനേരം അശ്രദ്ധമായി കമ്പ്യൂട്ടറിനു മുന്നിലേക്ക് വിടാതിരിക്കുക.
5.കുറ്റവാളികളെപ്പോലെ അവരെ നിരീക്ഷിക്കാതിരിക്കുക.അവരില്‍ വിശ്വാസമര്‍പ്പിക്കുക. അവരറിയാത്ത രീതിയില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
6.കുട്ടികള്‍ക്കായുള്ള പ്രത്യേകം റൂമുകളില്‍ കമ്പ്യൂട്ടറുകള്‍ സജ്ജീകരിക്കുന്നതിന് പകരം ഹാള്‍,സ്വീകരണ മുറി പോലുള്ള മാതാപിതാക്കള്‍ക്ക് പൊതുവെ കണ്ണെത്തുന്ന ്സ്ഥലങ്ങളില്‍ അത് സ്ഥാപിക്കുന്നതില്‍ അവരുമായി യോജിപ്പിലെത്തുക.
7.കമ്പ്യൂട്ടര്‍ ഉപയോഗത്തിന് നിര്‍ണ്ണിത സമയം നിശ്ചയിക്കുക. കുട്ടികളുമായി അതില്‍ യോജിപ്പിലെത്തുക. വേണമെങ്കില്‍ ആ വിഷയകമായ ഒരു കരാര്‍ പത്രമെഴുതി കുട്ടിയുള്‍പ്പടെ വീട്ടംഗങ്ങളെല്ലാം അതില്‍ ഒപ്പ് വെക്കുകയും കമ്പ്യൂട്ടറിനരികിലായി ഈ കരാര്‍ പത്രം തൂക്കിയിടുകയും ചെയ്യുക.
8.നമ്മുടെ സ്‌നേഹ വാല്‍സല്യങ്ങള്‍ അവരെ വല്ലാതെ സ്വധീനിക്കുന്ന ഘട്ടങ്ങളില്‍ ശാന്തവും ഫലപ്രാപ്തി ലക്ഷ്യമാക്കിയുമുള്ള ചര്‍ച്ചകളിലൂടെ ഇന്റര്‍നെറ്റ് അഡിക്ഷന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക.

ചികിത്സാ രീതികള്‍
ഇന്റര്‍നെറ്റ് അടിമത്വം എന്നത് ലഹരിപദാര്‍ത്ഥങ്ങള്‍ക്ക്  അടിപ്പെടുന്നതു പോലുള്ള ഒരു സംഭവമാണ്. അതിന്റെ അളവിലും തോതിലും വ്യത്യാസങ്ങളുണ്ടാകും. രോഗം ബാധിക്കുന്നതിന്റെ ഡിഗ്രിയനുസരിച്ചാണല്ലോ ചികിത്സ. ഇവിടെ രോഗം മൂര്‍ഛിക്കുന്നതിനു മുമ്പ് തന്നെ തേടാവുന്ന ചില ചികിത്സകളാണ് നിര്‍ദേശിക്കുന്നത്.
1. ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നതിനു മുമ്പായി കൃത്യമായ ലക്ഷ്യ നിര്‍ണ്ണയം നടത്തുക.
2. നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിന് മൂല്യം കല്‍പ്പിക്കുക. ഉദേശ്യം നെഗറ്റീവാണെങ്കില് ഒരു കാരണവശാലും നെറ്റില്‍ പ്രവേശിക്കാതിരിക്കുക. പോസിറ്റീവാണെങ്കില്‍ സമയം നിശ്ചയിച്ച് ലക്ഷ്യ പ്രാപ്തി കൈവരുത്തുക.
3. ഇന്റര്‍നെറ്റുമായി വല്ലാതെ അനുരക്തനാവുന്നു എന്ന തോന്നലുടലെടുക്കുന്നുവെങ്കില്‍ കുറച്ചാഴ്ച്ചത്തേക്ക് അതുമായുള്ള ബന്ധം ഒഴിവാക്കുക. പഠനപരവും വൈജ്ഞാനികവുമായ ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്‍ക്ക് മാത്രം അതുപയോഗപ്പെടുത്തുക.  
ഇത്തരം തീരുമാനം വളരെ കടുത്തതായിത്തോന്നാം. പക്ഷെ എടുത്ത തീരുമാനത്തില്‍ ഒരിക്കലും പിന്‍വാങ്ങാത്ത ഇഛാശക്തിയുണ്ടാകണം. കഠിനതരമാണെന്നറിഞ്ഞുകൊണ്ടുതന്നെ മനുഷ്യന്‍ വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയനാവാറുണ്ട്. കാരണം മാറ്റം ഒരല്‍പം പ്രയാസമേറിയതാണ് എന്നതു തന്നെ.

4. എപ്പോഴും അല്ലാഹുവില്‍ അഭയം തേടുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു.( ആര് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ അവന് അതു മതി)(ത്വലാഖ്. 4)
5. സത്യ വിരുദ്ധമായ കാര്യങ്ങളില്‍ നിന്നും മനസിനെ അകറ്റി, എപ്പോഴും സത്യത്തില്‍ വ്യാപൃതമാകുക. നിന്റെ കാഴ്ചയും ശക്തിയും കഴിവുമെല്ലാം അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണെന്ന് മനസിനെ നിരന്തരം ധരിപ്പിക്കുക.
6. നിനക്കും സമൂഹത്തിനും ഉപകാരപ്രദമായ വൈജ്ഞാനികവും സാംസ്‌കാരികവുമായ വളര്‍ച്ചയക്കനുഗുണമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുക. പ്രവാചകന്‍ അരുളിയല്ലോ ‘നീ നിനക്ക് ഉപകാരപ്പെടുന്നത് അഭിലഷിക്കുക. അതിന് അല്ലാഹുവിനോട് സഹായം ചോദിക്കുക, നീ ദുര്‍ബലനാകരുത്. പോസിറ്റീവായ മാറ്റങ്ങള്‍ക്ക് മനസിനെ സജ്ജമാക്കുക.
7. സമയം ക്രമീകരിക്കുക. പഠനത്തിന് ഒരു സമയം. വിനോദത്തിന് മറ്റൊരു സമയം, മറ്റ് കാര്യങ്ങള്‍ക്ക് വേറൊരു സമയം ഇങ്ങനെ..
8. എപ്പോഴും മനോദാര്‍ഢ്യവും ഉയര്‍ന്ന മാനസിക കരുത്തും ഉള്ളവനാവുക. സ്വന്തത്തിന് ഏറ്റവും പ്രയോജനം ചെയ്യുക നാം തന്നെയാണ്. കാരണം നമ്മുടെ ഇഛാശക്തിയും കരുത്തും നമ്മുടെ അധീനതയില്‍ തന്നെയാണ്.
9. കടുത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ ഒരു ഡോക്ടറെത്തന്നെ കാണുക. വൈദ്യ ചികിത്സ ചിലപ്പോള്‍ ആവശ്യമായേക്കും.

വിവ. ഷംസീര്‍ എ.പി

Related Articles