Current Date

Search
Close this search box.
Search
Close this search box.

അധൈര്യത്തിന്റെ തണലില്‍ വിശ്രമിക്കാതിരിക്കുക!

risk.jpg

ക്രിയാത്മക ചിന്ത ഉള്‍ക്കൊള്ളുന്നവര്‍ എപ്പോഴെങ്കിലും അധൈര്യത്തിനടിപ്പെടുമോ? തീര്‍ച്ചയായും അടിപ്പെടും. മനസ്സിന്റെ ചാഞ്ചല്യം അനുസരിച്ച് പെരുമാറുന്ന ഒരു കൂട്ടം മനുഷ്യരാണ് ക്രിയാത്മക ചിന്ത ഉള്‍ക്കൊള്ളുന്നവര്‍. എന്നാല്‍ അത്തരക്കാര്‍ എന്നും അധൈര്യത്തിനടിപ്പെട്ട് ജീവിക്കുകയില്ല. അവര്‍ക്ക് അത്തരം വികാരങ്ങളെ ദീരീകരിക്കാനുള്ള അറിവും ആര്‍ജവവും ഉണ്ടായിരിക്കും പിശാചിന്റെ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ രക്ഷപ്പെടാന്‍ അല്ലാഹുവിനോട് നിരന്തരം ശരണം തേടണമെന്ന് ഇസ്ലാം കല്‍പിച്ചിട്ടുള്ളത് അതുകൊണ്ടാണ്. ‘ഹൃദയാന്തരങ്ങളില്‍ ചാഞ്ചല്യമുണ്ടാക്കുന്ന നാഥാ ; എന്റെ ഹൃദയത്തെ നിന്റെ സരണിയില്‍ ഉറപ്പിച്ച് നിര്‍ത്തണമേ!’.. എന്നത് പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ഥനയാണ്.

ഈ ബോധ്യമുള്ളതിനാല്‍ സത്യവിശ്വാസി അധൈര്യത്തെ അതിജീവിക്കുകയും ഊര്‍ജസ്വലനായിത്തീരുകയും ചെയ്യും. വിജയിക്കാനുള്ള കഴിവ് ഇല്ലാതെ വരുമ്പോള്‍ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗവുമാണിത്. ഈ മനോഭാവം ആളുകള്‍ക്ക് തങ്ങളുടെ നിലപാടുകളെ പ്രതിരോധിക്കാന്‍ സൗകര്യവും നല്‍കുന്നു. നമ്മള്‍ക്ക് നമ്മളോട് ഇങ്ങനെ പറയുവാന്‍ കഴിയുന്നത് ഈ അധൈര്യ മനോഭാവം നിലനില്‍ക്കുന്ന ഘട്ടത്തിലാണ്. ‘അത് എനിക്ക് നേടുവാന്‍ കഴിയുകയില്ലെന്ന് പണ്ടേ എനിക്ക് അറിയാമായിരുന്നു’. ഇത് പറഞ്ഞുകഴിഞ്ഞാല്‍ നമ്മുടെ മനസ്സിന് ഒരു തരം ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍ ഒരു പ്രബോധകന് ചേര്‍ന്നതല്ല ഈ വികാരം. യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടി സ്വയം തന്റെ ദയനീയ അവസ്ഥയില്‍ ആശ്വസിക്കുവാന്‍ അധൈര്യമനോഭാവം ഒരാളെ സഹായിക്കും. ഈ മത്സരാധിഷ്ഠിത ലോകത്ത് വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ പാതി മനസ്സോടെ ഒരോ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ഊന്നുവടിയാണ് അധൈര്യം. അതിന്റെ തണലില്‍ അവര്‍ക്ക് പരാജയമടയുന്ന വേളയിലും പിടിച്ച് നില്‍ക്കാനാകും. ഒരിക്കലും നിങ്ങളെ അനാവശ്യമായി വിഷമിപ്പിക്കുവാന്‍ നിങ്ങളുടെ ചിന്തകള്‍ക്ക് അവസരം നല്‍കരുത്.

‘ഞാന്‍ ഒരു വട്ടപ്പൂജ്യമാണ്, എന്റെ സഹോദരനെ എന്നും ഭാഗ്യം കടാക്ഷിച്ചു. അയാള്‍ക്ക് എന്നും നല്ല അവസരങ്ങള്‍ കിട്ടിയിരിക്കും’. ചിലരുടെ പ്രതികരണമാണിത്. നാം നമുക്കെതിരെ ഒരു കുറ്റപത്രം സ്വയം തയ്യാറാക്കരുത്. നിഷേധാര്‍ഥ ചിന്തകള്‍ മനസില്‍ കൂടുകെട്ടാന്‍ അനുവദിക്കരുത്. സഹോദരന്റെ ഉയര്‍ച്ചയില്‍ അഭിമാനിക്കണം. അസൂയാലു ആകരുത്. അത് അനാവശ്യമായ പക അവനുമായി നമ്മുടെ ഹൃദയത്തില്‍ രൂപപ്പെടാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുകയില്ല. ഇസ് ലാം അനുവദിക്കുന്ന അസൂയ രണ്ട് കാര്യങ്ങളില്‍ മാത്രമാണ്. തികച്ചും ക്രിയാത്മകമായി ചിന്തിച്ചു നമ്മുടെ കഴിവുകളെ പുറത്തെടുക്കാന്‍ പ്രചോദിപ്പിക്കും എന്ന അര്‍ഥത്തിലാണത്. നബി(സ) പറഞ്ഞു: രണ്ടു കാര്യങ്ങളില്‍ മാത്രമേ അസൂയ പാടുള്ളൂ. ഒരാള്‍ അല്ലാഹുവിന്റെ വേദഗ്രന്ഥം ഉള്‍ക്കൊണ്ട് രാപ്പകല്‍ തദനുസൃതമായി ജീവിക്കുന്നു. അല്ലാഹു ഒരുവന് ധനം നല്‍കി ദൈവിക മാര്‍ഗത്തില്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നു’. ഇവരെ പോലെയാകാന്‍ വേണ്ടി അസൂയ പുലര്‍ത്താമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം.

‘എന്തുകൊണ്ട് ഒരാള്‍ അര്‍ഹിച്ച പദവിയില്‍ എത്തുന്നില്ല’  ചിലരെയെങ്കിലും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണിത്. അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയിലോ ഇതര പ്രവര്‍ത്തനങ്ങളിലോ തന്റെ മുഴുവന്‍ കഴിവുകളും ഉപയോഗിക്കാതെ അലസമായ ജീവിതം നയിക്കുന്നതു മൂലമോ, അവധാനതയോടും പ്രാര്‍ഥനയോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാത്തത് മൂലമാണ് അയാള്‍ക്ക് ഒന്നുമാകാന്‍ കഴിയാത്തത്.

എല്ലാം മറന്ന് സമര്‍പ്പണ ബോധ്യത്തോടെ യത്‌നങ്ങളിലോ ജോലിയിലോ മുഴുകുന്നവര്‍ക്കാണ് ലോകം എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്നത്. അത് കൊണ്ടാണ് ഏതു വിഷയത്തിലും ‘ഇഹ്‌സാന്‍’ അമാനത്ത്’ അഥവാ തികവും പൂര്‍ണതയോടും കൂടി ദൈവം വിശ്വസിച്ചേല്‍പിച്ച ഉത്തരവാദിമാണെന്ന ബോധ്യത്തോടെ ഇടപെടണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മേലുദ്യോഗസ്ഥനോ, മാനേജരോ, ഉത്തരവാദിത്തപ്പെട്ട മറ്റു വ്യക്തിയോ കാണില്ലെങ്കിലും എല്ലാം നിരീക്ഷിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന ഒരു നാഥന്‍ ഉണ്ട് എന്ന ബോധ്യമുള്ള ഒരാള്‍ ഒരു വഴിപാട് പോലെ പാതിമനസ്സോടെ അവരവരുടെ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയില്ല. ഈയൊരു ചിന്ത ഇല്ലാത്ത ആള്‍ക്ക് അര്‍ഹിച്ച പദവി ലോകം നിഷേധിക്കും. ലോകനീതിയുടെ ഭാഗമാണത്.

Related Articles