Current Date

Search
Close this search box.
Search
Close this search box.

മനസ്സിനും ദഹനക്കേട്

head.jpg

ദഹനക്കേട് എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കുമറിയാം അത് അമിത ഭോജനം കൊണ്ടുണ്ടായ തകരാറാണെന്ന്. എന്നാല്‍ മനസ്സിനും സംഭവിക്കും ഈ പ്രയാസം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടിയ അളവില്‍ കഴിക്കുമ്പോഴാണ് വയറ്റിന് കുഴപ്പമുണ്ടാവുക. മനസ്സിന്നോ?

യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്ത വലിയ ആഗ്രഹങ്ങള്‍ മനസ്സില്‍ നിറക്കുകയും സദാ അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോള്‍ മനസ്സിന് വയറ്റിലെ ദഹനക്കേടിന് സമാനമായ ഒരവസ്ഥയുണ്ടാകും. സുഹൃത്തുക്കളുടെ വലിയ വീടും വാഹനവും അവര്‍ തന്റെ മക്കളുടെ വിവാഹങ്ങള്‍ നടത്തുന്നതിലുള്ള പ്രൗഢിയും കണ്ട് തനിക്കും അതുപോലെയെല്ലാം ആകണമെന്ന് – വിവാഹ സദ്യ നടത്തണമെന്നും അതുനു പറ്റിയ വീടുണ്ടാവണമെന്നും – ആഗ്രഹിക്കുന്നത് ചികിത്സ അനിവാര്യമായ ദഹനക്കേടു തന്നെയാണ്. ഇത് എന്റെ അവസാനത്തെ കുട്ടിയാണ്, അതിനാല്‍ കല്യാണമൊന്ന് പൊടിപൊടിക്കണം. എന്നാഗ്രഹിച്ച് കടം വാങ്ങി ആഗ്രഹം സാധിപ്പിക്കുന്ന ആളുകള്‍ കുറച്ചൊക്കെയുണ്ട്. ഫലമെന്തായിരിക്കും? കടം കൊണ്ട് പുറത്തിറങ്ങാനും ശാന്തമായി ഉറങ്ങാനും കഴിയാത്ത അവസ്ഥ. അത് മനസ്സിന്റെ ദഹനക്കേട് എന്ന് വിളിക്കപ്പെടേണ്ടതാണ്.

ഫാഷന്‍ കുറവാണ് എന്നതിന്റെ പേരില്‍ മാത്രം വീട് പൊളിച്ചു പണിയുന്നവരുണ്ട്. അതിന്നും കടം വരുത്തുക. കടമില്ലെങ്കിലും അത്യാവശ്യത്തിനുള്ള നിക്ഷേപം കാലിയാക്കുക. രണ്ടും ദുരാഗ്രഹത്തിന്റെ ഫലമാണ്. ഭാവിയില്‍ പ്രയാസമുണ്ടാക്കുന്നതുമാണത്. പിന്നീട് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കടം വാങ്ങേണ്ടി വരും.

ചെലവുകളെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ നമുക്ക് വിഭജിക്കാന്‍ കഴിയുകയും അതിന്നനുസരിച്ച് ധനവിനിയോഗം നടത്തുകയും ചെയ്താല്‍ മനസ്സിന്റെ പല പ്രയാസങ്ങളും ഒഴിവാക്കാന്‍ കഴിയും. ഇടത്തരക്കാരന്‍ അത്യാവശ്യത്തെ മാത്രം പരിഗണിച്ചാല്‍ അതാവും സ്വസ്ഥതക്ക് നല്ലത്. എന്നാല്‍ രണ്ടാം ഇനത്തിലേക്ക് അല്‍പം കടന്നാലും വലിയ പ്രയാസമുണ്ടായെന്ന് വരില്ല. അപ്പോള്‍ ഇതുമൂലം വരുന്ന അധിക ചെലവ് അല്ലെങ്കില്‍ കടം എത്ര കാലം കൊണ്ട് നികത്താന്‍ കഴിയുമെന്ന് ചിന്തിക്കണം. ആ ചിന്തയുടെ അഭാവം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

അധികം അധ്വാനിക്കാതെ പെട്ടന്ന് പണക്കാരനായി വലിയ വീടും വിവിധ വലുപ്പത്തിലും സൗകര്യത്തിലുമുള്ള വാഹനങ്ങളും നേടി സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ ശ്രമിക്കുന്നവര്‍ കൂടിവരുന്നു എന്നത് സത്യമാണ്. ലഹരി വസ്തുക്കള്‍ പിടികൂടപ്പെടുന്നത് ഇപ്പറഞ്ഞ ദുരാഗ്രഹം ചെറുപ്പക്കാരെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ്. മാധ്യമങ്ങളില്‍ ഇടക്കിടെ ഇത് വാര്‍ത്തയാകാറുണ്ടല്ലോ. പിടിക്കപ്പെട്ടാല്‍ തലവെട്ടും എന്നുറപ്പുണ്ടായിട്ടും അറബ് നാടുകളിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ടു പോകുന്നത് ഒന്നോ രണ്ടോ വര്‍ഷത്തെ ബിസിനസ് കൊണ്ട് ആയുഷ്‌ക്കാലം സുഖജീവിതം നയിക്കാനുള്ളത് സമ്പാദിക്കാന്‍ കഴിയും എന്നതുകൊണ്ടാണ്. അതിനെ കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.

നന്നായി അധ്വാനിച്ച് അനുവദനീയ മാര്‍ഗത്തിലൂടെ നേടിയ ധനം കൊണ്ടുള്ള ജീവിതത്തിനാണ് മധുരമുള്ളത്. ‘ആവുന്ന കാലത്ത് തൈ പത്തു നട്ടാല്‍ ആപത്തു കാലത്ത് കാപത്തു തിന്നാം’ എന്ന കോപ്പിയെഴുതി പഠിച്ചവരാണ് നാമെല്ലാം. ആ എഴുത്തിന്റെ ഉദ്ദേശ്യം അക്ഷരവടിവില്‍ എഴുതാന്‍ പഠിക്കല്‍ മാത്രമല്ല. വലുതാകുമ്പോള്‍ അതിന്റെ ആശയം പ്രവര്‍ത്തനത്തെ സ്വാധീനിക്കാനാണ്. നാം നട്ടുവളര്‍ത്തിയ മരങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ഫലങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുക ചെറിയ അളവിലായിരിക്കില്ല. വലിയതാഗ്രഹിച്ച് പെട്ടന്ന് എല്ലാവരെക്കാളും മുന്നിലെത്താന്‍ ഹീനമാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ഈ സന്തോഷം അന്യമായിരിക്കും.

അസൂയക്കും ധനാര്‍ജ്ജനത്തിലെ ഹീനമാര്‍ഗങ്ങളില്‍ സ്വാധീനമുണ്ട്. അന്യരുടെ സമ്പന്നതയും സൗഖ്യവും കണ്ട് അസൂയപ്പെടുമ്പോള്‍ അവരത് നേടാന്‍ സ്വീകരിച്ച ശരിയായ മാര്‍ഗവും ക്ഷമയും കൂടി അസൂയാലു ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടില്‍ ഉണങ്ങാനിട്ട റബ്ബര്‍ഷീറ്റുകളുടെ നീണ്ട നിരകാണുമ്പോള്‍ അയാള്‍ വര്‍ഷങ്ങളോളം സഹിച്ച കൊതുകു കടിയും കഠിനാധ്വാനവും സാമ്പത്തിക ബുദ്ധിമുട്ടും അസൂയാലു കണക്കിലെടുക്കണം. എന്നാല്‍ അത്തരക്കാരോട് ബഹുമാനവും തന്നോട് നിന്ദയുമാണ് തോന്നുക. ആ നിന്ദ ചിലരിലെങ്കിലും കര്‍മോത്സുകതയായി മാറും. മാറാത്തവരാണ് ഹീനമാര്‍ഗങ്ങള്‍ തേടുക.

സുഖിക്കാന്‍ ഒരുപാട് വിഭവങ്ങള്‍ വേണ്ടതില്ല. നബി(സ) പറഞ്ഞു: വിഭവങ്ങളുടെ ആധിക്യമല്ല ഐശ്വര്യം; മനസ്സിന്റെ ധന്യതയാണ്. (ബുഖാരി, മുസ്‌ലിം) ‘നല്ലതു നാനൂറു വേണ്ട, നല്ലതല്ലാത്തത് നാനൂറു കൊണ്ടും കാര്യമില്ല.’ എന്ന കാര്യമോര്‍ക്കുക.

നല്ല വാക്ക്, നല്ല കര്‍മം, നല്ല ധനം എന്നിവ കുറച്ചായാലും വലിയ ഫലം ചെയ്യും. ചീത്തയായതിന്റെ ആധിക്യം ഒരു ഫലവും ആത്യന്തികമായി നല്‍കുകയില്ല. അത് താല്‍ക്കാലിക സന്തോഷം നല്‍കിയെന്നു വരാം. ദുരാഗ്രഹം ദുഷ്‌കര്‍മങ്ങളുടെ മാതാവാണ്. അതിനാല്‍ ആ മാതാവിനെ കൊന്നുകളയുക.

Related Articles